Monday, May 28, 2007

17. Std: X ഫിസിക്സ്- രസകരമായ ചോദ്യങ്ങള്‍


1.തണുപ്പുള്ള ദിവസങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ് മരപ്പലകയേക്കാള്‍ തണുത്തതായി തോന്നുന്നു. എന്തുകൊണ്ട് ?
2.തണുപ്പുള്ള രാജ്യങ്ങലില്‍ ജൂസുകുപ്പികള്‍ വെള്ളത്തിലാണ് സൂക്ഷിയ്ക്കുന്നത് . എന്തുകൊണ്ട് ?
3.ഫ്രിഡ്ജിനുള്ളില്‍ കാച്ചിയ പപ്പടം വെച്ചാല്‍ തണുക്കുമെങ്കിലും അതിന്റെ പൊടിയുന്ന സ്വഭാവത്തിന് മാറ്റം വരുന്നില്ല. എന്തുകൊണ്ട് ?
4.ഒരു അടച്ച മുറിയ്ക്കകത്തുള്ള റെഫ്രിജറേറ്ററിന്റെ വാതില്‍ സ്ഥിരമായി തുറന്നുവെച്ചിരുന്നാല്‍ മുറി തണുക്കുമോ ? എന്തുകൊണ്ട് ?
5.നാഫ്‌തലിന്‍ ഗുളികള്‍ (പാറ്റാഗുളിക ) തുറന്നുവെച്ചിരുന്നാല്‍ ക്രമേണ ഇല്ലാതാവുന്നു. എന്തുകൊണ്ട് ?
6.ത്രീ പിന്‍ പ്ലഗ്ഗ് നിര്‍ബന്ധമാക്കാന്‍ കാരണമെന്ത് ?
7.വീടുകളില്‍ വൈദ്യുത സര്‍ക്കീട്ടുകള്‍ എര്‍ത്ത് ചെയ്യുമ്പോള്‍ കുഴിയെടുത്ത് അല്പം ഉപ്പും ചിരട്ടക്കരിയും ഇട്ടാണ് കുഴി മൂടുന്നത് .അതുപോലെ വേനല്‍ക്കാലത്ത് പ്രസ്തുതഭാഗത്ത് ജലം ഒഴിച്ച് നനച്ച് കൊടുക്കാറുമുണ്ട് . എന്താണ് ഇതിനുകാരണം ?
8.നിങ്ങളുടെ വീട്ടിലെ ഫ്യൂസ് കെട്ടിയപ്പോള്‍ കട്ടികൂടിയ ചെമ്പ്കമ്പികൊണ്ട് ഫ്യൂസ് കെട്ടി. ഇത് ശരിയാണോ ? എന്തുകൊണ്ട് ?
9.കോണ്‍കേവ് ,കോണ്‍‌വെക്സ് എന്നീ ദര്‍പ്പണങ്ങള്‍ ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ലിസ്റ്റ് ചെയ്യുക ?
10.ഇന്‍‌കാന്‍ഡസെന്റ് ലാമ്പില്‍ ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?

