Sunday, July 29, 2012

875.പരാതി പരിഹാരത്തിന് സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കുന്നു





പൊതുജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് വിവരസാങ്കേതിക വിദ്യയുടെ അനന്തസാദ്ധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കുന്നതിനായി സിറ്റിസണ്‍ ഹെല്‍പ്പു ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2010-2011 സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ക്ക് പോലീസ് സ്റേഷനുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് ഈ സംരംഭത്തിന്റെ സവിശേഷത. കേരള സംസ്ഥാന ഐ.ടി.മിഷനാണ് ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തിട്ടുളളത്. ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് ഏത് പോലീസ് ഓഫീസുകളിലേക്കുളള പരാതിയും സംസ്ഥാനത്തെ ഏത് പോലീസ് സ്റേഷനിലും സമര്‍പ്പിക്കാവുന്നതാണ്. പരാതകള്‍ക്ക് രസീത് നല്‍കല്‍, പരാതി മറ്റ് ഓഫീസുകളിലേക്ക് അയയ്ക്കല്‍ എന്നിവ ഇതിലൂടെ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. തങ്ങള്‍ നല്‍കിയ പരാതിയുടെ അന്വേഷണ പുരോഗതി രസീത് നമ്പര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോലിസ് സ്റ്റേഷനില്‍നിന്നുമോ, ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്ന ടച്ച് സ്ക്രീന്‍ കിയോസ്ക്കളില്‍ നിന്നോ പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും. പോലീസ് സ്റേഷനുകളില്‍ നിന്ന് ഉയര്‍ന്ന ഓഫീസുകളിലേക്കുളള കത്തുകള്‍, പോലീസ് സ്റേഷനിലെ ഉദ്യോഗസ്ഥര്‍, മേലുദ്യോഗസ്ഥര്‍ക്ക് അയയ്ക്കുന്ന അപേക്ഷകള്‍ എന്നിവയും ഈ സംവിധാനത്തിലൂടെ ഓണ്‍ലൈനായി അയയ്ക്കാവുന്നതാണ്. ഇതോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുളള ജില്ലാതല പരിശീലന പരിപാടികള്‍ നടന്നുവരുന്നു. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുളള ജില്ലകളിലെ പരിശീലനം പൂര്‍ത്തിയായി. മറ്റു ജില്ലകളിലെ പരിശീലന പരിപാടികള്‍ താഴെപ്പറയുംപ്രകാരമാണ് നടത്തുന്നത്. ആഗസ്റ് രണ്ട് - പാലക്കാട്, മൂന്ന്- തൃശ്ശൂര്‍, ആറ്- എറണാകുളം റൂറല്‍, ഏഴ്- കൊച്ചി സിറ്റി, എട്ട്- ആലപ്പുഴ, ഒന്‍പത്- കോട്ടയം, 11 - ഇടുക്കി, 13- പത്തനംതിട്ട, 14- കൊല്ലം, 16- തിരുവനന്തപുരം റൂറല്‍, 17- തിരുവനന്തപുരം സിറ്റി. പരിശീലന പരിപാടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെമ്പാടും ഈ സംവിധാനം നിലവില്‍ വരും.

No comments:

Get Blogger Falling Objects