Sunday, March 04, 2012

769.ഒന്‍പത്, പത്ത് ക്ളാസുകളിലേയ്ക്കുള്ള പ്രൊമോഷന്‍ ഇനി സമ്പൂര്‍ണ വഴി





അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്ക് ഒന്‍പത്, പത്ത് ക്ളാസുകളിലേയ്ക്ക് കുട്ടികളുടെ പ്രൊമോഷന്‍ ലിസ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പ്രോഗ്രസ് കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കുന്നത് ഐടി@സ്കൂളിന്റെ സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാവണം എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയതായി ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതിനായി മുഴുവന്‍ ഹൈസ്കൂളുകളിലേയും സീനിയര്‍ അദ്ധ്യാപകന്‍, ക്ളാര്‍ക്ക്, സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ മൂന്ന് പേര്‍ക്ക് വീതം മാര്‍ച്ച് 16-നും 19-നും ഇടയ്ക്ക് ഐടി@സ്കൂള്‍ ദ്വിദിന പരിശീലനം നല്‍കും. എല്ലാ ഹൈസ്കൂളുകളിലേയും ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സുതാര്യവും ലളിതവുമാക്കാന്‍ പ്രധാനാധ്യാപകരെ സഹായിക്കുകയാണ് ഐടി@സ്കൂള്‍ വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറിന്റെ പ്രധാന ലക്ഷ്യം. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ രജിസ്ററിന്റെ പകര്‍പ്പ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കാവശ്യമായ ലിസ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രമോഷന്‍ ലിസ്റ് തുടങ്ങിയവ തയ്യാറാക്കുന്നത് സമ്പൂര്‍ണയിലൂടെ വളരെയെളുപ്പം സാധ്യമാകും. ഇതിനുപുറമേ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.പി.ഐ, സെക്രട്ടറി തലത്തിലുള്ള ഓഫീസുകള്‍ക്ക് ആവശ്യമായ ഭരണപരമായ വിവരങ്ങളും ഓണ്‍ലൈനായി സമ്പൂര്‍ണ വഴി ലഭിക്കും. ഒരു കുട്ടി ഒന്നാം ക്ളാസില്‍ ചേരുന്നതുമുതല്‍ തുടര്‍ന്നങ്ങോട്ട് അവരുടെ പഠന പുരോഗതി വിലയിരുത്തുന്നതുമുതല്‍ അഭിരുചി നിര്‍ണയം വരെ സാധ്യമാവുന്ന തരത്തിലുള്ള ഒരു സമഗ്ര പാക്കേജായാണ് സമ്പൂര്‍ണ വിഭാവനം ചെയ്തിട്ടുള്ളത്. നിലവില്‍ സമ്പൂര്‍ണയ്ക്ക് ഓണ്‍ലൈന്‍ പതിപ്പിനു പുറമേ സ്കൂളുകള്‍ക്ക് പ്രത്യേകമായി ഓഫ് ലൈന്‍ പതിപ്പും ഐടി@സ്കൂള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വര്‍ഷം എസ്.എസ്.എല്‍.സി.യുടെ എ ലിസ്റ് പൂര്‍ണ്ണമായും സമ്പൂര്‍ണ വഴിയാണ് സ്കൂളുകളില്‍ നിന്നും ശേഖരിച്ചത്. ഹൈസ്കൂള്‍ ക്ളാസുകളിലെ 14.53 ലക്ഷം കുട്ടികളുടെ വിവരങ്ങള്‍ ഇപ്പോള്‍ സമ്പൂര്‍ണയിലുണ്ട്. അടുത്ത വര്‍ഷം മുഴുവന്‍ ക്ളാസുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കുമെന്നും ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects