( നവംബര്‍ 7 , സി.വി.രാമന്‍ ജന്മദിനം) കഴിഞ്ഞ നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയരില്‍ ഒരാളാണ് സി.വി. രാമന്‍.അദ്ദേഹത്തിന്റെ ജീവിതകഥ ഏതൊരു ശാസ്ത്രവിദ്യാര്‍ഥിക്കും താല്പര്യജനകമാണ്. 1888 നവംബര്‍ 7ന്,തഞ്ചാവൂര്‍ ജില്ലയില്‍ ,ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖരവെങ്കിട്ടരാമന്‍ (സി.വി.രാമന്‍) ജനിച്ചു.ഈ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത് .(അഞ്ചാണും മൂന്നുപെണ്ണും) .രാമന്റെ പിതാവ് നരസിംഹറാവു നല്ലൊരു പുസ്തക വായനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. രാമന് നാലുവസ്സുള്ളപ്പോള്‍ ,രാമന്റെ പിതാവിന് വിശാഖപട്ടണത്തുള്ള നരസിംഹറാവു കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൌതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്.ഇതൊക്കെകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ രാമന് നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍, രാമന്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തി. സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തില്‍തന്നെ രാമന് ഭൌതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു.എന്തിനേറെ പറയുന്നു,അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചുവെത്രെ! ബുദ്ധിശക്തിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും ; ശാരീരികാരോഗ്യത്തില്‍ മോശമായിരുന്നു രാമന്റെ സ്ഥിതി .പക്ഷെ ,അദ്ദേഹത്തിന്റെ ഉന്നത ബുദ്ധിശക്തിമൂലം ഈ ‘അനാരോഗ്യപ്രശ്നങ്ങള്‍ ‘ പഠനത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നതിന് തടസ്സം ഉണ്ടാക്കിയില്ല. രാമന്റെ പഠനപുരോഗതി വിസ്‌മയിപ്പിയ്ക്കത്തക്കരൂപത്തിലായിരുന്നു എന്ന് മുന്‍പേ സൂചിപ്പിച്ചിരുന്നല്ലോ .അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരേ ചെറിയ പ്രായത്തില്‍ ,അതായത് പതിനൊന്നാമത്തെ വയസ്സില്‍ ,മെട്രിക്കുലേഷന്‍ പാസ്സാകാന്‍ കഴിഞ്ഞു ! ; അതും ഒന്നാമനായിത്തന്നെ ! (ഇന്ന് മെട്രിക്കുലേഷന്‍ പതിനഞ്ചാമത്തെ വയസ്സിലാണ് പാസ്സാകുന്നതെന്ന് ഓര്‍ക്കുക.) പിന്നീടദ്ദേഹം എ.വി.എന്‍. കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു.ഇന്റര്‍മീഡിയേറ്റ് പാസ്സായതും ഒന്നാംസ്ഥാനത്തോടുകൂടിയാണെന്നത് പറയേണ്ടതില്ലല്ലോ . 1903 ല്‍ , മദ്രാസിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ രാമന്‍ ബി.എ.യ്ക്കു ചേര്‍ന്നു. തീര്‍ച്ചയായും ,ഇത്രചെറുപ്പത്തിലെ ബിരുദപഠനത്തിന് എത്തുന്ന ഒരു വിദ്യാര്‍ഥി, അവിടെ ആദ്യമായിരുന്നു! രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗല്‍ഭരായ യൂറോപ്യന്മാരായിരുന്നു. അത് രാമന് പഠനത്തില്‍ ഏറെ ഗുണം ചെയ്തു. 1904 ല്‍ രാമന്‍ ,ഇഗ്ലീഷിലും ഫിസിക്സിലും ഗോള്‍ഡ് മെഡലുകള്‍ വാരിക്കൊണ്ട് ബി.എ.ഒന്നാം റാങ്കോടെ പാസ്സായി ! തുടര്‍ന്ന് എന്തുവേണമെന്നായി രാമന്റെ ചിന്ത ? ഏതു വഴിയാണ് ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ടത് . ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം .