Wednesday, January 11, 2012

653.സ്കൂള്‍ കലാമേള : സ്വര്‍ണ്ണക്കപ്പിന് ഇന്ന് ( 12/1/2012 ,വ്യാഴം ) വരവേല്‍പ്പ്





52-ാമത് സ്കൂള്‍ കലോത്സവത്തിനുള്ള സ്വര്‍ണ്ണക്കപ്പ് ഇന്ന് ( 12/1/2012 ,വ്യാഴം ) തൃശൂരില്‍ എത്തിക്കും. കോഴിക്കോട്നിന്ന് കൊണ്ടുവരുന്ന സ്വര്‍ണ്ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ പെരുമ്പിലാവില്‍ വരവേല്‍പ്പ് നല്‍കും. രാവിലെ 10 മണിയോടെ പെരുമ്പിലാവില്‍ സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ തേറമ്പില്‍ രാമകഷ്ണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്‍ കെ.എസ്. ഹംസയും ഇതര കമ്മിറ്റി കണ്‍വീനര്‍മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. കപ്പിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ തൃശൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ കപ്പ് എത്തിച്ചാലുടന്‍ താളമേള അകമ്പടിയോടെ അയ്യന്തോളില്‍ ജില്ലാ ട്രഷറിയില്‍ എത്തിച്ച് ബന്തവസ്സില്‍ സൂക്ഷിക്കും. 16 മുതല്‍ 22 വരെ തൃശൂരില്‍ അരങ്ങേറുന്ന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി കോഴിക്കോട്ടുനിന്നുമാണ് 117 പവന്റെ സ്വര്‍ണ്ണക്കപ്പ് കൊണ്ടുവരുന്നത്. 8 വര്‍ഷത്തിനുശേഷം വീണ്ടും തൃശൂരിലെത്തുന്ന ഈ കപ്പിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സ്വര്‍ണ്ണക്കപ്പിന് തൃശൂരുമായി അഭേദ്യമായ ബന്ധമുണ്ട്. 1985 ല്‍ മഹാകവി വൈലോപ്പിള്ളി ശ്രീധനരമേനോനാണ് വിജയികള്‍ക്ക് സ്വര്‍ണ്ണക്കപ്പ് എന്ന ആശയം ആദ്യമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബുമായി പങ്കുവെച്ചത്. നെഹ്റു കപ്പ് ഉള്‍പ്പെടെയുള്ള ഫുട്ബോള്‍ ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് നല്‍കുമ്പോള്‍ കലാമത്സര ജേതാക്കള്‍ക്കും സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്നാണ് വൈലോപ്പിള്ളി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്വര്‍ണക്കപ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും നടപ്പിലാക്കിയത് 1987 ലാണ്. തൃശൂരിലിരുന്നാണ് മഹാകവി വൈലോപ്പിള്ളിയും മന്ത്രി ടി. എം. ജേക്കബും ആര്‍ട്ടിസ്റ് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരും സ്വര്‍ണ്ണക്കപ്പിന്റെ രൂപകല്‍പ്പന പൂര്‍ത്തീകരിച്ചത്. സ്വര്‍ണ്ണക്കപ്പിന്റെ രജത ജൂബിലി വര്‍ഷത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ ഉദ്ഘാടന സമ്മേളനത്തില്‍വെച്ച് സഹകരണ വകുപ്പുമന്ത്രി സി. എന്‍. ബാലകൃഷ്ണന്‍ ആദരിക്കും.

No comments:

Get Blogger Falling Objects