Sunday, April 19, 2009

140. എസ്‌.എസ്‌.എല്‍.സി. ഫിസിക്‌സിന്‌ ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ നാലുമാര്‍ക്ക്‌ ; മറ്റു വഴിയില്‍ ഏഴും

കണ്ണൂര്‍:എസ്‌.എസ്‌.എല്‍.സി. ഫിസിക്‌സ്‌ പരീക്ഷാ ഉത്തരക്കടലാസില്‍ എട്ട്‌, ഒമ്പത്‌ ചോദ്യങ്ങള്‍ക്ക്‌ നമ്പറെങ്കിലും ഇട്ടാല്‍ മാര്‍ക്ക്‌ നല്‌കാന്‍ നിര്‍ദേശം. ഉയര്‍ന്ന നിലവാരമുള്ള എട്ടാമത്തെ ചോദ്യത്തിന്‌ രണ്ട്‌ മാര്‍ക്കും തെറ്റിയ ഒമ്പതാമത്തെ ചോദ്യത്തിന്‌ ഒരു മാര്‍ക്കും ലഭിക്കും. ഇതോടൊപ്പം ഭാഗികമായി തെറ്റിയ നാലാമത്തെ ചോദ്യത്തില്‍ എന്തെങ്കിലുമെഴുതിയാല്‍ ഒരു മാര്‍ക്ക്‌ ലഭിക്കും. മറ്റു മൂന്ന്‌ ചോദ്യങ്ങള്‍ക്കുമായി പകുതി ഉത്തരമെഴുതുകയോ ഉത്തരത്തിന്‌ അടുത്തെത്തുകയോ ചെയ്‌താല്‍ ഏഴ്‌ മാര്‍ക്ക്‌ വേറെയും. വിദ്യാര്‍ഥികളുടെ നിലവാരത്തെക്കാള്‍ ഉയര്‍ന്നതും ഒന്നിലേറെ ഉത്തരം വരുന്നതുമായ ചോദ്യമാണിത്‌. ഫലത്തില്‍ കാര്യമായി ഒന്നും അറിയാത്ത വിദ്യാര്‍ഥികള്‍ക്ക്‌ 11 മാര്‍ക്ക്‌ ലഭിക്കുന്ന അവസ്ഥയാണ്‌. തുടര്‍ മൂല്യനിര്‍ണയത്തിന്റെ ഭൂരിഭാഗം പേര്‍ക്കും എട്ട്‌-ഒമ്പത്‌ മാര്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്നിരിക്കെ ഭൂരിഭാഗം പേരും ഉപരിപഠനാര്‍ഹരാവും. 15 മാര്‍ക്കാണ്‌ ഉപരിപഠനത്തിന്‌ വേണ്ടത്‌. നേരത്തെ കണക്ക്‌ പരീക്ഷയിലും തെറ്റായ ചോദ്യങ്ങള്‍ക്ക്‌ പകുതി മാര്‍ക്ക്‌ നല്‌കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ചോദ്യങ്ങളില്‍ ബോധപൂര്‍വം തെറ്റുകള്‍ വരുത്തി മാര്‍ക്ക്‌ ദാനത്തിന്‌ അവസരമൊരുക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. തെറ്റിപ്പോയ ഒമ്പതാമത്തെ ചോദ്യം ചില ഇക്വിറ്റോറിയല്‍ ഉപഗ്രഹങ്ങളെ പോളാര്‍ ഉപഗ്രഹങ്ങള്‍ എന്ന്‌ വിളിക്കുന്നതെന്തുകൊണ്ടെന്നാണ്‌. പോളാര്‍ ഉപഗ്രഹങ്ങളുടെ സ്ഥാനത്ത്‌ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നാണ്‌ വേണ്ടിയിരുന്നത്‌. താഴെ പറയുന്ന പ്രസ്‌താവനകളെ ഒരു ഐസോടോപ്പുകള്‍ക്കും ഐസോബാറുകള്‍ക്കും ബാധകമായവ എന്ന രീതിയില്‍ വര്‍ഗീകരിക്കണമെന്നാണ്‌ നാലാമത്തെ ചോദ്യം. ഇതില്‍ ഒന്നുമാത്രം ശരിയെഴുതിയാല്‍ രണ്ട്‌ മാര്‍ക്ക്‌ ലഭിക്കും. മുഴുവനായി തെറ്റിയാലും പകുതി മാര്‍ക്ക്‌ ലഭിക്കും. ഒരു പി.