Monday, October 08, 2012

906.സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍:





പുസ്തകസഞ്ചിയുടെ ഭാരത്തില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പദ്ധതി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ത്രിതല പഞ്ചായത്തുകളും പി.ടി.എകളുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച ടെക് വിദ്യ @ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കാനായാല്‍ പാഠഭാഗങ്ങള്‍ അതില്‍ പകര്‍ത്താന്‍ കഴിയും. സ്‌കൂള്‍ സമയത്തിന് ശേഷം അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പ്രയോജനപ്പെടുത്താനാകും. വിപ്ലവകരമായ മാറ്റമാണ് വിദ്യാഭ്യാസരംഗത്ത് ഇതിലൂടെ സംജാതമാകുക. ഈ പദ്ധതി നടപ്പാക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ ഏജന്‍സികളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ആറായിരം മുതല്‍ പതിനായിരം രൂപ വരെ വില വരുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് മാത്രമായി നടപ്പാക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ത്രിതല പഞ്ചായത്തുകളുടെയും പി.ടി.എ.കളുടെയും സഹായം തേടുന്നത് - മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു ക്ലാസ് മുറിയെങ്കിലും സ്മാര്‍ട്ട് ക്ലാസ് റൂമാക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. പടിപടിയായി മുഴുവന്‍ ക്ലാസ് മുറികളെയും ഈ നിലവാരത്തിലേക്കുയര്‍ത്തും. കമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും വിജ്ഞാനസമ്പാദനത്തിനുള്ള പുതിയ ഉപാധികളെന്ന നിലയില്‍ പൂര്‍ണപ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകണം. പുസ്തകരഹിതമായ ക്ലാസ്മുറികള്‍ എന്ന നിലയിലേക്കാണ് വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വികസിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ വേഗത്തില്‍ സ്വായത്തമാക്കുന്നതില്‍ കുട്ടികള്‍ ഏറെ മുന്നിലാണെന്ന് സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണം നിര്‍വഹിച്ച സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഈ സാങ്കേതികമുന്നേറ്റത്തിന്റെ ദുരുപയോഗം തടയുകയാണ് അധ്യാപകരും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളി. വിജ്ഞാനസമ്പാദനത്തിന് ഗുണകരമായ രീതിയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധവല്‍ക്കരണം സ്‌കൂളുകളില്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്തിന്റെ വിദ്യാഭ്യാസ വെബ്‌സൈറ്റ് ഉദ്ഘാടനം ബെന്നി ബഹന്നാന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളുകള്‍ക്കുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റം സി.ഡികളുടെ വിതരണവും നടന്നു. എറണാകുളം ജില്ല പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌ക്കൂളുകളില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിനാണ് ടെക് വിദ്യ @ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. 1,10,14,443 രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്തിന് കീഴിലുള്ള 53 സ്‌കൂളുകളിലേക്കായി 140 ഡെസ്‌ക് ടോപ്പുകള്‍, 221 ലാപ്‌ടോപ്പുകള്‍, 91 മള്‍ട്ടി മീഡിയ പ്രൊജക്ടറുകള്‍, 52 മള്‍ട്ടി ഫങ്ഷണല്‍ മോണോ ലേസര്‍ പ്രിന്ററുകള്‍ എന്നിവയാണ് ലഭ്യമാക്കുന്നത്. അഞ്ചു വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ ജില്ല പഞ്ചായത്തിന് കീഴിലുള്ള 53 സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ പ്രൊജക്ടര്‍, ഓഡിയോ സംവിധാനം, ഇന്റര്‍നെറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്‌ടേഴ്‌സ്, ജനറേറ്റര്‍ എന്നിവ ലഭ്യമാകും. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഉപയോഗപ്പെടുത്താനാകുന്ന ഡിജിറ്റല്‍ പഠനോപാധികള്‍, റഫറന്‍സ് സി.ഡികള്‍ എന്നിവയും ക്ലാസ് മുറികളുടെ ഭാഗമാകും. അടുത്ത അധ്യയന വര്‍ഷം എട്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇ ടെക്സ്റ്റ് ബുക്കുകള്‍ ഇ ബുക്ക് റീഡറില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയും ജില്ല പഞ്ചായത്തിന്റെ പരിഗണനയിലുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ. സോമന്‍, ബാബു ജോസഫ്, സാജിത സിദ്ദിഖ്, ഐ.ടി @ സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ലീനസ്, എം.ജെ. ടോമി, പി.എ. ഷാജഹാന്‍, എം.ബി സ്യമന്തഭദ്രന്‍, അനുമോള്‍ അയ്യപ്പന്‍, ചിന്നമ്മ വര്‍ഗീസ്, ജെസി സാജു, ഹയര്‍ സെക്കണ്ടറി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ സെബന്നിസ ബീവി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസി. ഡയറക്ടര്‍ ലിജി ജോസഫ്, കുറുപ്പംപടി ഡയറ്റ് പ്രിന്‍സിപ്പല്‍ വി. മുരളീധരന്‍, എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫീസര്‍ എം.കെ. ഷൈന്‍മോന്‍, ജോസഫ് ആന്റണി, ജില്ല പഞ്ചായത്ത് സെക്രട്ടറി എം.എസ്. അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസത്തില്‍ വിവരസാങ്കേതികവിദ്യയുടെ പങ്ക് എന്ന വിഷയത്തില്‍ വി.കെ. ആദര്‍ശ് പ്രഭാഷണം നടത്തി.

No comments:

Get Blogger Falling Objects