പക്ഷെ ,ഇത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ ഇംഗ്ലണ്ടില്‍ പോകുന്നതെങ്ങിനെ ? മാത്രമല്ല, രാമന്റെ ആരോഗ്യസ്ഥിതി വളരെ മോശവുമായിരുന്നു. അതിനാല്‍ ,ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിയ്ക്കാന്‍ രാമന്റെ ശരീരത്തിന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് രാമന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകാന്‍ പറ്റില്ല എന്നുവന്നു.അതിനാല്‍ പ്രസിഡന്‍സി കോളേജില്‍ ഭൌതികശാസ്ത്രം പഠിക്കാനായി എം.എ യ്ക്കു ചേര്‍ന്നു.(അന്ന് ശാസ്ത്രവിഷയങ്ങള്‍ക്ക് ബി.എ,എം.എ എന്നിങ്ങനെ ആയിരുന്നു. ) 1907 ല്‍ ,രാമന്‍ , പ്രതീക്ഷിച്ചതുപോലെത്തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് എം.എ പാസ്സായി. ഇനി, എന്തുവേണമെന്നതായി രാമന്റെ മുന്നിലെ പ്രശ്നം? രാമന് ശാസ്ത്രത്തോട് അതിയായ താല്പര്യമുണ്ടായിരുന്നു. പക്ഷെ, അന്നത്തെ കാലത്ത്,ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനാരോഗ്യപ്രശ്നം നിമിത്തം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുകയുമില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാര്‍ഥികളുടേയും ലക്ഷ്യം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു.( ഇന്നത്തെ ഐ.എ.എസ്. ന്റെ പൂര്‍വ്വികനാണ് ഐ.സി.എസ് ) പക്ഷെ, അതിന് ചേരണമെങ്കില്‍ ഇംഗ്ലണ്ടില്‍ പോകണം . അവിടെ പഠിച്ച് പരീക്ഷയെഴുതി പാസ്സാകണം . അതിനാല്‍ ആ മാര്‍ഗ്ഗം രാമന് സ്വീകാര്യമായില്ല.ഇനിയുള്ള മറ്റൊരു മാര്‍ഗ്ഗം ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് അഥവാ F.C.S ന് ചേരുക എന്നതായിരുന്നു.(ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് എക്കൌഡ് സര്‍വ്വീസിന്റെ മുന്നോടിയാണ് F.C.S ) മാത്രമല്ല ,രാമന്റെ ജേഷ്ഠന്‍ ഈ പരീക്ഷ എഴുതി പാസ്സായിട്ടുമുണ്ടായിരുന്നു. F.C.S -ല്‍ ചേരണമെങ്കില്‍ ആദ്യം ഒരു ഇന്റര്‍വ്യൂവിലും പിന്നീട് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും വിജയിയ്ക്കണമായിരുന്നു. മാത്രമല്ല എഴുത്തുപരീക്ഷയില്‍ ചരിത്രം ,ധനതത്ത്വശാസ്തം മുതലായ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ട് .(ഈ വിഷയങ്ങള്‍ രാമന്‍ കോളേജില്‍ പഠിച്ചിട്ടില്ലല്ലോ) .കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്‍ F.C.S പരീക്ഷ (1907-ല്‍ ) പാസ്സാകുകതന്നെ ചെയ്തു. പരീക്ഷപാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമന്‍ ‘ ലോകസുന്ദരീ ‘ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത് . അന്നത്തെ കാലഘട്ടത്തില്‍ , വധൂവരന്മാരുടെ മാതാപിതാക്കള്‍ ജാതകം നോക്കി നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹശൈലിയായിരുന്നു നിലനിന്നിരുന്നത് . അതായത് , തങ്ങളുടെ വിവാഹകാര്യതീരുമാനത്തില്‍ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത് . കോളേജില്‍ പഠിക്കുമ്പോഴെത്തന്നെ ,രാമന്‍ , തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഒരു ദിവസം രാമസ്വാമിയുടെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് മധുരമായ വീണാനാദമായിരുന്നു. രാമസ്വാമിയുടെ അടുത്ത ബന്ധുവും യുവതിയുമായ ‘ ലോകസുന്ദരി ‘ അപ്പോള്‍ ത്യാഗരാജഭാഗവതരുടെ “ രാമാ നീ സമാനം വാരോ “ ( രാമനു തുല്യമായി ആരുണ്ട് ? ) എന്ന കീര്‍ത്തനം വീണയില്‍ വായിക്കുന്നതാണ് രാമന്‍ കണ്ടത് .