Thursday, February 16, 2012

772.ഹെല്‍മറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കും



സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡി.ജി.പി.നിര്‍ദ്ദേശം നല്‍കി. 2011 -ല്‍ 4100 ല്‍പ്പരം ആളുകള്‍ വിവിധ ട്രാഫിക് അപകടങ്ങളില്‍ മരണമടയുകയുണ്ടായി. ഇങ്ങനെ മരിച്ചതില്‍ 1713 പേര്‍ ഇരുചക്രവാഹനം ഓടിച്ചവരായിരുന്നു. അതായത് ട്രാഫിക് അപകടങ്ങളില്‍ ആകെ മരിച്ചവരുടെ 42 ശതമാനം ഇരുചക്രവാഹനം ഓടിച്ചവരാണ്. ഇക്കാലയളവില്‍ മരിച്ച കാല്‍നടയാത്രക്കാരുടെ എണ്ണം 1360 ആണ്. ആകെ മരിച്ചവരുടെ 33ശതമാനം. ഇതിനര്‍ത്ഥം ആകെ മരണമടഞ്ഞവരില്‍ 75 ശതമാനം ആളുകളും ഇരുചക്ര വാഹനം ഓടിക്കുന്നവരും കാല്‍നടയാത്രക്കാരുമാണ്. ട്രാഫിക് അപകടങ്ങളില്‍ 1360 കാല്‍നടയാത്രക്കാര്‍ മരിച്ചതില്‍ 447 പേര്‍ ഇരുചക്രവാഹനങ്ങള്‍ ഇടിച്ചാണ് മരിച്ചത്. ഇരുചക്ര വാഹനാപകടങ്ങള്‍ മൂലം മരണമടഞ്ഞവരുടെ എണ്ണം 2160 ആകുന്നു. സംസ്ഥാനത്തെ ട്രാഫിക് അപകടമരണങ്ങളുടെ 53 ശതമാനം വരും ഇത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുന്നതോടൊപ്പം കാല്‍നടക്കാരുടെ യാത്രയും സുരക്ഷിതമാക്കും. ഹെല്‍മറ്റ് പരിശോധനയ്ക്ക് നൂതന സാങ്കേതിക വിദ്യകളായിരിക്കും ഉപയോഗിക്കുക. തടഞ്ഞുനിര്‍ത്തി പരിശോധന കഴിയുന്നത്ര ഒഴിവാക്കും. ഫുട്പാത്ത് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും നടപടി സ്വീകരിക്കുക. ഫുട്പാത്ത് കയ്യേറ്റം തടയാന്‍ കച്ചവടക്കാരും, പൊതുജനങ്ങളും, വാഹന ഉടമകളും പോലീസുമായി സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ഹെല്‍മറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ വളരെ കുറവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡി.ജി.പി.പറഞ്ഞു.

No comments:

Get Blogger Falling Objects