Sunday, May 22, 2011

366.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................


നട്ടുച്ചസമയം.
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു.
അധിക സമയം ബസ് കാത്തുനില്‍ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .
മാഷ് ബസ്സില്‍ കയറി .
വലിയ തിരക്കില്ല.
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.
പക്ഷേ............
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....
മാഷ് കണ്ടക്ടറെ നോക്കി ..
അദ്ദേഹത്തിന് ഭാവഭേദമില്ല.
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.
അത് മാഷിന്റെ ഒരു സ്വഭാവമാണ് .
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ;  ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും

മാഷിനെത്തന്നെ മറക്കാറുണ്ട് .
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .
കണ്ടക്ടറുടെ  കല്പനയാണ് .
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .
മറ്റു യാത്രക്കാരാകട്ടെ ‘ഇവന്‍ ആള്‍ പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ  ഇരിക്കൂ  ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”
സൈഡ് സീറ്റിലെ വൃദ്ധന്‍ ഉറക്കെ പറഞ്ഞു.
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ

” കണ്ടക്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.
മാഷ് ചുറ്റും നോക്കി .
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു.
രണ്ടു സ്ത്രീകള്‍  നില്‍ക്കുന്നുമുണ്ട്.
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .
കണ്ടക്ടറുടേയും  പയ്യന്‍സിന്റേയും  ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .

സീറ്റിന്റെ  തൊട്ടു പിറകിലായി നിന്നു.
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട്  ”
പയ്യന്‍സ്  വീണ്ടും വാ‍ചാലനായി .
പയ്യന്‍സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക്

ഇടവരുത്തി.
മാഷ് പ്രതികരിക്കാന്‍  നിന്നില്ല.
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .
പയ്യന്‍സിനെ നോക്കി .
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.
ഭാഗ്യം ; പരിചയക്കാ‍ര്‍ ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .
സീറ്റ് ഇപ്പോഴും കാലിയാണ്.
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീ‍ട്ടില്ല
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല
“സീറ്റിലിരിക്ക് ചേച്ചി മാരെ ”
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.
പക്ഷെ...............................
.......................................
ആ സുന്ദരികള്‍  ഇരുന്നില്ല.
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്‍സിനും പിടികിട്ടിയെന്നു തോന്നുന്നു .
അവന്‍ വിളിച്ചു പറഞ്ഞു
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍  പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .
“നിങ്ങളെന്തെങ്കിലും വാ തുറന്ന്  മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍  പിന്നിലേക്കുനോക്കി .
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .
എന്നീട്ടു പറഞ്ഞു .
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും

പഠിപ്പിച്ചിട്ടുണ്ട് ”
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.
തന്റെ  ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു  എന്ന കാര്യം മാഷ്

അറിഞ്ഞു.
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍  ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന

കാര്യം മാഷിന് മനസ്സിലായി .
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.
മാഷിന്  അവരെ ഓര്‍മ്മവന്നു .
വര്‍ഷങ്ങള്‍ വരുത്തിയ മാ‍റ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.
കണ്ടക്ടറും മൌനാനുവാദം നല്‍കുന്ന മട്ടില്‍ തലയാട്ടി.
“എനിക്ക് അടുത്ത സ്റ്റോ‍പ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്‍ക്ക് ബാധകമല്ലേ ”
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.
“നിന്റെ അച്ഛന്‍ നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന്‍

ആവേശത്തോടെ ചോദിച്ചു .
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.
മാഷ് ബസ്സില്‍ നിന്നിറങ്ങി .
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .
ബസ്സിലെ യാത്രക്കാര്‍ പിന്‍‌തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.

2 comments:

kARNOr(കാര്‍ന്നോര്) said...

കൊള്ളാംട്ടാ.. സുഖമുള്ള വായനയായിരുന്നു :)

mini//മിനി said...

ഇത് തന്നെയാണ് അദ്ധ്യാപകർക്ക് ലഭിക്കുന്ന നേട്ടം.

Get Blogger Falling Objects