Tuesday, January 31, 2012

719.പോളിയോ തുള്ളിമരുന്ന് : വ്യാജ പ്രചരണം നടത്തിയാല്‍ നടപടി





മലപ്പുറം : പോളിയോ തുള്ളിമരുന്ന് വിതരണത്തിനെതിരെ ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരള പൊലീസ് ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കാന്‍ പോളിയോ നിര്‍മാര്‍ജനത്തിനായുള്ള ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. നോട്ടീസുകളിലൂടെയും മറ്റ് രീതിയിലും കഴിഞ്ഞ വര്‍ഷം ചിലര്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളിലുള്ളവര്‍ തുള്ളിമരുന്ന് വിതരണവുമായി സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന കര്‍മസമിതി ആവിഷ്കരിച്ചു. വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ തൊട്ടട്ടുത്ത പൊലീസ് സ്റേഷനിലോ ആരോഗ്യ വകുപ്പ് അധികൃതരേയോ അറിയിക്കണം. അന്യ സംസ്ഥാന തൊഴിലാളികളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രദേശങ്ങളില്‍ ബോധവത്ക്കരണവും നിരീക്ഷണവും നടത്തുന്നതിനായി വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ ലേബര്‍ ഓഫീസിനെ ചുമതലപ്പെടുത്തി. ഫെബ്രുവരി 19, ഏപ്രില്‍ ഒന്ന് തീയതികളില്‍ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിന് മുന്നോടിയായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നഗരസഭകള്‍ക്ക് 10,000 വും ഗ്രാമപഞ്ചായത്തുകള്‍ക്ക് 5,000 രൂപ വീതവും അനുവദിച്ചു. ആദിവാസി മേഖലകളില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി 1638 കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്യും. കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, ഐ.സി.ഡി.എസ്, സ്കൂള്‍ ഹെല്‍ത്ത് ക്ളബ്ബുകള്‍, സ്കൌട്ട്സ്-ഗൈഡ്സ്, ഐ.എം.എ, റോട്ടറി, ഐ.റ്റി.ഡി.പി യ്ക്ക് കീഴിലെ പ്രമോട്ടര്‍മാര്‍, മദ്രസ ടാസ്ക് ഫോഴ്സ് തുടങ്ങിയവര്‍ മുഖേനയാണ് ബോധവത്കരണവും തുള്ളിമരുന്ന് വിതരണവും നടത്തുക ദേശീയ തലത്തിലുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയ്ക്ക് ഹോമിയോ വകുപ്പും എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് ഡി.എം.ഒ. ഡോ. ഗീത അറിയിച്ചു. എല്ലാ ഡിസ്പെന്‍സറികളിലും ബൂത്തുകള്‍ അനുവദിക്കുകയും ബോധവത്ക്കരണ പോസ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡി.വൈ.എസ്.പി. വിക്രമന്‍, ഡോ. റോസ്മേരി, ഹോമിയോ വകുപ്പ് ഡി.എം.ഒ ഡോ. ഗീത, ഐ.എസ്.എം.ഡി.എം.ഒ. ഡോ. ശോഭന റീജനല്‍ എസ്.എം.ഒ. ടോണി ലോറന്‍സ്, മാസ് മീഡിയ ഓഫീസര്‍ എം.പി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

No comments:

Get Blogger Falling Objects