Monday, April 21, 2008

56. വോള്‍ട്ടേജ് കുറഞ്ഞാല്‍ ഉപയോഗിക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ ഏതാണ് ?

വോള്‍ട്ടേജ് കുറഞ്ഞാല്‍ ഉപയോഗിക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ ഏതാണ് ? സ്ഥലം : പതിവുപോലെ തന്നെയുള്ള ഒരു അദ്ധ്യാപക പരിശീല ക്ലാസ് . പുസ്തകത്തിലുള്ളവയെ ജീവിതവുമായി ബന്ധപ്പെടുത്തി ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കണം എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ച . പല മാഷന്മാരും അതിനു കാരണമായി പല തടസ്സങ്ങളും എടുത്തുകാട്ടി . അങ്ങനെ പോള്‍സണ്‍ മാഷുടെ ഊഴവുമെത്തി. (പോള്‍സണ്‍ മാഷിനെക്കുറിച്ചു പറയുകയാണെങ്കില്‍ ; സംസ്ഥാന വിദ്യാസ വകുപ്പു സംഘടിപ്പിച്ച് ടീച്ചിംഗ് എയ്‌ഡ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം നേടിയ അദ്ധ്യാപകന്‍ എന്ന പൊന്‍‌തൂവലാണ് ആദ്യം ശ്രദ്ധയില്‍ വരിക. പിന്നേയും ഒട്ടനവധി വിശേഷണങ്ങള്‍ ഉണ്ട് . അവയൊക്കെ പിന്നീട് പറയാം.) പോള്‍സണ്‍ മാഷ് പറഞ്ഞു തുടങ്ങി .. തന്റെ തൊട്ടടുത്ത വിദ്യാലയത്തിലെ ഒരു സ്ക്കുളില്‍ ഫിസിക്സിനെക്കുറിച്ച് ഒരു ക്ലാസെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ ക്ഷണിച്ചത്രെ . അങ്ങനെയാണ് മാഷ് അവിടെ എത്തിയത് . സ്കൂളിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഉയര്‍ന്ന വിജയ ശതമാനം പുലര്‍ത്തുന്ന സ്ക്കൂള്‍ . എ പ്ലസ്സുകാരുടെ എണ്ണം ഒട്ടേറെ.. ഫിസിക്സില്‍ മാഷിന്റെ ഇഷ്ട ഭാഗം വൈദ്യുത കാന്തിക പ്രേരണമാണ് അങ്ങനെ മാഷ് ആ ഭാഗത്തില്‍ നിന്നുതന്നെ തുടങ്ങമെന്നു വെച്ചു. ആമുഖമെന്നോണം ഒരു ചോദ്യത്തില്‍ നിന്നും തുടങ്ങമെന്നും വെച്ചു ട്രാന്‍സ്‌ഫോമറിന്റെ അദ്ധ്യായമൊക്കെ നിങ്ങള്‍ പഠിച്ചില്ലേ .. കുട്ടികള്‍ ഉവ്വ് എന്ന മറുപടിയും നല്‍കി . എന്നാല്‍ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ എന്നാല്‍ അങ്ങനെ ആകട്ടെ എന്നു കുട്ടികളും പുതിയ മാ‍ഷിനെ കണ്ടപ്പോഴുള്ള കൌതുകം എല്ലാവരുടെ മുഖത്തും ഉണ്ട് . മാഷ് ചോദ്യം അവതരിപ്പിച്ചു. ഈയ്യടുത്ത കാലത്ത് പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഉദയംകോട് കോളനിയില്‍ വോള്‍ട്ടേജ് ക്ഷാമം ഉണ്ടായി . സംഗതി പതിവായപ്പോള്‍ അവിടത്തെ ജനങ്ങള്‍ പ്രക്ഷോപമാരംഭിച്ചു. മുന്നോടിയായി സമര വിളംബര ജാഥയും നടത്തി . ഉടനടി തന്നെ കെ.എസ് .ഇ .ബി. പ്രശ്നത്തില്‍ ഇടപെട്ടു. ട്രാന്‍സ്‌ഫോമര്‍ മാറ്റിവെച്ചു. നിങ്ങള്‍ ട്രാ‍ന്‍സ്‌ഫോമറിനെക്കുറിച്ചു പഠിച്ചിട്ടുണ്ടല്ലോ സ്റ്റെപ് അപ് ട്രാന്‍സ്‌ഫോമര്‍ - വോള്‍ട്ടേജ് ഉയര്‍ത്തുവാന്‍ ഉപയോഗിക്കുന്നു എന്നും സ്റ്റെപ് ഡൌണ്‍ ട്രാസ്‌ഫോമര്‍ വോള്‍ട്ടേജ് താഴ്‌ത്തുവാന്‍ ഉപയോഗിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാല്‍ ഇവിടെ കെ.എസ്.ഇ.ബി ഏതു തരം ട്രാന്‍സ്‌ഫോമറാണ് പുതിയതായി വെച്ചത് മാഷ് കുട്ടികളോട് ഒരു കടലാസില്‍ ഉത്തരമെഴുതി തരുവാന്‍ ആവശ്യപ്പെട്ടു. കഴിയുമെങ്കില്‍ ആ ട്രാന്‍സ്‌ഫോമര്‍ ഉപയോഗിക്കാനുണ്ടായ കാരണവും എഴുതിക്കോ എന്നും പറഞ്ഞു. ക്ലാസിലെ എല്ലാകുട്ടികളും എ ഗ്രേഡിനു മുകളില്‍ ഉള്ളവരാണ് എന്ന് ഹെഡ്‌മാസ്റ്റര്‍ സൂചിപ്പിച്ചത് അപ്പോഴും മാഷിന്റെ മനസ്സില്‍ ഉണ്ടായിരുനു ഉത്തരമെഴുതിയ കടലാസുകള്‍ മാഷ് കളക്ട് ചെയ്തു. അവ ഓരോന്നായി പരിശോധിച്ചു എല്ലാ കുട്ടികളും എഴുതിയിരിക്കുന്നത് സ്റ്റെപ്പ് അപ് ട്രാന്‍സ്‌ഫോമര്‍ എന്നായിരുന്നു. മാഷ് ഒന്നു നിറുത്തി. ചുറ്റുമുള്ള സഹ അദ്ധ്യാപകരെ ഒന്നു വീക്ഷിച്ചു. എന്നീട്ട് ഒരു ചോദ്യം ചോദിച്ചു “ എന്താ കുട്ടികള്‍ ഇങ്ങനെ തെറ്റായ ഉത്തരമെഴുതുവാന്‍ കാരണം ? പിന്നീട് അതേക്കുറിച്ച് ഉശിരന്‍ ചര്‍ച്ച നടന്നു അവസാനം നിഗമനത്തിലും എത്തിച്ചേര്‍ന്നു
വാല്‍ക്കഷണം
? അപ്പോഴും ചില ടീച്ചേഴ്‌സ് ചോദിച്ചു “ അതില്‍ തെറ്റുണ്ടോ ?”

