Saturday, August 23, 2014

1057.മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായി 
മദ്യരഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 2014-15 ലെ മദ്യനയം ചുവടെപറയുന്ന മാനദണ്ഡങ്ങളനുസരിച്ച് പ്രഖ്യാപിച്ച് ഉത്തരവായി. ഇനിമുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. നിലവില്‍ താല്‍ക്കാലികമായി ലൈസന്‍സ് പുതുക്കി നല്‍കി പ്രവര്‍ത്തിച്ചുവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ ഒഴികെയുള്ളവയുടെ ലൈസന്‍സ് റദ്ദു ചെയ്യും. നിലവാരമില്ലാത്തതെന്ന് സുപ്രിംകോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള 418 ഹോട്ടലുകളുടെയും ബാര്‍ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലായെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ 338 എഫ്.എല്‍.1 ഔട്ട്‌ലെറ്റുകളുടെയും കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുടെയും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ വീതം 2014 ഒക്ടോബര്‍ രണ്ട് മുതല്‍ ഓരോ വര്‍ഷവും നിര്‍ത്തലാക്കും. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന വീര്യം കൂടിയ മദ്യം ക്രമേണ കുറച്ചു കൊണ്ടുവരും. ബാറുകള്‍ നിര്‍ത്തലാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെയും മദ്യാസക്തിക്കടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിന് പുനര്‍ജനി 2030 എന്ന പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനായി കെ.എസ്.ബി.സി.യിലൂടെ വില്പന നടത്തുന്ന മദ്യത്തിന്റെ വില്പന നികുതിയിന്മേല്‍ 5 ശതമാനം സെസ്സ് ഏര്‍പ്പെടുത്തും. സമൂഹത്തില്‍ മൊത്തത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും മദ്യവര്‍ജ്ജന പ്രചാരണ പരിപാടി ഊര്‍ജ്ജിതപ്പെടുത്തും. എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയി പ്രഖ്യാപിക്കും. 2014 ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച മുതല്‍ ഇതു നടപ്പിലാക്കും. പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുകയും ചെത്തുതൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണവും ഉറപ്പു വരുത്തും. പൂട്ടുന്ന ബാറുകളിലെ ജീവനക്കാരെയും സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലിയില്‍ ഏര്‍പ്പേട്ടിരിക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കും. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന രണ്ട് പദ്ധതികള്‍ക്കും വേണ്ടി കേരള ആള്‍ക്കഹോള്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച്, റീഹാബിലിറ്റേഷന്‍ ആന്റ് കോമ്പന്‍സേഷന്‍ ഫണ്ട് (കെ.എ.ഇ.ആര്‍.സി.എഫ്) രൂപീകരിക്കും. മദ്യപാനത്തിനെതിരെ പ്രചാരണം നടത്തുക, ഇത് സംബന്ധിച്ച് ഡേറ്റ സമാഹരിക്കുക, മദ്യപാനം മൂലം തകര്‍ന്നവരെ സംരക്ഷിക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടി ഈ ഫണ്ട് ഉപയോഗിക്കും. പൊതുജനങ്ങളില്‍ നിന്നുമുള്ള സംഭാവനയിലൂടെയും ഇതിനുള്ള പണം കണ്ടെത്തും. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കുന്നതിന് എക്‌സൈസ് കമ്മീഷണറും, കെ.എസ്.ബി.സി. മാനേജിംഗ് ഡയറക്ടറും നടപടി കൈക്കൊള്ളേണ്ടതും നിയമ ഭേദഗതിക്കുള്ള ശുപാര്‍ശകള്‍ അടിയന്തരമായി സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യത്തിന്റെ ഉല്‍പ്പാദനവും ലഭ്യതയും കുറയ്ക്കുന്നതിന് ലക്ഷ്യമാക്കി സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ക്ക് ശേഷവും മദ്യം കേരളത്തിനറെ സാമൂഹിക വിപത്തായി തുടരുന്നു എന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലും നമ്മുടെ നാടിനെയും കുടുംബങ്ങളെയും വ്യക്തികളെയും പല രീതികളിലും ദേഷകരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലും കൂടുതല്‍ നടപടികള്‍ ആവശ്യമായതിനാലും സുപ്രീംകോടതി, ഹൈക്കോടതി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ വിവിധ കേസുകളിലെ ഉത്തരവുകളും ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പരിഗണിച്ചാണ് മദ്യനയം പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളത്.

No comments:

Get Blogger Falling Objects