മാഷ് ആദ്യത്തെ പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരികയായിരുന്നു.
അപ്പോഴാണ് ,പ്യൂണ്‍ വന്നു പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിളിക്കുന്ന കാര്യം
അതിനാല്‍ മാഷ് സ്റ്റാഫ് റൂമില്‍ പോകാതെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു നടന്നു.
മാഷ് വിഷ് ചെയ്തു നിന്നു,
പ്രിന്‍സിപ്പാളിന്റെ മുഖത്ത് ഗൌരവം
“ എന്നെ വിളിച്ചിരുന്നോ “ മാഷ് ചോദിച്ചു
പ്രിന്‍സിപ്പാള്‍ മറുപടിയൊന്നും പറയാതെ ഒരു ലെറ്റര്‍ എടുത്തുകൊടുത്തു.
“ ഇത് എനിക്കാണോ “
“ അല്ല മാഷിന്റെ ക്ലാസിലെ കുട്ടിക്കാ . കത്ത് തിരിച്ചുവന്നതാ ”
പ്രിന്‍സിപ്പാള്‍ ഗൌരവത്തില്‍ പറഞ്ഞു.
മാഷ് അഡ്രസ്സ് നോക്കി
മാഷ് ഒന്നു ഞെട്ടി!!.
സിനിമാ നടന്‍ മമ്മൂട്ടി , മദ്രാസ് , ഇന്ത്യ എന്നാണ് ടു അഡ്രസ്സ്
ഫ്രം അഡ്രസ്സ് മാഷ് നോക്കി
അതെ അവള്‍ തന്നെ
മാഷുടെ ക്ലാസിലെ കുട്ടി.
അഡ്രസ്സ് ശരിയാവാഞ്ഞതിനാല്‍ അയച്ച ആളിനു തന്നെ തിരിച്ചുവന്നിരിക്കുന്നു.
മാഷ് പുഞ്ചിരിക്കാന്‍ തുടങ്ങിയതായിരുന്നു
പക്ഷെ , പ്രിന്‍സിപ്പാളിന്റെ മുഖത്തെ ഗൌരവം കണ്ടപ്പോള്‍ സീരിയസ്സായി തന്നെ മുഖഭാവം പിടിച്ചു.
ഇനി എന്തുവേണം എന്ന മട്ടില്‍ മാഷ് മുഖമുയര്‍ത്തി നോക്കി.
“ കവര്‍ തുറന്നു വായിക്ക് മാഷെ “ പ്രിന്‍സിപ്പാള്‍ ഓര്‍ഡറിട്ടു.
മാഷ് കവര്‍ തുറന്നു.
വായനതുടങ്ങി .
അതൊരു പ്രേമലേഖനമായിരുന്നു.
മാഷിന്റെ ക്ലാസിലെ കുട്ടി സിനിമാ നടന്‍ മമ്മൂട്ടിക്കെഴുതിയ പ്രേമലേഖനം!!
കൂടെ അവളുടെ ഫോട്ടോയും ഉണ്ട്.
ഇഷ്ടമാണെങ്കില്‍ തിരിച്ചെഴുതാനായി അവളുടെ അഡ്രസ്സും ഉണ്ട്.
ഇനി ഇപ്പോ ഞാനെന്താ വേണ്ടെ എന്ന മട്ടില്‍ മാഷ് നിന്നു.
ആ നിസ്സംഗതാവസ്ഥ കണ്ടിട്ടാവാം പ്രിന്‍സിപ്പാള്‍ പറഞ്ഞു.
“ മാഷ് കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല; അല്ലെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല”
മാഷ് ഒന്നും മിണ്ടിയില്ല.
അതുകൊണ്ടാവാം പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.
“ മാഷ് ഇത് നയത്തില്‍ കൈകാര്യം ചെയ്യ് . വീട്ടുകാരറിഞ്ഞാല്‍ എന്താ ഉണ്ടാവാ എന്നറിയില്ല. കുട്ടിക്കും വിഷമമാവരുത്. ഒളിച്ചോട്ടോ , ആത്മഹത്യയോ മറ്റോ ഉണ്ടായാ പുലിവാല് പിടിക്കും”
മാഷ് പ്രിന്‍സിപ്പാളിന്റെ ക്യാബിനില്‍ നിന്ന് പുറത്തുകടന്നു.
ഓഫിസിലെ ജോലിക്കാര്‍ മാഷെ നോക്കി ചിരിക്കുന്നു.
