Tuesday, October 25, 2011

439.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ -സമഗ്രമായ ചര്‍ച്ചകള്‍ നടത്തും





പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ സംബന്ധിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായി ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സമീപന രേഖയെ ആധാരമാക്കി നവംബര്‍ അഞ്ചുമുതല്‍ പതിനേഴുവരെ വ്യത്യസ്ഥ തലത്തിലുള്ള ചര്‍ച്ചകളാണ് ഉദ്ദേശിക്കുന്നത്. അഞ്ചിന് കോഴിക്കോട് കൃഷി, ടൂറിസം, വിദ്യാഭ്യാസം മേഖലകളിലുള്ളവരുമായും ഏഴിന് കൊച്ചിയില്‍ വ്യവസായം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, വ്യത്യസ്ഥ മേഖലയിലെ എന്‍.ജി.ഒകള്‍, എട്ടിന് ലായേഴ്സ്, ഡോക്ടേഴ്സ്, ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, എഞ്ചിനീയേഴ്സ് മുതലായവരും കേന്ദ്ര സര്‍ക്കാരിന്റെ കമ്മോഡിറ്റി ബോര്‍ഡും മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും, ഒമ്പതിന് തിരുവനന്തപുരത്ത് എം.എല്‍.എ, എം.പി.മാരുമായും, എസ്.സി., എസ്.റ്റി പദ്ധതി സംബന്ധിച്ച് ആ വിഭാഗത്തിലെ എം.എല്‍.എ, എം.പി.മാരുമായും, ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകളിലുള്ളവരുമായും 16 ന് മാധ്യമ പ്രതിനിധികളുമായും സാമ്പത്തിക വിദഗ്ദ്ധന്‍മാരുമായും 17 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ പ്രതിനിധികളുമായും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനകളുമായും, യുവജന, വിദ്യാര്‍ത്ഥി, വനിതാ സംഘടനകളുമായും ചര്‍ച്ച നടത്തും. പന്ത്രണ്ടാം പദ്ധതി സംബന്ധിച്ച് പൊതുവായ ധാരണ ഉണ്ടാകണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. അഞ്ചുകൊല്ലത്തെ പദ്ധതി ഘടന സംബന്ധിച്ച് കേരളത്തിലെ വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ അഭിപ്രായ സമന്വയം ഉണ്ടാകണം. അതിനാലാണ് ഈ സമീപന രേഖ സംബന്ധിച്ച് സമഗ്രമായ ചര്‍ച്ചക്ക് തീരുമാനിച്ചത്. പ്ളാനിങ് ബോര്‍ഡ് മെമ്പര്‍മാരായ സി.പി.ജോണ്‍, വി.എസ്.വിജയരാഘവന്‍ എന്നിവര്‍ ചര്‍ച്ച നയിക്കും. മുഖ്യമന്ത്രി, ആസൂത്രണമന്ത്രി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 22 ന് ഡല്‍ഹിയില്‍ നടന്ന ദേശീയ വികസന കൌണ്‍സില്‍ യോഗത്തില്‍ കേരളത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. അവിടെ പ്രധാനമായും ആവശ്യപ്പെട്ട കാര്യം ബി.പി.എല്ലിന്റെ നിര്‍വ്വചനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം എന്നാണ്. പ്ളാനിങ് ബോര്‍ഡ് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശം സമര്‍പ്പിക്കും. കേന്ദ്ര പദ്ധതികളില്‍ നിന്ന് പരമാവധി ആനുകൂല്യം കേരളത്തിന് ലഭിക്കണം. 147 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഇന്നുണ്ട്. ഈ പദ്ധതികളുടെ എണ്ണം ചുരുക്കണം. ഓരോ പദ്ധതികളുടെയും ആവശ്യമനുസരിച്ച് അതിന്റെ മാറ്റങ്ങള്‍ ക്രമീകരിക്കണം. സമഗ്രമായ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, നൈപുണ്യ വികസനത്തിനും മുന്തിയ പരിഗണന ലഭിക്കണം. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാന്‍ നടപടി ഉണ്ടാവണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ പ്രൈസ് സ്റബിലൈസേഷന്‍ ഫണ്ട് കേന്ദ്രം രൂപീകരിക്കണം. കുടിവെള്ള പദ്ധതിക്കാവശ്യമായ സഹായം ലഭ്യമാക്കണം. വിഴിഞ്ഞം, കൊച്ചി മെട്രോ കേന്ദ്ര സഹായമുണ്ടാകണം തുടങ്ങി ആവശ്യങ്ങള്‍ മുഖ്യമന്ത്രി ദേശീയ വികസന കൌണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനെ എല്ലാം അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മുന്‍ഗണന നല്‍കുന്ന വിഷയം എന്തെല്ലാമാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

No comments:

Get Blogger Falling Objects