Friday, May 18, 2007

14. ഹൈസ്ക്കൂള്‍ ഫിസിക്സ് ( A പ്ലസ്സുകാര്‍ക്കുള്ള ചോദ്യോത്തരങ്ങള്‍)

1. റേഡിയേഷന്‍ നിമിത്തം കാന്‍സര്‍ എന്ന രോഗം ഉണ്ടാകുന്നു. എന്നിരുന്നാലും കാന്‍സര്‍ എന്ന രോഗം ഇല്ലായ്മ ചെയ്യാനും റേഡിയേഷന്‍ ഉപയോഗിയ്ക്കുന്നു. എന്തുകൊണ്ട് ?
2.D.C യുടെ ആവൃത്തി എത്രയാണ് ?
3.A.C യില്‍ നിന്ന് നമുക്ക് ഷോക്ക് ഏല്‍‌ക്കാറുണ്ട് . എന്നാല്‍ D.C യില്‍ നിന്ന് ഇല്ല . എന്തുകൊണ്ട് ?
4.എന്തുകൊണ്ടാണ് A.C യുടെ വോള്‍‌ട്ടേജ് 11kv ,66kv,110kv,220kv .. എന്നിങ്ങനെ ( പതിനൊന്നിന്റെ ഗുണിതങ്ങള്‍) ആകാന്‍ കാരണം ? എന്തുകൊണ്ടാണ് നമുക്ക് ലഭിയ്ക്കുന്ന A.C യുടെ ആവൃത്തി 50Hz ആകുവാന്‍ കാരണം ?
5.ഷിനുവും സുമയും തമ്മിലൊരു തര്‍ക്കമുണ്ടായി . നമ്മുടെ ഗ്യാലക്സിയുടെ പേര് ക്ഷീരപഥം എന്നാണെന്ന് ഷിനുവും അതല്ല ആകാശഗംഗ എന്നാണെന്നു സുമയും വാദിച്ചു. ഇതിലേതാണ് ശരി ? എന്തുകോണ്ട് ?