അങ്ങനെ ആ പ്രഥമദര്‍ശനത്തില്‍ത്തന്നെ രാമനില്‍ ലോകസുന്ദരിയോടുള്ള പ്രണയത്തിന് തുടക്കം കുറിച്ചു. രാമന്‍ തന്റെ സുഹൃത്തായ രാമസ്വാമിയെ ഇക്കാര്യം അറിയിച്ചു. രാമസ്വാമിയും തന്റെ ബന്ധുവായ ലോകസുന്ദരിക്കുവേണ്ടി വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ,രാമന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ രാമസ്വാമി ഉടനടി സമ്മതം അറിയിക്കുകയും ചെയ്തു.പക്ഷെ, വിവാഹത്തിലേയ്ക്കുള്ള മാര്‍ഗ്ഗം അത്ര സുഗമമായിരുന്നില്ല. കാരണം രാമന്‍ ബ്രാപ്‌മാണനായിരുന്നു.ലോകസുന്ദരിയാകട്ടെ മറ്റോരു ഉപജാതിയില്‍പ്പെട്ടവളുമായിരുന്നു. അതിനാല്‍ രാമന്റെ രക്ഷിതാക്കളുടെ സമ്മതം ലഭിക്കാന്‍ വിഷമമായിരുന്നു. അത്ഭുതമെന്നുപറയട്ടെ , വിവാഹത്തിന് രാമന്റെ പിതാവ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. കാരണം , അദ്ദേഹം ഒരു പുരോഗമനവാദിയായിരുന്നു.പക്ഷെ ,അമ്മയും മറ്റ് ബന്ധുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു .എങ്കിലും രാമന്റെ ഉറച്ച തീരുമാനത്തിനുമുമ്പില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു.അങ്ങനെ രാമനും ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിന് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകതകൂടിയുണ്ട് . രാമന്‍ “ സ്ത്രീധനം “ വാങ്ങാതെയാണ് വിവാഹം കഴിച്ചത് എന്നതാണ് അത് ! 1907 ജൂണില്‍ രാമന്‍ എക്കൌണ്ടന്റ് ജനറലായി ,കല്‍ക്കട്ടയില്‍ ,ജോലിയില്‍ പ്രവേശിച്ചു. അവിടെ രാമന്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ,ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (I.A.C.S) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത് . ഒരു ദിവസം രാമന്‍ യാദൃശ്ചികമായി ആ ബോര്‍ഡ് കാണുകയും അവിടെ ചെന്ന് കാര്യങ്ങള്‍ അന്വഷിക്കുകയും ചെയ്തു . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്നതിന് രാമന്‍ അപേക്ഷിച്ചു. രാമന്റെ അപേക്ഷ സസന്തോഷം സ്വീകരിക്കപ്പെട്ടു. രാമന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു.കാലത്ത് 5-30 ന് രാമന്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറിയിലേക്ക് പോകും . 9 -45 ന് വീട്ടില്‍ തിരിച്ചെത്തുന്നു.കുളി ഭക്ഷണം കഴിയ്ക്കല്‍ എന്നിവ ധൃതിയില്‍ ചെയ്ത് ഓഫീസില്‍ പോകുന്നു. വൈകീട്ട് 5 മണിക്ക് ഓഫീസില്‍ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടില്‍ തിരിച്ചെത്തുന്നു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയില്‍ രാമന് റംഗ്ഗൂണിലേയ്ക്കും തുടര്‍ന്ന് നാഗപ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായി . പക്ഷെ ,ഏറെ താമസിയാതെത്തന്നെ കല്‍ക്കട്ടയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു. വീണ്ടും കല്‍ക്കട്ടയിലെത്തിയപ്പോള്‍ അസോസിയേഷന്റെ ( I.A.C.S)തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത് .