Showing posts with label 1102.അധ്യാപനവൈകല്യങ്ങൾക്ക് (Teaching disorders ) ഒരു ചെക്ക് ലിസ്റ്റ്. Show all posts
Showing posts with label 1102.അധ്യാപനവൈകല്യങ്ങൾക്ക് (Teaching disorders ) ഒരു ചെക്ക് ലിസ്റ്റ്. Show all posts

Saturday, November 25, 2017

1102.അധ്യാപനവൈകല്യങ്ങൾക്ക് (Teaching disorders ) ഒരു ചെക്ക് ലിസ്റ്റ്




താഴെ പറയുന്ന വൈകല്യങ്ങളാണ് സാധാരണയായി അധ്യാപനവൈകല്യങ്ങളായി (TEACHING DISORDERS) കണക്കാക്കുന്നത്
1 വീട്ടിലെ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ക്ലാസ് മുറിയിൽ (പ്രത്യേകിച്ച് അധ്യാപന സമയത്ത് ) നിലനിറുത്തുക
2. യാതൊരുവിധ ആസൂത്രണമില്ലാതെ ക്ലാസിൽ വിഷയങ്ങൾ വിനിമയം നടത്തുക
3 . അധ്യാപകന് , തന്റെ പാഠ്യ വസ്തുവിൽ വിഷമമുള്ള ഭാഗം അഥവാ അറിയാത്ത ഭാഗം വരുമ്പോൾ പ്രസ്തുത ഭാഗം പഠിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ അതിവേഗത്തിൽ എടുത്തു തീർക്കുകയോ ചെയ്യുക . ചിലപ്പോൾ ഇത്തരം ഭാഗങ്ങൾ സ്പെഷൽ ക്ലാസ് വെച്ച് പെട്ടെന്ന് തീർക്കുകയും ചെയ്യാറുണ്ട് . അതായത് , ഹാർഡ് സ്പോട്ടിനെക്കുറിച്ച് അറിയാതിരിക്കുകയോ അല്ലെങ്കിൽ ഹാർഡ് സ്പോട്ടിന്റെ വിനിമയ രീതി അറിയാതിരിക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാറുണ്ട് .ഇതിനെ ജംമ്പിംഗ് എന്നാണ് സാധാരണയായി ചില വിദ്യാലയങ്ങളിൽ കളിയാക്കി പറയുന്നത്
4. ടീച്ചിംഗ് നോട്ട് എഴുതാതിരിക്കുക . അതായത് ,ഇന്ന ദിവസം ഇന്ന ക്ലാസിൽ പഠിപ്പിക്കേണ്ട ഭാഗം ഏതാണെന്നോ  അവിടെ ഉപയോഗിക്കേണ്ട വിനിമയ രീതികൾ ഏതാണെന്നോ ,അദ്ധ്യാപന തന്ത്രങ്ങൾ ഏതാണെന്നോ ,ടീച്ചിംഗ് എയ്ഡുകൾ ഏതാണെന്നോ ഉള്ളതിനെക്കുറിച്ച് അറിയാതിരിക്കുക .
5. അകാരണമായി കുട്ടികളെ ശാസിക്കുകയും അപമാനിക്കുകയും അടിക്കുകയും ചെയ്യുക .
6. ചില കുട്ടികളെ സ്ഥിരമായി പരിഗണിക്കാതിരിക്കുക .
7. എല്ലാ ദിവസവും ഒരേ ടോണിൽ ,ഒരേ ശൈലിയിൽ ക്ലാസെടുക്കുക. വർഷങ്ങൾ കഴിഞ്ഞാലും പ്രസ്തുത രീതിക്ക് മാറ്റമില്ലാതിരിക്കുക.
8. പഠന വൈകല്യമുള്ള കുട്ടികളെ അവർക്ക് സർക്കാർ പറയുന്ന രീതിയിൽ പരിഗണിക്കാതിരിക്കുക .
9. തെറ്റായ രീതിയിലും അധ്യാപകരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുമുള്ള ക്ലാസ് മോണിറ്ററിംഗും സൂപ്പർ വിഷനും
10. രക്ഷിതാക്കളുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിക്കാൻ കഴിയാതിരിക്കുക .
11 . ടീച്ചറുടെ കുടുംബ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ക്ലാസ് മുറിയിൽ കൊണ്ടുവരിക.