ഉത്തര സൂചന


റേഡിയേഷന് സെല്ലുകളെ അഥവാ കോശങ്ങളെ നശിപ്പിയ്ക്കുവാനുള്ള കഴിവുണ്ട് . അതുകൊണ്ടുതന്നെ ഒരു ജീവ ശരീരത്തില്‍ റേഡിയേഷന്‍ തട്ടുമ്പോള്‍ ആഭാഗത്തെ കോശങ്ങള്‍ നശിയ്ക്കാനിടയാക്കുന്നു. എല്ലാ ജീവ ശരീരങ്ങളിലും കോശങ്ങള്‍ ഉണ്ടാകുകയും വളരുകയും ചെയ്യുന്നുണ്ട്. പക്ഷെ, അവ പ്രസ്തുത ജീവല്‍ശരീരത്തിന്റെ നിലനില്പിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും അനുസരിച്ചാണെന്നുമാത്രം. പക്ഷെ ,കാന്‍‌സര്‍ ബാധിത ശരീരത്തില്‍ കോശങ്ങള്‍ നിയന്ത്രണവിധേയമല്ലാതെ ഉണ്ടാകുകയും വളരുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിയന്ത്രണവിധേയമല്ലാതെയുണ്ടാകുന്ന കോശങ്ങളെ നശിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒരു ഉപായമാണ് റേഡിയേഷന്‍.
2.D.C യ്ക്ക് ആവൃത്തി ഇല്ല.
3.D.C യുടെ വോള്‍ട്ടേജ് കുറവായതുകൊണ്ടാണത് . വോള്‍ട്ടേജ് കൂടിയാല്‍ ഷോക്ക് ലഭിയ്ക്കും
4.വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചപ്പോള്‍ അതിനുയോജിച്ചത് 110 വോള്‍ട്ടേജ് d.c ആണ് എന്നായിരുന്നു എഡിസണിന്റെ അഭിപ്രായം. Thomas Edison ന്റെ ജനറല്‍ ഇലക്ട്രിയ്ക്കല്‍ കമ്പനി d.c വൈദ്യുതി 110 വോള്‍ട്ടില്‍ U.S.A യില്‍ വിതരണം ചെയ്തു. പിന്നീട് A.C യിലേയ്ക്ക് മാറിയപ്പോഴേയ്ക്കും ,U.S.A യില്‍, 110 വോള്‍ട്ട് എന്നത് അങ്ങനെത്തന്നെയാകട്ടെ എന്നുവെച്ചു.
നിക്കോളാ ടെല്‍‌സാ (Nicola Telsa ) എന്ന കമ്പനി ‘ 240 വോള്‍ട്ട് --60Hz ‘ എ.സി (ത്രീ ഫേസ് ) വിതരണം ചെയ്തു.പക്ഷെ, സുരക്ഷാകാരണം നിമിത്തം (Safety Reasons) അവര്‍ ‘110 വോള്‍ട്ട് --60Hz ‘ തന്നെ വീണ്ടും ആക്കിമാറ്റി.പിന്നീട് അകലേയ്ക്ക് , ഉയര്‍ന്ന വോള്‍ട്ടേജില്‍ വിതരണം ചെയ്യേണ്ടി വന്നപ്പോഴും അവര്‍ ആ രീതി ( പതിനൊന്നിന്റെ ഗുണിതങ്ങള്‍) തന്നെ തുടര്‍ന്നു.
പക്ഷെ,യൂറോപ്പില്‍ ജര്‍മ്മന്‍ കമ്പനി , A.C ഉണ്ടാക്കിയത് 50Hz ആവൃത്തിയിലും 110 വോള്‍ട്ടിലും ആണ്.
എന്തുകൊണ്ടാണ് നമുക്ക് വോള്‍ട്ടേജ് ഇഷ്ടാനുസരണം മാറ്റുവാന്‍ പറ്റാത്തത് എന്ന ചോദ്യം ഇപ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവന്നേക്കാം. അതിനുകാരണം ഉപകരണങ്ങളാണ്. വോള്‍ട്ടേജ് മാറുമ്പോള്‍ ഉപകരണങ്ങള്‍ വര്‍ക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്.
1950 വരെ യൂറോപ്പിലെ വൈദ്യുതി ‘110വോള്‍ട്ട് --50Hz ‘ ആയിരുന്നു.പിന്നിടവര്‍ വൈദ്യുതിയുടെ വോള്‍ട്ടേജ് 220 വോള്‍ട്ടായി ഉയര്‍ത്തി.
U.S.A യില്‍ ,ഇപ്പോള്‍ വീടുകളില്‍ 220 വോള്‍ട്ടാണ് ഉപയോഗിയ്ക്കുന്നത് . പക്ഷെ,ആളുകളുടെ കയ്യില്‍ 110 വോള്‍ട്ടിന്റെ ഇലക്ട്രിയ്ക്കല്‍ ഉപകരണങ്ങള്‍ ആ‍ണ് ഉള്ളത് . അതുകൊണ്ട് വോള്‍ട്ടേജ് വിഭജിച്ച് (Split ) ഉപയോഗിയ്ക്കുന്നു.
5.മില്‍‌ക്കി വേ (Milky Way ) യുടെ മലയാള പദമാണ് ക്ഷീരപദം എന്നത് .ഭാരതീയ സമ്പ്രദായമനുസരിച്ച് പണ്ടു മുതല്‍ക്കേയുള്ള പേരാണ് ‘ ആകാശഗംഗ ‘ എന്നത്.അതായത് രണ്ടുപേരും പറഞ്ഞത് ശരിയാണെന്നര്‍ത്ഥം

വാല്‍ക്കഷണം


വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ചോദ്യോത്തരങ്ങള്‍ വായിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് . അതുകൊണ്ട് അവിടെയുള്ളവര്‍ അവിടത്തെ വൈദ്യുതിയുടെ വോള്‍ട്ടേജ് , ആവൃത്തി (frequency ) ,ഉപകരണങ്ങളുടെ പവര്‍ ,വൈദ്യുതനിലയം (പവര്‍ ഹൌസ് )... എന്നിവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ കമന്റായി സൂചിപ്പിച്ചാല്‍ വളരെ ഉപകാരമായിരിയ്ക്കും. ഉത്തരങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കമന്റായി അറിയിയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

7 comments:

Praju and Stella Kattuveettil said...

ഞാന്‍ മനസിലാക്കിയിടത്തോളം അമേരിക്കയില്‍ 220 വോള്‍ട്ട്‌ ഉപയോഗിക്കുന്നത്‌ കണ്‍സ്ട്രക്ഷന്‍ സമയത്തു മാത്രമാണ്‌. അതുകഴിഞ്ഞാല്‍ പിന്നെ 110 വോള്‍ട്ട്‌ ഉപയോഗിക്കുന്നു.

60 ഹേര്‍ട്സ്‌ ആണു ജെനറല്‍ ആയി ഉപയോഗിക്കുന്ന ഫ്രേക്വ്ന്‍സി.