3 comments:

തറവാടി said...

ഉത്തരം : സ്റ്റെപ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ :)

വൈദ്യുത ലൈനിലുള്ള പ്രസരണ നഷ്ടം കാരണമാണ് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വോള്‍ടേജിലുള്ള വൈദ്യുതി ലഭിക്കുന്നത്.

ഈ കുറവ് പ്രസരണദൂരത്തിന് അനുപാതത്തിലും വോള്‍ട്ടേജിന്റെ അളവിന് വിപരീത അനുപാതത്തിലുമാണ്.

അതിനാല്‍ ഉപഭോക്താവിനടുത്ത് വരെ കൂടിയ വോള്‍ട്ടേജില്‍(11kV) വൈദ്യുതി കൊണ്ട് വന്ന് ഉപഭോക്താവിന്റെ വളരെ യടുത്ത് വെച്ച് വോള്‍ട്ടേജ് കുറക്കുന്നതിലൂടെ(400V) വോള്‍ട്ടേജ് കുറവ് പരിഹരിക്കാന്‍ കഴിയും.അതിനാലാണ് സ്റ്റെപ്പ്ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുന്നത്.

തറവാടി said...

വേണമെങ്കില്‍ കപ്പാസിറ്റി കൂടിയ സ്റ്റെപ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ എന്നൂടെ പറയാം. ( ലൈനുകള്‍ സ്പ്ലിറ്റ് ആക്കിയും ഇതു പരിഹരിക്കാം ഇവിടെയും ഉപയോഗിക്കുന്നത് സ്റ്റെപ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ തന്നെ! )

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ തറവാടി,
ഉത്തരം വ്യക്തമായി വിശദമാക്കിയതിനു നന്ദി.
പക്ഷെ ഇവിടെ പ്രശ്നം എന്താണെന്നുവെച്ചാല്‍ സമര്‍ത്ഥരെന്നു കരുതുന്ന വിദ്യാര്‍ത്ഥികള്‍ പോലും ഉത്തരം ഈ ചോദ്യത്തിന്റെ കാര്യത്തില്‍ തെറ്റിക്കുന്നതാണ് കണ്ടുവരുന്നത് .
അതുകൊണ്ട് ഡിപ്പാര്‍ട്ട്മെന്റ് സൂചിപ്പിക്കുന്നത്
; അദ്ധ്യാപന വൈകല്യത്തെയാണ് .
അതുവ്യക്തമാക്കാന്‍ ഇക്കാര്യം ഇവിടെ സുചിപ്പിച്ചെന്നു മാത്രം
ശ്രീ തറവാടിക്ക് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

Get Blogger Falling Objects