Tuesday, March 27, 2012

812.സ്‌കൂളുകളില്‍ സാന്മാര്‍ഗിക സമിതി വരുന്നു





കോഴിക്കോട്: വിദ്യാര്‍ഥികളുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയകറ്റാന്‍ സ്‌കൂളുകളില്‍ സാന്മാര്‍ഗിക സമിതിക്ക് രൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ 'സ്‌നേഹസ്പര്‍ശം' പദ്ധതിയിലൂടെ, താത്പര്യമുള്ള സ്‌കൂളുകളിലാണ് ഇത്തരം സമിതികളുണ്ടാക്കുക. പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞമാസം തുടങ്ങിയ 'സ്‌നേഹസ്പര്‍ശം' പദ്ധതിയോട് രക്ഷിതാക്കളുടെ പ്രതികരണം മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ക്ക് മന്ത്രി എല്ലാ മാസവും കത്തയയ്ക്കുകയും അവരുടെ പ്രതികരണങ്ങള്‍ നേരിട്ടറിയുകയുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കുന്നത് സംബന്ധിച്ചായിരുന്നു മന്ത്രിയുടെ ആദ്യകത്ത്. അതിനുള്ള രക്ഷിതാക്കളുടെ പ്രതികരണമനുസരിച്ചാണ് സാന്മാര്‍ഗിക സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പി.ടി.എ.യ്ക്ക് മുഖപത്രം വേണമെന്ന ആവശ്യം പരിഗണിച്ച് 'രക്ഷാകര്‍ത്താവ്' എന്ന മാസിക വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും. ഇത് എല്ലാ സ്‌കൂളുകളിലും എത്തിക്കും.

'കാത്തുസൂക്ഷിക്കുക കണ്‍മണികളെ' എന്ന തലക്കെട്ടിലാണ് രണ്ടാമത്തെ കത്തയച്ചത്. സംസ്ഥാനത്തെ 1400 പി.ടി.എ. പ്രസിഡന്‍റുമാര്‍ക്ക് ഹെഡ്മാസ്റ്റര്‍മാര്‍ കത്ത് കൈമാറും. പി.ടി.എ. കമ്മിറ്റിയിലും അസംബ്ലിയിലും ഈ കത്ത് വായിക്കും. രക്ഷിതാക്കള്‍ക്ക് സ്വന്തം കൈപ്പടയില്‍ മറുപടി അയയ്ക്കാം. ഇവ പരിശോധിച്ച് മറുപടി അയക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും കത്തുകള്‍ ലഭ്യമാണ്.

No comments:

Get Blogger Falling Objects