Thursday, February 16, 2012

771.സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി
സംസ്ഥാനത്തെ 4071 ഹൈസ്കൂള്‍ - ഹയര്‍ സെക്കന്ററി - വി.എച്ച്.എസ്.സി സ്കൂളുകള്‍ക്ക് ഐ.സി.ടി@ സ്കൂള്‍ പദ്ധതിയനുസരിച്ച് 42 കോടി രൂപയുടെ ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഐ.ടി@സ്കൂള്‍ പ്രോജക്ടിന് വേണ്ടി കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കി. ദേശീയ ടെണ്ടര്‍ വഴി ബള്‍ക് പര്‍ച്ചേസ് നടത്തിയപ്പോള്‍ ലഭിച്ച വിലക്കുറവിന്റെയും കൂടിയ സ്പെസിഫിക്കേഷന്റെയും വില്പനാനന്തര സേവന വ്യവസ്ഥകളുടേയും ആനുകൂല്യം സ്കൂളുകളിലേയ്ക്ക് വിവിധ സ്കീമുകള്‍വഴി ലഭ്യമാക്കുന്ന എല്ലാ ഐ.ടി പര്‍ച്ചേസുകള്‍ക്കും ബാധകമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ദേശീയ തലത്തില്‍ത്തന്നെ ആദ്യമായാണ് വകുപ്പ് ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്നത്. ഇതനുസരിച്ച് ഡ്യൂവല്‍ കോര്‍, 3.1 ഗിഗാ ഹെര്‍ട്സ്, 3 എം.ബി ക്യാഷ് പ്രൊസസറും, 500 ജി.ബി. ഹാര്‍ഡ് ഡിസ്കും, 4 ജി.ബി ഡി.ഡി.ആര്‍ 3 റാമും, ഹെഡ്ഫോണ്‍-മൈക്-ഡി.വി.ഡി റൈറ്റര്‍ എന്നിവയും ഉള്‍പ്പെടുന്ന ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ക്ക് പരമാവധി 22400 രൂപ മാത്രമേ ഈടാക്കാനാകൂ. പുതുതലമുറ ഡ്യുവല്‍ കോര്‍ 2.0 ഗിഗാ ഹെര്‍ട്സ്, 2 ജി.ബി ഡി.ഡി.ആര്‍ 3 റാം ഉള്ള ലാപ്ടോപ്പുകള്‍ക്ക് പ്രത്യേകം യു.എസ്.ബി. കീ ബോര്‍ഡും, മൌസും ഉള്‍പ്പെടെ പരമാവധി തുക 23300 രൂപയാണ്. എക്സ്.ജി.എ റെസല്യൂഷനും 2500 ലൂമെന്‍സും ഫുള്‍ ഫംഗ്ഷന്‍ റിമോട്ടുമുള്ള മള്‍ട്ടിമീഡിയാ പ്രോജക്ടറിന് ഈടാക്കാവുന്ന പരമാവധി തുക 22000 രൂപയാണ്. മള്‍ട്ടി ഫംഗ്ഷന്‍ (പ്രിന്റ്-കോപ്പി-സ്കാന്‍) പ്രിന്ററിന് 7750 രൂപയും, 3 കെ.വി യു.പി.എസിന് 43000 രൂപയുമാണ് പരമാവധി തുക നിശ്ചയിച്ചിട്ടുള്ളത്. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിവ. ഗവണ്‍മെന്റ് ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ജി.ജയശങ്കര്‍ ചെയര്‍മാനും ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് കണ്‍വീനറും സി-ഡാക്, ഐ.ടി മിഷന്‍, ഫിനാന്‍സ്, അനര്‍ട്ട് പ്രതിനിധികളും അടങ്ങുന്ന സാങ്കേതിക സമിതിയാണ് പര്‍ച്ചേസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. എല്ലാ ഉപകരണങ്ങള്‍ക്കും മൂന്ന് വര്‍ഷ ഓണ്‍-സൈറ്റ് വാറണ്ടി നിര്‍ബന്ധമാണ്. ലാപ് ടോപ്പില്‍ ബാറ്ററിയ്ക്കും, പവര്‍ അഡാപ്റ്ററിനും മൂന്നു വര്‍ഷ വാറണ്ടി പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങളും ഐ.ടി@സ്കൂള്‍ തയാറാക്കിയിട്ടുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഓപ്പറേറ്റിങ് സിസ്റവും, ആപ്ളിക്കേഷനുകളും മുന്‍കൂര്‍ ലോഡ് ചെയ്തിരിക്കണം. സ്കൂളുകളില്‍ ഹാര്‍ഡ് വെയര്‍ വിതരണത്തിന് ശേഷം ഉണ്ടാകാവുന്ന പരാതികള്‍ രജിസ്റര്‍ ചെയ്യാന്‍ വെബ് പോര്‍ട്ടല്‍, കാള്‍ സെന്റര്‍ സംവിധാനങ്ങള്‍ വിതരണക്കാര്‍ ഏര്‍പ്പെടുത്തണം. പരാതി പരിഹരിക്കാനായി കര്‍ശന വ്യവസ്ഥകള്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതനുസരിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ സ്കൂളുകളില്‍ നിന്നുള്ള പരാതികള്‍ വിതരണക്കാര്‍ രജിസ്റര്‍ ചെയ്യണം. അഞ്ചു പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ദിനം പ്രതി 100 രൂപ കമ്പനികള്‍ പിഴയായി നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, എം.പി-എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് തുടങ്ങിയവ ഉള്‍പ്പെടെ ഉപയോഗിച്ച് സ്കൂളുകള്‍ക്ക് നല്‍കാനായി നടത്തുന്ന എല്ലാ ഹാര്‍ഡ് വെയര്‍ പര്‍ച്ചേസുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. മറ്റ് കമ്പനികളില്‍ നിന്ന് നേരിട്ട് പര്‍ച്ചേസ് നടത്തുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് വാങ്ങുന്ന ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണം. ഡി.ജി.എസ്&ഡി നിരക്കിനേക്കാള്‍ 20 ഉം 35 ഉം 37 ഉം ശതമാനം വിലക്കുറവിലാണ് യഥാക്രമം ഡെസ്ക് ടോപ്പും ലാപ് ടോപ്പും പ്രോജക്ടറുകളും ഈ ടെണ്ടറിലൂടെ ഐ.ടി@സ്കൂളിന് ലഭ്യമായിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം 15 കോടി രൂപ ഈ സ്കീമില്‍ ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഐ.ടി 2 സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. എല്ലാ ഉപകരണങ്ങളും ഇന്‍ഷ്വര്‍ ചെയ്യാനും ഐ.ടി@സ്കൂള്‍ സംവിധാനമേര്‍പ്പെടുത്തും. ഹാര്‍ഡ് വെയര്‍ തകരാറുകള്‍ പരിഹരിക്കാനുള്ള ഹാര്‍ഡ് വെയര്‍ ക്ളിനിക്കുകള്‍, ഉപയോഗക്ഷമത പരിശോധിക്കാനുള്ള ഐ.ടി ഓഡിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഐ.ടി@സ്കൂള്‍ നടത്തി വരുന്നുണ്ട്. ഉത്തരവ് www.education.kerala.gov.in, www.itschool.gov.in സൈറ്റുകളിലുണ്ട്.

No comments:

Get Blogger Falling Objects