Monday, October 08, 2012

907.ടെറ്റി'ലെ കൂട്ടത്തോൽവി

അദ്ധ്യാപകരാകാൻ മുൻപ് നിർദ്ദിഷ്​ട കോഴ്സുകൾ പാസ്സായാൽ മതിയായിരുന്നു. ടി.ടി.സിക്കാർക്ക് എൽ.പിയിലും യു.പിയിലും പഠിപ്പിക്കാം. ബിരുദവും ബി.എഡുമുണ്ടെങ്കിൽ ഹൈസ്കൂൾ അദ്ധ്യാപകരാകാനുള്ള യോഗ്യതയായി. കോളേജ് അദ്ധ്യാപകർക്ക് ബിരുദാനന്തര ബിരുദം മാത്രം മതിയായിരുന്ന കാലവും ഉണ്ടായിരുന്നു. ഇന്നിപ്പോൾ സ്ഥിതി ആകെ മാറി. ബിരുദ- ബിരുദാനന്തര പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയാലും അദ്ധ്യാപകരാകാൻ യോഗ്യതാപരീക്ഷ എന്ന കടമ്പകൂടി കടക്കണം. ഹയർ സെക്കൻഡറിക്ക് 'സെറ്റും' കോളേജുകളിൽ 'നെറ്റും' ഉണ്ടെങ്കിലേ അദ്ധ്യാപകരാകാൻ കഴിയൂ. വിദ്യാഭ്യാസാവകാശ നിയമം പ്രാബല്യത്തിൽ വന്നതോടെ സ്കൂൾ അദ്ധ്യാപകരും യോഗ്യതാപരീക്ഷ പാസാകണമെന്ന നിബന്ധന വന്നിരിക്കുകയാണ്. സംഘടനാ ബലമുള്ളതുകൊണ്ട് ഇപ്പോൾ സർവീസിലുള്ള അദ്ധ്യാപകർ ഇതിൽനിന്ന് ഒഴിവായിട്ടുണ്ട്. എന്നാൽ പുതുതായി ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ അദ്ധ്യാപക യോഗ്യതാപരീക്ഷ (ടെറ്റ്) പാസാകേണ്ടതുണ്ട്. ടി.ടി.സിയായാലും ബി.എഡ് ആയാലും വിജയകരമായി പൂർത്തിയാക്കുന്നവർക്കു മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഒരു അദ്ധ്യാപകനെ വാർത്തെടുക്കാൻ ആവശ്യമായ പരിശീലനം ഈ കോഴ്സിനിടയിൽത്തന്നെ നൽകുന്നുണ്ട്. ഇങ്ങനെ പാസ്സായി വന്നവരാണല്ലോ ഇപ്പോൾ സ്കൂളുകളിൽ അദ്ധ്യാപകരായിരിക്കുന്നത്. നിശ്ചിത കോഴ്സുകൾ പാസ്സായാലും രണ്ടോ മൂന്നോ മണിക്കൂർ മാത്രം നീളുന്ന ഒരു യോഗ്യതാപരീക്ഷ കൂടി പാസ്സായാലേ അദ്ധ്യാപകരാകാൻ പറ്റൂ എന്നു പറയുന്നതു തന്നെ അധികപ്രസംഗമാണ്. പക്ഷേ നിയമംകൊണ്ടുവരുന്നവർ ഇതൊന്നും നോക്കാറില്ല. വിദ്യാഭ്യാസ മേഖലയാണല്ലോ രാജ്യത്ത് ഇന്ന് ഏറ്റവുമധികം തുഗ്ളക്ക് പരിഷ്​കാരങ്ങൾക്ക് വിധേയമാകുന്നത്.
സംസ്ഥാനത്ത് ആദ്യമായി നടത്തിയ അദ്ധ്യാപക യോഗ്യതാ പരീക്ഷാഫലം പുറത്തുവന്നിട്ടുണ്ട്. ഒന്നരലക്ഷത്തിലധികം പേർ എഴുതിയതിൽ എണ്ണായിരം പേർ മാത്രമാണ് വിജയികളായത്.

