Tuesday, May 15, 2007

10. വികൃതിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്

കുട്ടികളുടെ അതിരുകടന്ന വികൃതിയെക്കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ ഏറെയാണ്. ഈ കുട്ടികള്‍ പഠിത്തത്തില്‍ പിന്നോക്കമാണെങ്കില്‍ പറയുകയും വേണ്ട . ഒഴിവുദിനങ്ങളില്‍ ഈ ‘കൊച്ചുവിപ്ലവന്മാര്‍’ വീട്ടമ്മമാര്‍ക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കുന്നു. (സ്ക്കൂള്‍ ദിവസമാണെങ്കില്‍ പ്രശ്നം അദ്ധ്യാപകര്‍ക്കും! ) “ഇവന് ഒരു നിമിഷമെങ്കിലും വെറുതേയിരുന്നുകൂ‍ടെ “ എന്ന് പരാതിപറയുന്ന വീട്ടമ്മ ; അവസാനിപ്പിയ്ക്കുന്നത് കണ്ണുനീരിലായിരിയ്ക്കും.
പ്രൈമറി ക്ലാസില്‍ പഠിയ്ക്കുമ്പോള്‍തന്നെ ; വീട്ടുപകരണങ്ങള്‍ കേടാക്കുക,കൂട്ടുകാരുമായി ശണ്‌ഠകൂടുക , മരത്തിലകയറുക ...തുടങ്ങിയ വിക്രസ്സുകളിലൂടെയായിരിയ്ക്കും ‘കഥാനായകന്റെ ‘ പരിപാടികള്‍ മുന്നേറുക .ഈ ഘട്ടത്തില്‍ പഠിത്തത്തിലുള്ള അശ്രദ്ധ ,ക്രമേണ ,കുട്ടിയെ പഠനവൈകല്യത്തിലെയ്ക്ക് എത്തിയ്ക്കുന്നതിന് കാരണമാക്കുന്നു.കുട്ടി വലുതാകുംതോറും അവന്‍ ചെയ്യുന്ന വികൃതിത്തരങ്ങളുടെ കാഠിന്യം കൂടിക്കൊണ്ടേയിരിയ്ക്കും. മുതിര്‍ന്ന കുട്ടിചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വികൃതിയായീട്ടല്ല ,മറിച്ച് ഗൌരവമാര്‍ന്ന കുറ്റമായീട്ടാണ് സമൂഹം വീക്ഷിയ്ക്കുക .
ഇത്തരം കുട്ടികളെ പഠിയ്ക്കാനായി നിര്‍ബ്ബന്ധിച്ചിരുത്തിയാല്‍ ; കണ്ണില്‍നിന്നുവെള്ളം വരിക ,തലവേദന , ഛര്‍ദ്ദി,ശ്വാസം‌മുട്ടല്‍ ...തുടങ്ങിയ രോഗങ്ങള്‍ തങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്ന് പറയുകയോ അല്ലെങ്കില്‍ അവയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിയ്ക്കുകയോ ചെയ്തേക്കാം. പക്ഷെ, പഠനപ്രക്രിയ അവസാനിപ്പിച്ചാല്‍ മുന്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നു എന്നത് ശ്രദ്ധേയമായ സംഗതിയാണ്. “ ഇതിനു പരിഹാരമായി അടിമാത്രമേയുള്ളൂ” എന്നുപറഞ്ഞ് കുട്ടികളെ കഠിനമായി ശിക്ഷിയ്ക്കുന്ന രക്ഷിതാക്കളുമുണ്ട് .എന്നിട്ടും കുട്ടിയുടെ സ്വഭാവത്തില്‍ ഒരു വ്യതിയാനവും കാണാതാവുമ്പോള്‍ “ ചൊല്ലിക്കൊട് ,തല്ലിക്കൊട് ,തള്ളിക്കള “ എന്ന വചനം സ്വീകരിയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നു. ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയായിത്തീരുമ്പോള്‍ ,സമൂഹത്തിലെ ക്ഷുദ്രശക്തികള്‍ ഇവരെ ഉപയോഗപ്പെടുത്തുകയും അങ്ങനെ ഒന്നാംതരം ക്രിമിനലുകള്‍ ആകുവാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടൂക്കുകയും ചെയ്യുന്നു.
ഇത് വായിച്ച് , ‘ഇത്തരം സ്വഭാവങ്ങള്‍ തങ്ങളുടെ മക്കളും പ്രകടിപ്പിയ്ക്കുന്നുണ്ടല്ലോയെന്ന് ‘ ആലോചിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. കുട്ടികളുടെ ഇത്തരം സ്വഭാവവിശേഷങ്ങള്‍ മാറ്റാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ട് .
