Saturday, September 01, 2012

885.എക്സിബിഷനൊരു വര്‍ക്കിംഗ് മോഡല്‍



ഒരു പ്രവര്‍ത്തിദിവസത്തിലെ ഉച്ചഭക്ഷണസമയത്തിലെ ഇന്റര്‍വെല്‍ സമയം.
മാഷ് ഉച്ചയൂണുകഴിഞ്ഞ് സ്റ്റാഫ് റൂമിലെ കസേരയിലിരുന്ന് മയക്കത്തിലായിരുന്നു.
എന്തൊ ഒരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോള്‍
.............................
കുസൃതിക്കുട്ടനും  മറ്റ് രണ്ട് കൂട്ടുകാരും നിന്നു ചിരിക്കുന്നു.
അവരില്‍ മാഷിന്റെ ഉച്ചയുറക്കം ഹാസ്യരംഗം ഉണര്‍ത്തിയോ ആവോ ?
( ചെറിയോരു കൂര്‍ക്കംവലി മാഷിന്റെ സ്വാഭാവിക ആവൃത്തിയാണല്ലോ )
മാഷ് നേരിട്ട് വിഷയത്തിലേക്ക് കടന്നു
വന്ന കാര്യം അന്വേഷിച്ചു.
അവര്‍ പറഞ്ഞു
അടുത്തുവരാന്‍ പോകുന്ന സയന്‍സ് എക്സിബിഷന് പുതിയൊരു ഇനം ഉണ്ടാക്കിയാലോ എന്നൊരു ചിന്തയിലാണെന്ന കാര്യം
“ പുതിയ ഇനമോ ?”
മാഷ് അല്പം ഉഷാറായി
അവര്‍ അതെ എന്ന മട്ടില്‍ ചിരിച്ചു നിന്നു.
“നിങ്ങള്‍ ഇന്റനെറ്റില്‍ നിന്നെങ്ങാനും ഡൌണ്‍ലോഡ് ചെയ്ത് വല്ലതുമാണോ ?”
മാഷിന് സംശയം
അവര്‍ അല്ല എന്ന മട്ടില്‍ ഉറച്ചു നിന്നു.
“ സംശയിച്ചൂന്ന് മാത്രം കുട്ടികളെ , ഇപ്പോള്‍ റീമേക്കിന്റെ ഒക്കെ കാലമാണല്ലോ “
“ അങ്ങനെ വല്ല സംശവുമുണ്ടെങ്കില്‍ മാഷ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിക്കോ “
കുസൃതിക്കുട്ടന്‍ തന്റെ  പേറ്റന്റില്‍ മോഷണ പരിവേഷം ചാര്‍ത്തപ്പെട്ടതില്‍ രോഷം പൂണ്ടു പറഞ്ഞു.
“ എന്നാല്‍ പറയ് , മാഷ് ഒരു തമാശക്ക് പറഞ്ഞതല്ലേ “
കുസൃതിക്കുട്ടന്‍ പറഞ്ഞുതുടങ്ങി .
“ ഞങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വര്‍ക്കിംഗ് മോഡലിന്റെ ആശയമാണ് ഇവിടെ പറയുവാന്‍ പോകുന്നത് .”
“ഉം “
മാഷ് പ്രോത്സാഹിപ്പിച്ചു.
“ 256 ഹെര്‍ട്ട്സ് ആവൃത്തിയിലുള്ള ടു ഫേസ് എ സി ജനറേറ്ററാണ് ഞങ്ങള്‍ നിര്‍മ്മിക്കുവാന്‍ പോകുന്നത് “
മാഷിന്റെ ഉറക്കം പമ്പകടന്നു.
സ്റ്റാഫ് റൂമില്‍ ഉള്ള മറ്റ് സഹപ്രവര്‍ത്തകരെ മാഷ് നോക്കി .
അവരിലും ഈ പ്രസ്താവനയുടെ സുനാമി തരംഗങ്ങള്‍ അലയടിച്ചതായി മാഷിനു മനസ്സിലായി.
അവരും ഈ സംഭാഷണം കേട്ടുകൊണ്ടിരിക്കയായിരുന്നു.
“ കുസൃതിക്കുട്ടാ ഇത് എങ്ങനെ നീ ഉണ്ടാക്കും ?”
മാഷ് ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു .
“ അതോ , വളരെ നിസ്സാരം മാത്രം “
ഒന്നു നിര്‍ത്തി സ്റ്റാഫ് റൂമിലുള്ള എല്ലാ അദ്ധ്യാപകരും കേള്‍ക്കെ കുസൃതിക്കുട്ടന്‍ പറഞ്ഞുതുടങ്ങി

“ ഒരു ജോഡി കാന്തിക ധ്രുവങ്ങള്‍ക്കിടയില്‍ 256 ഹെര്‍ട്ട് ആവൃത്തിയുള്ള ഒരു ട്യൂണിംഗ് ഫോര്‍ക്ക് കമ്പനം ചെയ്യിക്കുന്നു. ട്യൂണിംഗ് ഫോര്‍ക്കിന് രണ്ട് ഭുജങ്ങള്‍ ഉണ്ടല്ലോ . ഓരോ ഭുജത്തിന്റേയും അറ്റത്ത് ചെറിയ കമ്പിച്ചുരുള്‍ ഉണ്ടായിരിക്കും . ഇതാണ് ഞങ്ങള്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന 256 ഹെര്‍ട്ട് ടു ഫേസ് എ സി ജനറേറ്റര്‍ . “
മാഷ് എന്തോ പറയുവാന്‍ തുടങ്ങും മുമ്പേ ക്ലാസ് തുടങ്ങുവാനുള്ള മണിയടിച്ചു.
കുസൃതിക്കുട്ടനും സംഘവും ക്ലാസിലേക്കും പോയി .
മാഷ് രജിസ്റ്റര്‍ എടുക്കുവാനായി ഓഫീസിലേക്കും പോയി.


No comments:

Get Blogger Falling Objects