Friday, June 14, 2013

1019. സ്കൂളുകളില്‍ 1.34 ലക്ഷം കുട്ടികളുടെ കുറവ്

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1,34,673 കുട്ടികളുടെ കുറവ്. ആറാം പ്രവൃത്തിദിനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കെടുപ്പിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണിതു വ്യക്തമായത്. 

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ആകെ 38,51,115 വിദ്യാര്‍ഥികളാണ് പഠിക്കുന്നതെന്നാണ് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം ലഭിച്ച കണക്കുകള്‍. ഇതില്‍ 12,00,594 കുട്ടികള്‍ സര്‍ക്കാര്‍ മേഖലയിലും 23, 16,485 കുട്ടികള്‍ എയ്ഡഡ് മേഖലയിലും 3,64,528 കുട്ടികള്‍ അണ്‍ എയ്ഡഡ് മേഖലയിലുമാണ് പഠിക്കുന്നത്. കഴിഞ്ഞവര്‍ഷം 39,85,788 കുട്ടികളാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയംഎയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി.

സര്‍ക്കാര്‍ മേഖലയില്‍ 30,092 വിദ്യാര്‍ഥികളുടെ കുറവുണ്ടായപ്പോള്‍ എയ്ഡഡ് മേഖലയില്‍ 94,236 കുട്ടികളുടെയും അണ്‍ എയ്ഡഡ് മേഖലയില്‍ 10,347 കുട്ടികളുടെയും കുറവുണ്ടായി. ഈ അധ്യയനവര്‍ഷം മൂന്നരലക്ഷം കുട്ടികളാണ് ഒന്നാംക്ലാസില്‍ പുതുതായി പ്രവേശനം നേടിയത്. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഈ ക്ലാസുകളില്‍ 52,600 കുട്ടികളുടെ വര്‍ധനവുണ്ടായതായാണ് കണക്ക്. 

നാലര ലക്ഷം വിദ്യാര്‍ഥികള്‍ പത്താംക്ലാസ് പാസായ സാഹചര്യത്തില്‍ മൂന്നരലക്ഷം കുട്ടികളാണ് ഒന്നാംക്ലാസ് പ്രവേശനം നേടിയതെന്നും ജനനനിരക്കിലുണ്ടായ കുറവാണിതിനു കാരണമെന്നും വിദ്യാഭ്യാസവകുപ്പ്. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായാണ് റിപോര്‍ട്ടുകള്‍. 



valkkashanam

ജനസംഖ്യ വളര്‍ച്ചനിരക്ക് കുറയുന്നു; കുട്ടികളുടെ എണ്ണത്തില്‍ കുറവ്  ‌Published on  11 May 2013 Mathrubhumi

തൃശ്ശൂര്‍: കേരളത്തിലെ ജനസംഖ്യ വളര്‍ച്ചനിരക്ക് കുറയുന്നു. രണ്ടു ജില്ലകളിലും നാലുജില്ലകളില്‍ പെടുന്ന 12 താലൂക്കുകളിലും ജനസംഖ്യതന്നെ കുറഞ്ഞു. ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തിലും കുറവുള്ളതായി 2011 സെന്‍സസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തില്‍ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. സാക്ഷരത വര്‍ദ്ധിച്ചു. കുടുംബങ്ങളുടെ വലിപ്പം കുറഞ്ഞു. സ്ത്രീപുരുഷാനുപാതത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.

ജനസംഖ്യാ വര്‍ദ്ധന രൂക്ഷമായ സമയത്ത് കുട്ടികളുടെ എണ്ണം കുറയുന്നതിനെ ശുഭസൂചകമായാണ് അധികൃതര്‍ കാണുന്നത്.ജനന നിയന്ത്രണത്തിനുവേണ്ടിയുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഫലം കണ്ടുതുടങ്ങിയതായി അധികൃതര്‍ വിലയിരുത്തുന്നു. അതേസമയം കര്‍ഷകരുടെ കുറവ് കൃഷിഭൂമി കുറയുന്നതിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു.

2011 ലെ സെന്‍സസ് അനുസരിച്ച് 3,3406061 പേരാണ് കേരളത്തിലുള്ളത്. 17378649 സ്ത്രീകളും 16027412പേര്‍ പുരുഷമാരും. ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ജില്ല മലപ്പുറമാണ്. അവസാന സ്ഥാനം വയനാട്ടിനും. ജനസാന്ദ്രത ഏറ്റവും കൂടിയത് തിരുവനന്തപുരത്തും ഏറ്റവും കുറഞ്ഞത് ഇടുക്കിയുമാണ്.

