സ്കൂള്‍ അസംബ്ലി ..................
ഒരോ ദിവസവും ഓരോ ക്ലാസ് ആണ് സ്കൂള്‍ അസംബ്ലി കണ്ടക്ട് ചെയ്യേണ്ടത് .
കണ്ടക്ട് ചെയ്യുക എന്നുവെച്ചാല്‍ പ്രാര്‍ത്ഥന , പ്രതിജ്ഞ , അന്നത്തെ പത്രവാര്‍ത്തയുടെ അവതരണം ,ഇന്നത്തെ
ചിന്താവിഷയം അവതരണം , ദേശീയഗാനം എന്നിവയൊക്കെ ഏതുക്ലാസ് ആണോ അവതരിപ്പീക്കുന്നത് പ്രസ്തുത
ക്ലാസിലെ കുട്ടികള്‍ തയ്യാറായി വന്നീട്ടുണ്ടായിരിക്കും.
അന്നത്തെ ദിവസത്തെ അവതരണം മാഷിന്റെ ക്ലാസിനായിരുന്നു.
അതുകൊണ്ടുതന്നെ തലേന്ന് മാഷ് പ്രാര്‍ത്ഥനയും ദേശീയഗാനവും കുട്ടികളെ ഉച്ചസമയത്ത് പരിശീലിപ്പിച്ചിരുന്നു.
അതിനാല്‍ , അന്നത്തെ ദിവസം കാലത്ത് അസംബ്ലിക്കു മുന്‍പ് വാര്‍ത്തയും ‘ചിന്താവിഷയവും‘ മാത്രം ചെക്കുചെയുക
മാത്രമേ വേണ്ടിവന്നുള്ളൂ.
അന്നേ ദിവസം മാഷ് , സ്റ്റാഫ് റൂമില്‍ കുറച്ചു നേരത്തെ എത്തിയിരുന്നു.
അസംബ്ലി കണ്ടക്ട് ചെയ്യേണ്ട ടീം എത്തി.
അവര്‍ കൊണ്ടുവന്ന വാര്‍ത്ത ( എഴുതി തയ്യാറാക്കിയത് ) മാഷ് നോക്കി .
കുഴപ്പമൊന്നുമില്ല .
അസംബ്ലിയില്‍ അവതരിപ്പിക്കാനുതകുന്നതുതന്നെയാണ് .
അടുത്തതായി ‘ഇന്നത്തെ ചിന്താവിഷയം‘ തയ്യാറാക്കിയ കുട്ടി വന്നു.
രണ്ടു വരി മാത്രമാണ് കുട്ടി എഴുതിയിരിക്കുന്നത് .
“ പര്‍വ്വതങ്ങളെ കീഴടക്കുന്നതിലും എത്രയോ വലുതാണ് അവനവന് അവനവനെത്തന്നെ കീഴടക്കുന്നത് “ -എഡ്മണ്ട്
ഹിലാരി.
മാഷിന് എന്തായാലും ആ വരി ഇഷ്ടപ്പെട്ടു.
ഇന്നത്തെ ചിന്താവാചകം സെലക്ട് ചെയ്ത കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.
പോകാന്‍ നേരത്ത് മാഷിനൊരു സംശയം .
ഇന്നത്തെ ചിന്താവിഷയം തയ്യാറാക്കിയ കുട്ടി അത് വായിച്ചപ്പോള്‍ ...........
അത് കേട്ടുനിന്ന കുട്ടികളില്‍ ഒരു ഭാവഭേദവും ഉണ്ടായില്ല...
അതന്താ ?
അവര്‍ അത് മുന്‍പ് കേട്ടിരിക്കുമോ ?
എന്തായാലും സംശയം തീര്‍ക്കുക തന്നെ .
മാഷ് അവരെ തിരികെ വിളിച്ചു .
കേട്ടുനിന്നവരോട് ചോദിച്ചൂ
“ ആരാ എഡ്മണ്ട് ഹിലാരി ?”
അവര്‍ മിഴിച്ചു നിന്നു.
അപ്പോള്‍ മാഷിന്റെ ചോദ്യം ‘ഇന്നത്തെ ചിന്താവിഷയം‘ എഴുതിക്കൊണ്ടുവന്ന കുട്ടിയോടായി.
അവള്‍ക്കും ഉത്തരമില്ല .
അപ്പോള്‍ മാഷിന് ഒരു കാര്യം ഉറപ്പായി .
ഈ മഹത്തായ വരികളുടേ ഗുട്ടന്‍സ് അറിഞ്ഞുകൊണ്ടല്ല ഇവര്‍ ഇത് എഴുതിക്കൊണ്ടുവന്നിരിക്കുന്നത് .
ഇന്നത്തെ ചിന്താവിഷയമല്ലേ ...
ഏതെങ്കിലും ഒരു മഹാന് എഴുതിയ പ്രസിദ്ധമായ വാചകം വേണം .
അത് എവിടെനിന്നെങ്കിലും തപ്പിപ്പിടിച്ചൂകൊണ്ടുവന്ന് അവതരിപ്പിക്കുന്നു.
അത്രമാത്രം .
ദിനാരംഭത്തിലെ അസംബ്ലിയില്‍ ഇത്തരം വാചകങ്ങളുടേ സ്വാധീനം ഇവര്‍ മനസ്സിലാക്കിയിട്ടില്ല എന്ന് വ്യക്തം.
