Saturday, January 28, 2012

700.മൂന്ന് വയസ്സില്‍ നഴ്‌സറി പ്രവേശനമാകാം-ഹൈക്കോടതി



Posted on: 28 Jan 2012


ന്യൂഡല്‍ഹി:നഴ്‌സറി പ്രവേശനം മൂന്ന് വയസ്സ് മുതല്‍ നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനത്തിന്റെ മിനിമം പ്രായം സംബന്ധിച്ച് സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. നിലവില്‍ മൂന്ന് വയസ്സില്‍ നഴ്‌സറി പ്രവേശനം നടത്താന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നാലു വയസ്സ് തികഞ്ഞാല്‍ മാത്രമേ നഴ്‌സറി പ്രവേശനം പാടുള്ളൂവെന്ന് പ്രാഥമികതല വിദ്യാഭ്യാസരംഗത്തെ ക്കുറിച്ച് പഠനം നടത്തിയ ഗാംഗുലി കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഗാംഗുലി കമ്മിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്ത് നഴ്‌സറി പ്രവേശനം നാല് വയസ്സ് മുതല്‍ മാത്രമേ തുടങ്ങാവൂവെന്ന് നിര്‍ദേശം നല്‍കണമെന്ന് സന്നദ്ധസംഘടനയായ സോഷ്യല്‍ ജൂറിസ്റ്റ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘടനയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

ജസ്റ്റിസുമാരായ എ.കെ. സിക്രിയും രാജീവ് ഷാ എന്‍ഡ്‌ലോയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്‌കൂളില്‍ പഠനം തുടങ്ങാന്‍ വൈകാരികമായും മാനസികമായും ശാരീരികമായും കുട്ടികള്‍ പാകപ്പെടുന്നതിന് നാല് വയസ്സ് തികയണമെന്ന് ഗാംഗുലി കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗാംഗുലി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ധൃതിപിടിച്ച് നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. നഗരത്തിലെ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് മൂന്ന് വയസുളള കുട്ടികളെ നഴ്‌സറി ക്ലാസില്‍ പ്രവേശിപ്പിക്കാമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഈയിടെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രവേശനതലമാണ് നഴ്‌സറിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വയസ്സില്‍ നഴ്‌സറി പ്രവേശനം കിട്ടിയവര്‍ക്ക് പ്രീപൈമറി തലത്തിലേക്ക് ക്ലാസ്‌കയറ്റം കിട്ടും. നഴ്‌സറിയെ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ ഉത്തരവ് കോടതിയുടെ മുന്‍ ഉത്തരവിന്റെ ലംഘനമാണെന്ന് സോഷ്യല്‍ ജൂറിസ്റ്റിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ ഔദ്യോഗിക വിദ്യാഭ്യാസത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കോടതി നേരത്തേ ഉത്തരവിട്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നഴ്‌സറിയെ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കരുതേണ്ടതില്ലെന്നാണ് ഹൈക്കോടതി പറയുന്നത്.

Mathrubhumi news

No comments:

Get Blogger Falling Objects