Saturday, August 13, 2011

381: Standard 10 Physics Part 1 Sample Questions 2011(up dated on 16 August 8.30 pm with Answers)

ഓണപ്പരീക്ഷ വരവായല്ലോ . അതിനുകൂടി സഹായകരമായ രീതിയില്‍ സാമ്പിള്‍ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.  ഫിസിക്സ് പാര്‍ട്ട് ഒന്ന് പുസ്തകം മുഴുവാനായി കണക്കാക്കിയാണ് ചോദ്യങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്നത് .
ഇത് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മെച്ചപ്പെടുത്തുവാനുള്ള അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സ്വാഗതം
Sample Questions For Onam Examinations
(ഇത് ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ അല്ല)

സാമ്പിള്‍ ചോദ്യങ്ങളിലെ രസകരവും ചിന്തിപ്പിക്കുന്നതുമായ ചില ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു
. താഴെ പറയുന്നവക്ക് കാരണം കണ്ടെത്തുക
1. വൈദ്യുത ലേപനത്തിന്ആAC ഉപയോഗിക്കുന്നില്ല; DC യാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ട് ?
2. ഫ്യുസ് വയറായി ചെമ്പുകമ്പി ഉപയോഗിക്കുവാന്‍ പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട് ?
3. വൈദ്യുത ബള്‍ബിലെ ഫിലമെന്റായി ടങ്‌സ്റ്റണ്‍ ഉപയോഗിക്കുവാന്‍ കാരണമെന്ത് ?
4. ഫൂസ് വയറായി ഒരു ലോഹസങ്കരം ഉപയോഗിക്കുവാന്‍ കാരണമെന്ത്?
5. ഫിലമെന്റ് ലാമ്പുകളുടെ ഉള്‍ഭാഗം വായുശൂന്യമാക്കിയിരിക്കുന്നതെന്തുകൊണ്ട് ?
6. ഫിലമെന്റ് ലാമ്പുകളില്‍ അലസവാതകങ്ങള്‍ നിറക്കുന്നതെന്തുകൊണ്ട് ?
7. ഫിലമെന്റ് ലാമ്പുകളില്‍ അലസവാതകങ്ങള്‍ നിറച്ചിരിക്കുന്നു. പക്ഷെ അവ കുറഞ്ഞ മര്‍ദ്ദത്തിലാണ് നിറച്ചിരിക്കുന്നത് . ഇങ്ങനെ കുറഞ്ഞ മര്‍ദ്ദത്തില്‍ നിറക്കുവാനുള്ള കാരണമെന്ത് ?
8. വിവിധ വര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്ന ഡിസ്‌ചാര്‍ജ് ലാമ്പുകള്‍ ഉണ്ടാക്കുന്നതെങ്ങനെ ?
9. ഫ്ലൂറസെന്റ് ലാമ്പുകളില്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതെന്തിന് ?
10. വലിയ ജനറേറ്ററുകളില്‍ ആര്‍മേച്ചര്‍ സ്റ്റേറ്ററായി ഉപയോഗിക്കുവാന്‍ കാരണമെന്ത് ?
11. വലിയ ജനറേറ്ററുകളില്‍ ഫീല്‍‌ഡ് കാന്തമായി സ്ഥിരകാന്തം ഉപയോഗിക്കുന്നില്ല . എന്തുകൊണ്ട് ?
12. വൈദ്യുതി വിതരണ ശൃംഖലയില്‍ ആരംഭഘട്ടത്തില്‍ സ്റ്റെപ് അപ് ട്രാന്‍സ്‌ഫോമര്‍ ഉപയോഗിക്കുന്നതെന്തുകൊണ്ട് ?
13. വീടുകളില്‍ വൈദ്യുത ഉപകരണങ്ങള്‍ സമാന്തര രീതിയിലാണ് ഘടിപ്പിക്കുന്നത് . എന്തുകൊണ്ട് ?
14. വീടുകളില്‍ ഫ്യൂസ് ഫേസ് ലൈനില്‍ ഘടിപ്പിക്കുന്നു . കാരണമെന്ത് ?
15. വീടുകളില്‍ സ്വിച്ച് ഫേസ് ന്യൂട്രല്‍ ലൈനില്‍ ഘടിപ്പിക്കുന്നില്ല . എന്തുകൊണ്ട് ?
16. ഗൃഹവൈദ്യുതീകരണത്തിന്റെ തുടക്കത്തില്‍ വാട്ട് ഔവര്‍ മീറ്റര്‍ ഉപയോഗിക്കുന്നു . കാരണമെന്ത് ?
17. സര്‍ക്യൂട്ടില്‍ ഇസ്തിരിപ്പെട്ടി തുടങ്ങിയ കൂടുതല്‍ പവറുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ത്രീ പിന്‍ പ്ലഗ്ഗ് ഉപയോഗിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ?
18. ചന്ദ്രനിലും ബഹിരാകാശത്തും സംസാരിക്കുന്നതിനായി റേഡിയോ സംവിധാനം ഉപയോഗിക്കുന്നതെന്തുകൊണ്ട് ?
19. വവ്വാലുകള്‍ക്ക് രാത്രി സഞ്ചരിക്കുവാനും ഇരപിടിക്കുവാനും കഴിയും . എന്തുകൊണ്ട് ?
20. വലിയ ഹാളുകളിലെ സീലിംഗുകള്‍ വളച്ചു നിര്‍മ്മിച്ചിരിക്കുന്നതെന്തുകൊണ്ട് ?
21. ദൂര സ്ഥലങ്ങളിലേക്ക് വൈദുതി പ്രേഷണം ചെയ്യുന്ന ലൈനുകള്‍ നമ്മുടെ നാട്ടിലെ വൈദ്യുത ലൈനുകളേക്കാള്‍ വണ്ണം കൂടിയവയാണ് . എന്തുകൊണ്ട് ?
22. ദൂര സ്ഥലങ്ങളിലേക്ക് വൈദുതി പ്രേഷണം ചെയ്യുന്ന ലൈനുകള്‍ വളരേ ഉയരത്തില്‍ക്കൂടിയാണ് പോകുന്നത് . എന്തുകൊണ്ട് ? 23. ദൂര സ്ഥലങ്ങളിലേക്ക് വൈദുതി പ്രേഷണം ചെയ്യുന്ന ലൈനുകള്‍ മൂന്ന് എണ്ണമേ കാണുന്നുള്ളൂ . എന്തുകൊണ്ട് ? 24. ഒരു ട്രാന്‍സ്‌ഫോമറിലേക്ക് വരുന്ന വൈദ്യുത കമ്പികള്‍ മൂന്ന് എണ്ണവും അതില്‍ നിന്ന് പോകുന്ന വൈദ്യുത കമ്പികള്‍ നാലെണ്ണവുമാണ് . എന്തുകൊണ്ട് ? 25. ഹോണ്‍ ടൈപ്പ് ലൌഡ് സ്പീക്കര്‍ ( കോളാമ്പി) നാം ഉച്ചഭാഷിണികളായി വാഹനങ്ങളില്‍ ഉപയോഗിക്കാത്തതെന്തുകൊണ്ട് ?
