Monday, October 04, 2010

267. Std : 10 : Worksheet : Physics ; പ്രകാശം ( കോണ്‍കേവ് ദര്‍പ്പണം - പ്രതിബിബ രൂപീകരണം)

വര്‍ക്ക് ഷീറ്റുകള്‍ എന്നുവെച്ചാല്‍ അവയെ സാധാരണയായുള്ള ചോദ്യങ്ങളായി കണക്കാക്കരുതെന്നപേക്ഷ.  വര്‍ക്ക് ഷീറ്റുകള്‍ , കുട്ടി ക്ലാസിലോ അഥവാ വീട്ടിലോ പൂത്തീയാക്കുകവഴി  അവന് പ്രസ്തുത വര്‍ക്ക് ഷീറ്റ് ഉദ്ദേശിക്കുന്ന ശേഷികള്‍ കൈവരിക്കുന്നു എന്നര്‍ഥം .അതായത് വര്‍ക്ക്ഷീറ്റ് പൂര്‍ത്തീകരിക്കുന്നതുവഴി കുട്ടി പല മാനസിക പ്രവര്‍ത്തനത്തിലൂടെ കടന്നുപോകുന്നു.
അതുവഴിയാണ് അത് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് .
വര്‍ക്ക് ഷീറ്റ് :1 പ്രകാശം ; ( കോണ്‍കേവ് ദര്‍പ്പണം - പ്രതിബിബ രൂപീകരണം)
( ഈ വര്‍ക്ക് ഷീറ്റ് ക്ലാസില്‍ വെച്ച് കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയാണെങ്കില്‍ പ്രകാശം എന്ന അദ്ധ്യായത്തിലെ 80 % ശേഷികള്‍ കൈവരിക്കുവാന്‍ കുട്ടിക്കാകുമെന്ന് സംശയം കൂടാതെ പറയാം)
ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തില്‍ C യ്ക്ക് അപ്പുറത്തായി വസ്തു വെച്ചിരിക്കുന്നു. ദര്‍പ്പണത്തിന്റെ വക്രതാ ആരം 5 cm ആണ്.
ഇനി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക
1. പ്രതിബിബരൂപീകരണം ചിത്രീകരിക്കുക.( കൃത്യമായി അളവെടുത്തിരിക്കണം; ഗ്രാഫ് ഷീറ്റ് ഉണ്ടെങ്കില്‍ ഉഷാര്‍ . വക്രതാ ആരം 5 cm കോമ്പസ്സില്‍ കൃത്യമായി എറ്റുത്തിരിക്കണം ട്ടോ )
2.വസ്തുവിന്റെ സ്ഥാനം എവിടെ ?
3.വസ്തുവിന്റെ (OB )  ഉയരം എത്ര? ( അറിയില്ലെന്നോ ; നെറ്റി ചുളിക്കേണ്ട , സ്കെയില്‍ എടുത്തോളൂ അളന്ന് വസ്തുവായ OB യുടെ ഉയരം എഴുതിക്കോളൂ )
4.പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ? ( ചിത്രത്തില്‍ നോക്കി കണ്ടുപിടിക്കൂ ; അല്ലാതെ കാണാപ്പാഠം പഠിച്ചത് എഴുതല്ലേ !)
5.പ്രതിബിംബത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെ ( ഈ ചോദ്യത്തിനും മുന്‍ ചോദ്യത്തിന്റെ കണ്ടീഷന്‍ ബാധകം !!)
6. പ്രതിബിംബമായ IM ന്റെ  ഉയരം എത്ര ? ( സ്കെയില്‍ എടുത്തോളൂ ; അളന്ന്  പ്രതിബിംബമായ IM  ന്റെ   ഉയരം എഴുതിക്കോളൂ )
7.ദര്‍പ്പണത്തിന്റെ ആവര്‍ദ്ധനം എത്ര ? ( അറിയില്ലെങ്കില്‍ ഈ സമവാക്യം ഉപയോഗിച്ച് കണ്ടുപിടിക്കൂന്നേ ; ആവര്‍ദ്ധനം m = IM / OB)
