Sunday, May 13, 2007

9. Std :X ഫിസിക്സ് ഉത്തരങ്ങള്‍ ( താപം 1)


1.തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപമാണോ അതോ താപനിലയോ ?
ഉത്തരം : ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപം. എന്നാല്‍ താപനില എന്നുപറഞ്ഞാ‍ല്‍ ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവാണ്. അതുകൊണ്ട് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപനിലയാണ്.
2. താപം എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു സെമിനാര്‍ അവതരിച്ചപ്പോള്‍ ബിനുവും ലാലുവും തമ്മിലൊരു തര്‍ക്കം ഉണ്ടായി. ‘പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ് ‘ എന്നത് ജലത്തിന്റെ ഖരണാങ്കമാണെന്ന് ബിനുവും അതല്ല മഞ്ഞുകട്ടയുടെ ദ്രവണാങ്കമാണെന്ന് ലാലുവും വാദിച്ചു. ഏതാണ് ശരി? സെമിനാര്‍ അവതരണവേളയില്‍ മോഡറേറ്ററായിരുന്ന മിനിടീച്ചര്‍ എങ്ങനെ ഈ പ്രശ്നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തീട്ടുണ്ടാകും?
ഉത്തരം : മോഡറേറ്ററായ മിനിടീച്ചര്‍ ശരിയായ ഉത്തരം പറഞ്ഞുകൊടുത്തീട്ടുണ്ടാകും.ജലത്തിന്റെ ഖരണാങ്കമെന്നത് ജലം ഖരമാകുന്ന (ഐസ് ആകുന്ന ) ഊഷ്മാവാണ് . അത് പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ് ആണ്. അതുപോലെ മഞ്ഞുകട്ടയുടെ ദ്രവണാങ്കമെന്നത് മഞ്ഞുകട്ട ജലമായി മാറുന്ന ഊഷ്മാവാണ്. അതായത് ,രണ്ടുപേരും പറഞ്ഞത് ശരി എന്നര്‍ത്ഥം.
3. വെള്ളം എത്രതന്നെ തിളപ്പിച്ചാലും അതിന്റെ തിളനില 100 ഡിഗ്രി സെല്‍‌ഷ്യസ്സില്‍ നിന്ന് ഉയരാത്തതെന്തുകൊണ്ട് ?
ഉത്തരം : വെള്ളത്തിന് അവസ്ഥാ പരിവര്‍ത്തനം നടക്കുന്നതുകൊണ്ട്
4.നനഞ്ഞ തുണി തണലത്തിട്ടാലും ഉണങ്ങുന്നതെന്തുകൊണ്ട് ?
ഉത്തരം : ജലത്തിന്റെ ബാഷ്പീകരണം മൂലം
5. ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ നമുക്ക് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതെന്തുകൊണ്ട് ?
ഉത്തരം : അവിടെ അന്തരീക്ഷമര്‍ദ്ദം കുറവായതുകൊണ്ട്
6.ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ ചിലര്‍ക്ക് മൂക്കില്‍ക്കൂടി രക്തസ്രാവം ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉത്തരം : അവിടെ അന്തരീക്ഷമര്‍ദ്ദം കുറവാണ്. മാത്രമല്ല , മൂക്കിന്റെ അകവശത്തെ തൊലിയുടെ കട്ടി കുറവാണ്. അതുകൊണ്ട് ഈ കുറഞ്ഞ അന്തരീക്ഷമര്‍ദ്ദത്തില്‍ അത് പൊട്ടുന്നു.
7. ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളില്‍ വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പാ‍ത്രം തുറന്നുവെയ്ക്കരുതെന്നു പറയുന്നതെന്തുകൊണ്ട് ?
ഉത്തരം : അന്തരീക്ഷമര്‍ദ്ദം കുറവായതുകൊണ്ട് ജലത്തിന്റെ തിളനില താഴുന്നു.
8. വായു നിറച്ച ബലൂണ്‍ വെയിലത്തുവെച്ചാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉത്തരം : ഊഷ്മാവ് വര്‍ദ്ധിയ്ക്കുമ്പോള്‍ അതിന്റെ മര്‍ദ്ദം കൂടുന്നു. അങ്ങനെ വ്യാപ്തം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