തറവാടി said...

മാഷെ,

താങ്കളുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ചെറുതായി തെറ്റിദ്ധാരണയുണ്ടാക്കും:

ഷോക്കടിക്കുന്നതിന്‍റെ തീവ്രത എ.സി വോള്‍ട്ടേജോ ഡി.സി. വോള്‍ടേജോ എന്ന വ്യത്യാസത്തിലല്ല അതിന്‍റെ അളവിലാണിരിക്കുന്നത്.
അതായത് 10 വോള്‍ട് എ.സി.യായാലും , 10 വോള്‍ട് ഡി.സിയായാലും ഷോക്കടിക്കില്ല എന്നാല്‍
220 വോള്‍ട് എ.സി യായാലും. 220 വോള്‍ട് ഡി.സി യായാലും ഷോക്കടിക്കും.

നാലാമത്തെ ചോദ്യത്തിനുള്ള ഉത്തരം:

ഒരു റസിസ്റ്ററില്‍ കൂടി 100 വോള്‍ട്ട് ഡി.സി കൊടുത്താല്‍ കിട്ടുന്ന ഊര്‍ജ്ജനിരക്ക് (പവര്‍) ലഭിക്കാന്‍ വേണ്ടി അതേ റസിസ്റ്ററില്‍ കൊടുക്കേണ്ട എ.സി വോള്‍ട്ടേജിന്‍‍റ്റെ അളവ് 110 ആണ്.

ആദ്യകാലത്തുണ്ടാക്കിയിരുന്ന ഉപകരണങ്ങള്‍‍ 100 വോള്‍ട് ഡി.സി യില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. അതേ ഉപകരണങ്ങള്‍ എ.സിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയാണ് വോള്‍ട്ടജ് 110ഉം പിന്നെ പതിനൊന്നിന്‍റെ ഗുണിതങ്ങളും ആക്കിയത്.ഉദാഹരണത്തിന് 1000 വാട്ടിന്‍റെ ഹീറ്റര്‍ ഡിസി വോള്‍ടേജില്‍ പ്രവര്‍ത്തികുമ്പോള്‍ ഉണ്ടാകുന്ന അതേ താപോര്‍ജ്ജം ഏ.സി.യില്‍ കിട്ടണമെങ്കില്‍ 110 വോള്‍ട്ട് വേണം.(ഇതിലും സാങ്കെതികമായ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും കുട്ടികളുടെ നിലവാരത്തില്‍ വിശദീകരിച്ചതാണ്)

ഏ.സി വോള്‍ട്ടേജ് പല ആവൃത്തിയിലും ഉല്പാദിപ്പിക്കാം.വിവിധ രാജ്യങ്ങളിലെ വോള്‍ട്ടേജും ആവൃത്തിയും ഇവിടെ http://en.wikipedia.org/wiki/List_of_countries_with_mains_power_plugs,_voltages_and_frequencies.

ആവൃത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജെനറേറ്ററിന്‍റെ ധ്രുവങ്ങളുടെ എണ്ണത്തേയും കറങ്ങുന്ന വേഗതയേയും അനുസരിച്ചിരിക്കുന്നു.

പിന്നെ യു.എസിലെ വീടുകളില്‍ 110 Vഉം 220/110 Vഉം ലഭ്യമാണ്.ചെറിയ ഉപകരണങ്ങള്‍ 110Vല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വാട്ടര്‍ഹീറ്റര്‍,വലിയ എയരകണ്ടീഷണര്‍,മോട്ടോറുകള്‍ തുടങ്ങിയവയവക്ക് 220V ആണ് അഭികാമ്യം.

വിശ്വപ്രഭ viswaprabha said...

മാഷേ,

മാഷ് പഠിപ്പിക്കുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്.

നല്ലൊരു ബ്ലോഗാണിത്. വളരെ നല്ല ഉദ്ദേശ്യലക്ഷ്യങ്ങളുള്ള, ഉപകാരപ്രദമായ ഒരു ബ്ലോഗ്.

ഇതിന്റെ ടെമ്പ്ലേറ്റില്‍ ചെന്ന് ബോള്‍ഡ് ആയ ലിപികള്‍ മാറ്റിയാല്‍ നന്നാവും. അത്യാവശ്യം ഉറപ്പിച്ചുപറയേണ്ട വാക്കുകള്‍ക്കു മാത്രം മുന്നില്‍ <B> എന്നും പിന്നില്‍ </B> എന്നും ചേര്‍ത്ത് ബോള്‍ഡ് ആക്കിയാല്‍ മതി. മൊത്തത്തില്‍ പേജിലെ ഫോണ്ടിന്റെ വലിപ്പവും സാധാരണ സൈസില്‍ കൊടുക്കാം. (തീരെ കൂട്ടുകയോ കുറയ്ക്കുകയോ വേണ്ട).