എന്തായാലും മാഷ് കൂടുതല്‍ ചോദിച്ച് സമയം കളയുവാന്‍ മിനക്കെട്ടില്ല.
കാര്യം വിശദമാക്കിക്കൊടുത്തു .
“ആരാണ് എഡ്മണ്ട് ഹിലാരി . ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ വ്യക്തിയാണ്
അദ്ദേഹം . അതുകൊണ്ടുതന്നെ അദ്ദേഹം ഈ വാക്കുകള്‍ പറയുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട് “
കുട്ടികള്‍ പര്‍വ്വതത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയ മട്ടില്‍ ചിരിച്ചുകൊണ്ട് തലയാട്ടി .
അതിനാല്‍ തന്നെ ചിന്താശകലം അവതരിപ്പിക്കുന്നതിനുമുന്‍പേ എഡ്മഡ് ഹിലാരിയെക്കുറിച്ച് ഒരു വിവരണവും നല്കി.
കാരണം ഇവരെപ്പോലെയുള്ള കുട്ടികള്‍ അസംബ്ലിയില്‍ ഉണ്ടായിരിക്കുമല്ലോ . അവര്‍ക്കും ഗുട്ടന്‍സ് പിടികിട്ടേണ്ടെ.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായിരുന്നു എവറസ്റ്റ് .അത് കീഴടക്കിയ വ്യക്തിയാണ് എഡ്മണ്ട് ഹിലാരി. ആ
ഹിലാരിയുടെ പ്രസിദ്ധമായ വാചകമിതാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അസംബ്ലിയില്‍ ചിന്താവിഷയം
അവതരിപ്പിച്ചത് .
* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *
ഉച്ചഭക്ഷണ സമയത്തെ ഇന്റര്‍വെല്‍
മാഷന്മാരുടെ മുറിയില്‍ എല്ലാവരും ഊണ് കഴിച്ച് ഇരിപ്പാണ്
അങ്ങനെയിരിക്കുന്ന സമയത്ത് ....
ഹിലാരി പ്രശ്നം മാഷിന് ഓര്‍മ്മ വന്നു.
മാഷ് സ്റ്റാഫ് റൂമില്‍ നോക്കി .
മിക്ക മാഷന്മാരും സ്റ്റാഫ് റൂമിലുണ്ട്
മാഷ് ഇക്കാര്യം അവരോട് പറഞ്ഞു
പറഞ്ഞു കഴിഞ്ഞപ്പോള്‍ മലയാളം മാഷ് ഉറക്കെ പറഞ്ഞു.
“ഇതുപോലെ ഒരനുഭവം എനിക്കും ഉണ്ടായി “
എന്നാല്‍ പറയൂ എന്ന ഭാവത്തില്‍ ബാക്കിയുള്ളവരും ഇരുന്നു; കാരണം മലയാളം മാഷിന്റെ സംസാരം അത്ര രസകരമാണ്.
മലയാളം മാഷ് സംതൃപ്തിയോടെ ആരംഭിച്ചു.
കഴിഞ്ഞെ ക്ലസ്റ്ററിന് ആരെങ്കിലും എന്തെങ്കിലുമൊക്കെ അവതരിപ്പിക്കണം എന്നൊരു നിര്‍ദ്ദേശം വന്നു.
അതായത് ഒരു “ജസ്റ്റ് എ മിനിട്ട് പ്രോഗ്രാം ”
ഈ സമയത്ത് ആര്‍ക്കുവേണമെങ്കിലും അദ്ധ്യാപക പരിശീലന ക്ലാസില്‍ അവതരിപ്പിക്കാം .
ഫലിതമോ , കഥയോ , കവിതയോ , പുസ്തകാസ്വാദനമോ എന്തുവേണമെങ്കിലും ആവാം .
ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധാരണയായി ആരും മുന്നോട്ടുവരാറില്ല. അതിനാല്‍ അവതരിപ്പിക്കേണ്ട
ആളെ നറക്കെടുക്കുകയാണ് ചെയ്യുക . അതും അറ്റന്‍ഡന്‍സ് രജിസ്റ്ററിലെ നമ്പറായിരിക്കും നറക്കെടുക്കുക.
അന്നത്തെ നറുക്ക് എനിക്കാണ് വീണത് .
ഇപ്പോള്‍ ‘ഹാസ്യ’ ത്തിനാണല്ലോ വലിയ ഡിമാന്റ് .
അതിനാല്‍ തന്നെ ഞാന്‍ ഒരു ഫലിതം അവതരിപ്പിക്കാമെന്നു വിചാരിച്ചു.
പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഫലിതം എനിക്ക് ഓര്‍മ്മ വന്നു.
അന്ന് അത് എന്നെ വളരെ ചിന്തിപ്പിച്ചിരുന്നു.
വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ ഗോപാലകൃഷ്ണന് .ഐ .എ .എസ് ആണ് തന്റെ അത്മകഥാ
കുറിപ്പില്‍ ഇത് എഴുതിയിരുന്നത് .
അന്ന് അത് വായനക്കാരെ ഏറെ ആകര്‍ഷിച്ച ഒരു പംക്തിയായിരുന്നു.
