Tuesday, December 30, 2014

1077.കുട്ടികളുടെ കണ്ടെത്തലുകള്‍ക്കായി സൃഷ്ടി പദ്ധതി


സ്‌കൂള്‍ കുട്ടികളുടെ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സൃഷ്ടി എന്ന പേരില്‍ പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി പതിനാല് സ്‌കൂളുകള്‍ തിരഞ്ഞെടുക്കും. ഇവിടെ ഓരോ കോ-ഓര്‍ഡിനേറ്ററെ നിയമിച്ച് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കൂടാതെ സ്‌കൂളുകളില്‍ ഐഡിയാ(IDEA) ബോക്‌സുകള്‍ സ്ഥാപിക്കും. നല്ല ആശയങ്ങളും കണ്ടെത്തലുകളും ഇതില്‍ നിക്ഷേപിക്കാം. ഇതില്‍ നല്ല പദ്ധതികള്‍ക്ക് സാമ്പത്തിക സാങ്കേതിക സൗകര്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മേഖലയിലെ വളര്‍ച്ചയുടെ വിവരങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇതിന്റെ ഭാഗമായി വിവിധ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ശാസ്ത്ര വളര്‍ച്ച ജനങ്ങളിലെത്തുന്നത് മൂന്ന് ശതമാനം മാത്രമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധ പതിപ്പിക്കണം. സ്‌കൂള്‍ തലം മുതല്‍ ശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ വരെ എല്ലാതലത്തില്‍പ്പെട്ടവര്‍ക്കും ഗവേഷണത്തിനുള്ള സഹായം നല്‍കുന്നതില്‍ രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശാസ്ത്ര നേട്ടങ്ങള്‍ക്ക് കാരണക്കാരനായത് അനിതര സാധാരണമായ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മധുരം അതി മധുരം എന്ന പുസ്തകത്തിലൂടെ ബാലശാസ്ത്ര സാഹിത്യ പുരസ്‌കാരം ലഭിച്ച ഡോ. സി.വി. അരവിന്ദാക്ഷന്‍, മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പുസ്തകം രചിച്ച കെ.വി. മാത്യു, പരിസ്ഥിതി പഠനത്തിന് ഒരാമുഖം എന്ന പുസ്തകം രചിച്ച ഡോ. എ. അച്ചുതന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിച്ചു. ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ ജീവ ശാസ്ത്രത്തിന്റെ കഥ എന്ന പുസ്തകം രചിച്ച ഡോ. ആറന്മുള ഹരിഹരപുത്രനും, പ്രപഞ്ച സൃഷ്ടിയുടെ പടിപ്പുരയില്‍ എന്ന പുസ്തകം രചിച്ച ഡോ. വി.പി. നമ്പൂതിരിക്കും സമ്മാനിച്ചു. ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ശശിധരന്‍ മംഗത്തിലിനും മുഖ്യമന്ത്രി സമ്മാനിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. കെ.എസ്.സി.എസ്.ടി.ഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി. മാരപാണ്ഡ്യന്‍ അധ്യക്ഷനായി. പ്രൊഫ. സി.ജി. രാമചന്ദ്രന്‍, ഡോ. എം.ആര്‍. തമ്പാന്‍, പ്രൊഫ. ജോര്‍ജ്ജ് വര്‍ഗീസ്, ഡോ. അജിത് പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു. 

No comments:

Get Blogger Falling Objects