ആ ഭാഗം താമസസ്ഥലത്തിനുയോജിച്ചതായിരുന്നില്ല.പക്ഷെ,അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും അസോസിയേഷന്റെ ലബോറട്ടറിയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന മേന്മ അതിനുണ്ടായിരുന്നു. രാമന്‍ തന്റെ ഗവേഷണഫലങ്ങള്‍ അപ്പപ്പോള്‍തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തല്‍ഫലമായി ,1912 ല്‍ കര്‍സണ്‍ റിസര്‍ച്ച് പ്രൈസും( Curzon Research Prize ) 1913 ല്‍ വുഡ്‌ബണ്‍ റിസര്‍ച്ച് മെഡലും (Woodburn Research Medal ) അദ്ദേഹത്തിനു ലഭിച്ചു. താമസിയാതെ അദ്ദേഹം കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി നിയമിതനായി .ഇതിനുവേണ്ടി അദ്ദേഹം തന്റെ ഗവണ്മെന്റ് ജോലി രാജിവെച്ചു. ഭാവിയില്‍ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത് .യൂണിവേഴ്‌സിറ്റിയില്‍ പ്രോഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതല്‍ സമയം ലഭിച്ചു. 1921 ല്‍ ഇംഗ്ലണ്ടിലേയ്ക്ക് അദ്ദേഹം വിദേശയാത്ര നടത്തി .ഓക്സ്ഫോര്‍ഡില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ കല്‍ക്കട്ടാ യൂണിവേഴ്‌സിറ്റിയെ പ്രധിനിധീകരിച്ചായിരുന്നു രാമന്‍ എത്തിയത് .അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്മാരായ J.J.Thomson ,Bragg,Rutherford എന്നിവരെ പരിചയപ്പെട്ടു.ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചുള്ള യാത്ര ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള ആ കപ്പല്‍ യാത്രയില്‍ ,സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light ) എന്നപ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തിന് തുടക്കം കുറിയ്ക്കാനും സാധിച്ചു. 1924 ല്‍ ,ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society )രാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് വെറും 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924 ല്‍ British Association For Advancement of Science ന്റെ ക്ഷണപ്രകാരം രാമന്‍ കനഡയിലേക്കുപോയി .അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ Torento യുമായി പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചര്‍ച്ചചെയ്തു.കനഡായില്‍നിന്ന് U.S.A യിലേയ്ക്ക് രാമന്‍ പോയി . Franklin Institute ന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് രാമന്‍ U.S.A യില്‍ എത്തിയത് .ഇതിനെത്തുടര്‍ന്ന് ,Californiya Institute of Technology യിലെ Norman Bridge Laboratary ല്‍ വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. U.S.A യില്‍വെച്ച് പല ശാസ്ത്രജ്ഞന്മാരേയും ,പല ലാബുകളും സന്ദര്‍ശിയ്ക്കാന്‍ അവസരം ലഭിച്ചു. 1925 ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി . എങ്കിലും ആ വര്‍ഷം ആഗസ്റ്റില്‍ അദ്ദേഹം റഷ്യയിലെ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയി . കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം . ഇത് ഇവിടെ ലളിതമായി പ്രതിപാദിയ്ക്കാം. ഒരു ദ്രാവകത്തില്‍ പ്രകാശരശ്മികള്‍ പതിയ്ക്കുന്നു എന്നിരിയ്ക്കട്ടെ .