Sunday, January 08, 2012

643.സ്വിറ്റ്‌സ്വര്‍ലന്‍ഡ് വിസ്മയങ്ങളുടെ രംഗഭൂമി ( യാത്രാവിവരണം )





പ്രസാധകര്‍: ഹരിതം ബുക്സ്
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് 
1993 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി ബിരുദം സമ്പാദിച്ചു.
1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക.
1985 മുതല്‍ വകുപ്പ് മേധാവി .
വിലാസം : 
പൊന്നറ
ചന്ദനത്തോപ്പ്
കൊല്ലം 14
ഫോണ്‍ : 0474 2547025
പുസ്തകത്തെക്കുറിച്ച് 
1. സിമന്റും ഇഷ്ടികയും വീടിന്റെ  മതില്‍ നിര്‍മ്മാണത്തിന് സ്വിറ്റ്‌സ്വര്‍ലണ്ടുകാര്‍
ഉപയോഗിക്കാറില്ല.വീടുണ്ടാക്കിക്കഴിഞ്ഞാല്‍ ചുറ്റും അതിര്‍ത്തി തിരിച്ച് മരക്കുറ്റികളോ കമ്പികളോ നാട്ടുന്നു. അവക്കിടയില്‍
പ്രത്യേകതരം ഇലച്ചെടികള്‍  നട്ടുവളര്‍ത്തുന്നു.അവ ഇടതിങ്ങിവളര്‍ന്ന് സ്വയം മതിലുകളായി തീരുന്നു. ഒരു പഴുതില്ലാതെ സംരക്ഷണ വലയങ്ങള്‍ . ഇലകള്‍ തിങ്ങിയ ചെടികളോടോപ്പം കാറ്റാടികള്‍ പോലെയുള്ളവയും മതിലിനായി ഉപയോഗിക്കാറുണ്ട് .അവ ഇഷ്ടപ്പെട്ട ആകൃതിയില്‍ വെട്ടി ക്രമപ്പെടുത്തി വളര്‍ത്തുന്നതിലെ വൈഭവം ഒന്നു കണ്ടുതന്നെ
അറിയേണ്ടതാണ് . വിശാലമായ മൈതാനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളീലെല്ലാം ഇത്തരം മതിലുകള്‍ കാണാം.