കുട്ടിയുടെ ശരീരം അന്യവസ്തുഭരിതമായിത്തീരുമ്പോള്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം അസ്വഭാവികമായിത്തീരുന്നുണ്ടെന്ന് ‘ലൂയി കൂനി ‘ തന്റെ ‘ ന്യൂ സയന്‍സ് ഓഫ് ഹീലിംഗ് ‘ എന്ന ഗ്രന്ഥത്തില്‍ പറയുന്നു .ഈ ‘അസ്വഭാവികത ‘ സ്വഭാവവൈകല്യത്തിനു കാരണമാകുന്നു. കുട്ടിയുടെ ശരീരത്തില്‍നിന്ന് അന്യപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്താല്‍ മസ്തിഷ്കത്തിന്റെ സ്വാഭാവികത തിരിച്ചുകിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ആധുനികവൈദ്യശാസ്ത്രം കുട്ടികളുടെ ഈ അസ്വഭാവിക പ്രതികരണങ്ങളെ ‘ഹൈപ്പര്‍ ആക്ടിവിറ്റി ‘ എന്ന പേരിനാല്‍ വിവക്ഷിയ്ക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുടെ കാരണങ്ങളെക്കുറിച്ച് പലസിദ്ധാന്തങ്ങളും നിലവിലുണ്ട് . അതില്‍ ,തരക്കേടില്ലാതെ അംഗീകരിയ്ക്കുന്ന സിദ്ധാന്തം ഡോ: ബെഞ്ചമിന്‍ ഫെയിന്‍‌ഗോള്‍‌ഡിന്റേതാണ് . ഇത് ഫെയിന്‍ ഗോള്‍ഡ് തിയറി എന്നപേരില്‍ അറിയപ്പെടുന്നു. കുട്ടികള്‍ കഴിയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ അലര്‍ജിയാണ് ഹൈപ്പര്‍ ആക്ടിവിറ്റിയ്ക്ക് മുഖ്യകാരണമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ അവര്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളും (Chemicals ) ഇത്തരത്തിലുള്ള സ്വഭാവവൈകൃതത്തിലേയ്ക്ക് അവരെ നയിക്കുമെത്രെ ! മിഠായിയിലും മധുരപദാര്‍ത്ഥങ്ങളിലും മറ്റും നിറത്തിനും ഗന്ധത്തിനുമ്മൊക്കെ വേണ്ടി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഉളവാക്കാന്‍ സഹായിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞീ‍ട്ടുണ്ട് . ഈ വാദഗതിയോട് പല മനഃശാത്രജ്ഞന്മാരും യോജിപ്പ് പ്രകടിപ്പിച്ചീട്ടുണ്ട് . അതിനാല്‍ നാം ചെയ്യേണ്ടത് ഹൈപ്പര്‍ ആക്ടിവിറ്റി പ്രകടിപ്പിയ്ക്കുന്ന കുട്ടികളുടെ ഭക്ഷണരീതി കുറച്ചുനാള്‍ നിരീക്ഷണവിധേയമാക്കുക എന്നതാണ് .ഭക്ഷണം കഴിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും പിന്‍പുമുള്ള സ്വഭാവവിശേഷങ്ങള്‍ വിലയിരുത്തേണ്ടതാണ്. ( ഈ വിലയിരുത്തലില്‍ ഭക്ഷണശേഷമുള്ള മന്ദതയെ മാറ്റിനിറുത്തേണ്ടതാണ് .) ഏതേതു ഭക്ഷണത്തിലാണ് കുട്ടിയുടെ ഉജ്ജ്വലപ്രകടനമെന്ന് മനസ്സിലാക്കിയാല്‍പ്പിന്നെ ആഇനം ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതി അവലംബിച്ചാല്‍ മതിയല്ലോ.
ഹൈപ്പര്‍ ആക്ടിവിറ്റി പ്രകടിപ്പിയ്ക്കുന്ന പലകുട്ടികളും കായികരംഗം,എന്‍.സി.സി.,സ്കൌട്ട് ....മുതലായ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്‌വെയ്ക്കുന്നതായി കണ്ടീട്ടുണ്ട് . മാത്രമല്ല,ഇവര്‍ ശാരീരികശേഷി വേണ്ടിവരുന്ന ജോലികള്‍ അനായസേന ചെയ്തുതീര്‍ക്കുന്നു. അതിനാല്‍ ,മാതാപിതാക്കള്‍ ഹൈപ്പര്‍ ആക്ടിവിറ്റിയുടെ ‘ട്രന്‍ഡ് ‘ മനസ്സിലാക്കി യോജിച്ച രംഗത്തേയ്ക്ക് കുട്ടിയെ നയിയ്ക്കുന്നത് ഉചിതമായിരിയ്ക്കും.പോലീസ് ,പട്ടാളം..തുടങ്ങിയ മേഖലകളില്‍ ഷൈന്‍ ചെയ്യുന്ന പലരും ചെറുപ്പത്തില്‍ ഹൈപ്പര്‍ ആക്ടിവിറ്റിയ്ക്ക് വിധേയരായിരുന്നു എന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണെന്ന് ചില മനഃശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