26. ചില സ്ഥലങ്ങളില്‍ ‘ഹോണ്‍ മുഴക്കരുത് ’ എന്നു സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡ് കാണുന്നു . എന്തുകൊണ്ട് ?
27. രാത്രികാലങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ നിരോധിച്ചിരിക്കുന്നതെന്തുകൊണ്ട് ?
28. ഇയര്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചെവിക്ക് നന്നല്ല എന്ന് പറയുന്നതെന്തുകൊണ്ട് ?
29. വെടിക്കെട്ട് ആസ്വാദനം ശ്രവണേന്ദ്രിയത്തിന് ദോഷം ചെയ്യുമെന്ന് പറയുവാനുള്ള കാരണമെന്ത് ?
30. ജനവാസമുള്ള സ്ഥലങ്ങളില്‍ ആണവനിലയം സ്ഥാപിക്കുന്നത് നല്ലതല്ല എന്ന് പറയുവാന്‍ കാരണമെന്ത് ?
31. ചില സംസ്ഥാനങ്ങളില്‍ ജലവൈദ്യുത നിലയങ്ങള്‍ക്കു പകരം താപവൈദ്യുത നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ കാരണമെന്ത് ?
32. താപ വൈദ്യുത നിലയത്തിലെ വൈദ്യുതിക്ക് വില കൂടുമോ / കുറയുമോ ? എന്തുകൊണ്ട് ?
33. നിര്‍മ്മാണച്ചെലവ് ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനാണ് കൂടുതലെങ്കിലും പല രാജ്യങ്ങളും ഇത്തരം വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതെന്തുകൊണ്ട് ?
34. ഈയടുത്തിടെ ജപ്പാനില്‍ സുനാമിയുണ്ടായപ്പോള്‍ / ഭൂമമ്പം ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനരികെ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതിന്റെ കാരണമെന്ത് ?
35. വളരെ അകലെനിന്ന് ട്രെയിന്‍ വരുന്നുണ്ടോ എന്നറിയുവാന്‍ റെയില്‍ പാളത്തില്‍ ചെവി വെച്ചു നോക്കിയാല്‍ മതി . ഈ പ്രസ്താവനശരിയാണോ ? എന്തുകൊണ്ട് ?
36. വളരെ ഉയരത്തില്‍ക്കൂടി ചില വിമാനങ്ങള്‍ പോകുമ്പോള്‍ നാം അതിന്റെ ശബ്ദം കേള്‍ക്കാറില്ല . എന്തുകൊണ്ട് ?
37. മിന്നല്‍ ഉണ്ടായതിനു ശേഷം മാത്രമാണ് ഇടിനാദം കേള്‍ക്കുന്നത് . എന്തുകൊണ്ട് ? ഏതാണ് ആദ്യം ഉണ്ടാകുന്നത് ?
38. വോള്‍ട്ട് മീറ്റര്‍ സമാന്തരരീതിയിലും അമ്മീറ്റര്‍ ശ്രേണീരീതിയിലും സര്‍ക്യൂട്ടില്‍ ഘടിപ്പിക്കണമെന്ന് പറയുന്നതെന്തുകൊണ്ട് ?
39. ബള്‍ബുകളുടെ പവര്‍ കൂടുന്നതിനനുസരിച്ച് പ്രതിരോധത്തിന് എന്തുവ്യത്യാസമാണ് ഉണ്ടാകുക ? ഇതിന് ഒരു ഉദാഹരണം നല്‍കാമോ ?
40. കൂടുതല്‍ പവറുള്ള വൈദ്യുത ഉപകരണങ്ങള്‍ സര്‍ക്യൂട്ടില്‍ ഘടിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചാലകക്കമ്പികള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ ? കാരണമെന്ത്?
41. ശബ്ദമലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആഘോഷവേളയിലെ വെടിക്കെട്ടിനെ വിലയിരുത്താമോ ?
42. വൈദ്യുതോര്‍ജ്ജം ലാഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാന്‍സി ലൈറ്റുകളുടെ ഉപയോഗത്തെ വിലയിരുത്താമോ ?
43. ഇടിമിന്നലാണോ , ഇടിനാദമാണോ ശരീരത്തിന് കൂടുതല്‍ അപകടകരം ? എന്തുകൊണ്ട് ?
44. ന്യൂട്രല്‍ ലൈനില്‍ തൊടുന്നയാളിന് ഷോക്ക് ഏല്‍ക്കുമോ ? എന്തുകൊണ്ട് ?
45. ശബ്ദമലിനീകരണവുമായി വാഹനങ്ങളിലെ സൈലന്‍സറുകള്‍ക്ക് ബന്ധമുണ്ടോ ? ഉത്തരം സാധൂകരിക്കുക
46. ഒരു ട്രാന്‍സ്‌ഫോമറിന്റെ ഇന്‍പുട്ടില്‍ 1.5 വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ ഘടിപ്പിച്ചിരിക്കുന്നു. പ്രൈമറിയില്‍ 100 ചുറ്റുകളും സെക്കന്‍ഡറിയില്‍ 500 ചുറ്റുകളും ഉണ്ടെങ്കില്‍ ഔട്ട് പുട്ടില്‍ ലഭിക്കുന്ന വോള്‍ട്ടേജ് എത്രയായിരിക്കും ?
47. മിമിക്രിക്കാര്‍ക്ക് മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുവാന്‍ കഴിയൂന്നു ? ഇത് ശബ്ദത്തിന്റെ ഗുണം , ആവൃത്തി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുവാന്‍ കഴിയുമോ ?
48. സ്രോതസ്സില്‍ നിന്ന് അകലും തോറും ശബ്ദത്തിന്റെ ആയതി കുറയുന്നു. എങ്കില്‍ ആയതി പൂജ്യമാകുന്ന സമയത്ത് ഉച്ചത എത്രയായിരിക്കുമെന്ന് പറയാമോ ? എന്തുകൊണ്ട് ?
49. നല്ല കാറ്റുള്ള സമയത്ത് , കാറ്റുവീശുന്ന ദിശയില്‍ നില്‍ക്കുന്നയാളിന് , അകലെയുള്ള ശബ്ദം നല്ലവണ്ണം കേള്‍ക്കുവാന്‍ കഴിയുന്നു . ഈ പ്രസ്താവന സാധൂകരിക്കാമോ ?
50. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശബ്ദവ്യത്യാസത്തിന് കാരണമെന്ത് ?
51. ഉയര്‍ന്ന സ്വര്‍ണ്ണവിലയും മാലപൊട്ടിക്കല്‍ പ്രശ്നങ്ങളും നടക്കുന്ന ഇക്കാലത്ത് വൈദ്യുതലേപനം വഴി ലഭ്യമാക്കുന്ന ആഭരണങ്ങളുടെ പ്രസക്തി എന്ത് ?
52. വവ്വാലുകള്‍ ഇലക് ട്രിക് കമ്പികളില്‍ ചത്തുകിടക്കുന്നത് നാം കാണാറുണ്ട് . എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ?
53. ഒരേ ട്രാന്‍സ്‌ഫോമറിന്റെ കീഴിലാണെങ്കിലും ചിലപ്പോള്‍ ചില വീടുകളില്‍ കറന്റ് ഉണ്ടാകുകയും ചിലതില്‍ കറന്റ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത ഫേസ് ലൈനിന്റെ അടിസ്ഥാനത്തില്‍ ഇതിന് വിശദീകരണം നല്‍കാമോ ?