12. വിദ്യാലയത്തിൽ സൗഹൃദപരമായ ബന്ധം സ്റ്റാഫ് അംഗങ്ങൾ തമ്മിൽ ഇല്ലാതിരിക്കുക .പല കാര്യങ്ങൾക്കും അധ്യാപകർ തമ്മിൽ വഴക്കു കൂടുക. പ്രസ്തുത വഴക്കിൽ കുട്ടികളെ കരുവാക്കുക.
13. കുട്ടികളെക്കൊണ്ട്  പഠന സംബന്ധമായ വർക്ക് ചെയ്യിപ്പിക്കാതിരിക്കുകയോ , ചെയ്യിപ്പിച്ച വർക്ക് പരിശോധിക്കാതിരിക്കുകയോ ചെയ്യുക.
14. ടീച്ചറെ ക്കുറിച്ച്  വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിശ്വാസവും മതിപ്പും അഭിമാനവും ഇല്ലാതിരിക്കുക.
15. പിരീഡു മുഴുവൻ ക്ലാസിൽ ടീച്ചർ മാത്രം സംസാരിക്കുക . ക്ലാസ് ,ആക്ടിവിറ്റി കേന്ദ്രീകൃതം അല്ലാതിരിക്കുക.
16. ക്ലാസ് വിനിമയത്തിൽ കുട്ടികൾക്കോ ,ടീച്ചർക്കോ ,കുട്ടികൾക്കും ടീച്ചർക്കും വിരസത അനുഭവപ്പെടുക.
17. വിദ്യാഭ്യാസ രംഗത്തെ പുതിയ അധ്യാപന രീതികൾ അറിയാതിരിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക.
18 . ടീച്ചറുടെ ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ നിമിത്തം ക്ലാസെടുക്കാൻ പറ്റാത്ത അവസ്ഥ .
19. ഓരോ ടോപ്പിക്കിനും അവശ്യം വേണ്ട സമയം പഠിപ്പിക്കുന്നതിനുവേണ്ടി ചെലവഴിക്കാതിരിക്കുക.
20. കുട്ടികളെ വടി കൊണ്ട് അടിച്ചും  മാനസികമായി പീഡിപ്പിച്ചും ക്ലാസിൽ അച്ചടക്കം നിലനിർത്തുക .  ( ക്ലാസിൽ അധ്യാപനമികവിന്റെ മേന്മകൊണ്ട് അച്ചടക്കം നിലനിർത്തുവാൻ കഴിയേണ്ടതാണ്.).
21. വിദ്യാലയത്തിൽ നടക്കുന്ന പാഠ്യേതര കാര്യങ്ങളിൽ സഹകരിക്കാതിരിക്കുക .
22. തന്റെ വിഷയവുമായി ബന്ധപ്പെട്ട സമകാലിക കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുക . അറിവുണ്ടെങ്കിലും ക്ലാസിൽ പറയാതിരിക്കുക . തന്റെ വിഷയവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ പോലും ക്ലാസിൽ ചർച്ച ചെയ്യാതിരിക്കുക.
23. ഐ ടി യിൽ അറിവില്ലാതിരിക്കുകയോ അല്ലെങ്കിൽ ക്ലാസിൽ പാഠഭാഗ വിനിമയത്തിനു വേണ്ടി ഐ ടി അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കുക .
24 . കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാതിരിക്കുക. അതായത് ടീച്ചർ പറയുന്നതെന്താണെന്ന് കുട്ടി കൾക്ക് മനസ്സിലാകാതിരിക്കുക .
25. വളരെ വേഗതയിൽ ക്ലാസെടുക്കുക . സ്ലോ ലേണേഴ്സിനെ പരിഗണിക്കാതിരിക്കുക.
26. ടെക്സ്റ്റ് ബുക്ക് മെത്തേഡ് ഉപയോഗിക്കുക . അതായത് ക്ലാസിൽ വന്നാൽ ടെക്സ്റ്റ് ബുക്ക് നിവർത്തിപ്പിടിച്ച് വായിക്കുക മാത്രം ചെയ്യുക.
27. ഗൈഡ് ബുക്ക് മെത്തേഡ് മാത്രം ഉപയോഗിക്കുക .അതായത് ക്ലാസിൽ വന്നാൽ ഗൈഡിലെ ചോദ്യോത്തരങ്ങൾ മാത്രം എഴുതി പഠിപ്പിക്കുക.
28. കുട്ടി സുഹൃത്തുക്കൾ ഇല്ലാതിരിക്കുക. തന്മൂലം ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയാതിരിക്കുക .
29. എല്ലാ മാസവും കുട്ടികളിൽ നിന്ന് തന്റെ ക്ലാസിനെക്കുറിച്ചും അധ്യാപന രീതിയെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളുടെ ഫീഡ്ബാക്ക് അഥവാ റിവ്യൂ എഴുതി വാങ്ങാതിരിക്കുക.
30. വിമർശനങ്ങളെ സർഗ്ഗാത്മകമായി കൈകാര്യം ചെയ്യാതിരിക്കുക .
31 .തന്റെ പ്രവർത്തന രീതികളിൽ മാറ്റം വരുത്താതിരിക്കുക .
33. കുട്ടികളോട് സ്നേഹവും വാത്സല്യവും പുലർത്താതിരിക്കുക.
34. കുട്ടികൾ ഇടപെടുന്നവ ( പുസ്തകം , സിനിമ,,... ) എന്തെന്ന് അറിയാതിരിക്കുക.
35. തന്റെ ക്ലാസിനെക്കുറിച്ച് മറ്റുള്ളവരുടെ  ( സഹ ) അഭിപ്രായം തേടാതിരിക്കുക.
36. അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്തു ലഭിക്കുന്ന അറിവുകൾ ക്ലാസിൽ ഉപയോഗിക്കാതിരിക്കുക .
37. ക്ലാസിൽ കുട്ടികളുമായി കമ്പനി കൂടുന്നതിനു വേണ്ടി  സമയം ചെലവഴിക്കാതിരിക്കുക .
38. തന്റെ ക്ലാസിലെ കുട്ടികൾക്കു വേണ്ട വർക്ക് ഷീറ്റുകൾ തയ്യാറാക്കാതിരിക്കുക .
39. കൃത്യ സമയത്ത് ക്ലാസിൽ എത്താതിരിക്കുക .
40 . മൂല്യ നിർണ്ണയം നടത്താതിരിക്കുകയോ ,ശരിയായ രീതിയിൽ നടത്താതിരിക്കുകയോ ചെയ്യുക.
41. എല്ലാത്തിനും പരിഹാരം ചൂരൽ ആണെന്ന ചിന്താഗതി . ( ഇത് തെറ്റായ ഒരു ഒറ്റമൂലി മെത്തേഡ് ആണ് )
42. താൻ പഠിച്ച ക്ലാസ് റൂം അന്തരീക്ഷവും വിനിമയ രീതികളുമാണ് ശരി എന്ന വിശ്വാസം.
43. ക്ലാസിൽ പഠിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ഗൃഹപാഠം ചെയ്യാതിരിക്കുക ( ഗൃഹപാഠം കുട്ടികൾക്ക് മാത്രമല്ല ടീച്ചർക്കും അത്യാവശ്യമാണെന്ന് അറിയുക )
44. പരീക്ഷക്ക് വരുന്ന ചോദ്യ മാതൃകകൾ കുട്ടികൾക്ക് നൽകാതിരിക്കുക .
45. മാതൃകാ ചോദ്യങ്ങൾ ടീച്ചർക്ക് നിർമ്മിക്കാൻ കഴിയാതിരിക്കുക
46. പരീക്ഷക്ക് വന്ന ചോദ്യങ്ങളുടെ ഉത്തരം ടീച്ചർക്ക് അറിയാതിരിക്കുക .
47 . പരീക്ഷയുടെ തലേന്നു മാത്രം പോർഷൻ തീർക്കുക .
48 .പരീക്ഷയുടെ തലേന്ന് അല്ലെങ്കിൽ രണ്ട് ദിവസം മുൻപ് സ്പെഷൽ ക്ലാസ് വെച്ച് മുന്നോ നാലോ അധ്യായങ്ങൾ ഒരുമിച്ചു തീർക്കുക
49. റിവിഷൻ നടത്താതിരിക്കുക .
50. അധ്യാപനം ഒരു കലയാണ് , കഴിവാണ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കാതിരിക്കുക

... ഒരു നല്ല ടീച്ചർ ആകാനുള്ള ആശംസകളോടെ .....
ഫിസിക്സ് വിദ്യാലയം
Get Blogger Falling Objects