ഉത്തരസൂചന
1.വിശിഷ്ടതാലധാരിത സ്റ്റീലിന് മരത്തിനേക്കാള്‍ അധികമാണ്.
2.ജലത്തിന് വിശിഷ്ടതാപധാരിത കൂടുതലാണ്
3.ഫ്രിഡ്‌ജിനുള്ളില്‍ ആര്‍ദ്രത കുറവാണ് ( അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അളവാണ് ആര്‍ദ്രത.)
4.തണുക്കില്ല.കാരണം അതേ മുറിയിലേയ്ക്കുതന്നെയാണ് ഫ്രിഡ്ജ് താപം പുറത്തേയ്ക്കുവിടുന്നതും
5.കാരണം, ഉത്‌പതനം (Sublimation ).(ഒരു ഖര വസ്തു ചൂടാക്കുമ്പോള്‍ അത് നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറുന്ന പ്രക്രിയയെ ഉത്‌പതനം എന്നുപറയുന്നു.)
6. ഏതെങ്കിലും കാരണവശാല്‍ ഫേസ് ലൈന്‍ ഉപകരണത്തിന്റെ ബോഡിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ,ഉപകരണത്തില്‍ തൊടുന്ന ആളിന് വൈദ്യുതാഘാതമേല്‍ക്കും.ഇത് ഒഴിവാക്കാനാണ് ത്രീ പിന്‍ പ്ലഗ്ഗ് ഉപയോഗിയ്ക്കുന്നത് .
(1) വലിയ പിന്‍ എര്‍ത്ത് ചെയ്യുന്നതിലൂടെ ഉപകരണത്തിന്റേയും കൈകാര്യം കൈകാര്യം ചെയ്യുന്ന വ്യക്തിയുടേയും സുരക്ഷ ഉറപ്പിയ്ക്കുന്നു.
(2)ഫേസ് ലൈന്‍ ലോഹച്ചട്ടക്കൂടുമായി ബന്ധത്തില്‍ വന്നാല്‍ ഫേസ് കറന്റ് ഭൂമിയിലേയ്ക്ക് പെട്ടെന്ന് ഒഴുകുന്നു.കാരണം ,ഉപകരണം എര്‍ത്ത് വയറിലൂടെ ഭൂമിയുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നു.മാത്രവുമല്ല,ഈ ലൈനിലെ പ്രതിരോധം കുറവുമാണ് .തന്മൂലം കറന്റ് കൂടുതലാകുകയും ചാലകം ചൂടാകുകയും ചെയ്യുന്നു.അപ്പോള്‍ ഫ്യൂസ് ചൂടാകുകയും അത് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു.
(3) എര്‍ത്ത് പിന്നിന് വണ്ണം കൂടുതലാണ്.വണ്ണം കൂടുമ്പോള്‍ പ്രതിരോധം കുറയുന്നു. തന്മൂലം കൂടുതല്‍ സുഗമമായി വൈദ്യുതി ഒഴുകുന്നു.മാത്രവുമല്ല,മറ്റ് രണ്ട് പിന്നിനേയും അപേക്ഷിച്ച് നീളം കൂടുതലുള്ളതുകൊണ്ട് ഈ പിന്‍ ആദ്യം സോക്കറ്റില്‍ കയറുകയും ഫേസും ന്യൂട്രലും സമ്പര്‍ക്കത്തില്‍ വരുന്നതിനുമുമ്പ് എര്‍ത്ത് വയര്‍ സമ്പര്‍ക്കത്തില്‍ വരികയും ചെയ്യുന്നു. സോക്കറ്റില്‍ നിന്ന് ഊരുമ്പോള്‍ ആദ്യം ഫേസും ന്യൂട്രലും ഊരിവരികയും അവസാനം എര്‍ത്ത് പിന്‍ ബന്ധം വിടുകയും ചെയ്യുന്നു.ഇത് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.