3 comments:

സു | Su said...

നല്ല ലേഖനം. ചില കുട്ടികള്‍, വികൃതികള്‍ തന്നെയാവും. അതൊക്കെ ഹൈപ്പര്‍ ആക്റ്റിവിറ്റി എന്ന സ്വഭാവവിശേഷണത്തില്‍ ഉള്‍ക്കൊള്ളിക്കണോ? ഒരു പ്രായത്തില്‍, പല കുട്ടികളും, ഇതുപോലെയുള്ള കുസൃതികള്‍ ഒക്കെ കാട്ടില്ലേ? വലുതാകുംതോറും, വികൃതി, കുറയുന്നതിനു പകരം, കൂടുന്നെങ്കില്‍ ശ്രദ്ധിക്കണം അല്ലേ? ഭക്ഷണം, കാരണം ആവുമോ? ഓരോ വീട്ടിലും ഓരോ തരം ഭക്ഷണം ആവും. വ്യത്യസ്തസാഹചര്യം ഉള്ള കുട്ടികളും, ഇത്തരത്തില്‍ ഒരുപോലെ വികൃതികള്‍ ആവുന്നത് കാണാറുണ്ട്.

Dinkan-ഡിങ്കന്‍ said...

ഇത്തരം കുട്ടികളെ പഠിയ്ക്കാനായി നിര്‍ബ്ബന്ധിച്ചിരുത്തിയാല്‍ ; കണ്ണില്‍നിന്നുവെള്ളം വരിക ,തലവേദന , ഛര്‍ദ്ദി,ശ്വാസം‌മുട്ടല്‍ ...തുടങ്ങിയ രോഗങ്ങള്‍ തങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്ന് പറയുകയോ അല്ലെങ്കില്‍ അവയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിയ്ക്കുകയോ ചെയ്തേക്കാം ഇപ്പറഞ്ഞത് കറകറക്റ്റ് ഡിങ്കന് ഇപ്പോളും പൊസ്തകം കണ്ടാല്‍ കണ്ണീന്ന് വെള്ളം വരും ല്ലെങ്കില്‍ ഉറക്കം വരും

നല്ല ലേഖനം :)

deepdowne said...

കുട്ടികളാകുമ്പോള്‍ അല്‍പം വികൃതിയൊക്കെ കാണിക്കും. അതു കാര്യമാക്കണ്ട. വികൃതിയില്ലെങ്കില്‍പ്പിന്നെ അവര്‍ മുതിര്‍ന്നവരെപ്പോലെ ആയിപ്പോകില്ലെ? അപ്പോള്‍ അവരെ കുട്ടികള്‍ എന്ന് വിളികാന്‍ പറ്റുമോ? ;)

Get Blogger Falling Objects