അന്ന് ( പണ്ട് ) അത് വായിച്ച ഉടനെ , പിറ്റേന്ന് ക്ലാസില്‍ കുട്ടികളോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം
ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇത് അദ്ധ്യാപക പരിശീലനക്ലാസില്‍ പറയാനായി തെരഞെടുത്തത് .
ഇക്കാര്യം ശ്രീ ഗോപാലകൃഷ്ണനേയും മാതൃഭൂമിയേയൂം പിറ്റേന്ന് ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ ഈ ‘ഓര്‍മ്മക്കുറിപ്പ് ’
അവതരിപ്പിച്ചപ്പോള്‍ ക്ലാസിലുണ്ടായ പൊട്ടിച്ചിരിയേയും കാര്യം ഞാന്‍ ആമുഖമായി പറഞ്ഞുകൊണ്ടാണ് അവതരണം
തുടങ്ങിയത്
...... അങ്ങനെ
..........ഏതോ ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീ ഗോപാലകൃഷ്ണന് ബംഗാളിലെത്തുന്നു.
ഏകദേശം ഒരാഴ്ചയാണ് ഈ ഔദ്യോഗിക ടൂര്‍
താമസം വലിയൊരു ഹോട്ടലിലാണ് .
കാലത്ത് മീറ്റിംഗിനു പോകും .
വൈകീട്ട് അഞ്ചുമണിയോടെ ഹോട്ടലില്‍ ( താമസസ്ഥലത്ത് ) തിരിച്ചെത്തും .
ഹോട്ടലിലെ പത്താമത്തെ നിലയിലാണ് ഗോപാലകൃഷ്ണന്റെ മുറി.
വൈകീട്ട് മുറിയിലെത്തിയാല്‍ ഉടനെത്തന്നെ ആ നിലയിലെ (ബാല്‍ക്കണി) വരാന്തയിലേക്കിറങ്ങും.
അവിടെയിരുന്ന് , കാറ്റേറ്റ് , താഴെയുള്ള തിരക്കുപിടിച്ച നഗരത്തെ അലസമായി നോക്കി ഏറെ നേരം ചിലവഴിക്കും .
ഈ റിലാക്സേഷന് വഴി അന്നത്തെ ക്ഷീണത്തെ പമ്പകടത്തും .
ഗോപാലകൃഷ്ണന് മാത്രമല്ല മറ്റുപലരും ചിലപ്പോള്‍ അവിടെ കാണാം .
ഇതായിരുന്നു ഗോപാലകൃഷ്ണന്റെ അന്നത്തെ ദിനചര്യ .
അങ്ങനെ ..........
അന്നൊരു നാള് ....
ഗോപാലകൃഷ്ണന് അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് താമസ സ്ഥലത്ത് എത്തി .
പത്താംനിലയിലേക്ക് ഉള്ള ലിഫ്റ്റിനായി കാത്തുനില്‍ക്കുകയാണ്.
അപ്പോള്‍ ഒരു മധ്യവയസ്കനായ ഒരു ഗ്രാമീണന് അവിടെ വന്നു .
അയാളുടെ രണ്ടുകയ്യിലും വലിയ ഭാരമുള്ള പെട്ടിയുണ്ട് .
അയാള്‍ ലിഫ്റ്റിനു കാത്തുനില്‍ക്കാതെ രണ്ടുകയ്യിലും ആ വലിയ പെട്ടിയും താങ്ങി മുകളിലേക്ക് കയറിപ്പോയി .
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലിഫ്റ്റ് താഴെക്ക് വന്നു.
ഗോപാല കൃഷ്ണന് ലിഫ്റ്റില്‍ കയറി .
ലിഫ്റ്റില്‍ വെച്ച് ഗോപാലകൃഷ്ണന് ആ ‘ഗ്രാമീണനെ ’ ക്കുറിച്ച് ചിന്തിച്ചു.
ആധുനിക സാങ്കേതിക ജ്ഞാനമില്ലെങ്കില്‍ കഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെക്കുറീച്ച് ആലോചിച്ചു.
...............
ഗോപാലകൃഷന് മുറിയിലെത്തി.
തുടര്‍ന്ന് പതിവിന്‍പടി ബാല്‍ക്കണിയിലേക്ക് നടന്നു .
അങ്ങനെ നടക്കുമ്പോള്‍ മനസ്സിലായി ആ ‘ഗ്രാമീണന്റെ മുറി’ തന്റെ മുറിയുടെ തൊട്ടടുത്താണെന്ന് .
വലിയ ഭാരമുള്ള പെട്ടിയുമായി പത്താം നില വരെ കയറിയ ആ ഗ്രാമീണനോട് ഗോപാലകൃഷ്ണന് വല്ലാത്ത
അലിവുതോന്നി .
കുറച്ചു കഴിഞ്ഞപ്പോള്‍ ‘ആ ഗ്രാമീണനും ബാല്‍ക്കണിയിലെത്തി’
ഗ്രാമീണന് നല്ലവണ്ണം വിയര്‍ത്തിട്ടുണ്ട് .
കഠിനാദ്ധ്വാനമല്ലേ ചെയ്തിരിക്കുന്നത് !
എന്തായാലും ഇനിയെങ്കിലും ‘ലിഫ്റ്റിന്റെ ‘ പ്രാധാന്യത്തേയും പ്രവര്‍ത്തനത്തേയും കുറിച്ച് ഈ ഗ്രാമീണനു
പറഞ്ഞുമനസ്സിലാക്കി കൊടുക്കുകതന്നെ
ഗോപാലകൃഷ്ണന് തീരുമാനിച്ചു.
