Saturday, January 28, 2012

699.ആധാര്‍ നമ്പറും ദേശീയ ജനസംഖ്യാരജിസ്റ്ററിലേക്കുള്ള വിവരശേഖരണവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാന്‍ നടപടിയായി.




ന്യൂഡല്‍ഹി: ആധാര്‍ നമ്പറും ദേശീയ ജനസംഖ്യാരജിസ്റ്ററിലേക്കുള്ള വിവരശേഖരണവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാന്‍ നടപടിയായി. 'യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി'യുടെ നേതൃത്വത്തില്‍ നടന്ന ആധാര്‍ നമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് 61 കോടിയോളം പേരുടെ വിവര ശേഖരണത്തോടെ അവസാനിക്കും.

ദേശീയ ജനസംഖ്യാരജിസ്റ്റര്‍ (എന്‍.പി.ആര്‍.) ആയിരിക്കും പൗരന്മാരെ സംബന്ധിച്ച സമഗ്രരേഖ. വെള്ളിയാഴ്ച മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഓരോ ഇന്ത്യക്കാരനും 12 അക്കങ്ങളുള്ള ഒരു നമ്പര്‍ (ആധാര്‍ നമ്പര്‍) നല്‍കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2009-ല്‍ ഉണ്ടാക്കിയതാണ് 'യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി.' ഇതിനകം 20 കോടിയോളം പേരുടെ ജൈവ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചുകഴിഞ്ഞു. 16 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. ഇത് പൂര്‍ത്തീകരിക്കാന്‍ യു.ഐ.എ.യെ അനുവദിക്കും.

സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കി ദരിദ്രര്‍ക്ക് ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇന്‍ഫോസിസിന്റെ തലവനായിരുന്ന നന്ദന്‍ നീലേകനിയെ സര്‍ക്കാര്‍ യു.ഐ.ഡി.യുടെ തലവനായി നിയമിക്കുകയും ചെയ്തു. എന്നാല്‍, 2010-ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍ വിവരങ്ങളില്‍ ഇരട്ടിപ്പുണ്ടാകാനുള്ള വഴിതെളിഞ്ഞു.

''ആധാര്‍ സ്വമേധയാ ചെയ്യാവുന്നതാണ്. ദേശീയ ജനസംഖ്യാരേഖ നിര്‍ബന്ധവുമാണ്'' -മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് ആഭ്യന്തരമന്ത്രി പി. ചിദംബരം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ പൗരന്റെയും ജൈവ സവിശേഷത ഉള്‍പ്പെടെ അഞ്ച് വിശദാംശങ്ങളാണ് ആധാറിനുവേണ്ടി ശേഖരിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി (എന്‍.പി.ആര്‍.) ശേഖരിക്കുന്നത് 15 കാര്യങ്ങളാണ്. ഇതിനകം ആധാറിന് വിവരം നല്‍കിയവര്‍ ഇക്കാര്യം എന്‍.പി.ആറിന്റെ ക്യാമ്പിനെത്തുമ്പോള്‍ അറിയിക്കണം. ഇരട്ടിപ്പ് വരാതിരിക്കാനാണ് ഇത്.

ദേശീയ ജനസംഖ്യാ വിവരശേഖരണം കഴിയുമ്പോള്‍, എല്ലാ പൗരന്മാര്‍ക്കും റെസിഡന്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. എന്‍.പി.ആറിന് വേണ്ടി വിവരം ശേഖരിച്ചുകഴിഞ്ഞാല്‍ ആ കാര്‍ഡുകളില്‍ ആധാര്‍ ഉള്ളിടങ്ങളില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013-ഓടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ആസൂത്രണക്കമ്മീഷന്റെ കീഴിലാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി 2009-ല്‍ തുടങ്ങിയത്. ഒരുമാസം രണ്ട് കോടി ആളുകളുടെ വിവരങ്ങളാണ് തങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന നന്ദന്‍ നീലേകനി പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.

ആധാറിന്റെ വിവരശേഖരണം സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി പി. ചിദംബരമാണ് മന്ത്രിസഭയുടെ ശ്രദ്ധക്ഷണിച്ചത്. കേരളം ഉള്‍പ്പെടെയള്ള 16 സംസ്ഥാനങ്ങളില്‍ യു.ഐ.എ. കാര്യമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കും. എന്നാല്‍, ഫലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയിരിക്കും നിര്‍ണായക രേഖ.

ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
mathrubhumi news

No comments:

Get Blogger Falling Objects