Wednesday, April 04, 2012

842.അസംഘടിത തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം




അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ക്കായി ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള 330 ലക്ഷം രൂപ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യ പദ്ധതി നടപ്പാക്കുന്നതിന് താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ചെലവഴിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലേയും പദ്ധതികളുടെയും കീഴില്‍ രജിസ്റര്‍ ചെയ്യപ്പെട്ട സ്ത്രീ തൊഴിലാളികള്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി അവര്‍ ജോലി ചെയ്യുന്ന വിഭാഗത്തിലെ നിശ്ചയിക്കപ്പെട്ട മൂന്ന് മാസത്തെ മിനിമം വേതനമോ 15000/- രൂപയോ ഇതില്‍ ഏതാണ് കുറവ് അത് നല്‍കണം. ഏതെങ്കിലും ക്ഷേമനിധിയില്‍ / പദ്ധതിയില്‍ ഇതിനേക്കാള്‍ അധികമായി പ്രസവാനുകൂല്യം നല്‍കിക്കൊണ്ടിരിക്കുകയാണെങ്കില്‍ അത് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് / പദ്ധതി തുടര്‍ന്നും നല്‍കണം. ബോര്‍ഡില്‍ / പദ്ധതിയില്‍ അംഗത്വം എടുത്ത് കുറഞ്ഞത് ഒരു വര്‍ഷ കാലയളവെങ്കിലും പൂര്‍ത്തിയാക്കിയ സ്ത്രീ തൊഴിലാളികള്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ഏതൊരു സ്ത്രീ തൊഴിലാളികള്‍ക്കും പദ്ധതി പ്രകാരം നിശ്ചിത ഫോറത്തില്‍ പ്രസവാനുകൂല്യത്തിനായി അതത് ബോര്‍ഡിന്റെ / പദ്ധതിയുടെ ജില്ലാ എക്സിക്യൂട്ടീവിന് അപേക്ഷ നല്‍കാം. ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് പ്രസവം നടന്നതെങ്കില്‍ അസിസ്റന്റ് സര്‍ജനില്‍ കുറയാതെയുള്ള ഡോക്ടര്‍ നല്‍കുന്ന പ്രസവ തീയതി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ്, പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രസവം നടന്ന തീയതി മുതല്‍ 90 ദിവസത്തിനകം ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കണം. 90 ദിവസത്തിനുശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കിലും കാലതാമസം വരാനുണ്ടായ വ്യക്തമായ കാരണം കാണിച്ച് മാപ്പപേക്ഷ സമര്‍പ്പിക്കണം. 180 ദിവസത്തിനും 270 ദിവസത്തിനും ഇടയ്ക്ക് സമര്‍പ്പിച്ച അപേക്ഷകള്‍ കാലതാമസം ഒഴിച്ച് മറ്റെല്ലാ രീതിയിലും അനുവദനീയമാണെങ്കില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശ സഹിതം ബോര്‍ഡിന്റെ / പദ്ധതിയുടെ സെക്രട്ടറി / ചീഫ് എക്സിക്യൂട്ടിവ് ആഫീസര്‍ / ചീഫ് എക്സിക്യൂട്ടിവ് / ചീഫ് ഇന്‍സ്പെക്ടര്‍ ഇതിന്മേല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടതും വിവരം തൊഴിലാളിയെ അറിയിക്കേണ്ടതുമാണ്. 270 ദിവസത്തിനുമേല്‍ കാലതാമസം വരുത്തി സമര്‍പ്പിച്ച അപേക്ഷകളും അപാകതകളുള്ളവയും നിരസിച്ചുകൊണ്ട് ഉത്തരവ് കൊടുക്കണം. നിരസന ഉത്തരവിനെതിരെ 60 ദിവസത്തിനകം ബന്ധപ്പെട്ട ബോര്‍ഡ് മുമ്പാകെ അപ്പീല്‍ കൊടുക്കാം. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയിന്മേല്‍ പദ്ധതികളിലെ വ്യവസ്ഥപ്രകാരം അതത് ജില്ലാ എക്സിക്യൂട്ടീവ് / സെക്രട്ടറി തീരുമാനം എടുക്കേണ്ടതും ആ വിവരം അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനകം തൊഴിലാളികളെ അറിയിക്കേണ്ടതും നിബന്ധനകള്‍ക്ക് വിധേയമായി തുക അനുവദിച്ചു നല്‍കേണ്ടതുമാണ്. തൊഴിലാളികള്‍ക്ക് രണ്ട് പ്രസവത്തിന് മാത്രമേ ആനുകൂല്യം അനുവദിക്കൂ. ഇത്തരത്തില്‍ അനുവദിച്ചു നല്‍കുന്ന തുകയില്‍ നിന്നും സാധാരണ ബോര്‍ഡ് / പദ്ധതികളില്‍ നിന്നും നല്‍കി വരുന്ന തുക കഴിച്ചു ബാക്കി വരുന്ന തുക മാസംതോറും ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെടേണ്ടതാണ്. ഫണ്ട് ആവശ്യപ്പെട്ട് ലേബര്‍ കമ്മീഷണര്‍ ആഫീസില്‍ കത്ത് ലഭിക്കുന്ന മുറയ്ക്ക് അതത് ഓഫീസില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ബോര്‍ഡുകള്‍ക്ക് / പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കണം. ആനുകൂല്യം പറ്റുന്ന തൊഴിലാളികളെ സംബന്ധിച്ച പേര്, വിലാസം, തൊഴില്‍, അനുവദിച്ച് നല്‍കിയ തുക, ബോര്‍ഡില്‍ നിന്നും നല്‍കുന്ന തുക, ലേബര്‍ കമ്മീഷണറില്‍ നിന്നും ആവശ്യപ്പെടുന്ന തുക, അനുവദിച്ച തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എല്ലാ ജില്ലാ ആഫീസുകളിലും ഒരു രജിസ്റര്‍ സൂക്ഷിക്കണം. പദ്ധതി നടത്തിപ്പിന്റെ നിയന്ത്രണാധികാരിയായ ലേബര്‍ കമ്മീഷണര്‍, ഓരോ വര്‍ഷവും പദ്ധതി നടത്തിപ്പിനായി ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുള്ള ഫണ്ട്, മേല്‍ ആവശ്യാര്‍ത്ഥം വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ടതാണ്. സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം തുക ബഡ്ജറ്റ് ശീര്‍ഷകത്തില്‍ നിന്ന് പിന്‍വലിച്ച് ലേബര്‍ കമ്മീഷണറുടെ പേരില്‍ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിലനിര്‍ത്തിയിട്ടുള്ള പി.ഡി. അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ലേബര്‍ കമ്മീഷണര്‍ ആവശ്യാനുസരണം തുക വിനിയോഗിക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു

No comments:

Get Blogger Falling Objects