2001മുതല്‍ 2011 വരെയുള്ള കാലയളവില്‍ 4.91 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുമ്പത്തെ പത്തുവര്‍ഷത്തെക്കാള്‍ വളരെ കുറവാണിത്. 1991-2001 കാലയളവില്‍ 9.43 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് ജനസംഖ്യയില്‍ കുറവു രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം, ഉടുമ്പന്‍ചോല, കാര്‍ത്തികപ്പള്ളി, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, ചെങ്ങാനൂര്‍, ദേവികുളം, റാന്നി, തിരുവല്ല, കുട്ടനാട്, പീരുമേട് എന്നീതാലൂക്കുകളിലാണ് ജനസംഖ്യ കുറവ് രേഖപ്പെടുത്തിയത്. ആറു വയസ്സിനു താഴെയുള്ള 3472955 കുട്ടികളാണ് കേരളത്തിലുള്ളത്. 2001ല്‍ ഇത് 3793146 ആയിരുന്നു. കുട്ടികളുടെ എണ്ണത്തില്‍ വളര്‍ച്ചനിരക്ക് -8.44 ശതമാനമാണ്. കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നതു മലപ്പുറത്തുമാത്രമാണ്.

1.2 ശതമാനം കുറവാണ് കര്‍ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ എണ്ണം 4.4 ശതമാനവും കുറഞ്ഞു. 2001ല്‍ ജനസംഖ്യയുടെ ഏഴുശതമാനം കര്‍ഷകരായിരുന്നു. 2011ല്‍ ഇത് 5.8 ശതമാനമായി. കര്‍ഷക തൊഴിലാളികളുടെ എണ്ണം 15.8 ശതമാനത്തില്‍നിന്നും 11.4 ശതമാനമായി കുറഞ്ഞു. മറ്റു ജോലികള്‍ ചെയ്യുന്നവരില്‍ 6.9 ശതമാനം വര്‍ദ്ധനയുണ്ടാകുകയുംചെയ്തു. 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകള്‍ എന്നതായിരുന്നു 2001ലെ സ്ത്രീ പുരുഷ അനുപാതം. ഇത്തവണ അതു 1084 ആയി വര്‍ദ്ധിച്ചു.

പത്രസമ്മേളനത്തില്‍ ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ് കേരള ഡയറക്ടര്‍ ഡോ. വി.എം. ഗോപാലമേനോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. ജോയ്, ജോയിന്‍റ് ഡയറക്ടര്‍മാരായ രവിചന്ദ്രന്‍, എ.എന്‍. രാജു, എം. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

കര്‍ഷകര്‍ കുറഞ്ഞു, നഗരവാസികള്‍ കൂടി



തൃശ്ശൂര്‍: 2011 സെന്‍സസ് പ്രകാരം കേരളത്തില്‍ 362 പുതിയ നഗരങ്ങളാണുണ്ടായത്. കഴിഞ്ഞ സെന്‍സസില്‍ ഇത് 99 എണ്ണം മാത്രമായിരുന്നു. നഗരങ്ങളുടെ വര്‍ദ്ധന കൃഷിയെയും ബാധിച്ചതായി സെന്‍സസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും എണ്ണത്തില്‍ കുറവുണ്ടാകുകയും ചെയ്തു. 6,70,253 കര്‍ഷകരാണ് കേരളത്തിലുള്ളത്. 13,22,850 കര്‍ഷക തൊഴിലാളികളുമുണ്ടിവിടെ. 5000 പേര്‍ താമസിക്കുകയും ഒരു കിലോമീറ്ററില്‍ 400 എന്ന കണക്കില്‍ ജനസാന്ദ്രത രേഖപ്പെടുത്തുകയും 75 ശതമാനത്തിലധികം പേരും കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോഴാണ് നഗരമായി പരിഗണിക്കുന്നത്. ആകെ ജനസംഖ്യയുടെ 47.7 ശതമാനം പേര്‍ നഗരവാസികളാണ്.

ജനസംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് 41,12,920 പേരും ഏറ്റവും കുറഞ്ഞ വയനാട്ടില്‍ 8,17,420 പേരും താമസിക്കുന്നു. ഏറ്റവും കൂടിയ ജനസംഖ്യാനിരക്ക് (13.45%) മലപ്പുറത്താണ്. ഏറ്റവും കുറവ് പത്തനംതിട്ടയില്‍ (2.97). കഴിഞ്ഞ സെന്‍സസിനെയപേക്ഷിച്ച് കുടുംബങ്ങളുടെ വലിപ്പത്തിലും കുറവുവന്നു. 4.3 അംഗങ്ങളാണ് ഇപ്പോഴത്തെ ശരാശരി. ഒരു കുടുംബത്തില്‍ ശരാശരി 5.2 അംഗങ്ങളുള്ള മലപ്പുറം ഒന്നാംസ്ഥാനത്തും 3.7 പേരുള്ള പത്തനംതിട്ട ഏറ്റവും അവസാനവും നിലകൊള്ളുന്നു. ജോലിക്കുവേണ്ടിയുള്ള കുടിയേറ്റങ്ങള്‍ പലയിടത്തെയും കുടുംബങ്ങളുടെ വലിപ്പം കുറയാന്‍കാരണമായി.