54. രാത്രിയില്‍ ചിലപ്പോള്‍ ഫിലമെന്റ് ബള്‍ബുകള്‍ മങ്ങിപ്രകാശിക്കാറുണ്ട് . അപ്പോള്‍ വോള്‍ട്ടേജ് കുറവാണെന്ന് പറയാറുണ്ട് . അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ കറന്റ് ( വൈദ്യുത പ്രവാഹ തീവ്രത ) എങ്ങനെയായിരിക്കും ? കൂടുമോ / കുറയുമോ ? മൊത്തം വൈദ്യുതോര്‍ജ്ജത്തിന്റെ അളവോ ? ഈ സമയത്ത് കൂടുതല്‍ പവര്‍ ആവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാമോ? അങ്ങനെ പ്രവര്‍ത്തിപ്പിച്ചാല്‍ എന്താണ് സംഭവിക്കുക ? മൊത്തം വൈദ്യുതോര്‍ജ്ജവും കറന്റുചാര്‍ജ്ജുമായി ഇതിനെ എങ്ങനെ ബന്ധപ്പെടുത്താം ?
55. ശരിയായ വോള്‍ട്ടേജ് അനുഭവപ്പെടുന്ന സമയത്തുമാത്രമേ വീടുകളില്‍ കൂടുതല്‍ പവര്‍ ആവശ്യമായ വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്ന് പറയുന്നതെന്തുകൊണ്ട് ?
56. വോള്‍ട്ടേജ് കൂടുന്നതും വോള്‍ട്ടേജ് കുറയുന്നതും വൈദ്യുത ഉപകരണങ്ങള്‍ക്ക് ദോഷം ചെയ്യും ? ഈ പ്രസ്താവന ശരിയോ തെറ്റോ ? സാധുകരിക്കുക
57. രണ്ട് 15 വാട്ട് ബള്‍ബുകളും ഒരു 40 വാട്ട് ബള്‍ബും സോനു ശ്രേണീരീതിയില്‍ ഘടിപ്പിച്ചു . രണ്ട് 15 വാട്ട് ബള്‍ബുകള്‍ പ്രകാശിക്കുകയും 40 വാട്ട് ബള്‍ബ് പ്രകാശിക്കാതിരിക്കുകയും ചെയ്തു. ഇതില്‍ നിന്ന് 40 വാട്ട് ബള്‍ബില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുന്നില്ല എന്ന നിഗമനത്തില്‍ സോനു എത്തിച്ചേര്‍ന്നു. ഈ നിഗമനത്തെക്കുറീച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ? ശ്രേണീരീതിയില്‍ ഒരു ബള്‍ബില്‍ക്കൂടി വൈദ്യുതി പ്രവഹിച്ചില്ലെങ്കില്‍ മറ്റ് ബള്‍ബുകള്‍ പ്രവഹിക്കുമോ ?
58. ഗൃഹവൈദ്യുതീകരണത്തില്‍ ചുവപ്പുനിറത്തിലുള്ള കേബിള്‍ ഫേസ് ലൈനാണെന്നും നീല അഥവാ കറുപ്പ് ന്യൂട്രല്‍ ലൈനാണെന്നും പച്ച എര്‍ത്ത് ലൈനാണെന്നും വിനു മനസ്സിലാക്കി . അങ്ങനെ 60 വാട്ട് പവര്‍ ഉള്ള ഒരു ബള്‍ബിനെ നീലയും പച്ചയും ഉള്ള കേബിള്‍ ഉപയോഗിച്ച് വിനു കണക്ട് ചെയ്തു . പ്രസ്തുത ബള്‍ബിനെ ഒരു ടു പ്ലഗ്ഗില്‍ കണക്ട് ചെയ്തു. അപ്പോള്‍ വിനുവിന് ഒരു സംശയം ? ഇത്തരത്തില്‍ നിറങ്ങള്‍ ഉള്ള വയര്‍ ഉപയോഗിച്ചതുകൊണ്ട് ഫേസും ന്യൂട്രലും ലഭിക്കുമോ ? വയര്‍ ടു പിന്‍ പ്ലഗ്ഗില്‍ കണക്ട് ചെയ്യുമ്പോള്‍ ഫേസ് ലൈനും ന്യൂട്രല്‍ ലൈനും പരസ്പരം മാറിപ്പോകുമോ ? അങ്ങനെ മാറിപ്പോയാല്‍ ബള്‍ബ് പ്രകാശിക്കുമോ ? ഇത് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാക്കുമോ ? ബള്‍ബ് പ്രകാശിപ്പിക്കുവാന്‍ എന്തുകൊണ്ട് ത്രീ പിന്‍ പ്ലഗ്ഗ് ഉപയോഗിക്കുന്നില്ല? നിങ്ങള്‍ക്ക് വിനുവിന് ഉത്തരം നല്‍കുവാന്‍ സാധിക്കുമോ ?
59. വൈദ്യുതോര്‍ജ്ജ പ്രതിസന്ധി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കൂടുല്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണമാണോ അതോ വൈദ്യുത ഉപയോഗത്തിലുള്ള നിയന്ത്രണമാണോ കൂടുതല്‍ അഭികാമ്യം ? ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം എന്ത് ?
60. “ എന്റെ വീട്ടില്‍ വൈദ്യുതി കൂടുതലായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് എന്താ ? അതിനുള്ള പണം എന്റെ വീട്ടുകാരെല്ലേ കൊടുക്കുന്നത് “ വൈദ്യുതോര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അഭിപ്രായമാണിത് . ഈ പ്രസ്താവന നീതീകരിക്കാവുന്നതാണോ ?
പ്രസ്തുത വിദ്യാര്‍ഥിയോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുവാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പോയിന്റുകള്‍ ഏതെല്ലാമായിര്‍ക്കുമെന്ന് ലിസ്റ്റ് ചെയ്യാമോ ?
61. ഫൈസല്‍ തന്റെ ഗ്രാമത്തിലെ റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ പല സ്ഥലത്തുള്ള ഇലക് ട്രിക് പോസ്റ്റുകളിലെ കമ്പികളുടെ എണ്ണം വ്യത്യസ്തമായിരിക്കുന്നത് കണ്ടു . രണ്ട് , മൂന്ന് , നാല് , അഞ്ച് എന്നിങ്ങനെ വ്യത്യസ്ത എണ്ണം കമ്പികള്‍ ഇലക് ട്രിക് പോസ്റ്റില്‍ ഫൈസല്‍ കണ്ടു. എങ്കില്‍ ഇവ ഏതൊക്കെ എന്ന് നിങ്ങള്‍ക്ക് പറയാനാകുമോ ? 62. ഒരു വീട്ടിലേക്കു വരുന്ന ഇലക് ട്രിക് കമ്പികളുടെ അടിസ്ഥാനത്തില്‍ , പ്രസ്തുത വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതി സിങ്കില്‍ ഫേസ് ആണോ ത്രീ ഫേസ് ആണോ എന്ന് നിങ്ങള്‍ക്ക് പറയാനാകുമോ ? എന്തുകൊണ്ട് ? 63. നമ്മുടെ നാട്ടിലെ തൊട്ടടുത്ത വൈദ്യുത നിലയത്തില്‍ കുഴപ്പമൊന്നുമില്ലെങ്കിലും അകലെയുള്ള വൈദ്യുത നിലയത്തില്‍ പ്രശ്നമുണ്ടായാല്‍ നമ്മുടെ നാട്ടിലെ വൈദ്യുത വിതരണത്തെ ബാധിക്കുന്നതിനു കാരണമെന്ത് ? ഈ സംവിധാനത്തിനു പറയുന്ന പേരെന്ത് ?
