Friday, June 15, 2012

871.പ്ളസ് വണ്‍: ഒന്നാം അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു- പ്രവേശനം ജൂണ്‍ 16, 18, 19 തീയതികളില്‍





പ്ളസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ആദ്യലിസ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 16, 18, 19 തീയതികളിലായി നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട്ചെയ്ത സ്കൂളില്‍ ജൂണ്‍ 19 ന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താല്ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുളള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുളളില്‍ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ളസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 4,77760 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ആകെ ലഭ്യമായ മൂന്നു ലക്ഷത്തി അറുപതിനായിരത്തില്‍പരം സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലുമുളള 247608 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. ബാക്കിയുളള സീറ്റുകള്‍ എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും അണ്‍ എയിഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്. അപേക്ഷകരില്ലാത്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത ഇതേ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതുതായി അപേക്ഷകള്‍ ക്ഷണിക്കും. രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ളിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ളസ് വണ്‍ പ്രവേശനത്തിനപേക്ഷിച്ച Differently Abled (Blind, deaf, Physically handicapped, mental and brain diseases) വിഭാഗത്തിലുളള എല്ലാ അപേക്ഷകര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമുളള സ്കൂളുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുളളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സ്പോര്‍ട്ട്സ് ക്വാട്ടയിലെ പ്രവേശനം സ്കൂള്‍തലത്തിലാണ് നടത്തേണ്ടത്. സ്പോര്‍ട്ട്സ് ക്വാട്ട പ്രവേശനം ജൂണ്‍ 21 ന് അഞ്ച് മണിയ്ക്കകം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥിവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects