Wednesday, February 01, 2012

721.വോട്ടര്‍പട്ടികയില്‍ തുടര്‍ന്നും പേര് ചേര്‍ക്കാം





2012-ലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയോടനുബന്ധിച്ച് ജനുവരി 5-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം തുടര്‍ച്ചയായ പട്ടിക പുതുക്കല്‍ ആരംഭിച്ചു. 2012 ജനുവരി 1-നോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായിട്ടും ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും മണ്ഡലത്തിനുളളിലോ ബൂത്ത് പരിധിക്കുള്ളിലോ മണ്ഡലം മാറിയോ സ്ഥലം മാറി പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഇപ്പോള്‍ അവസരമുണ്ട്. അപേക്ഷകള്‍ അതതു താലൂക്ക് ഓഫീസുകളില്‍ നേരിട്ടോ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ (www.ceo.kerala.gov.in) സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ പൂരിപ്പിക്കുമ്പോള്‍ അപേക്ഷകന്റെ വിവരങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും എഴുതേണ്ടതാണ്; പ്രത്യേകിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പേര് മാറ്റുന്നതിന് അപേക്ഷിക്കുന്നവര്‍ അവരുടെ പേര് നിലവിലുള്ള വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പടെ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. നേരിട്ടു സമര്‍പ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷകളിലെ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുമ്പോള്‍ പലപ്പോഴും തെറ്റുകള്‍ കടന്നുകൂടാനിടയുള്ളതു കൊണ്ട് അപേക്ഷകര്‍ നേരിട്ട് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത് തെറ്റുകള്‍ ഒഴിവാക്കുന്നതിന് കൂടുതല്‍ സഹായകരമായിരിക്കും. മാത്രവുമല്ല അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി അവര്‍ക്ക് താലൂക്ക് ഓഫീസുകളില്‍ ചെല്ലേണ്ടതുമില്ല. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റുമ്പോള്‍ തന്നെ അതില്‍ ഏതെങ്കിലും തെറ്റുകളുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തുന്നതിന് അപ്പോള്‍ തന്നെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ നേരിട്ട് പൂരിപ്പിച്ച് നല്‍കുന്ന വിവരങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടുന്നതുമൂലം തിരിച്ചറിയല്‍ കാര്‍ഡില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തി പുതിയ കാര്‍ഡ് വാങ്ങുന്നതിനും കാര്‍ഡ് നഷ്ടപ്പെട്ടതിന് പകരം ഡ്യൂപ്ളിക്കേറ്റ് ലഭിക്കുന്നതിനും 25/- രൂപ ഫീസ് ഈടാക്കുന്നതാണ്. എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍ തിരുത്തി പുതിയ കാര്‍ഡ് വാങ്ങുന്നതിന് ഫീസ് അടയ്ക്കേണ്ടതില്ല.

No comments:

Get Blogger Falling Objects