64. വൈദ്യുതികൊണ്ട് ഉപയോഗിക്കുന്ന ബൈക്കുകളും കാറുകളും കൂടുതലായി ഇറങ്ങിയാല്‍ അതുവഴി കൂടുതല്‍ വൈദ്യുതി ചെവവാണ് ഉണ്ടാകുക . അതിനാല്‍ അത്തരം വാഹനങ്ങളുടെ ഉല്പാദനം നന്നല്ല എന്ന അഭിപ്രായത്തോടുള്ള നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.
65. വീട്ടില്‍ ഇന്‍‌വെര്‍ട്ടര്‍ ഉപയോഗിച്ചാല്‍ കറന്റ് ചാര്‍ജ് കൂടില്ലെന്ന് സോനു . പവര്‍ കട്ട് സമയത്ത് പ്രസ്തുത വീട്ടില്‍ ബള്‍ബ് കത്തുന്നതിനാ‍ല്‍ കറന്റ് ചാര്‍ജ് കൂടുമെന്ന് വിനു . ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി ? എന്തുകൊണ്ട് ?
66. വൈദ്യുതോര്‍ജ്ജം ശബ്ദോര്‍ജ്ജമായി നടക്കുന്ന ഊര്‍ജ്ജപരിവര്‍ത്തനമാണ് ലൌഡ് സ്പീക്കറില്‍ നടക്കുന്നതെന്ന് അനുവും അതല്ല വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി നടക്കുന്ന പ്രവര്‍ത്തനമാണെന്ന് വിവേകും വാദിച്ചു . ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി ? എന്തുകൊണ്ട് ?
67. ശബ്ദമലിനീകരണം കുറക്കുവാനുള്ള ഒരു മാര്‍ഗ്ഗമാണ് റോഡരുകില്‍ മരം വെച്ചു പിടിപ്പിക്കുന്നത് . ഈ പ്രസ്താവന ശരിയാണോ ? മരങ്ങള്‍ എങ്ങനെയാണ് ശബ്ദമലിനീകരണം കുറക്കുന്നത് ?
68. അന്തരീക്ഷത്തില്‍ ചൂടുള്ള സമയത്താണോ തണുപ്പുള്ള സമയത്താണോ ശബ്ദം കൂടുതല്‍ അകലേക്ക് സഞ്ചരിക്കുക ? കാരണമെന്ത് ?
69. കറന്റ് എ സി ആണെങ്കില്‍ മാത്രമേ ഷോക്ക് ഏല്‍ക്കുകയുള്ളുവെന്നും ഡി സി കറന്റില്‍ ഷോക്ക് ഏല്‍ക്കുകയില്ലെന്നും മനു പറഞ്ഞു . എന്നാല്‍ സോനു അതിനോട് യോജിച്ചില്ല. സോനുവിന്റെ അഭിപ്രായത്തില്‍ ഏത് കറന്റിലും ഷോക്ക് ഏല്‍ക്കുമെന്നാണ് ? ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി ? എന്തുകൊണ്ട് ?
70. വൈദ്യുതി ലാഭിക്കാനായി വാങ്ങിയ CFL ന്റെ വെളിച്ചത്തില്‍ വായിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോനു പറഞ്ഞു. അല്പം കൂടി പവര്‍ കൂടിയ CFL വാങ്ങിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് അജിയും പറഞ്ഞു. പക്ഷെ , സോനു ഈ അഭിപ്രായത്തിനോട് യോജിച്ചില്ല . ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി ? എന്തുകൊണ്ട് ?
71. വളരെ അടുത്താണെങ്കില്‍ പോലും ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ പരസ്പരം സംസാരിക്കുന്നത് റേഡിയോ സംവിധാ‍നം ഉപയോഗീച്ചാണ് . ഇതിനു കാരണം ചന്ദ്രനില്‍ ശബ്ദത്തിനു സഞ്ചരിക്കുവാനുള്ള മാധ്യമമായ അന്തരീക്ഷവായു ഇല്ല എന്നതാണെന്ന് വിനു പാഠ പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കി . അപ്പോള്‍ വിനുവിന് ചില സംശയങ്ങള്‍ ഉണ്ടായി.അവ താഴെ കൊടുക്കുന്നു.
റേഡിയോ തരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ലേ ?
ചന്ദ്രനിലെ മണ്ണും പാറയുമൊക്കെ ശബ്ദസഞ്ചാരത്തിന് ഉതകുന്ന മാധ്യമമായി ഉപയോഗിച്ചുകൂടെ ?

ഉത്തര സൂചന


1. ഡി സി യുടെ ഇലക് ട്രോഡുകള്‍ സ്ഥിരമാണ് . അതായത് പോസറ്റീവ് ഇലക് ട്രോഡും നെഗറ്റീവ് ഇലക് ട്രോഡും സ്ഥിരമാണ്. പക്ഷെ , എ സി ദിശമാറുന്ന വൈദ്യുതി ആയതിനാല്‍ ഇലക് ട്രോഡുകളുടെ സ്ഥിരത ഇല്ല.
2. ചെമ്പുകമ്പി ഉപയോഗിച്ചാല്‍ , അമിതമായ വൈദ്യുതി പ്രവഹിച്ചാല്‍ അത് ചൂടായി ഉരുകുകയില്ല. തന്മൂലം വൈദ്യുത ഉപകരണങ്ങളിലേക്ക് അമിത വൈദ്യുതി എത്തുകയും അവ നശിക്കുകയും ചെയ്യുന്നു.
3. ടങസ്റ്റണിന് ഉയര്‍ന്ന പ്രതിരോധം , ഉയര്‍ന്ന ദ്രവണാങ്കം , ഉയര്‍ന്ന റസിസ്റ്റിവിറ്റി , നേര്‍ത്ത കമ്പിയാക്കി മാറ്റാനുള്ള സാധ്യത ( ഉയര്‍ന്ന ഡക്ടിലിറ്റി ) , ചുട്ടുപഴുത്ത് വെളുത്ത അവസ്ഥയില്‍ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള അവസ്ഥ എന്നിവ ഉണ്ട് .
4. ലോഹസങ്കരത്തിന്റെ ദ്രവണാങ്കം ഘടകലോഹത്തിന്റേതിനേക്കാള്‍ കുറവായിരിക്കും . അതിനാല്‍ അത് വേഗത്തില്‍ ചൂടായി ഉരുകുന്നു.
5. വായു ഉണ്ടായാല്‍ ഫിലമെന്റ് വായുവിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് കത്തിയെരിഞ്ഞുപോകും .