ഗോപാലകൃഷ്ണന് ഗ്രാമീണന്റെ അടുത്തുചെന്നു; കുശലം ചോദിച്ചൂ.
ഭാഗ്യം ഗ്രാമീണന് ഇംഗ്ലീഷ് അറിയാം .
അപ്പോള്‍ സംഗതി എളുപ്പമായി
അതായത് സാങ്കേതിക സഹായോപദേശം എളുപ്പമായി .
ഗോപാലകൃഷ്ണന് സ്വയം പരിചയപ്പെടുത്തി
അതിനുശേഷം ലിഫ്റ്റിനെക്കുറിച്ചും അത് ഉപയോഗിക്കുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നും ഇനി അഥവാ
പ്രവര്‍ത്തിപ്പിക്കുവാന്‍ ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ അറിയുന്ന ആരെങ്കിലും വരാന്‍
കാത്തുനിന്നാല്‍ മതിയെന്നും അങ്ങനെ അയാളുടെ സഹായത്താല്‍ സുഖമായി പത്താം നിലയില്‍ എത്താമെന്നും
പറഞ്ഞു.
ഗ്രാമീണന് അതൊക്കെ മനസ്സിലായെന്ന മട്ടില്‍ തലയാട്ടുകയും ഗോപാലകൃഷ്ണനോട് നന്ദി പറയുകയും ചെയ്തു.
അങ്ങനെ ബാല്‍ക്കണിയില്‍ നിന്ന് പിരിയാന്‍ നേരം ഗോപാലകൃഷ്ണന് ഒരു കാര്യം പെട്ടെന്ന് ഓര്‍ത്തു.
ഇത്രയൊക്കെ സംസാരിച്ചിട്ടും താന്‍ ആ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
തന്നെക്കുറിച്ചും തന്റെ ഔദ്യോഗിക പദവിയെക്കുറിച്ചും ലിഫ്റ്റിനെക്കുറിച്ചും ഒക്കെ ഗ്രാമീണനോട്ട് ഒരു കൊച്ചുകുട്ടിയോടെന്ന
വണ്ണം പറഞ്ഞുവെങ്കിലും താന്‍ ഗ്രാമീണനെ പരിചയപ്പെട്ടില്ലല്ലോ .
അതിനാല്‍ തന്നെ ; ഗോപാലകൃഷ്ണന് ഗ്രാമീണന്റെ പേരും മറ്റുകാര്യങ്ങളും ചോദിച്ചു.
ആ ഗ്രാമീണന്റെ ഉത്തരം കേട്ടപ്പോള്‍ .......
ഗോപാലകൃഷ്ണന് താന്‍ കൊച്ചായതുപോലെ തോന്നി.
ജാള്യതയുടേ ഒരു കൂമ്പാരം തന്നെ തന്റെ ശരീരത്തില്‍ വന്നുപതിച്ചതായി തോന്നി.
ഗ്രാമീണന്റെ പേര് എന്തായിരുന്നെന്നോ ?
“ടെന്‍സിംങ് “
അതായിരുന്നു ഗ്രാമീണന്റെ ഉത്തരം .
ഇത്രയും പറഞ്ഞ് മലയാളം മാഷ് അദ്ധ്യാപക പരിശീലനക്ലാസില്‍ ഒന്നു നിറുത്തി .
നിശ്ശബ്ദത .
അതെ ; പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലാത്തതുപോലെ ..
മാഷ് പഴയകാര്യം ആലോചിച്ചു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാഷ് ഈ കഥ ക്ലാസില്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ച കാര്യം .
പക്ഷെ , ഇപ്പോള്‍ ഇവിടെ ...
ആരും ചിരിക്കുന്നില്ലല്ലോ .
ചിരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും മുഖത്ത് വരുത്തിക്കൂടെ
അതും ഇല്ലല്ലോ ..
ഗതികെട്ട് മലയാളം മാഷ് ചോദിച്ചു
“ ഇത് കേട്ട് എന്താ നിങ്ങള്‍ ചിരിക്കാത്തേ “
“ അതിന് മാഷ് പറഞ്ഞതില്‍ ചിരിക്കാന്‍ ഒന്നുമില്ലല്ലോ എന്ന് എവിടെനിന്നോ ഒരു കമന്റ് .
സംഗതി മലയാളം മാഷിന് മനസ്സിലായി.
തന്റെ ഹാസ്യത്തിന്റെ ക്ലൈമാക്സ് തൂറ്റിയത് എന്തുകൊണ്ടാണെന്നു മനസ്സിലായി .
അവര്‍ക്ക് ‘ടെന്‍സിങിനെ ‘ അറിയില്ല ; അത്രതന്നെ .
തന്റെ ഈ ഫലിതം മുഴുവന്‍ ഈ ഒറ്റവാക്കിലാണ് നിലനില്‍ക്കുന്നത് .
പ്രസ്തുത വാക്കാണ് അവര്‍ക്ക് മനസ്സിലാവാതെ പോയത് .
തുടര്‍ന്ന് മാഷ് ഏതൊരു ഹാസ്യപ്രഭാഷകനേയും വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കു നീങ്ങി.
