Monday, April 30, 2007

2. Std: X ഫിസിക്സ് യൂണിറ്റ് -1 താപം (പഠനസഹായി )

എന്തുകാര്യവും പഠിയ്ക്കണമെങ്കില്‍ നമുക്ക് മുന്നറിവുകള്‍ അഥവാ ശേഷികള്‍ വേണമല്ലോ. അതുകൊണ്ടുതന്നെ ഈ അദ്ധ്യായം പഠിയ്ക്കുന്നതിനുവേണ്ട മുന്നറിവുകള്‍ താഴെ കോടുക്കുന്നു . ഈ മുന്നറിവുകള്‍ അഞ്ചുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ്.അതിനാല്‍ ഈ അറിവുകള്‍ നേടിയാല്‍ മാത്രമേ പത്താം ക്ലസ്സിലെ ഈ അദ്ധ്യായം പഠിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. ഈ മുന്നറിവുകള്‍ ഇല്ലെങ്കില്‍ അവ പ്രസ്തുത ക്ലാസ്സിലെ പുസ്തകത്തില്‍ നിന്ന് അവ നേടുക . ഇതു ചെയ്തില്ലെങ്കില്‍ മുന്നറിവുകള്‍ നല്‍കുന്ന ശേഷികളുടെ അഭാവം നിങ്ങളില്‍ പ്രകടമാകും.അത് സുഗമമായ പഠനത്തില്‍ വിരസത ഉണ്ടാക്കുകയും അതുവഴി പഠനത്തെ തടസപ്പെടുത്തുകയും ചെയ്യും .
മുന്നറിവുകള്‍
1.താപം ,താപനില എന്നിവ തമ്മിലുള്ള വ്യത്യാസം
ഉദാ:- തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപമാണോ അതോ താപനിലയോ ?
(ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ സാധിച്ചാല്‍ അക്കാര്യം അറിയാമെന്നുവിചാരിയ്ക്കാം.)
2.താപനില അളക്കാന്‍ ഉപയോഗിയ്ക്കുന്ന യൂണിറ്റുകള്‍ --
ഉദാ:- പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ്, 100 ഡിഗ്രി സെല്‍‌ഷ്യസ്, 37 ഡിഗ്രി സെല്‍‌ഷ്യസ് ,പൂജ്യം കെല്‍‌വിന്‍ ,273 കെല്‍‌വിന്‍ ,373 കെല്‍‌വിന്‍ എന്നിവയുടെ പ്രത്യേകതകളെന്ത് ?
3.ഗതികസിദ്ധാന്തം
ഉദാ:-താഴെ പറയുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്നു വ്യക്തമാക്കുക.തെറ്റുണ്ടെങ്കില്‍ അതിന്റെ കാരണം വിശദമാക്കി തിരുത്തുകയും ചെയ്യുക
( a ) വസ്തുവിനെ ചൂടാക്കുമ്പോള്‍ തന്മാത്രകളുടെ ഗതികോര്‍ജ്ജം വ്യത്യാസപ്പെടുന്നില്ല.
( b ) ഖരാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍
( c ) തന്മാത്രകളുടെ ഗതികോര്‍ജ്ജം കുറഞ്ഞാല്‍ ദ്രാവകം വാതകമായി മാറുന്നു.‍
4.തിളനില ,ഖരണാങ്കം,ദ്രവണാങ്കം,തിളയ്ക്കല്‍ ,ദ്രവീകരണം ,ബാഷ്പീകരണം
ഉദാ:- (1) താപം എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു സെമിനാര്‍ അവതരിച്ചപ്പോള്‍ ബിനുവും ലാലുവും തമ്മിലൊരു തര്‍ക്കം ഉണ്ടായി. ‘പൂജ്യം ഡിഗ്രി സെല്‍‌ഷ്യസ് ‘ എന്നത് ജലത്തിന്റെ ഖരണാങ്കമാണെന്ന് ബിനുവും അതല്ല മഞ്ഞുകട്ടയുടെ ദ്രവണാങ്കമാണെന്ന് ലാലുവും വാദിച്ചു. ഏതാണ് ശരി? സെമിനാര്‍ അവതരണവേളയില്‍ മോഡറേറ്ററായിരുന്ന മിനിടീച്ചര്‍ എങ്ങനെ ഈ പ്രശ്നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തീട്ടുണ്ടാകും?
ഉദാ:-(2) വെള്ളം എത്രതന്നെ തിളപ്പിച്ചാലും അതിന്റെ തിളനില 100 ഡിഗ്രി സെല്‍‌ഷ്യസ്സില്‍ നിന്ന് ഉയരാത്തതെന്തുകൊണ്ട് ?
ഉദാ:-(3) നനഞ്ഞ തുണി തണലത്തിട്ടാലും ഉണങ്ങുന്നതെന്തുകൊണ്ട് ?
ഉദാ:-(4) കാറ്റത്തിട്ട നനഞ്ഞ തുണി വളരേ വേഗത്തില്‍ ഉണങ്ങുന്നതെന്തുകൊണ്ട് ?
5.അന്തരീക്ഷമര്‍ദ്ദം
ഉദാ:- (1) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ നമുക്ക് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതെന്തുകൊണ്ട് ?
ഉദാ:-(2) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ ചിലര്‍ക്ക് മൂക്കില്‍ക്കൂടി രക്തസ്രാവം ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉദാ:-(3) ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളില്‍ വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പാ‍ത്രം തുറന്നുവെയ്ക്കരുതെന്നു പറയുന്നതെന്തുകൊണ്ട് ?
ഉദാ:-(4) വായു നിറച്ച ബലൂണ്‍ വെയിലത്തുവെച്ചാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉദാ:-(5) വായു നിറച്ച ബലൂണ്‍ കൈയ്യില്‍‌വെച്ച് അമര്‍ത്തിയാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉദാ:-(6) പ്രഷര്‍കുക്കറില്‍ ഭക്ഷണം വേവാന്‍ അധികസമയമെടുക്കാത്തതെന്തുകൊണ്ട് ?