(4)പിന്നികളുടെ മധ്യഭാഗം ഛേദിച്ചതുകൊണ്ട് അവ സോക്കറ്റില്‍ കയറുമ്പോള്‍ അതിനുള്ളില്‍ മുറുകിയിരിയ്ക്കുന്നു.
7.ഉപ്പും ചിരട്ടക്കരിയും ഇട്ട് കുഴിമൂടാന്‍ കാരണം എന്നും ഈര്‍പ്പം നിലനിര്‍ത്താനാണ് .ഉപ്പിനും ചിരട്ടക്കരിയ്ക്കും ഈര്‍പ്പം നിലനിര്‍ത്തുവാനുള്ള കഴിവുണ്ട് .നനവുള്ള പ്രതലത്തിന് പ്രതിരോധം കുറവാണ് .അപ്പോള്‍ വൈദ്യുതിയുടെ ഒഴുക്ക് കൂടുതല്‍ സുഗമമാകും.ഇതുകൊണ്ടുകൂറ്റിയാണ് വേനല്‍ക്കാലത്ത് വെള്ളം ഒഴിച്ചുകൊടുത്ത് നനവ് നിലനിര്‍ത്തുന്നത്.
8.കട്ടികൂടിയ ചെമ്പുകമ്പികൊണ്ട് ഫ്യൂസ് കെട്ടുമ്പോള്‍ അതിന് പ്രതിരോധം കുറവും ദ്രവണാങ്കത്തില്‍ എത്താന്‍ വേണ്ട താപം കൂടുതലൌം ആയതുകൊണ്ട് ലഘുപതനമോ മറ്റോ ഉണ്ടായാല്‍ ഫ്യൂസ് എരിയുന്നില്ല. തന്മൂലം സര്‍ക്കീട്ട് വിഛേദിയ്ക്കാത്തതിനാല്‍ ഉപകരണത്തിനും സര്‍ക്കീട്ടിനും നാശനഷ്ടം സംഭവിയ്ക്കുന്നു.
9.കോണ്‍ കേവ് ദര്‍പ്പണം ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ :
(1) ചെവി,വായ്,മൂക്ക് തുടങ്ങിയവയുടെ ഉള്‍ഭാഗങ്ങള്‍ കാണുന്നതിന് ഡോക്ടര്‍മാര്‍ ഉപയോഗിയ്ക്കുന്നു.
(2) പ്രതിഫലന ദൂരദര്‍ശിനികളുടെ നിര്‍മ്മാണത്തിന്
(3) ഷേവിംഗ് ദര്‍പ്പണമായി ഉപയോഗിയ്ക്കുന്നു.
(4)സോളാര്‍ ഫര്‍ണ്ണസ്സുകളില്‍ പ്രകാശം കേന്ദ്രീകരിച്ച് താപം ഉണ്ടാക്കാന്‍
(5)വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളില്‍
(6)സെര്‍ച്ച് ലൈറ്റുകളില്‍
കോണ്‍ വെക്സ് ദര്‍പ്പണം ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍:
(1) വാഹനങ്ങളില്‍ റിയര്‍ വ്യൂ മിറര്‍ ആയി
(2) സെര്‍ച്ച് ലൈറ്റുകളില്‍ റിഫ്‌ളക്ടറുകള്‍ ആയി
(3) മേക്ക് അപ് മിറര്‍ ആയി
10.ബള്‍ബിന്റെ മൊത്തം വലുപ്പം കുറയ്കാന്‍ കഴിയുന്നു,കൂടുതല്‍ കറന്റ് പ്രവഹിയ്ക്കുന്നു,കൂടുതല്‍ താപോര്‍ജ്ജം ഉണ്ടാക്കാതെ പ്രകാശോര്‍ജ്ജം ഉല്പാദിപ്പിയ്ക്കാന്‍ കഴിയുന്നു.