അതായത് ഹാസ്യത്തിലെ ഹാസ്യം എന്താണെന്ന് വിശദമാക്കിക്കൊടുക്കുന്ന അവസ്ഥ.
ശേഷം , മലയാളം മാഷ് ,ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കുറിച്ചും അത്
കീഴടക്കിയ ഹിലാരി , ടെന്‍സിംഗ് എന്നിവരെക്കുറിച്ചും പറഞ്ഞു.
പ്രസ്തുത ‘ടെന്‍സിംങാ‘യിരുന്നു ഗോപാലകൃഷ്ണന്റെ കഥയിലെ ഗ്രാമീണന് എന്നുകൂടി പറഞ്ഞപ്പോഴാണ് പലരുടേയും
മുഖത്ത് പുഞ്ചിരി വിടര്‍ന്നത് .
“ അല്ലെങ്കിലും അദ്ധ്യാപക പരിശീലനത്തില്‍ വരുന്നവരില്‍ ഭൂരിഭാഗവും ഫീമെയില്‍ ടീച്ചേഴ്സാ . അവര്‍ക്കുണ്ടോ
‘ഹാസ്യബോധം‘ “ പൊതുവെ സ്ത്രീ വിദ്വേഷികൂടിയായ സാമൂഹ്യം മാഷ് ദേഷ്യത്തോടെ പറഞ്ഞു.
ഇംഗ്ലീഷ് മാഷും അത് ശരിവെച്ചു.
മലയാളം മാഷ് ഇത്രയും പറഞ്ഞു നിറുത്തിയപ്പോള്‍ തനിക്കും ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്
ഫിസിക്സ് മാഷ് പറഞ്ഞു.
* * * * * * * *
* * * * * * * * * * * * * * * *
* * * * * * * *
ഫിസിക്സ് മാഷ് ഇപ്രകാരം തുടര്‍ന്നു.
സ്റ്റാഫ് റൂമിലുള്ളവര്‍ ഫിസിക്സ് മാഷിന് ചെവികൊടുത്തു.
കഴിഞ്ഞ വര്‍ഷം ഫിസിക്സ് മാഷ് മള്‍ട്ടിമീഡിയ തിയേറ്ററില്‍ പത്താം ക്ലാസിലെ കുട്ടികളെ കൊണ്ടുപോയി ഒരു സിഡി
കാണിച്ചു കൊടുത്തിരുന്നു.
‘നമ്മുടെ പ്രപഞ്ചം‘ എന്ന അദ്ധ്യായവുമായി ബന്ധപ്പെട്ടായിരുന്നു സി.ഡി പ്രദര്‍ശനം .
സ്കൂളിലെ മള്‍ട്ടിമീഡിയ തിയേറ്ററിലെ വലിയ സ്ക്രീനിലെ ‘സിനിമാ പ്രദര്‍ശനം ’ കുട്ടികള്‍ ഇഷ്ടപ്പെടുന്നതായിരുന്നു.
തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ആദ്യകാല റോക്കറ്റ് വിക്ഷേപണവും കുട്ടികള്‍ സ്ക്രീനില്‍ കണ്ടു.
അത് അവരെ വല്ലാതെ ചിരിപ്പിച്ചു.
കാരണം എന്തെന്നാല്‍ ; വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗമായിരുന്നു അത് .
ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഇത്രയും ഔന്നത്യത്തില്‍ നില്ക്കുമ്പോള് വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ്
എത്തിക്കുന്നതിനുവേണ്ടി സൈക്കിള്‍ ഉപയോഗിച്ചതിലെ യുക്തിയാണ് അവരെ ചിരിപ്പിച്ചത്.
പ്രസ്തുത സി.ഡി ആ മാസത്തെ അദ്ധ്യാപക പരിശീലനത്തിലും ഫിസിക്സ് മാഷ് കാണിച്ചു കൊടുത്തു.
വിക്ഷേപണസ്ഥലത്തേക്ക് റോക്കറ്റ് സൈക്കിളില്‍ കൊണ്ടുപോകുന്ന രംഗവും വന്നു.
പക്ഷെ ; ചിരിയുടെ ഒരു പൊടിപോലും അവിടെ ഉണ്ടായില്ല എന്ന ഖേദകരമായ വസ്തുത ഫിസിക്സ് മാഷ് പറഞ്ഞു നിറൂത്തി.
“ അതുതന്ന്യാ ഞാന്‍ പറഞ്ഞേ . ഈ ടീച്ചര്‍മാര്‍ക്ക് ചോദ്യം ചോദിയ്ക്കാ ഉത്തരം എഴുതിക്കൊടുക്കാ . കാണാപ്പാഠം
പഠിപ്പിക്കാ എന്നുള്ളതാല്ലാതെ മറ്റു ജനറല്‍ ആയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഒരു താല്പര്യവും
ഇല്ലാന്ന്’ സാമൂഹ്യം മാഷ് ചൂടായി പറഞ്ഞു.
ഇംഗ്ലീഷ് മാഷ് ഇപ്രാവശ്യം ശക്തിയോടെ സാമൂഹ്യം മാഷിന്റെ അഭിപ്രായത്തെ പിന്താങ്ങി.
തുടര്‍ന്ന് ഇംഗ്ലീഷ് മാഷ് പറഞ്ഞു
“ എന്റെ ക്ലസ്റ്ററിലെ ഒരു അനുഭവം കേള്‍ക്കണോ “
എല്ലാവരും ഇംഗ്ലീഷ് മാഷിന്റെ അനുഭവത്തിനുവേണ്ടി കാതോര്‍ത്തു.