എൽ.പി വിഭാഗത്തിൽ പരീക്ഷ എഴുതിയ 41610 പേരിൽ 3946 പേർ വിജയിച്ചപ്പോൾ യു.പി വിഭാഗത്തിൽ 2447 പേർക്കേ ഭാഗ്യമുണ്ടായുള്ളൂ. 58375 പേരാണ് ഈ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 50662 പേർ പരീക്ഷ എഴുതിയെങ്കിലും 1607 പേരെയാണ് വിജയം കടാക്ഷിച്ചത്. ശതമാനക്കണക്കു നോക്കിയാൽ ഒരു വിഭാഗത്തിലും വിജയം രണ്ടക്കത്തിലെത്തിയിട്ടില്ലെന്നു കാണാം. ഏറ്റവും മോശം പ്രകടനം ഹൈസ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയവരിൽ നിന്നാണുണ്ടായത്. വെറും 3.17 ശതമാനമാണ് ഈ വിഭാഗത്തിലെ വിജയശതമാനം. 'ടെറ്റ്' പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പരീക്ഷയ്​ക്കു മുമ്പേ ഉയർന്നിരുന്ന ആശങ്കയും ഭീതിയും എത്രമാത്രം അടിസ്ഥാനമുള്ളതായിരുന്നു എന്നാണ് പരീക്ഷയിലെ അതിഭീമമായ ഈ കൂട്ടത്തോൽവി വിളിച്ചുപറയുന്നത്. പരീക്ഷയുടെ പിഴവോ പരീക്ഷ എഴുതിയവരുടെ കഴിവുകേടോ എന്താണ് യാഥാർത്ഥ്യമെന്നറിയാൻ കഴിയുന്നില്ല. ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുവേണ്ടി ആദ്യമായി 'സെറ്റ്' ഏർപ്പെടുത്തിയപ്പോഴും ഇതേമട്ടിൽ കൂട്ടത്തോൽവിയാണുണ്ടായത്. പരീക്ഷാ നടത്തിപ്പിലെ വൈകല്യമാണ് ഉദ്യോഗാർത്ഥികളുടെ ഭാവി തുലച്ചതെന്ന് കണ്ടെത്താൻ സമയമെടുത്തു. പരീക്ഷാ നടത്തിപ്പു ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച് ചുമതലപ്പെട്ടവർ കൈകഴുകുകയാണ് ഇപ്പോഴും. 'ടെറ്റി'ന്റെ കൂട്ടത്തോൽവിയും വിളിച്ചുപറയുന്നത് അതുതന്നെ. 'ടെറ്റ്' എഴുതിയവരുടെ നിലവാരത്തകർച്ചയായി പരീക്ഷാഫലത്തെ കാണേണ്ടതില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പറയുന്നത്. പരീക്ഷാർത്ഥികൾക്ക് തയ്യാറെടുപ്പിനുവേണ്ടത്ര സമയം കിട്ടിയില്ലെന്നതുൾപ്പെടെ നിരവധി ഘടകങ്ങൾ പരീക്ഷാഫലം താഴാനിടയാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ നിഗമനം. മൂന്നുമാസത്തിനുശേഷം നടക്കുന്ന പരീക്ഷയിൽ സ്ഥിതി മാറുമെന്നും അദ്ദേഹം ആശ്വാസം കൊള്ളുന്നു. എന്നാൽ തീർത്തും വികലമായ രീതിയിൽ നടന്ന പരീക്ഷ ഇത്രയധികം പേരെ കണ്ണീരു കുടിപ്പിച്ചതിന്റെ പാപഭാരത്തിൽ നിന്ന് മന്ത്രിക്ക് എങ്ങനെ ഒഴിയാൻ കഴിയും? പുതുതായി കൊണ്ടുവന്ന ഒരു പരിഷ്​കാരം തുടക്കത്തിലേ ആക്ഷേപമില്ലാത്തവിധം നടത്താനുള്ള ബാദ്ധ്യത വിദ്യാഭ്യാസവകുപ്പിനില്ലേ? സാവകാശം നൽകി വേണ്ടത്ര തയ്യാറെടുപ്പോടെ പരീക്ഷ നടത്താൻ എന്തായിരുന്നു തടസ്സം?

സംസ്ഥാനത്ത് എസ്.എസ്.എൽ.സി മുതൽ മുകളിലേക്ക് സകല പരീക്ഷകളിലും വിജയശതമാനം കുതിച്ചുയരുകയാണ്. ആ നിലയ്​ക്ക് അതിന്റെ പ്രതിഫലനം യോഗ്യതാ നിർണയ പരീക്ഷകളിലും കുറഞ്ഞതോതിലെങ്കിലും കാണേണ്ടതാണ്. എന്നാൽ 'സെറ്റാ'യാലും 'ടെറ്റാ'യാലും വിജയശതമാനം പാതാളത്തോളം താഴുന്നതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. സ്കൂൾ - കോളേജ് പഠന നിലവാരം അമ്പേ മോശമെന്നു തന്നെയല്ലേ അനുമാനിക്കേണ്ടത്? ഭാവിയിൽ അദ്ധ്യാപകരാകാൻ തയ്യാറെടുത്തു നിൽക്കുന്നവരുടെ പരീക്ഷാ മിടുക്ക് ഇതാണെങ്കിൽ കുട്ടികളുടെ ഭാവി ഓർത്ത് ആശങ്കപ്പെടാൻ മാത്രമേ കഴിയൂ.
യോഗ്യതാ പരീക്ഷയും ടെറ്റുമൊക്കെ പാസ്സായാലും സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരാകണമെങ്കിൽ പി.എസ്.സി നടത്തുന്ന മത്സര പരീക്ഷയും കടന്നുകിട്ടണം. ടെറ്റും കൈനിറയെ പണവുമായിരിക്കും എയ്ഡഡ് സ്കൂൾ അദ്ധ്യാപകരാകാൻ വേണ്ട യോഗ്യതകൾ.
ദേശീയ തലത്തിൽ നടക്കാറുള്ള അദ്ധ്യാപക യോഗ്യതാ പരീക്ഷകളുടെ വിജയ ശതമാനവും പലപ്പോഴും രണ്ടക്കത്തിലെത്താറില്ലെന്നത് വസ്​തുതയാണ്. പരീക്ഷ കഴിയുന്നത്ര കഠിനമാക്കി ഏറ്റവും മികച്ച നിലവാരമുള്ളവരെ മാത്രം അദ്ധ്യാപന രംഗത്തേക്ക് കടത്തിവിടാനുള്ള ശ്രമമായും ഇതു വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇവിടെ പക്ഷേ 'ടെറ്റ്' നടത്തിപ്പിൽ വന്ന വീഴ്ച തന്നെയാണ് ഒന്നരലക്ഷത്തോളം 'അഭ്യസ്ഥവിദ്യർ'ക്ക് വിനയായത്.

keralala Koumudi News

No comments:

Get Blogger Falling Objects