“ മാഷിന് സിനിമാ നടന്മാരൊക്കെയായി ബന്ധം വരാന്‍ പോകുന്നെന്നുകേള്‍ക്കുന്നല്ലോ “ അവിടെ ഒരു കമന്റ് മുഴങ്ങി.
ബാക്ക് ഗ്രൌണ്ടായി പൊട്ടിച്ചിരിയും .
മമ്മൂട്ടിക്ക് മാഷിന്റെ ക്ലാസിലെ കൊച്ച് എഴുതിയ പ്രണയലേഖനവാര്‍ത്ത അവിടെ പാട്ടായിക്കഴിഞ്ഞു എന്ന് മാഷിന് മനസ്സിലായി.
മാഷ് ഒരു ചിരിയില്‍ പ്രതികരണമൊതുക്കി സൂത്രത്തില്‍ ഓഫീസില്‍ നിന്ന് പുറത്തുകടന്നു.
മാഷ് സ്റ്റാഫ് റൂമിലെത്തി.
കുട്ടിയെ വിളിക്കാന്‍ ലീഡറെ വിട്ടു.
അവള്‍ വന്നു.
മാഷ് എങ്ങനെ തുടങ്ങും എന്നറിയാതെയുള്ള നില്പാണ്.
ഈ ചോദ്യംചെയ്യലിന്റെ പേരില്‍ എന്തെങ്കിലും കുരുത്തക്കേട് കുട്ടി കാണിച്ചാല്‍ ...
ആത്മഹത്യ ചെയ്താല്‍ ............
ഒളിച്ചോടിയാല്‍ ...............
പ്രിന്‍സിപ്പാള്‍ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്
അങ്ങനെയൊന്നു ഇല്ലാതെ നോക്കണമെന്ന്.
മാഷ് കുട്ടിയുടെ മുഖത്ത് നോക്കി .
അവള്‍ക്ക് ഒരു ഭാവവ്യത്യാസവുമില്ല.
ഇനി എന്തുചെയ്യും
മാഷ് നേരിട്ട് വിഷയത്തിലേക്ക് കടക്കാമെന്നു വിചാരിച്ചു.
മാഷ് കത്തെടുത്തു കാണിച്ചു.
സംഗതി അവള്‍ക്ക് പിടികിട്ടി എന്ന് മനസ്സിലായി .
“ നിയെന്താ ഇങ്ങനെയൊക്കെ ചെയ്തെ?“
അവള്‍ നിശ്ശബ്ദയായി
“ഫാ..........” എന്നൊരു ആട്ടാണ് ഉച്ചത്തില്‍ അവിടെ മുഴങ്ങിക്കേട്ടത്.
നോക്കിയപ്പോഴുണ്ട് വാതിക്കല്‍ ‘പാറുവമ്മായി’ നില്‍ക്കുന്നു.
( പാറുവമ്മായിയെക്കുറിച്ച് രണ്ട് വാക്ക് : സ്കൂളില്‍ ചായ കൊണ്ടുവരുന്ന സ്ത്രീയാണ് പാറുവമ്മായി. പത്തമ്പതുവര്‍ഷമായിപാറുവമ്മായി ഈ ജോലി ചെയ്യുന്നു. അവിവാഹിതയാണ് .എന്നാല്‍ ചായകൊണ്ടുവരുന്ന ആളുടെ പവറല്ല അവര്‍ക്ക് .ടീച്ചേഴ്‌സിനും പ്രിന്‍സിപ്പാളിനും അവരെ ഭയമാണ്. സ്കൂളില്‍ അതുമിതുമൊക്ക നടന്നാല്‍ അവര്‍ ശക്തിയായിപ്രതിഷേധിക്കും. നല്ലൊരു ഫെമിനിസ്റ്റാണ് എന്നുവേണമെങ്കില്‍ അവരെ പറയാം . രാഷ്ട്രീയം പാറുവമ്മായിയോട് പറഞ്ഞു ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സ്ത്രീ സംവരണത്തില്‍ അവര്‍ സന്തോഷവതിയാണ്. എന്നാല്‍ അമ്പത്തഞ്ചുകഴിഞ്ഞ
അവിവാഹിതയായ സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സംവരണം വേണമെന്ന ഒരു അപേക്ഷ അവര്‍ ഈയിടെ ഇന്ത്യന്‍പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. സ്റ്റാഫ് റൂമില്‍ ചായകൊണ്ടുവന്നാല്‍ അന്നത്തെ പത്രത്തിലെ തലവാചകത്തെക്കുറിച്ച് രണ്ട് വാക്ക് പറയാതെ അവര്‍ അവിടെ നിന്നു പോകാറില്ല.)