5 comments:

തറവാടി said...
This comment has been removed by the author.
തറവാടി said...

മാഷെ ,
വിശിഷ്ടതാപധാരിത എന്ന പദം കൊണ്ട് ശ്പെകിഫിക് ഃഎഅറ്റ് ചപകിറ്റ്യ് എന്നല്ലേ അര്‍ത്ഥമാക്കുന്നത്.ഈപദത്തിന്റെ ശരിയായ നിര്‌വചനം കുട്ടികള്‍ക്കറിയാമെങ്കില്‍ പ്രശ്നമില്ല.അല്ലെങ്കില്‍ താങ്കളുടെ ഉത്തരങ്ങള്‍ ഒന്നുകൂടി വിശദീകരിക്കുന്നത്‌ നന്നായിരിക്കും.

ഉദാഹരണം:

ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം , ലോഹങ്ങള്‍ക്ക്‌ താപത്തെ കടത്തിവിടാനുള്ള ( വൈദ്യുതിയേയും) , കഴിവ്‌ മരം പോലെയുള്ള പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ്‌ ( മരം പോലുള്ളവക്ക്‌ തുലോംകുറവാണ്‌.പ്രായോഗികമായി പറയുകയാണെങ്കില്‍ ഇല്ലെന്നു തന്നെ പറയാം. )

നമ്മുടെ ശരീരതാപം എപ്പോഴും ഒന്നുതന്നെയാരിക്കുമല്ലോ , ഈ അളവു തണുപ്പ് കാലത്ത് പുറമേയുള്ള താപ അളവിനേക്കാള്‍ കൂടുതലായിരിക്കും , അതുകൊണ്ടുതന്നെ നമ്മള്‍ ഒരു ലോഹത്തിനെ തൊടുമ്പോള്‍ , ശരീരത്തിലെ താപം പെട്ടെന്ന്‌ ലോഹത്തിലേക്ക്‌ പ്രവേശിക്കുന്നു.
( താപം എപ്പോഴും കൂടുതലുള്ള ഭാഗത്തുനിന്നും കുറഞ്ഞ ഭാഗത്തേക്ക്‌ സഞ്ചരിക്കുന്നു )

നമ്മുടെ ശരീരത്തില്‍ നിന്നും താപം നഷ്ടപ്പെടുമ്പോള്‍ നമുക്ക്‌ തണുപ്പനുഭവപ്പെടുന്നു.

മരം പോലുള്ള പദാര്‍ത്ഥങ്ങളില്‍ തൊടുമ്പോളാകട്ടെ , അതിന്‌ താപത്തെ കടത്തിവിടാനുള്ള കഴിവ്‌ കുറവായതിനാല്‍ , നമ്മുടെ ശരീരത്തില്‍നിന്നും താപം മരത്തിലേക്ക് പ്രവേശിക്കുന്നില്ല , അതുകൊണ്ട് തന്നെ ശരീര താപം നഷ്ടപ്പെടുന്നില്ല , നമുക്ക് തണുപ്പനുഭവപ്പെടുന്നുമില്ല

( ഉണ്ടെങ്കില്‍ തന്നെ വളരെ കുറവായിരിക്കും)

ഇങ്ങനെ വിശദീകരിക്കുന്നതായിരികും നല്ലെതെന്നെനിക്കു തോന്നുന്നു.

അതുപോലെ തന്നെ ,മാഷുടെ ആറാമത്തെയും പത്താമത്തേയും ചോദ്യത്തിനുള്ള ഉത്തരം തെറ്റല്ലെങ്കിലും കുറച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുമെന്നു തോന്നുന്നു ,
ഉത്തരം മാഷു തന്നെ എഴുതും എന്നു വിശ്വസിക്കുന്നു.

Dinkan-ഡിങ്കന്‍ said...

മാഷേ.. നന്നായിരിക്കുന്നു. ചിലതെല്ലാം പുതിയ അറിവായിരുന്നു.