6. അലസവാതകങ്ങള്‍ നിറച്ചാല്‍ അവ ഫിലമെന്റുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയില്ല . മാത്രമല്ല ടങ്സ്റ്റണിന്റെ ബാഷ്പ മായി ബള്‍ബിന്റെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് തടയുവാനും കഴിയും .
7. കൂടിയ മര്‍ദ്ദത്തില്‍ നിറച്ചാല്‍ ബള്‍ബ് പ്രകാശിക്കുമ്പൊള്‍ ഉണ്ടാകുന്ന ചൂടുനിമിത്തം ബള്‍ബിനുള്ളിലെ മര്‍ദ്ദം കൂടുകയും ബള്‍ബ് പൊട്ടിത്തെറിക്കുവാന്‍ ഇടവരികയും ചെയ്യും .
8. ഡിസ്‌ചാര്‍ജ് ലാമ്പില്‍ നിറച്ചിരിക്കുന്ന വാതകത്തിനനുസരിച്ചാണ് അത് പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ നിറം ആശ്രയിച്ചിരിക്കുന്നത് .
9. അള്‍ട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുവാന്‍ ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍ക്കു കഴിയും .
10. വലിയ ജനറേറ്ററുകളില്‍ ആര്‍മേച്ചറിന്റെ ഭാരം കൂടുതല്‍ ആണ് , തന്മൂലം ഗ്രാഫൈറ്റ് ബ്രഷ് ഒഴിവാക്കാനും അവിടെയുണ്ടാകുന്ന സ്പാര്‍ക്ക് ഒഴിവാക്കാനും സഹായിക്കുന്നു.
11. ശക്തമായ കാന്തം ഉണ്ടാക്കുവാനുള്ള പരിമിതി , കാന്ത ശക്തി കുറേശ്ശെയായി നഷ്ടപ്പെടുമെന്ന കാര്യം , വൈദ്യുത കാന്തമാണെങ്കില്‍ ആവശ്യാനുസരണം കാന്തശക്തി വ്യത്യാസപ്പെടുത്താമെന്ന മെച്ചം
12. ദീര്‍ഘദൂര പവര്‍ പ്രേഷണത്തില്‍ വോള്‍ട്ടേജ് ഡ്രോപ്പ് പരിഹരിക്കുന്നതിന് ഉന്നത വോള്‍ട്ടേജില്‍ വൈദ്യുതി പ്രേഷണം ചെയ്യണം . സ്റ്റെപ് അപ് ട്രാന്‍സ് ‌ഫോമര്‍ വഴി ഇത് പരിഹരിക്കുവാന്‍ സാധിക്കുന്നു . അതായത് വോള്‍ട്ടേജ് ഉയര്‍ത്തി പ്രേഷണം ചെയ്യുവാ‍ന്‍ കഴിയുന്നു.
13. എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ വോള്‍ട്ടേജ് ലഭിക്കുന്നതിന് കഴിയുന്നു.
14. വൈദ്യുതി ഫേസ് ലൈനിലാണ് ഉള്ളത് . അതുകൊണ്ടുതന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ( ഓവര്‍ ലോഡിംഗ് , ഷോര്‍ട്ട് സര്‍ക്യൂട്ട് ) വൈദ്യുത പ്രവാഹം വിച്ഛേദിക്കണമെങ്കില്‍ ഫ്യൂസ് ഫേസ് ലൈനില്‍ ഘടിപ്പിക്കണം
15. സ്വിച്ച് ന്യൂട്രല്‍ ലൈനില്‍ ഘടിപ്പിച്ചാല്‍ ഉപകരണത്തില്‍ വൈദ്യുതി ഉണ്ടാകും .
16. ഒരു വീട്ടില്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണ്ടെത്തുവാനാണ് വാട്ട് ഔവര്‍ മീറ്റര്‍ ഉപയോഗിക്കുന്നത് .അതിനാല്‍ തുടക്കത്തില്‍ ഘടിപ്പിച്ചില്ലെങ്കില്‍ വീട്ടില്‍ ഉപയോഗിച്ച വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് കണ്ടെത്തുവാന്‍ കഴിയില്ല.
17. കൂടുതല്‍ പവര്‍ ഉള്ള വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കറന്റ് ( വൈദ്യുത പ്രവാ‍ഹം ) ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഉപകരണത്തിന്റെ ബോഡിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഷോക്ക് ഷോക്ക് ഏല്‍ക്കാനുള്ള സാധ്യത കൂടുതല്‍ ആണ് .
18. ശബ്ദത്തിന് സഞ്ചരിക്കുവാന്‍ മാധ്യമം ആവശ്യമാണ് ചന്ദ്രനിലും ബഹിരാകാശത്തും അന്തരീക്ഷവായു ഇല്ല.
19. വവ്വാലുകള്‍ രാത്രി സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും അള്‍ട്രാ സോണിക് ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചാണ് . അതിനാല്‍ അവക്ക് ഇക്കാര്യങ്ങള്‍ സുഗമമായി നിര്‍വഹിക്കുവാന്‍ കഴിയുന്നു.
20. ശബ്ദത്തിന്റെ പ്രതിഫലനം മൂലം ഓരോ വരിയിലേയും ആളുകള്‍ക്ക് വ്യക്തമായി വേദിയിലെ ശബ്ദം കേള്‍ക്കുവാന്‍ കഴിയുന്നു.
21. ദൂരസ്ഥലങ്ങളിലേക്ക് വൈദ്യുതി പ്രേഷണം ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലോന്ന് കമ്പിയുടെ പ്രതിരോധം നിമിത്തം വൈദ്യുതി താപോര്‍ജ്ജത്തിന്റെ രൂപത്തില്‍ നഷടപ്പെടുന്നു എന്നതാണ് , പ്രതിരോധം കുറഞ്ഞ കമ്പികള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് പരിഹരിക്കുവാന്‍ കഴിയും , അതിനാല്‍ പ്രേഷണ ലൈനിന്റെ വണ്ണം കൂട്ടി പ്രതിരോധം കുറക്കുന്നു.
22. വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റും ഒരു കാന്തിക മണ്ഡലം ഉണ്ടാകുന്നു എന്ന് നമുക്ക് അറിയാം . പ്രസ്തുത കാന്തിക മണ്ഡലം അതിലൂടേ പ്രവഹിക്കുന്ന കറന്റിന്റെ ആനുപാതികവുമാണല്ലോ . അതിനാല്‍ തന്നെ ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രവഹിക്കുന്ന ഈ കമ്പികള്‍ക്കു ചുറ്റം ശക്തിയായ കാന്തിക മണ്ഡലം ഉണ്ടാകുവാന്‍ സാധ്യതയുണ്ട് .കാന്തിക മണ്ഡലത്തിന്റെ ആകര്‍ഷക സ്വഭാവം നമുക്ക് അറീയാമല്ലോ . അതിനാല്‍ അത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കുവാനാണ് ഉയരത്തില്‍ പ്രേഷണ ലൈനുകള്‍ വലിക്കുന്നത് .
23. ഇവ ട്രാന്‍സ്‌ഫോമറിലേക്കു വരുന്ന ലൈനുകളാണ് , അതിനാല്‍ മൂന്ന് ഫേസ് ലൈനുകള്‍ മാ‍ത്രമേ ഉണ്ടാകുകയുള്ളൂ. വിതരണ ശൃംഖലക്കാണ് സ്റ്റാര്‍ കണക്ഷന്‍ ബാധകമായിരിക്കുന്നത് .