അങ്ങനെയുള്ള പാറുവമ്മായിയാണ് ഒരു രാക്ഷസിയെപ്പോലെ നില്‍ക്കുന്നത് .
ആ ഭദ്രകാളിഭാവം കണ്ടപ്പോള്‍ മാഷിന് ഒരു കാര്യം പിടികിട്ടി.
‘പ്രണയലേഖന’ വാര്‍ത്ത പാറുവമ്മായിയും അറിഞ്ഞിരിക്കുന്നു.
“ ഇതിനൊക്കെ അടുപ്പില്‍ ഇരുമ്പുപഴുപ്പിച്ച് തുടയില്‍ വെക്ക്യാ വേണ്ടെ.നിനക്കൊക്കെ മമ്മൂട്ടിയല്ലാണ്ട് വേറെ ആളെകിട്ടീല്ലേ പ്രേമിക്കാന്‍ . . ഇങ്ങനത്തൊറ്റങ്ങളെയാ സീരിയലിലും സിനിമേലും അഭിനയിക്കാമെന്നു പറഞ്ഞ് പെഴ്പ്പിക്കിണത് ”
“ പാറുവമ്മായി നിറൂത്തൂന്നേ “ മാഷ് അകെ പുലിവാലിലായി.
ഇനി ഇപ്പോ പ്രശ്നം ഈ കേസില്‍ പാറുവമ്മായി ഇടപെട്ടതിനെക്കുറിച്ചാവും ?
ഇത് പി.ടി.എ അറിഞ്ഞാല്‍ ........
മാഷിനെ സൂചിയില്‍ കയറ്റുമെന്നു തീര്‍ച്ച
മാഷ് വിയര്‍ത്തു.
മാഷ് കുട്ടിയെ നോക്കി .
അവള്‍ക്ക് ഭാവവ്യത്യാസമൊന്നുമില്ല.
മാഷിന്റെ അസ്വസ്ഥതയുടെ കാരണം പാറുവമ്മായിക്ക് മനസ്സിലായെന്നു തോന്നുന്നു.
പാറുവമ്മായി പറഞ്ഞു.
“ ഞാന്‍ ഇവളെ വഴക്കു പറഞ്ഞൂന്ന് വെച്ച് ആരും മാഷോട് ഒന്നും ചോദിക്കാന്‍ വരില്ല. ഞങ്ങള് സ്വന്തക്കാരാ . അതല്ലെ എനിക്ക് ദണ്ണം. അല്ലേങ്കി ഞാന്‍ ഇതില് എടപെടുന്ന് തോന്നുണുണ്ടോ . ഇനി ഇതിന്റെ പേരില് ഏത് പി.ടി.എ യാ ചോദിക്കാന്‍ വരുനൂന്നെച്ചാ അവര്‍ക്കും എന്റെ വക കിട്ടും ”
പാറുവമ്മായി കലിതുള്ളി നില്‍ക്കുകയാണ്.
അതും മാഷിന് അറിയാം .
പി,ടി.എ പ്രസിഡണ്ടിനും പാറുവമ്മായിയെ പേടിയാണെന്ന കാര്യം.
മാഷ് പാറുവമ്മായിയെ ഒരു വിധത്തില്‍ ഒഴിവാക്കി.
പാറുവമ്മായി സ്ഥലം വിട്ടപ്പോള്‍ മാഷ് കുട്ടിയെനോക്കി.
അവളുടെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവുമില്ല.
“ പാറുവമ്മായി പറഞ്ഞത് കാര്യാക്കണ്ട , വയസ്സായോരല്ലേ “ മാഷ് കുട്ടിയെ പാറുവമ്മായിയുടെ ശകാരത്തില്‍ നിന്ന് തണുപ്പിക്കാന്‍ നോക്കി.
അവള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“ അതിന്റെ സ്വഭാവം അങ്ങനെത്തന്ന്യാ . അതോണ്ടാ അതിനെ ആരും കല്യാണം കഴിക്കാത്തെ “
ഇപ്പോ മാഷ് ആകെ തൊന്തരവിലായി.
