Friday, June 14, 2013

1020.പോലീസ് പരാതിപ്പെട്ടി വരുന്നു സ്റ്റേഷനില്‍പോകാതെ പരാതി നല്‍കാം


maathrubhumi varthtra
കാസര്‍കോട്: ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കാന്‍ തീരുമാനം. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ് പുതിയ സംവിധാനം. പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാനുള്ള രീതിയാണ് ഇതോടെ പ്രവാര്‍ത്തികമാകുന്നത്. സ്‌കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുക. ഇത്തരം പരാതികളില്‍ സ്വന്തം പേരോ മേല്‍വിലാസമോ നിര്‍ബന്ധമല്ല.

സ്‌കൂളുകളില്‍നിന്നോ വീടുകളില്‍നിന്നോ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ വിഷമതകള്‍, രഹസ്യസ്വഭാവമുള്ളതും നേരിട്ട് പറയാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ എഴുതി പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നടപടിയെടുക്കുകയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. പലപ്പോഴും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ നാളുകള്‍ക്കുശേഷം കൗണ്‍സലിങ്ങിലൂടെയും മറ്റുമാണ് അറിയാന്‍ സാധിക്കുന്നത്.

സമൂഹത്തില്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ സ്ത്രീകള്‍ക്കും പരാതി നല്‍കാം എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുറ്റകൃത്യങ്ങളെക്കുറിച്ച് നേരിട്ട് പരാതിപ്പെട്ടാല്‍ മറ്റുള്ളവര്‍ അറിയുമെന്ന ഭയമുള്ളവര്‍ക്കും അത്തരം പരാതികള്‍ ഇതില്‍ നിക്ഷേപിക്കാം. കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളനോട്ട് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ഇതിലൂടെ കൂടുതല്‍ എളുപ്പത്തില്‍ പോലീസിനറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി അറിയുക എന്നതും ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും സ്ഥാപിക്കുന്ന പരാതിപ്പെട്ടികള്‍ പ്രധാന അധ്യാപകന്റെയും പോലീസിന്റെയും സാന്നിധ്യത്തിലായിരിക്കും തുറക്കുക. ജില്ലാ പോലീസ് മേധാവി ഇവ നേരിട്ട് പരിശോധിക്കുകയും അവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. മേല്‍വിലാസം നിര്‍ബന്ധമല്ലാത്തതിനാല്‍ ഈ സംവിധാനത്തെയായിരിക്കും ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുക എന്നാണ് പോലീസ്‌വകുപ്പ് കരുതുന്നത്. ജില്ലയിലെ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്.

No comments:

Get Blogger Falling Objects