Wednesday, April 04, 2012

841.മതം/ജാതി മാര്‍ഗനിര്‍ദേശം ഉത്തരവായി





പി.എസ്.സി. ഫോമിലും സര്‍ക്കാരിന്റെ വിവിധ അപേക്ഷാ ഫോറങ്ങളിലും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലും മതം / ജാതി പൂരിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതനുസരിച്ച് പി.എസ്.സി. ഫോമുകളില്‍ മതം / ജാതി ഏതാണെന്ന് പൂരിപ്പിക്കേണ്ട ഭാഗത്ത് ഇല്ല എന്നെഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിക്കുന്നതല്ല. എന്നാല്‍ അപ്രകാരം രേഖപ്പെടുത്തുന്നവര്‍ക്ക് മതം / ജാതിയുടെ ആനുകൂല്യം ലഭ്യമാകുന്നതല്ല. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ മതം/ ജാതി എന്നിവ രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്ന് രേഖപ്പെടുത്തുന്നവര്‍ക്കും മതത്തിന്റെ / ജാതിയുടെ ആനുകൂല്യം ലഭ്യമാവുകയില്ല. സര്‍ക്കാര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാ ഫോറങ്ങളിലും, പി.എസ്.സി. ഫോമിലും, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലും മതം / ജാതി രേഖപ്പെടുത്തേണ്ട കോളം നിര്‍ബന്ധമായും പൂരിപ്പിക്കണം എന്ന് നിഷ്കര്‍ഷിക്കുവാന്‍ പാടില്ല. മതം ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്നെഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാവുകയില്ലെന്നുള്ള വിവരം അപേക്ഷാ ഫോറങ്ങളില്‍ പ്രത്യേകം കുറിപ്പായി ചേര്‍ക്കണം. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുതാര്യ കേരളം പരിപാടി മുഖേന ലഭിച്ച ഒരു നിവേദനത്തില്‍ ഏതുമതത്തിലും വിശ്വസിക്കാം എന്നതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടെന്നും വിവിധ കാര്യങ്ങള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട അപേക്ഷാഫോറങ്ങളില്‍ അത് രേഖപ്പെടുത്തുന്നതിനുള്ള അവസരമില്ലെന്നും പരാതി ഉന്നയിച്ചിരുന്നു. എസ്.എസ്.എല്‍.സി. ബുക്കിലും എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും മതവും ജാതിയും പൂരിപ്പിക്കേണ്ടതായിട്ടുള്ളതിനാല്‍ അപേക്ഷാ ഫോറങ്ങളില്‍ ഒരു തിരുത്തല്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഇത് വിശദമായി പരിശോധിക്കുകയും പി.എസ്.സി.യുടെ അഭിപ്രായം ആരായുകയും ചെയ്തു. പി.എസ്.സി. ഇക്കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

No comments:

Get Blogger Falling Objects