24. ട്രാന്‍സ്‌ഫോമറില്‍ പവര്‍ ഹൌസിലെ ത്രീ ഫേസ് ജനറേറ്ററില്‍ നിന്നുള്ള മൂന്ന് ഫേസ് ലൈനുകള്‍ വരുന്നു . എന്നാല്‍ വിതരണ ശൃംഖലയില്‍ സ്റ്റാര്‍ കണക്ഷന്‍ രീതിയാണ് നമ്മുടെ നാട്ടില്‍ നിലവിലുള്ളത് . അതിനാല്‍ സ്റ്റാര്‍ കണക്ഷന്‍ രീതിയില്‍ ന്യൂട്രല്‍ ലൈന്‍ കൂടിയേ തീരൂ. തന്മൂലം മൂന്ന് ഫേസ് ലൈനുകളും ഒരു ന്യുട്രല്‍ ലൈനും ഉള്‍പ്പെട്ട നാലു ലൈനുകള്‍ ട്രാന്‍സ്‌ഫോമറിന്റെ ഔട്ട് പുട്ടില്‍ കാണുന്നു.
25. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാരണമാണിത് . ഹോണ്‍ ടൈപ്പ് ലൌഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരെ വിലക്കുണ്ട് .
26. അമിത ശബ്ദം പാടില്ലാത്ത സ്ഥലങ്ങളില്‍ ( ഉദാ ഹോസ്പിറ്റല്‍ തുടങ്ങിയവ ) ഉച്ചത്തിലുള്ള ശബ്ദം നിരോധിച്ചിരിക്കുന്നതിന്റെ സൂചനയാണിത് .
27. മുന്‍പ് സൂചിപ്പിച്ചതുപോലെ ശബ്ദനിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഇതിനു കാരണം
28. ഇയര്‍ ഫോണില്‍ നിന്നു വരുന്ന കമ്പനങ്ങള്‍ നേരിട്ട് ഉന്നത മര്‍ദ്ദത്തില്‍ കര്‍ണ്ണ പുടത്തില്‍ വന്നു തട്ടുന്നു. അത് ചെവിക്ക് ദോഷം ചെയ്യുയും ബധിരതക്ക് കാരണമാകുന്ന സാഹചര്യമൊരുക്കാനുള്ള കാരണമായി ഭവിക്കുകയും ചെയ്യും .
29. വെടിക്കെട്ട് ഉച്ചത്തിലുള്ള ശബ്ദമാണ് . മുന്‍പ് സൂചിപ്പിച്ചതുപോലെ ഉച്ചത്തിലുള്ള ശബ്ദം ചെവിക്ക് ദോഷം ചെയ്യും.
30. നിയന്ത്രണ വിധേയമാക്കിയ ഒരു ആറ്റംബോംബാണ് ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ എന്നു വേണമെങ്കില്‍ പറയാം , അതിനാല്‍ ഈ നിലയത്തിന് കേട് സംഭവിച്ചാല്‍ അമിതമായ റേഡീയേഷന്‍ ചുറ്റുപാടും ഉണ്ടാകും .
31. കേരളത്തിലെപോലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്രക്കും ജലം സുലഭമല്ല .
32. വില കൂടും കാരണം ജലം നീരാവിയാക്കുവാനുള്ള ഇന്ധനം വില കൊടുത്ത് വാങ്ങേണ്ടിവരും .
33. നിര്‍മ്മാണച്ചെലവുമാത്രമേ കൂടുതലായി വരുന്നുള്ളൂ . തുടന്നുള്ള ചിലവ് കുറവാണ് . മാത്രമല്ല പുതിയ ടെക് നോളജിയുടെ വികാസ സാധ്യതയുടെ കാര്യവും അതിലുണ്ട് . അതിനാല്‍ തന്നെ ഭാവിയില്‍ അപകട സാധ്യതകളും നിര്‍മ്മാണച്ചെലവും കുറഞ്ഞേക്കാം എന്നൊരു സാധ്യതയും തള്ളിക്കളയുവാന്‍ പറ്റില്ല.
34. ന്യൂക്ലിയര്‍ പവര്‍സ്റ്റേഷനില്‍ നിന്നുള്ള റേഡിയേഷന്‍ ജനങ്ങള്‍ക്ക് ആപല്‍ക്കരമാണ് .
35. ഈ പ്രസ്താവന ശരിയാണ് ശബ്ദം വായുവില്‍ക്കൂടി സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗതയില്‍ പാളം നിര്‍മ്മിച്ചിരിക്കുന്ന ഉരുക്കില്‍ക്കൂടി സഞ്ചരിക്കുന്നു . ( ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 m /s ആണെങ്കില്‍ ഉരുക്കിലെ പ്രവേഗം 5960 m /s ആണ്.
36. പ്രസ്തുത ശബ്ദം നമ്മുടെ ചെവിയില്‍ എത്തുമ്പോഴേക്കും ഇല്ലാതാവുന്നു . ഭൌതികശാസ്ത്രപരമായി പറഞ്ഞാല്‍ ശബ്ദത്തിന്റെ ആയതി നമ്മുടെ ചെവിയില്‍ എത്തുമ്പോഴേക്കും പൂജ്യമായി മാറുന്നു.
37. പ്രകാശം ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നു. അതായത് പ്രകാശം മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മിന്നല്‍ ആണ് ആദ്യം ഉണ്ടാകുന്നത് .
38. പോട്ടെന്‍ഷ്യല്‍ വ്യത്യാസം അളക്കുന്നത് രണ്ട് അഗ്രങ്ങളിലാണ് അതുകൊണ്ട് വോള്‍ട്ട് മീറ്റര്‍ സമാന്തരമായി ഘടിപ്പിക്കുന്നു. പക്ഷെ വൈദ്യുതപ്രവാഹ തീവ്രത ശ്രേണീരീതിയിലേ അളക്കുവാന്‍ കഴിയൂ. ഉപകരണത്തിന് സമാന്തരമായി അമ്മീറ്റര്‍ ഘടിപ്പിച്ചാല്‍പ്പിന്നെ അതില്‍ക്കൂടിയല്ലേ വൈദ്യുതി പ്രവഹിക്കുകയുള്ളൂ.
39. ബള്‍ബുകളുടേ പവര്‍ കൂടുന്നതിനനുസരിച്ച് പ്രതിരോധം കുറയും . തുടര്‍ന്നു വരുന്ന ചോദ്യങ്ങളിലെ പട്ടിക വിശകലനം ചെയ്താല്‍ ഇത് മനസ്സിലാക്കാം.
40. കൂടുതല്‍ പവറുള്ള വൈദ്യുത ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുത പ്രവാഹ തീവ്രതയുള്ള കമ്പികള്‍ വേണം . അതായത് ആമ്പിയറേജ് കൂടുതലുള്ളവ ഉപയോഗിക്കണം , ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കമ്പികളുടെ പ്രതിരോധം കുറവായിരിക്കണം . അതിനാല്‍ വണ്ണം കൂടിയ കമ്പികള്‍ ഉപയോഗിക്കുന്നു.