9.വായു നിറച്ച ബലൂണ്‍ കൈയ്യില്‍‌വെച്ച് അമര്‍ത്തിയാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉത്തരം : വ്യാപ്തം കുറയുമ്പോള്‍ മര്‍ദ്ദം കൂടുന്നതുകൊണ്ട്
10.പ്രഷര്‍കുക്കറില്‍ ഭക്ഷണം വേവാന്‍ അധികസമയമെടുക്കാത്തതെന്തുകൊണ്ട് ?
ഉത്തരം : മര്‍ദ്ദം കൂടുമ്പോള്‍ തിളനില കൂടുന്നതുകൊണ്ട് 11.അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിയ്ക്കാത്തതെന്തുകോണ്ട് ?
ഉത്തരം : സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരത്തില്‍ 80% ജലമാണ് . ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത മൂലമാണ് അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പേട്ടെന്ന് ബാധിയ്ക്കാത്തത് .
12.തണുപ്പുരാജ്യങ്ങളില്‍ കൃഷി സ്ഥലങ്ങള്‍ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലാണ് എന്തുകൊണ്ട് ?
ഉത്തരം : അന്തരീക്ഷം തണുക്കുമ്പോള്‍ ജലവും തണുക്കാന്‍ ആരംഭിയ്ക്കുന്നു . അപ്പോള്‍ ധാരാളം താപം പുറത്തേയ്ക്കു വിടുന്നു. തന്മൂലം കൃഷി സ്ഥലത്തെ താപനില പെട്ടെന്ന് കുറയുന്നില്ല. അതുമൂലം വിത്തുകള്‍ സംരക്ഷിയ്ക്കപ്പെടുന്നു.
13.വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍ ജലം ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
ഉത്തരം : എഞ്ചിനില്‍നിന്ന് ജലം വളരേയധികം താപം സ്വീകരിയ്ക്കുന്നുവെങ്കിലും ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിതകൊണ്ട് അതിന്റെ താപനിലയില്‍ അമിതമായ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല.
14.പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉത്തരം : മണ്ണിന്റെ വിശിഷ്ടതാപധാരിതയുടെ അഞ്ചിരട്ടിയാണ് ജലത്തിന്റെ വിശിഷ്ടതാപധാരിത . അതുകൊണ്ട് പകല്‍ സമയം കര വേഗത്തില്‍ ചൂടാവുകയുംകടല്‍ സാവധാനം ചൂടാവുകയും ചെയ്യുന്നു. എന്നാല്‍ രാത്രിയാകുമ്പോഴേയ്ക്കും കര പെട്ടേന്ന് തണുക്കുന്നു .പക്ഷെ, കടല്‍ വളരേ സാവധാനത്തിലാണ് തണുക്കുക. ഇതിന്റെ പരിണതഫലമായി പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നു.
15.കടുത്ത പനിയുള്ള ആളുടെ നെറ്റിയില്‍ തുണി നനച്ചിടുന്നതെന്തുകൊണ്ട് ?
ഉത്തരം : നനഞ്ഞ തുണിയില്‍ ബാഷ്പീകരണം നടക്കുന്നു. തന്നിമിത്തം അവിടെ തണുപ്പ് അനുഭവപ്പേടുന്നു. ഇത് രോഗിയ്ക്ക് ആശ്വാസമേകുന്നു.
16. മഞ്ഞുകട്ടയുടെ ദ്രവീകരണ ലീനതാപം ഉയര്‍ന്നതാണ്. ഇത് നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക ?
ഉത്തരം : (a ) ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകുന്നില്ല.
( b) തണുപ്പുള്ള രാജ്യങ്ങളില്‍ തടാകങ്ങളിലേയും നദികളിലേയും ജലം പെട്ടെന്ന് ഐസാകുന്നില്ല .
(c ) പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ്സിലുള്ള ജലം കുടിയ്ക്കുന്നതിനേക്കാള്‍ തണുപ്പ് അതേ താപനിലയിലുള്ള ഐസ്‌ ക്രീം കഴിയ്ക്കുമ്പോള്‍ തോന്നുന്നു.

No comments:

Get Blogger Falling Objects