Monday, August 04, 2014

1052.കുട്ടികളെ തല്ലുന്നത് ശിക്ഷാര്‍ഹം: അഞ്ച് വര്‍ഷം വരെ ജയില്‍വാസം

Mathrubhumi News

ചൂരല്‍പ്രയോഗം നടത്തി കുട്ടിയെ നന്നാക്കാമെന്ന ചിന്ത ഉപേക്ഷിച്ചേക്കൂ. കുട്ടിയെ തല്ലി നന്നാക്കാന്‍ പോയാല്‍ ഇനി ശിക്ഷിക്കപ്പെടുക കുട്ടിയായിരിക്കില്ല തല്ലുന്നവര്‍ക്കായിരിക്കും. ഒന്നും രണ്ടുമല്ല അഞ്ച് വര്‍ഷം വരെ ജയില്‍വാസം കിട്ടാം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും ശാരീരികമായി പീഡിപ്പിക്കുന്നതിനും ശിക്ഷ അഞ്ച് വര്‍ഷം വരെയാകും.

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പുതിയ ബാലനീതി ശിശുസംരക്ഷണ ബില്ലിലാണ് കുട്ടിയെ തല്ലിയാല്‍ മാതാപിതാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പാണ് 2000 ത്തിലെ ബാലനീതി നിയമം പൊളിച്ചെഴുതി പുതിയ ബില്ലിന്റെ കരട് തയാറാക്കിയിരിക്കുന്നത്. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷട്ര നിയമങ്ങളുടെയും തത്വസംഹിതകളുടെയും അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.

കലാലയങ്ങളിലെത്തുന്ന പുതുമുഖങ്ങളെ റാഗ് ചെയ്ത് ആസ്വദിക്കുന്നവര്‍ക്കും പുതിയ ബില്ലില്‍ മൂന്നു വര്‍ഷം വരെ ശിക്ഷയുണ്ട്. റാഗിങ് കേസില്‍ കുറ്റക്കാരായി കണ്ടെത്തുന്നവരെ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്നത് നിര്‍ബന്ധമാക്കി. റാഗ് ചെയ്യുന്ന കുട്ടികള്‍ മാത്രമല്ല മാനേജ്‌മെന്റും സമാധാനം പറയേണ്ടിവരും.

ബില്ലിന്റെ കരട് വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനയ്ക്കായി കൈമാറി. വൈകാതെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കുട്ടിയെ തല്ലുകയോ അധിക്ഷേപിക്കുകയോ ചെയ്‌തെന്ന് ജുവനൈല്‍ കോടതി കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലാവധി മൂന്നു വര്‍ഷം വരെയാകും. ശാരീരിക പീഡനം കുട്ടിക്ക് കടുത്ത മാനസിക സംഘര്‍മുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു വര്‍ഷം കഠിനം തടവും 50,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം തടവും പിഴ ഒരു ലക്ഷവുമായി ഉയരും. ഭിന്നശേഷിയുള്ള കുട്ടിക്ക് നേരെയാണ് പീഡനമെങ്കില്‍ ശിക്ഷ ഇരട്ടിയാണ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പസാക്കിയാല്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് വിലക്കിയിട്ടുള്ള 40 ഓളം രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേരും.

റാഗിങ് കേസുകളില്‍ അന്വേഷണവുമായി സ്ഥാപനം സഹകരിക്കാതിരിക്കുകയോ അധികാരികളുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ ചുമതലവഹിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് മൂന്നു വര്‍ഷമാണ് ശിക്ഷ. കൂടാതെ ഒരു ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും.

നിയമവിരുദ്ധമായി കുട്ടിയെ ദത്ത് എടുക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഏഴ് വര്‍ഷം വരെ ജയില്‍ശിക്ഷയ്ക്ക് കാരണമാകാം.

കുട്ടികളെ വില്‍ക്കുക, കാരിയര്‍മാരായി ഉപയോഗിക്കുക,, മദ്യവും മയക്കുമരുന്നും കടത്താന്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെയാണ് ശിക്ഷ. കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും ഏഴ് വര്‍ഷം ശിക്ഷ കിട്ടാം

ബലാത്സംഗം, കൊല, ആസിഡ് ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയില്‍ പങ്കാളികളാകുന്ന കുട്ടികള്‍ 16 വയസ്സിന് മുകളിലും എന്നാല്‍ 18 വയസ്സിന് താഴെയും ഉള്ളവരാണെങ്കില്‍ അവരുടെ വിചാരണ ക്രിമിനല്‍ കോടതിയില്‍ തന്നെ നടത്തണം. എന്നാല്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും അവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാന്‍ പാടില്ല.

No comments:

Get Blogger Falling Objects