ഞങ്ങള്‍ക്കും ഉണ്ട് ‘ജസ്റ്റ് എ മിനിട്ടുപോലത്തെ‘ ഒരു പരിപാടി .
അതില്‍ എനിക്കായിരുന്നു അന്നത്തെ നറുക്ക് വീണത് .
ഞാന്‍ പരിപാടി അവതരിപ്പിച്ചു.
മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഒരു വാചകം ഉണ്ടാക്കാമോ എന്നായിരുന്നു എന്റെ
അദ്ധ്യാപകപരിശീലനത്തിലെ ചോദ്യം .
ഞാന്‍ അദ്ധ്യാപകരോട് ഈ ചോദ്യം ഉന്നയിച്ചു.
ഉത്തരം കണ്ടെത്താന്‍ അഞ്ചുമിനിട്ട് സമയവും അനുവദിച്ചു.
ആര്‍ക്കും ഉത്തരം കണ്ടെത്താനായില്ല .
ഒടുവില്‍ ഞാന്‍ ഉത്തരവും പറഞ്ഞുകൊടുക്കേണ്ടിവന്നു .
പക്ഷെ ; എന്റെ ഉത്തരം ഈ ടീച്ചര്മാര് അംഗീകരിച്ചില്ല.
പിന്നെ അവരുടെ വക കളിയാക്കലും പരിഹാസച്ചുവയുള്ള ചിരിയും .
ഇംഗ്ലീഷ് മാഷ് തന്റെ ടീച്ചര്‍മാരോടുള്ള രോഷം പറഞ്ഞുനിറൂത്തി.
അപ്പോള്‍ ഫിസിക്സ് മാഷ് ചോദിച്ചു
“ മൂന്ന് because അടുത്തത്തടുത്തായി വരത്തക്കവിധത്തില്‍ ഉള്ള sentence ഏതാ ?”
നിങ്ങള്‍ക്കും അറിയില്ലേ എന്ന മട്ടില്‍ ഇംഗ്ലീഷ് മാഷ് സ്റ്റൈലില്‍ പറഞ്ഞു
“ There is no sentence ending in because because because is a conjunction"
" അത് തകര്‍ത്തു” ഡ്രോയിംഗ് മാഷിന്റെ കമന്റായിരുന്നു അത് .
“ അടിപൊളിയായി അത് “ എന്തോ എഴുതിക്കൊണ്ടിരുന്ന കണക്ക് മാഷ് ഇംഗ്ലീഷ് മാഷിനെ പ്രോത്സാഹിപ്പിക്കാനെന്ന
മട്ടില്‍ പറഞ്ഞു.
“ മാഷ് എഴുതുകയും കേള്‍ക്കുകയും ചെയ്യുന്നു അല്ലേ “ കണക്കുമാഷിനെ കളിയാക്കി സാമൂഹ്യം മാഷ് പറഞ്ഞു.
“ അതെ , അദ്ദേഹം ഒരു ടൂ ഇന്‍ വണ്‍ ആണ് . മാത്തമറ്റിക്സിലെ അതുല്യ പ്രതിഭ” ഡ്രോയിംഗ് മാഷ് കണക്കുമാഷിനെ
കളിയാക്കി പറഞ്ഞു.
“എന്റെ പ്രശ്നം ഇപ്പോ ഇതൊന്നുമല്ല “ സാമൂഹ്യം മാഷ് പറഞ്ഞു.
തുടര്‍ന്ന് സാമൂഹ്യം മാഷിന്റെ പ്രശ്നം കേള്‍ക്കാനായി എല്ലാവരും കാതോര്‍ത്തു.
സാമൂഹ്യം മാഷ് തുടര്‍ന്നു
ഇത് എന്റെ ക്ലാസിലെ കൂട്ടികളുടെ പ്രശ്നമാണ് .
അവര്‍ക്ക് എന്തെങ്കിലും ഒരു തമാശ പറഞ്ഞാല്‍ ഭൂരിഭാഗം പേരും ചിരിക്കുന്നത് കുറച്ചു സമയം കഴിഞ്ഞാണ് .
ചില കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ തൊട്ടടുത്ത കുട്ടി തമാശയുടെ ഗുട്ടന്‍സ് വിശദീകരിച്ചു കൊടുക്കുകയും വേണം.
അതുകൊണ്ടുതന്നെ അവരോട് ഞാന്‍ ഒരു ദിവസം സര്‍ദാര്‍ജി കഥ പറഞ്ഞുകൊടുത്തു.
അപ്പോള്‍ ആ സര്‍ദാര്‍ജി കഥ കേള്‍ക്കട്ടെ എന്നായി കേള്‍വിക്കാരായ മാഷമ്മാരൊക്കെ.
തുടര്‍ന്ന് സാമൂഹ്യം മാഷ് കുട്ടികള്‍ക്ക് പാറഞ്ഞുകൊടുത്ത കഥ പറഞ്ഞു തുടങ്ങി.
അതായത് സര്‍ദാര്‍ജി ഒരു തമാശ കേട്ടാല്‍ അഞ്ചുപ്രാവശ്യം ചിരിക്കും !!!!!