കമന്റുകള്‍ക്കുള്ള മറുപടി അതിനു കീഴെത്തന്നെ പുതിയ കമന്റുകളായി കൊടുക്കുന്നത് നന്നായിരിക്കും. അതിനുവേണ്ടി പുതിയ പോസ്റ്റ് തയ്യാറാക്കേണ്ടതില്ല. പൊതുവേ ഒരു വിഷയത്തെക്കുറിച്ചുള്ളത് ഒരൊറ്റ പേജില്‍ തന്നെ വായിക്കാനാണ് വായനക്കാര്‍ ഇഷ്ടപ്പെടുക.

പതിവായി ഈ ബ്ലോഗില്‍ പുതിയ പുതിയ ചോദ്യോത്തരങ്ങളും ചര്‍ച്ചകളും എത്തിയ്ക്കുമെന്ന് വിശ്വസിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.
ആശംസകള്‍!

വല്യമ്മായി said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

മാഷേ നല്ല ശ്രമം.തുടരൂ...
ഓ.ടോ:
വല്യമ്മായീ,എന്നെ വെറുതെ വിടണേ...

കരിപ്പാറ സുനില്‍ said...

ആദ്യമായി , അമേരിയ്ക്കയിലെ വോള്‍ട്ടേജിനെക്കിറിച്ച് വിശകലനം ചെയ്ത ശ്രീ തരികിടയ്ക്ക് നന്ദി പറയുന്നു
(2)അടുത്തതായി ശ്രീ തറവാടി ചൂണ്ടിക്കാണിച്ച ,മൂന്നാമത്തെ ചോദ്യത്തിലെ , പ്രശ്നം തികച്ചും ശരിയാണ്.കുട്ടികള്‍ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തുകയും നിഗമനത്തിലെത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ഈ പ്രശ്നം അവരുടേ ഭാഗത്തുനിന്ന് വരുവാന്‍ വേണ്ടിയാണ് ഈ രൂപത്തില്‍ ചോദ്യങ്ങള്‍ ആവിഷ്കരിയ്ക്കുന്നത് .
നാലാമത്തെ ചോദ്യത്തിന് കൂടുതല്‍ വിശദീകരണം ശ്രീ തറവാടി നല്‍കിയതിനും വിക്കിപ്പീടിയ ലിങ്ക് കാണിച്ചു തന്നതിനും നന്ദി രേഖപ്പെടുത്തുന്നു.
(3)ശ്രീ വിശ്വപ്രഭയുടെ പ്രോത്സാഹനത്തിനു നന്ദി.
ശ്രീ വിശ്വപ്രഭയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണനാര്‍ഹമാണ്.എനിയ്ക്ക് ബ്ലോഗ് രംഗത്ത് ഏറേ പരിചയക്കുറവുണ്ട്.അതുകൊണ്ടുതന്നെ-
ബോള്‍ഡ്,ഫോണ്‍‌ഡ് സൈസ്,കമന്റ് എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നന്ദിയോടെ സ്വീകരിയ്ക്കുന്നു.ഇനിയും ഇത്തരം നിര്‍ദ്ദേശങ്ങള്‍ തരണമെന്നും ശ്രീ വിശ്വപ്രഭയോട് അഭ്യര്‍ത്ഥിയ്ക്കുന്നു.

കരിപ്പാറ സുനില്‍ said...

ശ്രീ വിഷ്ണു പ്രസാദിന്റെ പ്രോത്സാഹനത്തിനു നന്ദി.
ശ്രീ വല്യമ്മായിയുടെ സൂചനയ്ക്കും നന്ദി.ഇത് തുടര്‍ന്നുപോകണമെന്നുതന്നെയാണ് എന്റേയും ആഗ്രഹം.പക്ഷെ,ഇപ്പോള്‍ വെക്കേഷനാണ്.സ്ക്കൂള്‍ തുറന്നാല്‍ --ഇതിനൊക്കെ സമയം കിട്ടുമോ എന്ന പ്രശ്നം എന്നെ അലട്ടുന്നുമുണ്ട്.

Get Blogger Falling Objects