2.സുറുമയെഴുതിയ പെണ്‍കുട്ടികളെ യാത്രക്കിടയില്‍ ധാരാളം കാണുവാന്‍ കഴിഞ്ഞു.
അഞ്ജനക്കണ്ണുകള്‍ ഭാരതത്തിന്റെ കുത്തകയാണെന്നാണ് ധരിച്ചിരുന്നത് . സ്വിസ് ബാലികമാരുടെ കണ്മഷിപ്രയോഗം നമ്മുടേതുപോലെയല്ല. കരി ഒട്ടും തന്നെ കണ്ണില്‍ പറ്റാതെ മുകളിലത്തെ കണ്‍‌പോളയില്‍ വരച്ചിരിക്കുകയാണ്.
3. ഒരു ദിവസം രാവിലെ ഞങ്ങള്‍ നടക്കുവാന്‍ പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. അടുത്ത വീ‍ട്ടിലെ ഗേറ്റിനു വെളിയില്‍ കുറേ സാധനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.പഴയ കസേരകള്‍ , ബേബി സൈക്കിള്‍ , അടുക്കളപ്പാത്രങ്ങള്‍ , പാവകള്‍ തുടങ്ങിയവ . വീട്ടുകാര്‍ താമസം മാറ്റുവാനുള്ള ഒരുക്കമാണെന്നു കരുതി മുന്നോട്ടു നടന്നു. അടുത്ത വീടിന്റെ മുന്നിലും കുറേ
സാധനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. പഴയ ടി വി , പ്രഷര്‍കുക്കര്‍ , പാത്രങ്ങള്‍ , മിക്സി ഇത്യാദി . ഒരു മണിക്കൂര്‍ നടക്കുന്നതിനിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ പലതവണ കാണാനിടയായി . കമ്പ്യൂട്ടറുകള്‍ , ക്യാമറകള്‍ , സോഫകള്‍ , സ്റ്റീല്‍ - പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയവയെല്ലാം വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. ഫ്ലാറ്റില്‍ തിരിച്ചെത്തി മകനോട് കാര്യം അന്വേഷിച്ചു. ആ നാട്ടിലെ ശുചീകരണ
രീതിയാണ് ഇതെന്ന് അവന്‍ പറഞ്ഞു.
4.പുതിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പഴയവ ഉപേക്ഷിക്കുന്നു. വീടിനു പുറത്തുവെക്കുന്ന വസ്തുക്കള്‍ ആര്‍ക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം.അതിന് ആരുടേയും അനുവാദം ആവശ്യമില്ല. വിലയും കൊടുക്കേണ്ടതില്ല. വീടുവൃത്തിയാക്കണെമെന്ന നിഷ്കര്‍ഷയാണ് ഈ നിരസന പ്രക്രിയക്ക് പിന്നിലുള്ളത് . ഓരോ മാസത്തിലും ആദ്യത്തെ വ്യാഴാഴ്ച ഈ ശുചീകരണം നടത്തും . ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ രണ്ടുദിവസം അങ്ങനെ
കിടക്കും . അതിനിടയില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോയെന്നു വരാം. അവശേഷിക്കുന്നവ സര്‍ക്കാറിന്റെ വണ്ടിയില്‍ കയറ്റികൊണ്ടുപോകും . അവ വെയിസ്റ്റുകളുടെ കൂട്ടത്തില്‍ തള്ളപ്പെടുന്നു. ശുചീകരണ ദിവസം കുറേ ദൂരം കറങ്ങി നടന്നാല്‍ വീട്ടാവശ്യത്തിനുള്ള പലതും സംഭരിക്കാന്‍ കഴിയും .
5.വീട്ടിനുള്ളില്‍ ഒട്ടും സ്ഥലം പാഴാക്കാന്‍ സ്വിസ് ജനത ഇഷ്ടപ്പെടുന്നില്ല. വിശാ‍ലമായ മുറീകളും  പുറം വരാന്തകളും അവരുടെ ഭവനത്തില്‍ താരതമ്യേന കുറവാണ് . വീട്ടിനകത്തെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അവര്‍ ശ്രമിക്കുന്നു.ഫ്ലാറ്റിനുള്ളീലെ സംവിധാ‍നം കണ്ടാല്‍ അത് മനസ്സിലാകും . ഭിത്തിയില്‍ മുഴുവന്‍ തട്ടുകളും അലമാരകളും സജ്ജീകരിക്കുന്നതിനാല്‍ തറയില്‍ ഏറെ സ്ഥലം ആവശ്യമില്ല. ഉപയോഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്വഭാവം അവിടത്തുകാര്‍ക്കില്ല.  മലയാളികളുടെ ശീലം ഇതിന് നേര്‍ വിപരീതമാണ് . ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സില്ല. മക്കളുടെ കളിപ്പാട്ടങ്ങള്‍ പേരക്കുട്ടികള്‍ക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നവരാണ് നമ്മള്‍ .ഫലമോ ? ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീട്ടിലെ സ്ഥലം വന്‍‌തോതില്‍ അപഹരിക്കുന്നു. എന്തും ആവശ്യം  കഴിഞ്ഞാല്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നവരാണ് സ്വസ്വര്‍ലണ്ടുകാര്‍ .

6.ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വിസ് ജനതയെ അതിശയിക്കുവാന്‍ കഴിയുന്നവര്‍ ലോകത്ത് അധികമുണ്ടാവില്ല. വീടും പരിസരവും വൃത്തിയാക്കുന്നതിലെ അതേ  നിഷ്കര്‍ഷ പൊതുസ്ഥലങ്ങളുടെ കാര്യത്തിലും അവര്‍ വെച്ചുപുലര്‍ത്തുന്നു.