എന്‍.പി. ട്രാന്‍സിസ്റ്ററിന്റെ ബേസ്‌ അതിന്റെ മറ്റു രണ്ട്‌ മേഖലകളായ എമിറ്റര്‍, കളക്ടര്‍ എന്നിവയെ അപേക്ഷിച്ച്‌ കൂടുതല്‍ തോതില്‍ പോപ്പിക്ക്‌ നടത്തിയിരിക്കുന്നു. ചിത്രത്തില്‍ കാണിച്ചതുപോലെ ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ വൈദ്യുത പ്രവാഹം സാധ്യമാണോ എന്നതാണ്‌ എട്ടാമത്തെ ചോദ്യം. നിലവാരം കൂടിയ ഈ ചോദ്യം അറ്റന്‍ഡ്‌ചെയ്‌ത മുഴുവന്‍ പേര്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‌കാനാണ്‌ നിര്‍ദേശം. രണ്ട്‌ മാര്‍ക്കാണിതിന്‌. 14ാമത്തെ ചോദ്യവും നിലവാരം കൂടിയതിനാല്‍ ഉത്തരമായി സമവാക്യം മാത്രമെഴുതിയാല്‍ മൂന്ന്‌ മാര്‍ക്കും നല്‌കാന്‍ നിര്‍ദേശമുണ്ട്‌. വാഹനങ്ങളുടെ റേഡിയേറ്റര്‍ നിര്‍മിക്കാന്‍ ഏറ്റവും യോജിച്ചത്‌ കണ്ടുപിടിക്കാനാണ്‌ 20ാമത്തെ ചോദ്യം. ഇതിന്‌ ഉത്തരമായി ഇരുമ്പ്‌ ഒഴികെ മറ്റു മൂന്നില്‍ ഏതെങ്കിലും എഴുതിയാലും ഒരു മാര്‍ക്ക്‌ ലഭിക്കും. ഇന്ധനം പൂര്‍ണമായി കത്താത്തതുകൊണ്ടുണ്ടാവുന്ന പുകമൂലം വരുന്ന നാല്‌ രോഗങ്ങളുടെ പേരെഴുതാന്‍ ചോദ്യമുണ്ട്‌. രണ്ട്‌ മാര്‍ക്കാണിതിന്‌ നല്‌കുക. എന്നാല്‍ ഇതുമായി ബന്ധമില്ലാത്തതടക്കമുള്ള രോഗങ്ങളുടെ പേരെഴുതിയാലും മുഴുവന്‍ മാര്‍ക്ക്‌ നല്‌കാനാണ്‌ നിര്‍ദേശം. അതേസമയം, തെറ്റായ ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക്‌ ലഭിക്കില്ല. പി.രഞ്‌ജിത്ത്‌ ( മാതൃഭൂമി വാര്‍ത്ത)

2 comments:

കരിപ്പാറ സുനില്‍ said...

എസ്‌.എസ്‌.എല്‍.സി. ഫിസിക്‌സ്‌ പരീക്ഷാ ഉത്തരക്കടലാസില്‍ എട്ട്‌, ഒമ്പത്‌ ചോദ്യങ്ങള്‍ക്ക്‌ നമ്പറെങ്കിലും ഇട്ടാല്‍ മാര്‍ക്ക്‌ നല്‌കാന്‍ നിര്‍ദേശം. ഉയര്‍ന്ന നിലവാരമുള്ള എട്ടാമത്തെ ചോദ്യത്തിന്‌ രണ്ട്‌ മാര്‍ക്കും തെറ്റിയ ഒമ്പതാമത്തെ ചോദ്യത്തിന്‌ ഒരു മാര്‍ക്കും ലഭിക്കും

Akshay S Dinesh said...

ഇതെന്താ വെള്ളരിക്കാ പട്ടണമോ ?

Get Blogger Falling Objects