അതെങ്ങന്യാ എന്നായി മറ്റുള്ളോര്
സാമൂഹ്യം മാഷ് തുടര്‍ന്നു
ഒരിക്കല്‍ ഒരു സര്‍ദാജി ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു.
ഉച്ചഭക്ഷണ സമയത്ത് ജോലിക്കാരൊക്കെ ഒരു ഹാളില്‍ ഒരുമിച്ച് കൂടിയിരുന്ന് ഭക്ഷണം കഴിക്കയാണ് പതിവ് .
അങ്ങനെയുള്ള സമയത്ത് പല വര്‍ത്തമാനവും അവിടെ നടക്കും .
അങ്ങനെ ഒരു ദിവസം ഒരു ജോലിക്കാരന് ഒരു ‘തമാശ‘ പറഞ്ഞു.
അതുകേട്ട എല്ലാവരും ചിരിച്ചു.
തമാശയുടെ ഗുട്ടന്‍സ് മനസ്സിലായില്ലെങ്കിലും എല്ലാവരും ചിരിക്കുമ്പോള്‍ ചിരിക്കേണ്ടെ എന്നുവിചാരിച്ച് സര്‍ദാര്‍ജിയും
പൊട്ടിച്ചിരിച്ചു.
(ഇപ്പോള്‍ ഒന്നാമത്തെ പ്രാവശ്യം സര്‍ദാര്‍ജി ചിരിച്ചത് !)
സര്‍ദാര്‍ജി ചിരിച്ചുവെങ്കിലും സഹപ്രവര്ത്തകന് പറഞ്ഞ തമാശ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അവനില്‍
അനുനിമിഷം വളര്‍ന്നുകൊണ്ടിരുന്നു.
സഹപ്രവര്‍ത്തകരോട് ചോദിക്കാമെന്നു വെച്ചാലോ
പണ്ടൊരിക്കല്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചതിന് അവര്‍ ഉണ്ടാക്കിയ അപമാനം ഇപ്പോഴും സര്‍ദാര്‍ജിക്ക്
ഓര്‍മ്മയുണ്ട് .
അതിനാല്‍ അവരോട് ചോദിക്കേണ്ട എന്നുവെച്ചു.
അന്നത്തെ ദിവസം ജോലികഴിഞ്ഞു.
സര്‍ദാര്‍ജി വീട്ടിലേക്കു പോയി .
ഗ്രാമത്തില്‍ ബസ്സിറങ്ങി.
സര്‍ദാര്‍ജി എന്നും സാധനങ്ങള്‍ ബസ്റ്റോപ്പിലെ ഒരു കടയില്‍ നിന്നാണ് വാങ്ങാറ്.
അങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ............
സര്‍ദാര്‍ജി ഈ തമാശ പ്രസ്തുത കടയുടമയോട് പറഞ്ഞു.
ഇതുകേട്ട കടയുടമ പൊട്ടിച്ചിരിച്ചു.
തമാശ അവതരിപ്പിച്ച സര്‍ദാര്‍ജിയും ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് രണ്ടാമത്തെ പ്രാവശ്യം !!)
അപ്പോള്‍ സര്‍ദാര്‍ജിക്ക് തമാശയുടെ ഗുട്ടന്‍സ് ഈ കടയുടമയോട് ചോദിച്ചാലോ എന്ന ഒരു ചിന്ത മനസ്സിലുദിച്ചു.
ഉടനെ അന്തഃരംഗം സര്‍ദാര്‍ജിയെ വിലക്കി .
ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച അനുഭവം സര്‍ദാര്‍ജിക്ക് ഓര്‍മ്മവന്നു.
തമാശയുടെ ഗുട്ടന്‍സ് കടയുടമയോട് ചോദച്ചാല്‍ താനൊരു വിഡ്ഡിയാണെന്ന കാര്യം അയാള്‍ നാട്ടില്‍ മുഴുവനും
പറഞ്ഞു പരത്തും
ഇപ്പോള്‍ ജോലിസ്ഥലത്തേ അങ്ങനെയുള്ള പേരുള്ളൂ.
അതിനാല്‍ സര്‍ദാര്‍ജി ഇതിനെക്കുറിച്ച് കടയുടമയോട് ഒന്നും ചോദിക്കാന്‍ പോയില്ല.
സര്‍ദാര്‍ജി വേഗം വീട്ടിലേക്കു നടന്നു.
സര്‍ദാര്‍ജിയുടെ മനസ്സില്‍ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച തമാശയുടെ ഗുട്ടന്‍സ് അറിയാനുള്ള ആഗ്രഹം മാനംമുട്ടേ
വളര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ സര്‍ദാജി വീട്ടിലെത്തി.
സര്‍ദാജി ഡ്രസ് മാറി സ്വീകരണ മുറിയിലിരുന്നു.
ഭാര്യ പതിവുപോലെ ചായയുമായി വന്നു.
ചായകുടിച്ചു കഴിഞ്ഞ് സര്‍ദാര്‍ജി ഭാര്യയോട് ഈ തമാശ പറഞ്ഞു.
തമാശ കേട്ട ഭാര്യ പൊട്ടി-പൊട്ടി ചിരിച്ചു.
അപ്പോഴും സര്‍ദാര്‍ജി ചിരിച്ചു
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് മൂന്നാമത്തെ പ്രാവശ്യം !!!)
