Friday, November 26, 2010

304. രക്ഷിതാക്കള്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു.
പരീക്ഷപേപ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കും ..........
മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരിക്കും ...........
ഇനി രക്ഷിതാവ് ,കുട്ടിയുടെ പ്രോഗ്രസ്സ് അറിയുവാന്‍ വരുന്ന ഘട്ടമാണ് .
അവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.
അനുഭവം :1
ക്ലാസ് പി.ടി.എ 3.30 നാണ് വെച്ചിരിക്കുന്നത് . രക്ഷിതാവ് ചില അത്യാവശ്യകാര്യങ്ങള്‍ നിമിത്തം 2 മണിക്ക് എത്തി.
അടുത്ത രംഗം കാണുന്നത് , സ്റ്റാഫ് റൂമില്‍ കുട്ടിയുമായി എത്തിയ രക്ഷിതാവിനോട് ടീച്ചര്‍ കയര്‍ക്കുന്നതാണ്.
“നിങ്ങളോടല്ലേ മൂന്നരക്ക് വരാന്‍ പറഞ്ഞത് , എന്നിട്ടിപ്പോ എന്തിനാ രണ്ടുമണിക്ക് വന്നത് ................”
എന്നുള്ള ചില ഡയലോഗുകള്‍ .
അനുഭവം :2.
സ്റ്റാഫ് റൂമില്‍ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു. രക്ഷിതാവിന് ഏകദേശം 60 വയസ്സ് പ്രായമുണ്ട് .
മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ടീച്ചര്‍ കസേരയിലിരിക്കുന്നു. പിന്നെ 20 മിനിട്ടോളം രക്ഷിതാവിനോട് ടീച്ചറുടെ
ഗിരി പ്രസംഗമാണ് . അതും പ്രായമായ രക്ഷിതാവിനോട് ഒന്നിരിക്കാന്‍ കൂടി പറയാതെ ! സ്വന്തം പിതാവിനേക്കാള്‍ പ്രായം കൂടിയ മനുഷ്യനാണ് ...............................
അനുഭവം :3.
സമൂഹത്തില്‍ ഉന്നത സ്ഥാനീയവും പണക്കാരനുമായ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു.
അദ്ധ്യാപകന്‍ അകലെ നിന്നുതന്നെ പ്രസ്തുത രക്ഷിതാവിനെ കാണുന്നു. വാതിക്കല്‍ വെച്ചുതന്നെ സ്വീകരിക്കുന്നു.
സ്റ്റാഫ് റൂമിലെ കസേരയിലിരുത്തുന്നു. സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു.
ഇതേ അദ്ധ്യാപകന്‍ തന്നെ പാവപ്പെട്ട രക്ഷിതാവ് വന്നപ്പോള്‍ ഉണ്ടായ പെരുമാറ്റം വളരേ മോശമായിരുന്നു
എന്നോര്‍ക്കുക. ഒന്നിരിക്കുവാന്‍ പോലും പറഞ്ഞില്ലെന്നു മാത്രമല്ല..............
അനുഭവം :4.
രക്ഷിതാവ് കുട്ടിയുമായി സ്റ്റാഫ് റൂമിലെത്തുന്നു. കുട്ടി കുസൃതി !!
തുടര്‍ന്ന് കുട്ടിയുടെ കുറ്റങ്ങള്‍ മുഴുവനും രക്ഷിതാവിനോട് പറയുന്നു. രക്ഷിതാവ് കുറ്റവാളിയെപ്പോലെ സ്റ്റാഫ് റൂമില്‍
നില്‍ക്കുന്നു. അരമണിക്കൂറിനുശേഷം രക്ഷിതാവ് സ്കൂളില്‍ നിന്ന് പുറത്തുകടക്കുന്നു.
റോഡിന്നരികെ കൂള്‍ ഡ്രിംഗ്സ് കടയില്‍ നിന്ന് സോഡാവാങ്ങിക്കുടിച്ച് ആശ്വാസം നേടുന്നു.
അനുഭവം :5
രക്ഷിതാവ് സ്കൂളിലെത്തുന്നു . പ്രോഗ്രസ്സ് കാര്‍ഡ് നോക്കി കുട്ടിയുടെ മാര്‍ക്ക് അറിയുന്നു. രോഷാകുലനാകുന്നു.
വീട്ടിലെത്തുന്നു. കുട്ടിയെ ചീത്ത പറയുന്നു ; മര്‍ദ്ദിക്കുന്നു.
അനുഭവം :6.
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയുടെ മാര്‍ക്കിന്റെ സ്ഥിതി മുന്‍‌പേ അറിഞ്ഞിട്ടൂണ്ട് . അദ്ധ്യാപകരോട് കയര്‍ക്കുന്നു.
മാര്‍ക്കുകുറഞ്ഞവിഷയത്തിലെ അദ്ധ്യാപകരോട് മോശമായി പെരുമാറുന്നു. അവര്‍ ശരിയായ രീതിയില്‍
പഠിപ്പിക്കാത്തതിനാലാണ് തന്റെ കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് ആക്ഷേപിക്കുന്നു.
അനുഭവം :7
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ . നാലുവര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ പഠിച്ചവന്‍ . വില്ലന്‍ ,
