Sunday, January 15, 2012

666.ഗ്രാമ സഭയും വിശേഷാല്‍ ഗ്രാമസഭകള്‍ ചേരലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു





കേരളത്തിലെ ഗ്രാമങ്ങളുടെ തനത് സംസ്കാരം, ഗ്രാമത്തിന്റേത് മാത്രമായ തനിമയും നന്‍മയും, അവയുടെ തനത് കായിക-കലാ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹ്യമുദ്രകള്‍ ഇവയ്ക്കൊക്കെ ഒരു പുനര്‍നിര്‍മ്മിതി അല്ലെങ്കില്‍ പുറം ലോകത്തിന് ഒരു അവബോധം ഉണര്‍ത്തിയെടുക്കല്‍ ലക്ഷ്യമാക്കികൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ഗ്രാമപഞ്ചായത്തില്‍ ഒന്നു വീതം വിശേഷാല്‍ ഗ്രാമസഭ ചേര്‍ന്ന് കൊണ്ട് ഒരു ഗ്രാമയാത്ര നടത്തും. ഇത്തരം വിശേഷാല്‍ ഗ്രാമസഭകളില്‍ ഒരു ഗ്രാമത്തിന്റെ സവിശേഷ കാര്‍ഷിക വിള, കാര്‍ഷിക രീതി, വിദ്യാഭ്യാസ രംഗം, സാംസ്കാരിക പൈതൃകം പേറുന്ന വയോജനങ്ങള്‍, സഹന ത്യാഗ പാരമ്പര്യമുള്ള രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ ഗ്രാമങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍, സ്ഥാപനങ്ങള്‍ ഗ്രാമ നന്മപുലരുന്ന ഇടങ്ങള്‍, പുലര്‍ത്തുന്ന വ്യക്തികള്‍ ഇവയൊക്കെ ഉള്‍ച്ചേര്‍ന്ന ഒരു ബൃഹത്തായ കൂടിച്ചേരല്‍ ഓരോ ഗ്രാമസഭയിലും ഉണ്ടാകണം. സഭകള്‍ ഗ്രാമത്തിലെ പുഴയോരം, കടലോരം, വൃക്ഷച്ചുവടുകള്‍, പൈതൃക-മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ചേരാം. ഒരു ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനതയുടെയും പ്രാതിനിധ്യം സഭകള്‍ക്കുണ്ടാവണം, 200-300 ആളുകള്‍ എങ്കിലും പങ്കെടുക്കണം. ഈ സഭകളില്‍ സജീവമായ ചര്‍ച്ചകള്‍ ആ ഗ്രാമത്തെപ്പറ്റി, ഗ്രാമത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തെപ്പറ്റിയുണ്ടാകണം. ഗ്രാമത്തെ ഉണര്‍ത്താനുള്ള ഒരു ശ്രമമായിരിക്കും ഈ സഭകള്‍. സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും ഈ ഗ്രാമയാത്രയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയണം. ഓരോ ഗ്രാമത്തിലും നവ ചലനങ്ങള്‍ക്ക് ഗ്രാമയാത്ര തുടക്കമിടണം. വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളേയും സ്ഥാപനങ്ങളേയും പരിപാടിയില്‍ ഉള്‍ക്കൊള്ളിക്കണം. ഇതിന് വിവിധ മാധ്യമങ്ങള്‍ മുഖേന വ്യാപകമായ പ്രചാരണം നല്‍കേണ്ടതുണ്ട്. കരുതലും വികസനവും എന്ന സന്ദേശം ഉയര്‍ത്തികാട്ടുന്ന ഈ ഗ്രാമസഭകളുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ട് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ അന്നമനട ഗ്രാമപഞ്ചായത്തില്‍ റിപ്പബ്ളിക് ദിനമായ ജനുവരി 26 ന് നടത്തുന്നതാണ്. ഈ പരിപാടിയുടെ വിജയകരമായ സംഘാടനത്തിനും തുടര്‍നടത്തിപ്പിനും ചുവടെ പറയുന്ന രീതിയില്‍ വിവിധ സമിതികള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി : തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി വൈസ്ചെയര്‍മാനും, പഞ്ചായത്ത് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ - കില, പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ഐ.കെ.എം. ഡയറക്ടര്‍ സി-ഡിറ്റ്, ശുചിത്വ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അംഗങ്ങളും, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജോസഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും. ജില്ലാതല സമിതികള്‍ : എം.പി.മാര്‍ രക്ഷാധികാരികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് അസിസ്റന്റ് ഡയറക്ടര്‍ കണ്‍വീനര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ - കുടുംബശ്രീ അംഗങ്ങള്‍. മണ്ഡല സമിതി : എം.എല്‍.എ.മാര്‍ രക്ഷാധികാരികള്‍, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാന്‍, പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് അസിസ്റന്റ് ഡയറക്ടര്‍ കണ്‍വീനര്‍, വാര്‍ഡ് മെമ്പര്‍ ജോയിന്റ് കണ്‍വീനര്‍, പഞ്ചായത്ത് സമിതി അംഗങ്ങള്‍, അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എ.ഡി.എം.സി. കുടുംബശ്രീ പഞ്ചായത്തിലെ ഇതര പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ അംഗങ്ങള്‍. ഗ്രാമ യാത്രാ പരിപാടിയുടെ പൂര്‍ണ വിജയത്തിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ആവശ്യമായ പിന്തുണയും സഹകരണവും നല്‍കേണ്ടതാണ്.

No comments:

Get Blogger Falling Objects