Wednesday, November 10, 2010

289. ഊഷ്മാവും രോഗവും തമ്മിലുള്ള ബന്ധമെന്ത്?

തെറ്റായ ജീവിതചര്യയാണ് രോഗമെന്നത് പ്രകൃതിജീവനത്തിന്റെ അടിസ്ഥാനതത്ത്വമാണല്ലോ.
ശരിയായ ജീവിതചര്യ നിര്‍ണ്ണയിക്കുന്നതില്‍ “ ഋതുക്കള്‍ “ മുഖ്യപങ്കുവഹിക്കുന്നകാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ പരിസ്ഥിതിയിലെ“ ഊഷ്മാവ് “ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നു എന്നര്‍ഥം.
ഊഷാവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. കാലാവസ്ഥാമാറ്റങ്ങള്‍ക്കനുസരിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു.
തണുത്ത കാലാവസ്ഥയില്‍ ശരിയായ വ്യായാമമോ ,അദ്ധ്വാനമോ ശരീരത്തിനുനല്‍കി ദഹനത്തിന്റെ മന്ദത മാറ്റിയെടുക്കാം.അത്യന്തം തണുത്തകാലാവസ്ഥയിലും നല്ലവണ്ണം ചൂടുള്ള കാലാവസ്ഥയിലുമൊക്കെ ശരീരത്തിനു പ്രതിരോധശേഷി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്.
ചില കാലാവസ്ഥയില്‍ പകല്‍ സമയത്ത് നല്ല ചൂടും രാത്രിയില്‍ നല്ല തണുപ്പും ഉണ്ടാകാറുണ്ട്.
അത്തരം അവസ്ഥയില്‍ ഊഷ്മാവിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം നടത്തണം .
അതായത് പകല്‍ സമയത്ത് ജലാംശമുള്ളഭക്ഷണത്തിനു മുന്‍‌തൂക്കം കൊടുക്കണമെന്നും , രാത്രി ദഹിക്കുവാന്‍ പ്രയാസമുള്ള ഭക്ഷണംഒഴിവാക്കണമെന്നുമാണ് അര്‍ഥമാക്കേണ്ടത്.
തണുപ്പുള്ള കാലാവസ്ഥയുടെ ആരംഭത്തില്‍തന്നെ പനി,ചുമ,മറ്റു കഫജന്യരോഗങ്ങള്‍ എന്നിവ പലരേയും പിടിപെടാറുണ്ടല്ലോ.ഇവയുടെയെല്ലാം പ്രധാനകാരണം ദഹനക്കുറവാണെന്നു മനസ്സിലാക്കുക.
ഈ സമയത്തിലെ ദഹനക്കുറവിനു പ്രധാനമായി രണ്ടു കാരണങ്ങളാണ് പറയുന്നത്.
ഒന്നാമതായി ,ശരീരത്തിലെ ദഹനേന്ദ്രിയങ്ങളുടെ മന്ദത (ഇത് തണുപ്പുമൂലമാണ് ഉണ്ടാകുന്നത്) .
രണ്ടാമതായി ശാരീരികാദ്ധ്വാനത്തിന്റെ കുറവ് .തണുത്ത കാലാവസ്ഥയില്‍ ഏതൊരു ജീവിക്കും നിഷ്‌ക്രിയമായിരിക്കാനുള്ള ഒരു ജൈവികമായ പ്രവണതയുണ്ട്.
ഇതാണ് തണുത്ത കാലാവസ്ഥയില്‍ പലരും മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ കാരണം.എന്നുവെച്ചാല്‍ ശാരീരികാദ്ധ്വാനവും വ്യായാമവുമൊക്കെ ഒഴിവാക്കപ്പെടുന്നു.
(നിത്യവും വ്യായാമം ചെയ്യാന്‍ മടി അനുഭവപ്പെടാറുണ്ട് എന്ന വസ്തുത ഇവിടെ സ്മരണീയം)
വേറെ ചിലര്‍ തണുപ്പുകാലത്ത് രോഗം വരുത്തിവെക്കുന്നത് അവരുടെ തന്നെ ആര്‍ത്തികൊണ്ടാണ്.
തണുപ്പുകാലത്ത് ദഹനേന്ദ്രിയങ്ങളുടെ മന്ദത നിമിത്തം വിശപ്പ് കുറയുമെങ്കിലും “ആര്‍ത്തി” കുറയണമെന്നില്ല.
കാരണം ആര്‍ത്തി വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
ചിലരെ സംബന്ധിച്ച് നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍‘ അല്പം കുറഞ്ഞാല്‍ ‘തന്റെ ശരീരത്തിന് അസുഖം പിടിപെടും എന്നാണവരുടെ ചിന്ത .
അതിനാലവര്‍ രസനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ചേരുവകള്‍ ഉള്‍പ്പെടുത്തി അമിതഭക്ഷണത്തിന് വിധേയമാകുന്നു.ഇത്തരത്തിലുള്ള അമിത ഭക്ഷണം ഇക്കൂട്ടരില്‍ അസുഖം വരുത്തിവെക്കുന്നു.
ഊഷ്മാവും ജീവല്‍ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ നാം തലപുകഞ്ഞൊന്നും ആലോചിക്കണമെന്നില്ല.
നാം പ്രകൃതിയെ നിരീക്ഷിക്കുക,പഠിക്കുക. ഇത്രതന്നെ !
തണുപ്പുകാലത്ത് സസ്യങ്ങള്‍ ഇല പൊഴിക്കുന്നതുകാണുക.
മറ്റു ജീവികളുടെ ജീവിതചര്യ വിലയിരുത്തുക.പകല്‍ കുറവുള്ള മാസങ്ങളെ വിലയിരുത്തുക.
സൂര്യന്റെ “അയനങ്ങള്‍” വിശദമായി പഠിക്കുക.
അങ്ങനെ കാലാവസ്ഥാമാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഊഷ്മ വ്യത്യാസങ്ങളെ മനസ്സിലാക്കുക.
ഇവയെ മുന്‍‌കൂട്ടിക്കണ്ടുകൊണ്ടുള്ള “ഭക്ഷണ-വ്യായാമരീതികള്‍” അവലംബിക്കുക.

No comments:

Get Blogger Falling Objects