Wednesday, December 22, 2010

323. സൌരോര്‍ജ്ജം പുനസ്ഥാപിക്കുവാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നോ ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് അംഗങ്ങള്‍ക്ക്  മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ഫിഷന്‍ മൂലവും ഫ്യുഷന്‍ മൂലവും ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് നമുക്കറിയാം .പക്ഷെ , അത് എങ്ങനെയാണ്  തെളിയിക്കുക”
“ഈ ക്ലസ്റ്ററില്‍ അത് തെളിയിക്കുവാന്‍ വളരെ വിഷമമാ മാഷേ “ ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു.
“ അതെ , ഫിഷന്റേയും ഫ്യൂഷന്റേയും പരീക്ഷണം ഇവിടെ , ഈ മുറിയില്‍ വെച്ച് നടത്തുക എന്നൊക്കെ പ്പറഞ്ഞാല്‍ , എങ്ങെന്യാ അത് ശരിയാവാ‍ “ സാന്ദ്രത ടീച്ചര്‍ സൂര്യന്‍ മാഷിനെ കളിയാക്കി പറഞ്ഞു.
ഈ കളിയാക്കല്‍ കേട്ടെങ്കിലും സൂര്യന്‍ മാഷ് തളര്‍ന്നില്ല ; അദ്ദേഹം വീണ്ടും ഉഷാറായി തുടര്‍ന്നു.
“ നിങ്ങള്‍ ഈ ചോദ്യം കുട്ടികളോട് -അതായത് എ പ്ലസ് കിട്ടുവാന്‍ സാധ്യതയൂള്ള വരോട് ചോദിച്ചെന്നിരിക്കട്ടെ . അവര്‍ എന്തു മറുപടിയായിരിക്കും പറയുക?”
ഇപ്പോഴാണ് സംഗതിയുടെ ഗൌരവം അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത് . അവിടെ കളിയും ചിരിയും മാഞ്ഞ് നിശ്ശബ്ദത വന്നു ചേര്‍ന്നു.
ഉത്തരം പറയുവാനായി ഫിഷന്‍ മാഷ് എണീറ്റുനിന്നു , ഒരു നിമിഷം എല്ലാവരേയും നോക്കി പറഞ്ഞു.
“ഫിഷനും ഫ്യൂഷനും നടക്കുമ്പോള്‍ ധാരാളം ഊര്‍ജ്ജം ലഭ്യമാകുന്നുണ്ട് . അതായത് ശബ്ദം , പ്രകാശം , താപം , റേഡിയേഷന്‍ എന്നിരൂപത്തില്‍ ധാരാളം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.”
“ശരി തന്നെ “ സൂര്യന്‍ മാഷ് തുടര്‍ന്നു.
“അങ്ങനെയെങ്കില്‍ ഈ ഊര്‍ജ്ജം എവിടെനിന്ന് ഉണ്ടായി എന്നു പറയാമോ ? മാത്രമല്ല അത്
തെളിയിക്കുകയും ചെയ്യാമോ ?”
“അത് അത്ര പ്രയാസമുള്ള കാര്യമല്ലാന്നേ “ ഫിഷന്‍ മാഷ് തുടര്‍ന്നു
“ഫിഷനു മുമ്പുള്ള മാസും ഫിഷനു ശേഷമുള്ള മാസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക . അപ്പോള്‍ മാസില്‍ വ്യത്യാ‍സം കാണും . അതായത് ഫിഷനു ശേഷവും ഫ്യൂഷനു ശേഷവും മാസില്‍ കുറവ് ഉണ്ടാകും . ഈ മാസ് ആണ് ഊര്‍ജ്ജമായി മാറിയത് “
“ പക്ഷെ ഫിഷനുശേഷം മാസില്‍ കുറവു വന്നത് പുസ്തകത്തില്‍ ഉണ്ട് . പക്ഷെ ഫ്യുഷനു ശേഷം മാസില്‍ കുറവുവരുന്നത് പുസ്തകത്തില്‍ ഇല്ല . പണ്ടത്തെ പുസ്തകത്തില്‍ നാലു ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന കാര്യം പറഞ്ഞിരുന്നു. “ ഫ്യൂഷന്‍ മാഷ് തന്റെ സാനിദ്ധ്യം പ്രകടമാക്കി.
സൂര്യന്‍ മാഷ് ഫ്യൂഷന്‍ മാഷിനെ അവഗണിച്ചു കൊണ്ടു പറഞ്ഞു.
“ എന്തായാലും ഫിഷനും ഫ്യൂഷനും നടന്നു കഴിയുമ്പോള്‍ ഊര്‍ജ്ജ മുണ്ടാകുന്നു എന്നും ഈ ഊര്‍ജ്ജം മാസില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും വ്യക്തമായല്ലോ .അങ്ങനെയെങ്കില്‍ എന്റെ അടുത്ത ചോദ്യം ഇതാ” സൂര്യന്‍ മാഷ് എല്ലാവരേയും ഒരു നിമിഷം ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പറഞ്ഞു.
“സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ മൂലമാണെന്ന് നമുക്ക് അറിയാമല്ലോ . ഫിഷന്‍ നടക്കുമ്പോള്‍ സൂര്യന്റെ മാസില്‍ കുറവ് ഉണ്ടാകുന്നു എന്നും നമുക്ക് അറിയാം . നക്ഷത്രങ്ങളുടെ മരണത്തില്‍ ഏതൊരു നക്ഷത്രവും നാളുകള്‍ കഴിയുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ സൂര്യനെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി കരുതുവാന്‍
സാധിക്കുമോ ? ”
സൂര്യന്‍ മാഷ് ഒരു നിമിഷം നിശ്ശബ്ദമായി വേദിയില്‍ നിന്നു.
തന്റെ ചോദ്യം അംഗങ്ങളിലുണ്ടാക്കിയ പ്രതികരണം ആസ്വദിച്ചു. അതിനുശേഷം തന്റെ സീറ്റില്‍ ചെന്നിരുന്നു.
അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നെടുകെയും കുറുകെയും അങ്ങനെയും ഇങ്ങനെയുമ്മൊക്കെ നടന്നു.
ക്ലാസ് ശബ്ദമുഖരിതമായി .
പെട്ടെന്ന് ഐന്‍സ്റ്റീന്‍ മാഷ് എണീറ്റ് വേദിയിലേക്കു വന്നു.
ഐന്‍സ്റ്റീന്‍ മാഷിന്റെ മുഖത്തെ ഗൌരവം കണ്ടാവണം ക്ലാസ് നിശബ്ദമായി .
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു തുടങ്ങി .
“സൂര്യന്‍ മരിക്കണമെങ്കില്‍ അഥവാ സൂര്യനില്‍ നിന്ന് പ്രകാശം പുറപ്പെടുന്നത് ഇല്ലാതാകണമെങ്കില്‍ വളരേ അധികം സമയം പിടിക്കും . ഈ സമയത്തെ ആസ്പദമാക്കി മനുഷ്യന്റെയോ മനുഷ്യ വംശത്തിന്റേയോ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ് . അതുകൊണ്ടു തന്നെ നമുക്ക് സൌരോര്‍ജ്ജത്തെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കാം. ”
“ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞു നിറുത്തിയതും കയ്യടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.”
കയ്യടി അവസാനിച്ചപ്പോല്‍ ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര്‍ പി അറിയിച്ചൂ.
ആശയ സഹായം .
ശ്രീ രമേശന്‍ മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ

No comments:

Get Blogger Falling Objects