ഒന്നാമത്തെ പിരീഡ് ......
മാഷ് ക്ലാസിലെത്തി ........
ഹാജര്‍ വിളിച്ചു...........
രജിസ്റ്റര്‍ അടച്ചുവെച്ചു.
സാമൂഹ്യം മാഷാണ് ..
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .
പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ് മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.
മാഷ് പ്രഭാഷണം തുടങ്ങി.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......
ഇന്ത്യന്‍ ജനാധിപത്യം......
ഇന്ത്യന്‍ ഭരണഘടന ....
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...
പാര്‍ളിമെന്റ് , നിയമസഭ എന്നിവയിലെ പൊളിറ്റിക്സും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു
“ അതേ , ഇവന് പറയാ....”
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.
പിന്നെ ഒരനക്കവുമില്ല.
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന് എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
മാഷും ചിരിച്ചുപോയി.
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .
“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.
ഇനി ഇപ്പോ എന്താ ചെയ്യാ....
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍ബെഞ്ചിലിരിക്കുന്ന കമറുദ്ദീന് വെടിപൊട്ടിച്ചു.
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .
കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാത്തവളാണ്.
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .
“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന് വീണ്ടും എണീറ്റുനിന്നു പറഞ്ഞു.
“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന് ഇങ്ങനെ പറയുന്നേ . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.
ഇത്തിരിപോന്ന കമറുദ്ദീന് വലിയ ആളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാക്കിപ്പറഞ്ഞു .
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ് . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .
“അന്ധന്മാര്ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട് . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !
ഹസീന ഭരതിനെ എതിര്‍ത്തില്ല.
കാരണം ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന് വിട്ടുതരുന്ന മട്ടില്ല.
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി മാഷ്
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .
അതിന്റെ യുക്തി മാഷിന് പിടികിട്ടി.
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”
മാഷ് ചോദിച്ചു.
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.
ഹസീന എതിര്‍ക്കുന്നില്ല.
“ നഴ്സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”
മാഷ് ഒന്നുകൂടി ചോദിച്ചു .
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാക്കി.
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .
മാഷ് ഒന്ന് ഇരുത്തി മൂളി
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘ “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം ചര്‍ച്ച.
:)
Post a Comment