Saturday, October 13, 2012

915.പെണ്‍കുട്ടികളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലീസില്‍ പ്രത്യേക സംവിധാനം - ആഭ്യന്തര വകുപ്പ് മന്ത്രി





സ്കൂളുകളില്‍ പഠിക്കുന്ന ടീനേജില്‍പ്പെട്ട പെണ്‍കുട്ടികളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പോലീസ് ഹെഡ്ക്വാട്ടേഴ്സില്‍ തുടങ്ങിയ സെന്‍ട്രല്‍ പോലീസ് കാന്റീന്റെയും വിദ്യാനഗര്‍ പോലീസ് സ്റേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന പീഡനം തുടങ്ങിയ കുറ്റങ്ങള്‍ മൂടിവെയ്ക്കപ്പെടുന്നു. പോലീസില്‍ പരാതി നല്‍കാനുള്ള മടി കാരണം ഇത്തരം കേസുകള്‍ പുറം ലോകം അറിയുന്നില്ല. പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന പീഡനങ്ങള്‍ക്കും മറ്റു കുറ്റങ്ങള്‍ക്കും എതിരെ നടപടി എടുക്കുന്നതിനായി എല്ലാ സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂള്‍ മേധാവിയുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഈ പെട്ടി തുറന്ന് പരാതികള്‍ പരിശോധിക്കും. പരാതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പോലീസ് കേസെടുക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ കുറ്റം നടന്നാലും കേസ് എടുക്കാതിരിക്കുന്ന സംഭവങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ കേസിന്റെ എണ്ണം കൂടിയാലും അത് പ്രശ്നമായി കാണേണ്ടതില്ല. കുറ്റം ചെയ്യുന്നവര്‍ രക്ഷപ്പെടാന്‍ പാടില്ല. കേരളത്തില്‍ നിലവില്‍ നാലു ലക്ഷം കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൌരന്മാര്‍ പോലീസ് സ്റേഷനിലേക്ക് ഒരു ഫോണ്‍ വിളി മുഖേന പരാതി അറിയിച്ചാലും കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്. നീതി എല്ലാവര്‍ക്കും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അവശത അനുഭവിക്കുന്നവര്‍ക്ക് നീതി നിഷേധിക്കരുതെന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളത്. നീതിയുടെ തുലാസ് ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രം താഴുന്ന സ്ഥിതി ഉണ്ടാവരുത്. പോലീസ് ഏതെങ്കിലും വിഭാഗക്കാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന സേനയല്ല. പൊതു പ്രവര്‍ത്തകര്‍ പറയുന്ന എല്ലാ കാര്യങ്ങളും നടന്നുകൊള്ളണമെന്ന് ശാഢ്യം പിടിക്കരുത്. ഒരാള്‍ക്ക് അനുകൂലമായി എടുക്കുന്ന നടപടി മറ്റൊരാള്‍ക്ക് അനീതിയാവുമെന്ന കാര്യം ഓര്‍ക്കണം. എന്നാല്‍ എല്ലാ പൊതുപ്രവര്‍ത്തകരോടും പോലീസ് മാന്യമായി പെരുമാറണമെന്നും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കാലങ്ങളായി തെളിയാത്ത പല കേസുകളും തെളിയിക്കാന്‍ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. വിദ്യാനഗര്‍ പോലീസ് സ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കൊണ്ട് 720 ട്രാഫിക് നിയമലംഘന കേസുകള്‍ രജിസ്റര്‍ ചെയ്തതായും, ഇവിടെ എത്രമാത്രം ട്രാഫിക് നിയമലംഘനമാണുണ്ടാവുന്നതെന്നതിന് ഇത് തെളിവാണെന്ന് സ്വാഗതം പറഞ്ഞ കണ്ണൂര്‍ റേഞ്ച് പോലീസ് ഐ.ജി. ജോസ് ജോര്‍ജ്ജ് പറഞ്ഞു. പോലീസ് സ്റേഷനും, പോലീസിനെയും കല്ലെറിയുന്നവര്‍ സ്വന്തം വീടിനും, വീട്ടുകാരെയുമാണ് കല്ലെറിയുന്നതെന്ന് ഓര്‍ക്കണം. പൊതുജനങ്ങളുടെ സംരക്ഷണ ചുമതല എന്നും പോലീസിനു തന്നെയാണ്. യോഗത്തില്‍ എം.എല്‍.എ മാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റര്‍, വാര്‍ഡ് മെമ്പര്‍, സുഹറാ ഇബ്രാഹിം, കെപിഎസ്ഒഎ പ്രസിഡണ്ട് ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്‍, കെപിഒഎ പ്രസിഡണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.രഞ്ജിത്ത്, കെപിഎ പ്രസിഡണ്ട് കെ.വാസുദേവന്‍, കെ.വെളുത്തമ്പു, പി.ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ നന്ദി പറഞ്ഞു

No comments:

Get Blogger Falling Objects