8.അടുത്തതായി ദര്‍പ്പണത്തിന്റെ u , v , f , I M , OB എന്നിവ ന്യൂ കാര്‍ട്ടിഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് കണ്ടുപിടിക്കൂ. ( പോസറ്റീവ് , നെഗറ്റീവ് ചിഹനങ്ങള്‍ ഇടാന്‍ മറക്കല്ലേ ട്ടോ )
9.u , v , എന്നിവ ഉപയോഗിച്ച് ഫോക്കസ് ദൂരം കണ്ടുപിടിക്കൂ ( അതിനായി 1/u + 1/v = 1/f എന്ന സമവാക്യമോ അല്ലെങ്കില്‍ f =uv / u+v എന്ന സമവാക്യമോ ഉപയോഗിക്കാം കേട്ടോ )
10. ഇത്തരത്തില്‍ u , v ഉപയോഗിച്ച് കണ്ട ഫോക്കസ് ദൂരവും മുന്‍പ് അളന്നു കണ്ടെത്തിയ ഫോക്കസ് ദൂരവും തമ്മില്‍ വ്യത്യാസമുണ്ടോ ? ( ഉണ്ടെങ്കില്‍ പ്രശ്നമാണ് കേട്ടോ )
11. u , v , എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിക്കൂ ( അതിനായി ,ആവര്‍ദ്ധനം m = - v /u എന്ന സമവാക്യമാണ് ഉപയോഗിക്കേണ്ടത് കേട്ടോ )
12. നാം രണ്ടു പ്രാവശ്യം വ്യത്യസ്ഥ സമവാക്യം ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടല്ലോ ? ഇവതമ്മില്‍ വ്യത്യാസം ഉണ്ടോ ? ( ഉണ്ടെങ്കില്‍ പ്രശ്നമാണ് കേട്ടോ )
13. ചിത്രത്തില്‍ വസ്തുവില്‍ നിന്ന് എത്ര രശ്മികള്‍ പുറപ്പെടുന്നുണ്ട് ?
14. മുഖ്യ അക്ഷത്തിന് സമാന്തരമായി ദര്‍പ്പണത്തില്‍ പതിക്കുന്ന രശ്മിക്ക് പ്രതിഫലനത്തിനുശേഷം എന്തു സംഭവിക്കുന്നു ?
15. വക്രതാ ആരത്തില്‍ക്കൂ‍ടി കടന്നുപോകുന്ന പ്രകാശരശ്മിക്ക് പ്രതിഫലനത്തിനുശേഷം എന്തു സംഭവിക്കുന്നു ? എന്തുകൊണ്ട് ?
16. ദര്‍പ്പണത്തിന്റെ വക്രതാ ആരവും ഫോക്കസ് ദൂരവും തമ്മിലുള്ള ബന്ധം പറയാമോ ?
17.ഇതുപോലെ വസ്തു c യില്‍ , c ക്കും  F നും ഇടയില്‍  . F ല്‍ , F നും  P ക്കും ഇടയില്‍ എന്നി സ്ഥാനങ്ങളില്‍ ആയിരിക്കുമ്പോഴുള്ള പ്രതിബിബരൂപീകരണത്തിന്റെ ചിത്രം വരക്കുക
18. ഓരോ സന്ദര്‍ഭത്തിലും മുകളില്‍ പറഞ്ഞ 16 ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക
19.ഓരോ സന്ദര്‍ഭത്തിലും വക്രതാ ആരം വ്യത്യസ്തമായിരിക്കുവാന്‍ മറക്കരുത കേട്ടോ .
20. ഇങ്ങനെ എല്ലാം ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രകാശത്തിലെ ദര്‍പ്പണവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉത്തരമെഴുതുവാന്‍ കഴിയില്ലേ .

No comments:

Get Blogger Falling Objects