ജനസാന്ദ്രത ഏറ്റവും കൂടിയ തിരുവനന്തപുരത്ത് ചതുരശ്ര കിലോമീറ്ററില്‍ 1508 പേര്‍ താമസിക്കുന്നു. ഏറ്റവും കുറഞ്ഞ ഇടുക്കിയിലിത് 225 പേരാണ്. നഗരജനസംഖ്യ ഏറ്റവും കൂടിയ എറണാകുളം ജില്ലയില്‍ 68.07 ശതമാനം പേര്‍ നഗരവാസികളാണ്. ഏറ്റവും കുറഞ്ഞ വയനാട്ടില്‍ 3.86 ശതമാനം പേര്‍ മാത്രമാണ് നഗരവാസികളായുള്ളത്. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ കണ്ണൂരില്‍ 1000 പുരുഷന്‍മാര്‍ക്ക് 1136 സ്ത്രീകള്‍ എന്നതാണ് കണക്ക്. ഏറ്റവും കുറഞ്ഞ ഇടുക്കിയില്‍ ഇത് 1006 സ്ത്രീകളുമാണ്. എല്ലാ ജില്ലകളിലും സ്ത്രീകളാണ് കൂടുതല്‍.

ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത് മലപ്പുറത്തു മാത്രമാണ്. കുട്ടികളിലെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് തൃശ്ശൂരിലുമാണ്.

94 ശതമാനമാണ് ഇപ്പോഴത്തെ കേരളത്തിലെ സാക്ഷരതാ നിരക്ക്. 97.21 ശതമാനം സാക്ഷരത നേടി കോട്ടയം മുന്നിട്ടുനില്‍ക്കുന്നു. 89.03 ശതമാനം സാക്ഷരതയുള്ള വയനാടാണ് ഏറ്റവും പിറകില്‍. കേരളത്തിലെ സ്ത്രീ സാക്ഷരതാനിരക്ക് 92.07 ശതമാനമാണ്. കോട്ടയം ഇതില്‍ ഒന്നാംസ്ഥാനത്തും വയനാട് അവസാനസ്ഥാനത്തുമാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ 18.23 ശതമാനമാണെന്നാണ് കണക്ക്. ഇടുക്കി ജില്ല ഇതില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ മലപ്പുറമാണ് അവസാന സ്ഥാനത്ത്. കേരളത്തില്‍ ആകെ 30,39,573 പട്ടികജാതി വിഭാഗക്കാരും, 4,84,839 പട്ടികവര്‍ഗ്ഗ വിഭാഗക്കാരുമുള്ളതായി സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന കോര്‍പ്പറേഷന്‍ തിരുവനന്തപുരമാണ്. ഏറ്റവും കുറവ് തൃശ്ശൂരിലും. സാക്ഷരത ഏറ്റവും കൂടുതലുള്ള കോര്‍പ്പറേഷന്‍ കൊല്ലവും ഏറ്റവും കുറവുള്ളത് കൊച്ചിയുമാണ്. സ്ത്രീ-പുരുഷ അനുപാതം കൂടിയത് കോഴിക്കോട്ടും കുറഞ്ഞത് കൊച്ചിയിലുമാണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ആലപ്പുഴയിലാണ്. ഏറ്റവും കുറവ് ഗുരുവായൂരും. സാക്ഷരതാനിരക്ക് ഏറ്റവും കൂടിയ മുനിസിപ്പാലിറ്റി ആലുവയാണ്. ഏറ്റവും കുറവുള്ളത് ചിറ്റൂര്‍ തത്തമംഗലത്തും. സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയത് പറവൂര്‍ മുനിസിപ്പാലിറ്റിയിലാണ്. ഏറ്റവും കുറഞ്ഞത് കളമശ്ശേരിയിലും. കുട്ടികളുടെ എണ്ണം ഏറ്റവും കൂടിയത് ആലപ്പുഴ മുനിസിപ്പാലിറ്റിയിലും കുറഞ്ഞത് പാലായിലുമാണ്.

No comments:

Get Blogger Falling Objects