9 comments:

Pramod.KM said...

കുട്ടികള്‍ക്ക് ഏറേ ഉപകാരപ്രദമായ പഠന സഹായി പോസ്റ്റ് ചെയ്തതിന്‍ അഭിനന്ദനങ്ങള്‍.

Ziya said...
This comment has been removed by the author.
Ziya said...

സുനില്‍ മാഷേ,
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല.
ബ്ലോഗില്‍ ഇതു പുതിയൊരു വിപ്ലവത്തിനു തുടക്കമാകും എന്നതിനു സംശയമില്ല.
ബ്ലോഗിന്റെ ഇന്ററാക്ഷന്‍ സൌകര്യം കൂടിയാകുമ്പോള്‍ സംശയനിവാരണത്തിനുള്ള സാധ്യത വളരെ വര്‍ദ്ധിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭൌതികശാസ്ത്രത്തില്‍ തല്പരരായ എന്നെപ്പോലുള്ളവര്‍ക്കും ഈ ബ്ലോഗ് അനുഗ്രഹമാണ്. അഭിനന്ദ്നങ്ങള്‍.
ഓടോ. ഒരു തേങ്ങ അടിച്ചേക്കാം..ഠേ! (മതി)

മാവേലികേരളം(Maveli Keralam) said...

മാഷേ നല്ല സംരംഭം

മാഷേ ഈ ചോദ്യങ്ങളുടെ സിലബസ് ഒരു 20-30 വര്‍ഷത്തിനു മുന്‍പുള്ള സിലബസുമായി എങ്ങനെ താരതമ്യപ്പെടുന്നു എന്നു അറിയാന്‍ താല്പര്യപ്പെടുന്നു.

അതായ്ത് praactical oriented or content oriented?

കാളിയമ്പി said...

മാഷേ
ഇങ്ങനെ മൂന്നുനാല് ഒന്നാം ക്ലാസ് ബ്ലോഗുകളും അതില്‍ നിറയെ ഇത്രയും പോസ്റ്റുകളും ഉണ്ടായിട്ടും ഇതുവരെ അങ്ങനെയാരും അതിനെ കണ്ടില്ലയെന്നത് അത്ഭുതം തന്നെ..
എല്ലാരും വന്നീ പോസ്റ്റുകളൊന്ന് കാണൂ...
ഇതിനെയാണ്‍ പണ്ട് വിഷ്ണുമാഷ് ആരും കാണാതെ കിടക്കുന്ന തിശയിപ്പിയ്ക്കുന്ന തുരുത്തുകളെന്ന് പറഞ്ഞത്..
:)
സുനില്‍ മാഷേ..നല്ല ബ്ലോഗുകള്‍

Unknown said...

സര്‍,

താങ്കള്‍ തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ സേവനം അനുഷ്ഠിച്ചിരുന്നൊ? ഞാന്‍ കണ്ടതായീ ഓര്‍ക്കുന്നു. ഞാന്‍ പ്ലസ് റ്റൂ അവിടെയാണ് പഠിച്ചത്.

വേണു venu said...

മാഷേ നല്ല സംരംഭം. ആശംസകള്‍‍.!!!

വല്യമ്മായി said...

നല്ല ഉദ്യമം.

കരിപ്പാറ സുനില്‍ said...

പ്രോത്സാഹനങ്ങള്‍ക്കുനന്ദി ശ്രീ പ്രമോദ്,
അഭിനന്ദനങ്ങള്‍ അറിയിച്ചതിനു നന്ദി ശ്രീ സിയ, മാത്രമല്ല ഭൌതികശാസ്ത്രത്തില്‍ താല്പരുഅമുണ്ട് എന്നറിയിച്ചതില്‍ ഏറെ സന്തോഷം.
നന്ദി ശ്രീ‍ മാവേലി,
20 നും 30 നും ഇടയ്ക്കുള്ള സിലബസ്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ...ഇപ്പോഴത്തെ സിലബസ്സ് പ്രായോഗികതലത്തിന് പ്രാധാന്യം നല്‍കുന്നു.മാത്രമല്ല ബോറിംഗ് ആയി തോന്നില്ല.
സന്തോഷം അറിയിക്കുന്നു ശ്രീ അമ്പീ,
ഇല്ലല്ലോ ശ്രീ പൊന്നമ്പലം ,
ശ്രീ വേണിവിന് ആശംസകളറിയിച്ചതിന് നന്ദി പറയുന്നു.
അതുപോലെ ശ്രീ വല്യമ്മായിയുടെ പ്രോത്സാഹനത്തിനും നന്ദി പറയുന്നു.
മാത്രമല്ല ഈ പോസ്റ്റ് വായിച്ചവര്‍ക്കും നന്ദി.
ആശംസകളോടെ
കരിപ്പാറ സുനില്‍

Get Blogger Falling Objects