41. ആഘോഷവേളയിലെ വെടിക്കെട്ടുകള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല . എന്നിരുന്നാലു ഇവ നമ്മുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ടതിനാല്‍ ശാസ്ത്ര വശങ്ങള്‍ അവഗണിക്കുകയേ നിവൃത്തിയുള്ളൂ
42. ഫാന്‍സി ലൈറ്റൂകളുടെ ഉപയോഗം നാം പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതിയുടെ ദുരുപയോഗത്തില്‍പെടുന്നവയാണെന്ന് പറയാം . എന്നിരുന്നാലും മുന്‍പ് സൂചിപ്പിച്ചതുപോലെ ഇതും നമുക്ക് അവഗണിക്കേണ്ടിവരുന്നുവെന്നു മാത്രം
43. ഇടിമിന്നല്‍ തന്നെയാണ്കൂടുതല്‍ അപകടകരം . ഇടിമിന്നല്‍ ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് . എന്നിരുന്നാലും ശാരീരിക അസ്വസ്തതകള്‍ ഉള്ളവര്‍ക്ക് ഇടിനാദം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട് .
44. ന്യൂട്രല്‍ ലൈനും ഭൂമിയുമായുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം പൂജ്യം ആണ്. അതിനാല്‍ ഷോക്ക് ഏല്‍ക്കില്ല . എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ന്യൂട്രല്‍ ലൈനില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് . അത്തരത്തില്‍ ഷോക്കേറ്റിട്ടുള്ള പത്രവാര്‍ത്തകള്‍ കണ്ടീട്ടുമുണ്ട് .
45. നല്ല സൈലെന്‍സറുകള്‍ ഉള്ള വാഹനങ്ങള്‍ എഞ്ചിന്റെ ശബ്ദം കുറക്കുന്നു .
46. ട്രാന്‍സ്‌ഫോമര്‍ ഡീ സി യില്‍ പ്രവര്‍ത്തിക്കില്ല . അതിനാല്‍ സെക്കന്‍ഡറി വോള്‍ട്ടേജ് പൂജ്യം ആയിരിക്കും .
47. നാം ഉണ്ടാക്കുന്ന ശബ്ദം സ്വനതന്തുവിന്റെ മാത്രം കമ്പനഫലമായി ഉണ്ടാകുന്നതല്ല ; മറിച്ച് അതിനോടനുബന്ധ ഭാഗങ്ങളും പ്രണോദിത കമ്പനത്തില്‍ ഏര്‍പ്പെടുന്നുണ്ട് . അതിന്റെ ആകത്തുകയാണ് നാം കേള്‍ക്കുന്ന ശബ്ദം . അതിനാല്‍ തന്നെ അത്തരത്തില്‍ പേശീക്രമീകരണം സാദ്ധ്യമാക്കുന്ന ഒരാള്‍ക്ക് ഇത് സാ‍ധിക്കും .
48. ആയതി കുറയുന്നതിനനുസരിച്ച് ഉച്ചത കുറയുന്നു . അതിനാല്‍ ആയതി പൂജ്യമായാല്‍ ഉച്ചത പൂജ്യം ആയിരിക്കും .
49. ശബ്ദത്തിന്റെ സഞ്ചാര പാതയുടെ ദിശയില്‍ വായുസഞ്ചാരമുണ്ടായാല്‍ ഉച്ചത വര്‍ദ്ധിക്കും
50. സ്വനതന്തുവിലെ വലുപ്പക്കുറവാണ് ഈ വ്യത്യാ‍സത്തിനു കാരണം
51. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന്‍ രക്ഷനേടാന്‍ ഒരു പരിധിവരെ നമ്മെ സഹായിക്കുന്നു
52. വവ്വാല്‍ അള്‍ട്രാസോണിക് തരംഗങ്ങള്‍ വഴി വഴിയിലെ തടസ്സം തിരിച്ചറിയുന്നുണ്ട് . രണ്ട് കമ്പികള്‍ ഉണ്ട് എന്ന കാര്യം അറിയുകയും ചെയ്യുന്നുണ്ട് . പക്ഷെ , അവക്കിടയില്‍ക്കൂടി പോകുമ്പോള്‍ , ചിറകുകള്‍ ഫേസിലും ന്യൂട്രലിലും തട്ടിയാല്‍ ഷോക്കേല്‍ക്കുമെന്ന ബോധം അവക്കില്ലല്ലോ .
53. പ്രസ്തുത വീടുകള്‍ലേക്ക് കണക്ഷന്‍ കൊടുത്തിരിക്കുന്നത് വ്യത്യസ്ത ഫേസ് ലൈനുകളില്‍ നിന്നാണ് .
54. വോള്‍ട്ടേജ് കുറയുന്നതിനാല്‍ മൊത്തം വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് കുറയുന്നു. തന്മൂലം കറന്റും കുറയുന്നു. പ്രസ്തുത സമയത്ത് ( പീക്ക് സമയത്ത് ) പവര്‍കൂടുതലുള്ള വൈദ്യുത ഉപകരണങ്ങള്‍ പ്രത്യേകിച്ച് വൈദ്യുത മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതല്ല. ചിലപ്പോ അവ കേടാവാന്‍ സാധ്യതയുണ്ട് . വോള്‍ട്ടേജ് കുറയുമ്പോള്‍ കൂടുതല്‍ പവറുള്ള ഉപകരണങ്ങല്‍ അമിതമായി കറന്റ് എടുക്കുന്നതിനാല്‍ അത് പെട്ടെന്ന് ചൂടാക്കുന്നു. ഇത്തരത്തില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് കൂടുന്നതിനാല്‍ കറന്റ് ചാര്‍ജ്ജും കൂടുന്നു.
55. ഇന്നയിന്ന ഉപകരണങ്ങള്‍ ഇത്രയിത്ര വോള്‍ട്ടേജില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ശരിയായ ഫലം നല്‍കുകയൂള്ളൂ. അതിനാല്‍ തന്നെ കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അവക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരിക്കും ഫലം 56. ശരിയാണ് . മുകളില്‍ സൂചിപ്പിച്ചതുപോലെ ഈ പ്രശ്നം വോള്‍ട്ടേജ് കുറവിന്റെ കാര്യത്തില്‍ മാത്രമല്ല വോള്‍ട്ടേജ് കൂടുതലിന്റെ കാര്യത്തിലും ബാധകമാണ്.
57. സോനുവിന്റെ നിഗമനം തെറ്റാണ് . 40 വാട്ട് ബള്‍ബില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുണ്ട് . ശ്രേണീരീതിയില്‍ ഏതെങ്കിലുമൊരു ബള്‍ബില്‍ക്കൂടി വൈദ്യുതി പ്രവഹിച്ചില്ലെങ്കില്‍ മറ്റ് ബള്‍ബുകള്‍ പ്രകാശിക്കുകയില്ല.