വിവരമില്ലാത്തവന്‍ . ടീച്ചര്‍ അവനെക്കണ്ട് രോഷാ‍കുലനാകുന്നു
“നീയാണൊ ഇവന്റെ രക്ഷിതാവ് “എന്ന് അലറുന്നു.
അനുഭവം :8
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന്‍ .പത്തുവയസ്സിനു മൂത്തത് . ടീച്ചര്‍ പറഞ്ഞതൊക്കെ കേട്ടു. സ്ക്കൂളിനു
പുറത്തുകടന്നപ്പോള്‍ ചേട്ടന്റെ വക സമാശ്വസിപ്പിക്കല്‍
“നീ വിഷമിക്കേണ്ട , ഞാന്‍ പഠിക്കുമ്പോ നിന്നേക്കാളും പോക്കായിരുന്നു, ........... ടീച്ചറിനു ലൌലറ്റര്‍ കൊടുത്തവനാ
ഞാന്‍”
അദ്ധ്യാപകരുടെ ശ്രദ്ധക്ക്
1.രക്ഷിതാക്കള്‍ പാവപ്പെട്ടവരായാലും പണക്കാരനായാലും ഉന്നത  വിദ്യാഭ്യാസമുള്ളവനായാലും
വിദ്യാഭ്യാസമില്ലാത്തവനായാലും അവരോട് അദ്ധ്യാപകര്‍ ബഹുമാനത്തോടുകൂടി പെരുമാറുവാന്‍ ശ്രമിക്കുക.
2.അദ്ധ്യാപകരെ കാണുവാന്‍ വരുന്ന രക്ഷിതാക്കള്‍ക്ക് ഒരു ചെയര്‍ കൊടുക്കുക. സ്റ്റാഫ് റൂമില്‍ അത്തരത്തില്‍ Parent
friendly ക്രമീകരണം ഉണ്ടായാല്‍ നല്ലത് .
3.രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ച് പറയുന്നത് ക്ഷമയോടെ കേള്‍ക്കുക
4. കുട്ടിക്കാണ് മാര്‍ക്ക് കുറവ് ; രക്ഷിതാവിനല്ല. അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
5.കുട്ടിയാണ് കുറ്റം ചെയ്തത് ; രക്ഷിതാവല്ല . അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.
7.രക്ഷിതാവ് വരുമ്പോള്‍ ആദ്യം കുട്ടിയുടെ നല്ലകാര്യങ്ങള്‍ , കഴിവുകള്‍ എന്നിവ പറയുക . അതിനു ശേഷം മാത്രം
കുട്ടിയുടെ കുറവ് / പോരായ്മ പറയുക.
8.കുട്ടിക്ക് ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ആ പിരീഡ് ,അല്ലെങ്കില്‍ പിറ്റേദിവസം ,
അതുമല്ലെങ്കില്‍ ആ ആഴ്ചയിലെങ്കിലും പ്രസ്തുത അദ്ധ്യാപകനോട് പറയണമെന്ന് മുന്‍‌കൂറായി പലവട്ടം ക്ലാസില്‍ പറയുക.
മറിച്ച് , പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കുറവായാല്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബലിയാടാക്കുന്ന സ്വഭാവം
ശരിയല്ലെന്നും മുന്‍‌കൂറായി ക്ലാസില്‍ പറയുക.
9.പല കുട്ടികളുടേയും കാര്യത്തില്‍ ടി. വി ആണ് വില്ലന്‍ ; അതിനാല്‍ അക്കാര്യം ടീച്ചര്‍ ചോദിച്ചറിയുക.
10. പഴയ പഠനരീതിയില്‍ പഠിച്ച രക്ഷിതാവിന് പുതിയ രീതിയിലെ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് അറിയില്ല . അതിനാല്‍ അക്കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് ആവശ്യം വേണ്ട ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് രണ്ടോ മൂന്നോ തവണ നല്‍കുക.
11. ട്യൂഷന്‍ മാഷ് കുട്ടിയൂടേയും സ്കൂള്‍ മാഷിന്റേയും ഇടയില്‍ വില്ലനാവാതെ നോക്കുക. ഇരുമാഷന്മാരും ശ്രമിക്കുന്നത് കുട്ടിയുടെ പുരോഗതിക്കാണ്  എന്ന അര്‍ത്ഥത്തില്‍ പെരുമാറുവാനുള്ള സാഹചര്യം ഒരുക്കുക.

1 comment:

mini//മിനി said...

രക്ഷിതാവ സ്ക്കൂളിൽ വന്നപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ പലതും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ചിലർ ഡ്യൂപ്ലിക്കേറ്റ് രക്ഷിതാക്കളെ കൊണ്ടുവന്നിട്ടും ഉണ്ട്. എനിക്ക് പറ്റിയ ഒരു അമളി പുറത്താക്കിയ പയ്യനും ഫോട്ടോസ്റ്റാറ്റ് രക്ഷിതാവും
ഇവിടെ വന്നാൽ
വായിക്കാം.

Get Blogger Falling Objects