Monday, April 18, 2011

353. .മലയാളം മാഷും ഒരു അക്ഷരമാറ്റവും ( ഹാസ്യം )

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന്‍ വീണ്ടും മുരടനക്കി .
മാഷിനു കാര്യം മനസ്സിലായി .
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന്‍ വന്നിരിക്കുന്നത് .
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു
“ചോദ്യം വേഗം പറഞ്ഞാട്ടെ”
പിന്നെ കുസൃതിക്കുട്ടന്‍ മടിച്ചൂ നിന്നില്ല; അവന്‍ ഒരു കടലാസുകഷണം എടുത്തു കാണിച്ചു.
എന്നീട്ട് മാഷോട് ചോദിച്ചു “ഇതില്‍ ഏതാ ശരി ?”
മാഷ് കടലാസ് കഷണത്തിലേക്കു നോക്കി .
അതില്‍ 1.അദ്ധ്യാപകന്‍ , 2. അധ്യാപകന്‍ എന്നും എഴുതിയിട്ടുണ്ട് .
ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു.
അതിനുശേഷം പറഞ്ഞു” ഇത് രണ്ടും ശരിയാണ്”
“അതായത് “കുസൃതിക്കുട്ടന്‍ നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി.
“ദ്ധ എന്ന അക്ഷരത്തിനു പകരം ധ എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്ന് അല്ലേ ”
മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ ‘ബുദ്ധന്‍ ’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ ചോദിച്ചു “ബുദ്ധന്‍ എന്ന വാക്കില്‍‘ദ്ധ‘ ക്കു പകരം ‘ധ’ ഉപയോഗിക്കുവാന്‍ പറ്റുമോ ?
”മാഷ് വല്ലാതായി .
കുസൃതിക്കുട്ടന്‍ വിട്ടില്ല “ ബുധന്‍ എന്ന വാക്കില്‍ ‘ധ’ ക്കു പകരം ‍‘ദ്ധ‘ ഉപയോഗിക്കുവാന്‍ പറ്റുമോ ?
“അതിപ്പോ ....................” മാഷിന് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല.
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ വേറെ ഒരു കടലാസ് എടുത്തു കാണിച്ചു
അതില്‍ 1. സാവധാനം , 2. ആയുധം , 3. യുദ്ധം , 4.ബുദ്ധിമുട്ട് , 5. ബുദ്ധി , 6. ശ്രദ്ധ 7.മാധുരി ..... തുടങ്ങിയ ഒട്ടേറെ ‘ധ ’ യും ‘ദ്ധ’ യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു.
“ഈ കടലാസില്‍ എഴുതിയ വാക്കുകളിലും ‘ധ’ യും ‘ദ്ധ‘ യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ ? ”
മാഷിന് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്ന് മനസ്സിലായി .
എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു.
“ അതായത് , ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന്‍ അന്ന വാക്കിന് ‘ദ്ധ’ എന്ന അക്ഷരം
തന്നെയാണ് ഉപയോഗിക്കേണ്ടിയിരുന്നത് . പിന്നീട് ലിപി പരിഷകരണം വന്നപ്പോള്‍ ചില ഭേധഗതികള്‍ വരുത്തി.
അതിന്റെ ഫലമായുണ്ടായതാണ് ഈ പ്രശ്നം . പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം
നടത്തിയത് “
മാഷ് , താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്ത് അദ്ധ്യപകനിലെ ‘ദ്ധ’ എന്ന അക്ഷരത്തിനു പകരം
‘ധ’ എന്ന്‍ തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്ന് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.
“അപ്പോള്‍ എന്തുകൊണ്ട് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല ?“കുസൃതിക്കുട്ടന്‍ വാശിയോടെ ചോദിച്ചു.
മാഷിന് ഉത്തരം പറയാനായില്ല .
അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്ന് ഒരു മുരടനക്കം കേട്ടു; ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്‍ക്കുന്നു
കോപം കൊണ്ട് കത്തിജ്വലിച്ച മട്ടിലാണ് നില്പ് ! പട്ടണത്തിലെ ഒരു ബാങ്കിലാണ് അവര്‍ക്ക് ജോലി.
ഉം , എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന്‍ അവരെ വിഷ് ചെയ്തു.
അവര്‍ അത് കാര്യമാക്കാതെ പറഞ്ഞു.
“ എന്റെ കുസൃതിക്കുട്ടാ , നീ പറഞ്ഞതു ശരി തന്ന്യാ‍ . പിന്നെ , എന്താ ഇങ്ങനെ സംഭവിച്ചത എന്നു വെച്ചാല്‍
മാഷന്മാരോട് എന്തും ആവാലോ ? അത് തന്നെ കാര്യം .അക്ഷരം മാറ്റുകയോ , ഗ്രേഡ് കുറക്കുകയോ , സെറ്റ് പരീക്ഷയെ
പ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം . ആരുണ്ട് ചോദിക്കുവാന്‍ .”
മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി .
അതിനുശേഷം തുടര്‍ന്നു
“ഡോക്ടര്‍ , എഞ്ചിനീയര്‍ , ഗുമസ്ഥന്‍ ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്ക് . അല്ലെങ്കില്‍
വേണ്ട ഡ്രൈവര്‍ , കണ്ടക്ടര്‍ , ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്ക് .അപ്പോ വിവരം
അറിയും “
ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കുസൃതിക്കുട്ടന് മനസ്സിലായി . അതിനാല്‍ കുസൃതിക്കുട്ടന്‍ വേഗം അവിടെ നിന്ന്
എണീറ്റു പോയി.

No comments:

Get Blogger Falling Objects