58. കേബിള്‍ വയര്‍ ചുവന്ന നിറത്തിലായതുകൊണ്ടുമാത്രം അത് ഫേസ് ലൈന്‍ ആകണമെന്നില്ല . ടു പിന്‍ പ്ലഗ്ഗ് ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫോസ് , ന്യൂട്രല്‍ എന്നിവ മാറാം . എങ്കിലും ബള്‍ബ് പ്രകാശിക്കും . എന്നിരുന്നാലും പ്രസ്തുത പ്ലഗ്ഗിന്റെ സ്വിച്ച് ഫേസ് ലൈനിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇത്തരത്തില്‍ മാറിലൊന്നും അപകടം സംഭവിക്കില്ല . പക്ഷെ , ത്രീപിന്നിന്റെ കാര്യത്തില്‍ ഫേസ് ലൈന്‍ മാറുകയില്ല .
59. കൂടുതല്‍ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ എളുപ്പമാണ് വൈദ്യുതോര്‍ജ്ജത്തിന്റെ ഉപയോഗനിയന്ത്രണം .
60. പണം കൊടുക്കുന്നത് പ്രസ്തുത വിദ്യാര്‍ത്ഥിയാണെങ്കിലും അത് ഒരു നാഷണല്‍ വേസ്റ്റ് ആകുന്നു . അതായത് രാജ്യത്തില്‍ പൊതുവായി വൈദ്യുതോല്പാദനം നടന്നെങ്കില്‍ മാത്രമല്ലേ ഓരോ വീട്ടുകാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയുടെ അഭിപ്രായത്തിന് യുക്തിയും ധാര്‍മ്മികതയും ഇല്ല.
61. രണ്ട് വയര്‍ : ഫേസ് ലൈനും ന്യൂട്രല്‍ ലൈനും
മൂന്ന് വയര്‍ : മൂന്ന് ഫേസ് ലൈനുകള്‍ മാത്രം / ഫേസ് ലൈനും ന്യൂട്രല്‍ ലൈനും മറ്റൊന്ന് തെരുവു വിളക്കുകള്‍ ഓണ്‍ ആക്കുന്നതിനു ഓഫ് ആക്കുന്നതിനുമുള്ളലൈന്‍
നാലുലൈന്‍ : മൂന്ന് ഫേസ് ലൈനും ഒരു ന്യൂട്രല്‍ ലൈനും
അഞ്ചു ലൈന്‍ : മൂന്ന് ഫേസ് ലൈനും ഒരു ന്യൂട്രല്‍ ലൈനും അഞ്ചാ‍മത്തേത് തെരുവുവിളക്കുകള്‍ ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുമുള്ള ലൈനുകള്‍
62. സിങ്കില്‍ ഫേസ് ആണെങ്കില്‍ രണ്ട് ലൈനുകള്‍ ഉണ്ടാകും ത്രീ ഫേസ് ആണെങ്കില്‍ മൂന്ന് ഫേസ് ലൈനുകളും ഒരു ന്യൂട്രല്‍ ലൈനും കാണും.
63. നമ്മുടെ തൊട്ടടുത്ത നിലയത്തില്‍ നിന്നുമാത്രമല്ല നമുക്ക് വൈദ്യുതി ലഭിക്കുന്നത് . ഇന്ത്യയെ അഞ്ചു പവര്‍ ഗ്രിഡുകളായി തിരിച്ചിരിക്കുന്നു . ഓരോ ഗ്രിഡിലേയും ജനറേറ്ററുകളെ സമാന്തരമാ‍യി ബന്ധിപ്പിച്ചിരിക്കുന്നു അതിനാല്‍ ഒരു വൈദ്യുത നിലയത്തിലെ തകരാറുകള്‍ മൊത്തം ഗ്രിഡിലെ വൈദ്യുത വിതരണത്തെ ബാധിക്കുന്നു.
64. കാര്യങ്ങള്‍ ഇത്തരത്തില്‍ വ്യാഖ്യാനിക്കാമെങ്കിലും പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ഇതുവഴി കുറവുണ്ടാകും . അത് നമ്മുടെ രാജ്യത്തിന് നല്ലതാണ് . ഓര്‍ക്കുക പെട്രോളിയം നമുക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നു എന്ന കാര്യം.
65. ഇന്‍‌വെര്‍ട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിലെ ചാര്‍ജ് തീരുമല്ലോ . അതിനാല്‍ വിനുവിന്റെ അഭിപ്രായമാണ് ശരി 66. രണ്ടും ഒരു തരത്തില്‍ നോക്കിയാല്‍ ശരിതന്നെയാണ് . ലൌഡ് സ്പീക്കറിലെ ഡയഫ്രത്തിന്റെ കമ്പനം വഴിയാണല്ലോ ശബ്ദം ഉണ്ടാകുന്നത് .
67. കമ്പനം മൂലമാണല്ലോ ശബ്ദം ഉണ്ടാകുന്നത് . റോഡിലുള്ള കമ്പനം മൂലം മരങ്ങളിലെ ഇലകള്‍ കമ്പനം ചെയ്യുന്നു. ഇത് ശബ്ദത്തിന്റെ തീവ്രത ഗണ്യമായി കുറക്കുന്നു.
68. ചൂ‍ടുള്ള സമയത്ത് ; മാധ്യമത്തിന്റെ സാന്ദ്രത വര്‍ദ്ധിച്ചാല്‍ ശബ്ദത്തിന്റെ ഉച്ചത വര്‍ദ്ധിക്കുന്നു . ചൂടുള്ള സമയത്ത് വായുവിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു.
69. ഷോക്ക് ഏല്‍ക്കുന്നത് എ സി , ഡി സി എന്നിവയെ ആശ്രയിച്ചല്ല . ഏത് വൈദ്യുതിയായാലും അതിലെ വോള്‍ട്ടേജ് , കറന്റ് എന്നിവയാണ് ആശ്രയിച്ചാണ് ഷോക്ക് ഉണ്ടാകുന്നത് . വോള്‍ട്ടേജും കറന്റും ഉയര്‍ന്നാല്‍ ഷോക്ക് ഏല്‍ക്കും . 70. സോനുവിന്റെ അഭിപ്രായമാണ് ശരി . ചെറിയ പവര്‍ ഉള്ള CFL മങ്ങിയ വെളിച്ചമായിരിക്കും നല്‍കുക . ഈ വെളിച്ചത്തില്‍ വായിച്ചാല്‍ കണ്ണിന് ദോഷമാണ് ഉണ്ടാകുക. അതിനാല്‍ അല്പം പവര്‍ കൂടിയ CFL വാങ്ങി ഉപയോഗിക്കുന്നതുതന്നെയാണ് നല്ലത് .
71. റേഡിയോ തരംഗങ്ങള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ ആണ് . വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ മാധ്യമം ആവശ്യമില്ല.
ചന്ദ്രനിലെ മണ്ണിലും പാറയുമൊക്കെ മാധ്യമമായി ഉപയോഗിക്കാം . അതില്‍ക്കൂടി ശബ്ദം സഞ്ചരിക്കുകയും ചെയ്യും . പക്ഷെ , മനുഷ്യന്റെ ചെവിയുമായി സമ്പര്‍ക്കത്തില്‍ വരുത്തുന്ന അത്തരം ഉപകരണങ്ങളുടെ പ്രായോഗികത ആണ് പ്രശ്നം. റേഡിയോ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആശയവിനിമയമാണ് കൂടുതല്‍ എളുപ്പം

No comments:

Get Blogger Falling Objects