7. സ്വന്തം പ്രാരാബ്ദങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി ജീവിതത്തിന്റെ പ്രകാശമാനമായ മുഖം കാണാതെ തള്ളിനീക്കുന്നവരാണല്ലോ നമ്മില്‍ അധികവും . അവധി ദിവസങ്ങളില്‍ വീടിനുള്ളീല്‍ ചടഞ്ഞുകൂടിയിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത് . കഴിയുമെങ്കില്‍ പകല്‍ നേരം കിടന്നുറങ്ങാനും . സ്വന്തം മാനസികോല്ലാസത്തിന് സമ്പത്തും സമയവും മാറ്റിവെക്കുന്നവര്‍ എത്രയോ ചുരുക്കമാണ് . പലര്‍ക്കും അത് സങ്കല്പിക്കാന്‍ പോലും സാദ്ധ്യമല്ല . ഏണ്‍‌ഡ് ലീവ് സറണ്ടര്‍
ചെയ്ത് പണമാക്കുന്ന ഉദ്യോഗസ്ഥര്‍ . എന്നീട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ,. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചാല്‍പോലും അവരുടെ പ്രാരാബ്ദങ്ങള്‍ അവസാനിക്കുന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനും മക്കള്‍ക്കുവേണ്ടി ചിലവാക്കിയിട്ട് നിസ്വരും നിരാലംബരുമായി വാര്‍ദ്ധക്യത്തൊട് മല്ലടിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട് . ഇത്
കഴിഞ്ഞ തലമുറയുടെ കഥ . ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട് . അടുത്ത കാലത്ത് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം വിനോദ സഞ്ചാരികളെ കാണുവാന്‍ കഴിഞ്ഞു.

8. സ്വിസ് ജനാധിപത്യത്തിന്റെ ഒരു പ്രധാന സവിശേഷത അവിടെ പ്രതിപക്ഷം ഇല്ല എന്നുള്ളതാണ് അതുകൊണ്ടുതന്നെ പ്രക്ഷോഭണങ്ങളുമില്ല.മുദ്രാവാക്യങ്ങളോ മൈതാനപ്രസംഗങ്ങളോ അന്തരീക്ഷത്തെ മലിനമാക്കാറില്ല . പ്രധാന രാഷ്ട്രീയ കാര്യങ്ങളെല്ലാം അഭിപ്രായവോട്ടെടുപ്പിലൂടെയാണ് നിര്‍വ്വഹിക്കുന്നത് . ഭൂരിപക്ഷാഭിപ്രായം എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും . മുപ്പതിനായിരം പേര്‍ ഒപ്പിട്ട് നിവേദനം നല്‍കിയാല്‍ ഏത് നിയമവും ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ് .

9. കുടുംബിനികള്‍ ഉദ്യോഗസ്ഥരാകുന്നത് നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് .
10. ആറുവയസ്സിനു താഴെയുള്ള കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാന്‍ പാടില്ല . പ്രൈമറി ക്ലാസില്‍ ചേരുവാനുള്ള പ്രായപരിധി ഏഴുവയസ്സാണ്

11.സെക്കന്‍ഡറി സ്കൂളില്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസമാണ് . ഭാഷയും ശാസ്ത്രവിഷയവും പഠിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴിലുകള്‍ പഠിപ്പിക്കുവാനുള്ള അവസരമുണ്ട് . കായിക പരിശീലനം , കൃഷി , കച്ചവടം , തുന്നല്‍ , പാചകം , ഓഫീസ് ജോലി , ഐ ടി , മരപ്പണി , ടൂറിസം , കലകള്‍ , ബേക്കറി നിര്‍മ്മാണം , മുടിവെട്ടല്‍ എന്നിങ്ങനെ നിരവധി തൊഴിലുകള്‍ പഠിപ്പിക്കുന്നു. പരീക്ഷ പാസ്സായാല്‍ അപ്രന്റിസ്‌ഷിപ്പും ലഭിക്കും . അതോടെ ജോലിയില്‍
പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പായി .

12. ഇങ്ങനെ ഒട്ടേറേ കാര്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്


No comments:

Get Blogger Falling Objects