ആ പ്രകാശരശ്മിയുടെ പ്രവേഗം V1 എന്നാണെന്ന് സങ്കല്പിയ്ക്കുക. ഒരു മാധ്യമത്തില്‍ പ്രകാശം പതിച്ചാല്‍ രണ്ടുവിധത്തില്‍ കാര്യങ്ങള്‍ സംഭവിയ്ക്കാം . ഒന്നാമത്തേത് പ്രകാശം പ്രതിഫലിയ്ക്കുക എന്നതാണ്.രണ്ടാമത്തേത് മാധ്യമം ആ പ്രകാശരശ്മികളെ ആഗിരണം ചെയ്യുക എന്നതാണ് .ഇവിടെ ,നമുക്ക് നമുക്ക് ആഗിരണം ചെയ്യുക എന്ന വസ്തുത പരിഗണിയ്ക്കേണ്ടതില്ലല്ലോ . പ്രതിഫലനത്തിന്റെ കാര്യം മാത്രം പരിഗണിച്ചാല്‍ മതി . ഇപ്രകാരം , പ്രതിഫലിയ്ക്കപ്പെടുന്ന രശ്മികള്‍ രണ്ടു വ്യത്യസ്ത പ്രവേഗത്തില്‍ സഞ്ചരിക്കുന്നവയായിരിക്കും . ഒന്നാമത്തേത് ,പതനരശ്മിയുടെ പ്രവേഗത്തിലുള്ളത് (അതായത് V1 ) .രണ്ടാമത്തെത് ,പതനരശ്മിയുടെ പ്രവേഗത്തില്‍നിന്ന് വ്യത്യസ്തമായ പ്രവേഗത്തിലുള്ളത് .ഈ പ്രകാശരശ്മികളുടെ പ്രവേഗത്തെ നമുക്ക് V2 എന്ന് സങ്കല്പിയ്ക്കാം. പ്രകാശരശ്മിയുടെ പ്രവേഗവും നിറവുമായി ബന്ധമുള്ള കാര്യം നമുക്ക് അറിയാമല്ലോ . അതിനാല്‍ V1 പ്രവേഗമുള്ള പ്രകാശരശ്മിയുടെ നിറത്തിന് മാറ്റം സംഭവിയ്ക്കുന്നില്ല. പക്ഷെ V2 പ്രവേഗമുള്ള പ്രകാശരശ്മിക്ക് പതനരശ്മിയില്‍നിന്ന് വ്യത്യസ്ത നിറം കൈവരുന്നു. ഈ രീതിയിലുള്ള പ്രകാശത്തിന്റെ വിസരണമാണ് (Scattering of Light ) രാമന്‍ പ്രഭാവം എന്നപേരില്‍ (Raman Effect) അറിയപ്പെട്ടത് .1928 ഫെബ്രുവരി 28 ന് രാമന്‍ പ്രതിഭാസമെന്ന ലേബലില്‍ സമുദ്രത്തിന്റെ നീലനിറത്തിന്റെ രഹസ്യം പ്രസിദ്ധീകരിച്ചു.ഒരു വ്യക്തിയുടെ ഉന്നത വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുമല്ലോ . സി.വി. രാമന്റെ കാര്യത്തിലും അങ്ങനെത്തന്നെ സംഭവിച്ചു.രാമന്റെ കണ്ടുപിടുത്തത്തിനുകാരണക്കാരന്‍ രാമന്‍ തന്നെയാണോ എന്നു പലരും സംശയിച്ചു. പക്ഷെ ,രാമന്‍ ഇതിനു നേരെയൊന്നും പ്രതികരിയ്ക്കാന്‍ പോയില്ല. 1930 ല്‍ സി.വി രാമന് ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. രാമന്റെ അവസാനകാലഘട്ടം ബാംഗ്ലൂരിലെ സയന്‍സ് ഇന്‍സ്റ്റിറ്റൂട്ടിലായിരുന്നു.1970 നവംബര്‍ 21 ശനിയാഴ്ച വെളുപ്പിന് സി .വി. രാമന്‍ അന്തരിച്ചു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റൂട്ടില്‍ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളൊന്നും നടന്നില്ല. ലോകപ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പോലും അവസാനനാളുകളില്‍ ആത്മീയതലങ്ങളിലേക്ക് നീങ്ങുന്നതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു.പക്ഷെ, രാമന്‍ തന്റെ കര്‍മ്മപഥത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിയ്ക്കുകയായിരുന്നു. ( വീണ്ടും പ്രസിദ്ധീകരിക്കുന്നത്)
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
1 comment:
സി വി രാമന്റെ വ്യക്തിത്വത്തിന്റെയ് ഉജ്ജ്വലതയിലെക്കു വെളിച്ചം വീശിയ ലേഖനം, അദ്ദേഹം പുരോഗമന വാദികൂടിയായിരുന്നു എന്നതു എനിക്കു പുതൻ അരിവാണു, നന്ദി...
റോകറ്റും കൊണ്ട് തിരുപ്പതിയിലെക്കു പോയ അണ്ണന്മാർ ഇതൊരിക്കലെൻഗിലും വായിച്ചിരുന്നെൽ എന്നാശിച്ചുപോവുന്നു....
അഭിവാദ്യങ്ങൾ
Post a Comment