Thursday, April 12, 2012

852.അഞ്ചുവയസ്സ് തികയുന്ന കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ ചേരാമെന്ന് തീരുമാനമായി.

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ അഞ്ചുവയസ്സ് തികയുന്ന കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ ചേരാമെന്ന് തീരുമാനമായി.


വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറു വയസ്സാക്കിയിരുന്നെങ്കിലും ഇതുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പ്രായപരിധി അഞ്ചു വയസ്സാക്കിയത്.


കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്നതിനുള്ള പ്രായം ഇപ്പോള്‍ത്തന്നെ അഞ്ചാണ്. അവിടെ മാറുന്നതിനൊപ്പമേ സംസ്ഥാനത്തെ സ്‌കൂളുകളിലും പ്രായപരിധിയില്‍ വ്യത്യാസം വരുത്തൂ. അധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.


അഞ്ചാംക്ലാസ് എല്‍.പി.യിലേക്കും എട്ടാംക്ലാസ് യു.പി.യിലേക്കും മാറ്റുന്ന ഘടനാമാറ്റം ഇക്കുറി പരോക്ഷമായേ ഉണ്ടാകൂ. നാലാംക്ലാസ് പാസാകുന്ന കുട്ടിക്ക് ടി.സി. ഇല്ലാതെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും സ്‌കൂളില്‍ അഞ്ചില്‍ ചേരാം.


ഏഴാം ക്ലാസ് വിജയിക്കുന്ന കുട്ടിക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹൈസ്‌കൂളില്‍ എട്ടിലും ചേരാം. എന്നാല്‍ ഈ കുട്ടികളുടെ ടി.സി യും മറ്റു രേഖകളും ഒരു വര്‍ഷത്തേക്ക് നേരത്തെ പഠിച്ച സ്‌കൂളില്‍ത്തന്നെ നിലനില്‍ക്കും.


പുതുതായി ക്ലാസ്മുറികള്‍ പണിയുന്നതിനുള്ള സാമ്പത്തികബാധ്യത കണക്കിലെടുത്താണ് ഘടനാമാറ്റം പരോക്ഷമാക്കിയത്. 2011-12 അധ്യയനവര്‍ഷം അധ്യാപക നിയമനം നേടിയവര്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷ പാസാകണം.


വി.എച്ച്.എസ്.ഇ. ഹൈസ്‌കൂളില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ നടപ്പാക്കൂ. പന്ത്രണ്ടാംക്ലാസ് കഴിയുമ്പോള്‍ ഏതെങ്കിലും തൊഴില്‍മേഖലയില്‍ കുട്ടികള്‍ വൈദഗ്ദ്ധ്യം നേടിയിരിക്കണമെന്നാണ് ദേശീയ പദ്ധതി നിര്‍ദേശിക്കുന്നത്. വിശദാംശങ്ങള്‍ തയ്യാറാക്കി സംസ്ഥാനത്ത് നടപ്പാക്കും.


വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, സംഘടനാ നേതാക്കളായ കെ.ഷാജഹാന്‍, ജെ.ശശി, പി.കെ.കൃഷ്ണദാസ്, എന്‍.ശ്രീകുമാര്‍, പി.ഹരിഗോവിന്ദന്‍, കെ.കെ.സൈനുദ്ദീന്‍, ഷാഫി പാരിപ്പള്ളി, കെ.പ്രസന്നകുമാര്‍, സിറിയക് കാവില്‍, എ.വി.ഇന്ദുലാല്‍, പി.പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മാതൃഭൂമി വാര്‍ത്ത

No comments:

Get Blogger Falling Objects