ഇനി എന്തുചെയ്യും .
ഇങ്ങനെയുള്ള എഴുത്തുകള്‍ എഴുതുന്നത് തെറ്റാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ട ചുമതല മാഷിനുണ്ട്.
അങ്ങനെ കുട്ടിക്ക് തെറ്റുമനസ്സിലാക്കിക്കൊടുത്ത് പാശ്ചാത്തപിപ്പിക്കുകയും വേണം.
അതിന് സാധിക്കുന്നില്ലല്ലോ ?
“ഇത് നീ എഴുതിയതാണൊ “ മാഷ് കുട്ടിയോട് ചോദിച്ചു.
“അതെ”
“ഇങ്ങനെയൊക്കെ എഴുതുന്നത് ശരിയാണെന്നുതോന്നുന്നുണ്ടോ ?”
മാഷ് പിടിവള്ളി കിട്ടിയമട്ടില്‍ വീണ്ടും ചോദിച്ചു.
അവള്‍ നിശ്ശബ്ദയായി.
“ മമ്മൂട്ടിക്ക് എത്രവയസ്സായിന്ന് അറിയോ ?”
അവളുടെ മുഖം കുനിഞ്ഞു.
“മമ്മൂട്ടി വിവാഹിതനാണെന്നറിയാമ്മോ”
അവള്‍ ഉത്തരം പറയാതെ നിന്നു.
മാഷിന് ആശ്വാസം തോന്നി.
തനിക്ക് കുട്ടിയെക്കൊണ്ട് തെറ്റ് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
“അതിനാല്‍ ഇനി മേലില്‍ ഇത്തരം പ്രവൃത്തികളൊന്നും ചെയ്യരുത് ” മാഷ് ആശ്വാസ സൂചകമായി പറഞ്ഞൊപ്പിച്ചു.
അപ്പോള്‍ .........
ഇത്രവേഗം വിചാരണ കഴിഞ്ഞോ എന്ന മട്ടില്‍ അവള്‍ തലയുയര്‍ത്തി.
മാഷ് അവള്‍ക്ക് പോകുവാന്‍ അനുമതികൊടുത്തു.
അപ്പോള്‍ അവള്‍ പറഞ്ഞു.
“മാഷ് പറഞ്ഞ്തൊക്കെ എനിക്ക് അറിയണത് തന്ന്യാ . മമ്മുട്ടിക്ക് വയസ്സായീന്നും കല്യാണം കഴിച്ചിട്ടുണ്ടെന്നും ഒക്കെ.എന്നാലും ഞാന്‍ ഒന്നു ട്രൈ ചെയ്ത് നോക്കീതാ .ഇങ്ങനെയൊക്കെ വലിയ അളോളെ പരിചയപ്പെടാന്‍ എളുപ്പമാ .അങ്ങനെ പരിചയായി പരിചയായി ഒരു ചാന്‍സ് സിനിമേല് അഭിനയിക്ക്യാന്‍ കിട്ട്യാ ; ആര്‍ക്കാ പുളിക്ക്യാ മാഷേ .”
മാഷിന് അതിന് മറുപടി പറയാന്‍ ഒന്നും തന്നെ കിട്ടിയില്ല.
സംഗതി ഏറ്റു എന്ന് ബോദ്ധ്യമായതിനാലാവാം അവള്‍ വീണ്ടും തുടര്‍ന്നു.
“ മാഷ് തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ഏത് വലിയ മഹാന്മാരുടേയും തുടക്കത്തില്‍ എതിര്‍പ്പ് നേരിടുമെന്ന് . കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകുമെന്നൊന്നെ . അത്തരത്തില്‍ എനിക്കും ഉണ്ടായി എന്നേ ഞാന്‍ വിചാരിക്കുന്നുള്ളൂ ”.
മാഷ് എന്തോ മറുപടി പറയാന്‍ തുടങ്ങും മുന്‍പേ ഇന്റര്‍വെല്‍ സൂചിപ്പിക്കുന്ന മണിനാദം ഉയര്‍ന്നു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Showing posts with label 284. സിനിമാ നടന്‍ മമ്മൂട്ടിക്കൊരു പ്രണയലേഖനം. Show all posts
Showing posts with label 284. സിനിമാ നടന്‍ മമ്മൂട്ടിക്കൊരു പ്രണയലേഖനം. Show all posts
Saturday, October 23, 2010
Subscribe to:
Posts (Atom)