ഭാര്യയുടെ ചിരി ഒന്നടങ്ങിയപ്പോള്‍ സര്‍ദാര്‍ജി ഒന്നു തീരുമാനിച്ചു.
എന്തായാലും ഈ തമാശയുടെ ഗുട്ടന്‍സ് ഭാര്യയോട് വിശദമായി ചോദിക്കതന്നെ .
താന്‍ തോറ്റുവെന്നുവെച്ചാലും സ്വന്തം ഭാര്യയുടെ മുന്നിലല്ലേ .
അതുകൊണ്ട് കുഴപ്പമില്ല.
സര്‍ദാജി ധൈര്യപൂര്‍വ്വം ഭാര്യയോട് തമാശയുടെ ഗുട്ടന്‍സ് പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു.
ഇതുകേട്ടപ്പോള്‍ ഭാര്യക്ക് ദയതോന്നി.
ഭാര്യ തമാശയുടെ ഗുട്ടന്‍സ് സര്‍ദാര്‍ജിക്ക് വിശദമാക്കിക്കൊടുത്തു.
ഹാ , ഹാ ഹാ
സര്‍ദാര്‍ജി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് അലറിച്ചിരിച്ചു ചിരിച്ചു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് നാലാമത്തെ പ്രാവശ്യം !!!!)
ഇത്രയും രസകരമായ - ആറ്റംബോംമ്പുപോലുള്ള തമാശയും കൊണ്ടാണ് താന്‍ കഴിച്ചു കൂട്ടിയതെന്നോര്‍ത്തപ്പോള്‍
സര്‍ദാര്‍ജിക്കു ലജ്ജതോന്നി.
...........
രാത്രിയായി .
സര്‍ദാര്‍ജിയും ഭാര്യയും ഉറങ്ങാന്‍ കിടന്നു.
......................
എന്തോ ഒരു അലര്‍ച്ചകേട്ട് സര്‍ദാര്‍ജിയുടെ ഭാര്യ ഞെട്ടിയെണീറ്റു.
നോക്കിയപ്പോഴുണ്ട് സര്‍ദാര്‍ജി ഉറക്കത്തില്‍ പൊട്ടിച്ചിരിക്കുന്നു.
( ഇപ്പോള്‍ സര്‍ദാര്‍ജി ചിരിച്ചത് അഞ്ചാമത്തെ പ്രാവശ്യം !!!!)
ഭാര്യ സര്‍ദാര്‍ജിയെ കുലുക്കി വിളിച്ചുണര്‍ത്തി.
എന്താണ് ഈ ചിരി എന്നു ചോദിച്ചു.
സര്‍ദാര്‍ജി അല്പം നാണത്തോടെ പറഞ്ഞു.
“ ആ തമാശ ഞാന്‍ സ്വപ്നത്തില്‍ കണ്ടു “
ഈ കഥയാണ് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് .
പക്ഷെ , ഇതു പറഞ്ഞപ്പോഴും ഇതിലെന്താണ് തമാശയുള്ളത് എന്ന മട്ടില്‍ കുട്ടികളിരുന്നു.
സാമൂഹ്യം മാഷ് വേദനയോടെ പറഞ്ഞു.
.................
പെട്ടെന്ന് സ്കൂള്‍ കൂടുവാനുള്ള ബെല്ലടിച്ചു.
“ എങ്ങനെയുണ്ട് മാത്തമറ്റിക്സ് മാഷേ , ഇന്നത്തെ ചര്‍ച്ച” ഡ്രോയിംഗ് മാഷ് കണക്കുമാഷോടു ചോദിച്ചു.
കണക്കുമാഷ് പറഞ്ഞു
“നിങ്ങളുടെ ചര്‍ച്ചക്കിടയില്‍ ഞാന്‍ രണ്ട് അദ്ധ്യായത്തിന്റെ ടീച്ചീംഗ് നോട്ട് എഴുതി”
ഇതുകേട്ട ഡ്രോയിംഗ് മാഷ് എല്ലാവരോടുമായി ചോദിച്ചു
“ഇപ്പോള്‍ ഇവിടെ ഇരിക്കുന്നതില്‍ ആരാ മിടുക്കനായ അദ്ധ്യാപകന് “
“ അതിന് സംശയമുണ്ടോ ? ഗണിതമെന്നു പറയുന്നത് ലോകത്തിന്റെ സ്പന്ദനമാണ്” സ്ഫടികത്തിലെ തിലകനെ
അനുകരിച്ച് ഇംഗ്ലീഷ് മാഷ് പറഞ്ഞു.
അതിന്റെ പ്രതിഫലനമെന്നോണം സ്റ്റാഫ് റൂമാകെ കൂട്ടച്ചിരി മുഴങ്ങി.
3 comments:
ഹ ഹ അധ്യ്പകാര് കൂടുന്നിടത്തൊക്കെ ഇങ്ങനെ ചില തമാശകള്‍ നടക്കുന്നുണ്ട്... ഫിസിക്സ് അധ്യാപികയായ അമ്മ ഓരോ 'കോഴ്സ്' കഴിഞ്ഞു വരുമ്പോഴും ഇത്തരം രസകരമായ കഥകള്‍ പറയാറുണ്ട്.
തമാശകൾ വളരെ ഇഷ്ടപ്പെട്ടു.
ഒരു പരിധി വരെ വാസ്തമായ സംഗതികളാണിതിലെല്ലാം .
Post a Comment