ഇനി ഡിങ്കന്‍ പറയാറുള്ള ഉത്തരങ്ങള്‍
1)“മരം കൊച്ചുന്ന തണുപ്പ്” എന്നു കേട്ടിട്ടില്ലേ. മരം കോച്ചി ഇരിക്കും സ്റ്റീല്‍ തണുത്തിരിക്കും
2)കുട്ടിച്ചാത്തനെ പേടിച്ച് അല്ലെങ്കില്‍ അവന്‍ അത് മുഴുവന്‍ കുടിക്കും
3)പാവം പപ്പടം ആ സ്വഭാവം മാറിയാല്‍ അവനെ വീണ്ടും തിളച്ച എണ്ണയില്‍ ഇട്ട് വറുക്കില്ലേ. ‘പേടി’ അതാണ് ഉത്തരം
4)മുറിതണുക്കും പക്ഷേ അടുത്തമാസത്തെ കരണ്ട് ബില്ല് കണ്ട് ഉടമസ്ഥന്‍ ചൂടായി ബോധം കെട്ട് വീഴും
5)പാറ്റകള്‍ക്കുള്ള ഗുളികയല്ലേ, ഇടയ്ക്ക് പാറ്റകള്‍ വന്ന് കുറെശെയായി തിന്നുകാണും.
6)ഒരു ബാലന്‍സ് കിട്ടാന്‍. ഒന്നില്‍ പിഴച്ചാല്‍ 3 എന്നല്ലേ. വെറും അന്ധവിശ്വാസം
7)ഉപ്പും , ചിരട്ടക്കരിയും കുഴിച്ചിടുന്നത് കൂടോത്രം ആയിട്ടാണ്. അതിന്റെ ഉച്ചാടനാവാഹനാദികള്‍ക്ക് തടസ്സം വരാ‍നാണ് “വെള്ളം ഒഴി”
8)അല്ല ഇത് തീരെ ശരിയല്ല. കട്ടിക്കുടിയ എന്നല്ല ഒരു കമ്പി കൊണ്ടും ഫ്യൂസ് കെട്ടരുത്. തമസല്ലോ സുഖപ്രദം
9)കണ്ണ് തള്ളണ ഇടി കിട്ടിയാല്‍ വെക്സ്, കണ്ണ്പൊട്ടണ ഇടി കിട്ടിയാല്‍ കേവ്
10)ചുരുള് ഒക്കെ പഴയ ഫാഷന്‍ അല്ലെ? ഓനത് തീരെ ഇഷ്ടല്ല. ഇനി ചുരുളാക്കിയാത് അതെന്ന് ചീര്‍പ്പും,ഡ്രയറും എടുത്ത് വീണ്ടും സ്റ്റൈല്‍ മാറ്റും

മാഷ് തല്ലും മുന്നേ ഡിങ്കന്‍ ഓടി :)

ശ്രീ said...

നന്നായിരിക്കുന്നു, മാഷെ....
ചിലതെല്ലാം പുതിയ അറിവുകള്‍‌ തന്നെ!

കരിപ്പാറ സുനില്‍ said...

നന്ദി ,ശ്രീ തറവാടി,
1kg പദാര്‍ത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെത്ഷ്യസ് അഥവാ ഒരു കെല്‍‌വിന്‍ വര്‍ദ്ധിപ്പിയ്ക്കാനാവശ്യമായ താപമാണ് ആ പദാര്‍ത്ഥത്തിന്റെ വിശിഷ്ടതാപധാരിത(Specific Heat Capacity )
ശ്രീ തറവാടി നല്‍കിയ വിശദീകരണം ഒന്നുകൂടി പഠിച്ചശേഷം മറുപടി പറയുന്നതാണ് ഉചിതമെന്നുതോന്നുന്നു.
6,8 എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും അവ്യക്തതയുണ്ട്. അതില്‍ ഖേദിയ്ക്കുന്നു.
ഇനി മുതല്‍ ഇത്തരത്തില്‍ വരാതിരിയ്ക്കാന്‍ ശ്രമിയ്ക്കാം
ചോദ്യങ്ങള്‍ വിശകലനം ചെയ്തതിനും തെറ്റ് ചൂണ്ടിക്കാണിച്ചുതന്നതിനും ശ്രീ തറവാടിയ്ക്ക് നന്ദി രേഖപ്പെടൂത്തുന്നു.

ശ്രീ ഡിങ്കന്റെ പ്രോത്സാഹനത്തിനു നന്ദി. മാത്രമല്ല,ഹാസ്യപ്രദമായ കമന്റിട്ടതിനും നന്ദി രേഖപ്പെടുത്തുന്നു.

ശ്രീ ശ്രീയുടെ പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടൂത്തുന്നു
ആശംസകളോടെ
കരിപ്പാറ സുനില്‍

Get Blogger Falling Objects