Wednesday, May 11, 2011

363.ഒമ്പതാം ക്ലാസിലെ ഐ.ടി പാഠപുസ്തക ട്രെയിനിംഗ് ; എല്ലാ അദ്ധ്യാപകര്‍ക്കും പഠനവിഭവ ഡി വി ഡി നല്‍കും



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി) അധിഷ്ഠിത പഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ.ടി. അറ്റ് സ്‌കൂള്‍ പ്രത്യേക പഠനവിഭവ ഡി.വി.ഡി കള്‍ ലഭ്യമാക്കും. ഐ.ടി. അറ്റ് സ്‌കൂള്‍ എഡ്യൂബുണ്ടുവിനും ഐ.സി.ടി. വിഭവങ്ങള്‍ക്കും പ്രത്യേകം ഡി.വി.ഡി കളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും അതത് വിഷയങ്ങളിലെ ഐ.സി.ടി. സാധ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ പഠന വിഭവ ഡി.വി.ഡി കള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഐ.ടി. അറ്റ് സ്‌കൂള്‍ എഡ്യൂബുണ്ടു 10.04 ഡി.വി.ഡി യില്‍ ഓപ്പറേറ്റിങ് സിസ്റ്റം, വേര്‍ഡ് പ്രോസസിങ്, സ്‌പ്രെഡ്ഷീറ്റ് - പ്രസന്‍േറഷന്‍ - ഡാറ്റബേസ് ആപ്ലിക്കേഷനുകള്‍, ഡി.ടി.പി. - ഗ്രാഫിക്‌സ് - ഇമേജിങ് സോഫ്ട്‌വേറുകള്‍, സൗണ്ട് റെക്കോര്‍ഡിങ് - വീഡിയോ എഡിറ്റിങ് - ആനിമേഷന്‍ പാക്കേജുകള്‍, എഡ്യൂക്കേഷന്‍ സോഫ്ട്‌വേറുകള്‍ തുടങ്ങി ആവശ്യമുള്ള മുഴുവന്‍ സ്വതന്ത്ര സോഫ്ട്‌വേര്‍ പാക്കേജുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശ സോഫ്ട്‌വേറുകള്‍ ലൈസന്‍സ് ഫീ നല്‍കി വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 30,000 രൂപയെങ്കിലും വിലവരുന്നതിന് സമാനമായ സോഫ്ട്‌വേറുകളാണ് ഈ ഡി.വി.ഡി യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സോഫ്ട്‌വേറുകളുടെയും മൊഡ്യൂളുകളുടെയും ബൃഹദ്‌ശേഖരമാണ് രണ്ടാമത്തെ റിസോഴ്‌സ് ഡി.വി.ഡി. ജിയോജിബ്ര, ഫെറ്റ്, ഒഡാസിറ്റി, ഓപ്പണ്‍ഷോട്ട്, പീരിയോഡിക് ടേബിള്‍, കാല്‍സ്യം തുടങ്ങിയവയോടൊപ്പം ഐ.സി.ടി. പുസ്തകം വിനിമയം ചെയ്യാന്‍ ആവശ്യമായ കൊളാഷ് ചിത്രങ്ങള്‍, ഓപ്പണ്‍ ഓഫീസ് ടെംപ്ലേറ്റുകള്‍, വിവിധ മാതൃകകളിലുള്ള ശബ്ദ-ചലച്ചിത്ര ഫയലുകള്‍, പാഠപുസ്തകങ്ങള്‍, അധ്യാപക സഹായി, പരിശീലന മൊഡ്യൂള്‍ തുടങ്ങിയവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അനായാസേന ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഡി.വി.ഡി കള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഒന്‍പതാം ക്ലാസിലെ ഐ.സി.ടി. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പരിശീലന സമയത്തുതന്നെ ഡി.വി.ഡി കള്‍ സൗജന്യമായി നല്‍കും. 2670 ഹൈസ്‌കൂളുകളില്‍ നിന്ന് 31740 അധ്യാപകര്‍ ഓണ്‍ലൈനായി പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 260 പരിശീലന കേന്ദ്രങ്ങളിലായി 6800 അധ്യാപകര്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കി. സൗണ്ട് റെക്കോര്‍ഡിങ്, വീഡിയോ എഡിറ്റിങ്, ആനിമേഷന്‍ തുടങ്ങിയ സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ സോഫ്ട്‌വേര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ലളിതമായി പരിശീലിക്കാന്‍ കഴിയുന്ന രൂപത്തില്‍ തയ്യാറാക്കിയതാണ് ഒന്‍പതാംക്ലാസിലെ പുതിയ ഐ.സി.ടി. പാഠപുസ്തകം.

ഐ.ടി. അറ്റ് സ്‌കൂള്‍ സ്വതന്ത്ര സോഫ്ട്‌വേര്‍ ലൈസന്‍സിലാണ് ഡി.വി.ഡി കള്‍ പുറത്തിറക്കുന്നത് എന്നതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല പൊതുജനങ്ങള്‍ക്കും ഈ ഡി.വി.ഡി കളുടെ പകര്‍പ്പെടുക്കാനും ഉപയോഗിക്കാനും അവസരം ലഭിക്കുമെന്ന് ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.


( മാതൃഭൂമി വാര്‍ത്ത ) 

No comments:

Get Blogger Falling Objects