Tuesday, October 16, 2012

919.സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെ പീഡനം വര്‍ദ്ധിക്കുന്നു തടയാന്‍ നിര്‍ഭയ പദ്ധതി വരുന്നു





സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ തടയാന്‍ ശക്തമായ നടപടികളുമായി ‘നിര്‍ഭയ’ എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 11,074 കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. പോലീസിന്റെയും യൂണിസെഫിന്റെയും വിവരം അനുസരിച്ചാണ് ഈ കണക്ക്. ബലാല്‍സംഗം-1132, തട്ടിക്കൊണ്ട് പോകല്‍-221, സ്ത്രീധന മരണം-15, ലൈംഗിക പീഡനങ്ങള്‍-573, സ്ത്രീകളെ ഉപദ്രവിക്കല്‍-3756, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം-5377 എന്നീ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2009 ല്‍ 7703 ഉം, 2010 ല്‍ 9110 ഉം കേസുകളാണ് സ്ത്രീകള്‍ക്ക് നേരെ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്തിട്ടുള്ളത്. എട്ടോളം വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കുന്ന നിര്‍ഭയ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്കും ഏകദിനശില്‍പ്പശാല സംഘടിപ്പിച്ചു. സെമിനാര്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന പീഡനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തിയ നിര്‍ഭയ രൂപീകരണ സമിതി അംഗവും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ ലിഡാ ജേക്കബ് പറഞ്ഞു. അന്യ സംസ്ഥാനങ്ങളിലും, വിദേശത്തും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമെതിരെ പീഡനവും ചൂക്ഷണവും വ്യാപകമാണ്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 14,000 സ്ത്രീകളെയും കുട്ടികളെയും കാണാതിയിട്ടുണ്ടെന്ന് പോലീസില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കാണാതായവരില്‍ 10 ശതമാനം കേസുകള്‍ മാത്രമെ ഇത്തരത്തില്‍ പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്യുന്നുള്ളു. ഇത്തരം കേസുകള്‍ കോടതിയില്‍ എത്തിയാല്‍ ശിക്ഷിക്കാന്‍ ഏഴ് വര്‍ഷം വരെ കാലതാമസമുണ്ടാകുന്നു. ഇവയില്‍ നാല് ശതമാനം കേസുകളില്‍ മാത്രമെ ശിക്ഷിക്കപ്പെടുന്നുള്ളു. ഇതു കുറ്റവാളികള്‍ക്ക് വിലസാന്‍ സഹായമാകുന്നു. കേരളത്തില്‍ ഇന്നും സന്ധ്യയായാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. കുട്ടികള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. സ്ത്രീകളും കുട്ടികളും സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നു പോലും പീഡനങ്ങള്‍ക്ക് ഇരയാവുന്നു. വിദേശത്തേക്കുള്ള മനുഷ്യക്കടത്തും വര്‍ദ്ധിച്ചു വരുന്നു. സ്ത്രീകളെ ഇത്തരത്തില്‍ കൂട്ടത്തോടെ വിദേശത്ത് അയക്കുന്നു. അവയവങ്ങള്‍ എടുത്തു വില്‍പ്പന നടത്താനും ലൈംഗിക ചൂക്ഷണത്തിനും തുച്ചമായ കൂലിക്ക് ജോലി എടുക്കാനും ഇത്തരം സത്രീകളെ ഉപയോഗിക്കുന്നു. നിലവിലുള്ള ജാഗ്രത സമിതിയെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് നിര്‍ഭയ പദ്ധതി നടപ്പിലാക്കുക. ചൂഷണത്തിനു ഇരയായവരുടെ സംരക്ഷണം, മോചനം, പുനരധിവാസം, അവര്‍ക്ക് നിയമത്തിന്റെ എല്ലാ പരിരക്ഷയും നല്‍കല്‍, കുറ്റവാളികള്‍ക്കുള്ള ശിക്ഷ കഠിനമാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് നിര്‍ഭയ പദ്ധതിക്കുള്ളത്. സാമൂഹ്യ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയോഷനുകളെ കൂടി സ്ത്രീ പീഡനത്തിനു എതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കും. ജില്ലാ തലത്തിലും, ഗ്രാമതലത്തിലും നിര്‍ഭയ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. പീഡനത്തിന് ഇരയായ സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ ഒരു ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ 75 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കുമെന്നും അടുത്ത വര്‍ഷം 50 ലക്ഷം ജില്ലാ പഞ്ചായത്ത് അനുവദിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി പറഞ്ഞു. 25 ലക്ഷം രൂപാ വിവിധ പഞ്ചായത്തുകളില്‍ നിന്നും സമാഹരിക്കും. ചടങ്ങില്‍ നിര്‍ഭയ എഡുക്കേഷണല്‍ കണ്‍സള്‍ട്ടന്റും പൊതു വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറകടരുമായ കെ.സ്നേഹലത, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസര്‍ കെ.പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Get Blogger Falling Objects