Friday, February 10, 2012

754..നാട്ടാനകളുടെ സുരക്ഷയ്ക്കായി പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് വനംവന്യജീവി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.




ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ആനയെ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, ആനയുടെ സുരക്ഷയ്ക്ക് ഉത്സവകമ്മിറ്റിയും, ആനഉടമസ്ഥരും മൃഗഡോക്ടറും പാലിക്കേണ്ട നിബന്ധനകള്‍, ആനയെ വാഹനത്തില്‍ കൊണ്ട്പോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. താഴെപ്പറയുന്നവയാണ് പ്രധാന നിബന്ധനകള്‍ : ജില്ലാതലത്തില്‍ ഉത്സവ കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ഡിവിഷണല്‍ ഫോറസ്റാഫീസര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിനിധി, ആനത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കേരള ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കണം. ആനയെ പീഡിപ്പിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണം. ഉത്സവ കാലത്തിനുമുമ്പായി ഈ കമ്മിറ്റി യോഗം ചേര്‍ന്ന് ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. പരമ്പരാഗത പൂരങ്ങളല്ലാത്ത പുതിയ പൂരങ്ങള്‍ തുടങ്ങുകയും നിലവിലുള്ള പൂരത്തിന് ആനകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്ന പ്രവണതകള്‍ നിരുത്സാഹപ്പെടുത്തണം. എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കുന്നുവെന്ന് ഉത്സവകമ്മിറ്റി ഉറപ്പുവരുത്തണം. മദപ്പാടുള്ളതും മദം ഒലിക്കുന്നതുമായ ആനകളെ ഒരു കാരണവശാലും എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല. അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണമുള്ളതോ ഗര്‍ഭിണിയോ ആയ ആനകളെ എഴുന്നള്ളത്തിനുപയോഗിക്കുവാന്‍ പാടില്ല. എഴുന്നള്ളത്തിന് മുള്ളുള്ള ചങ്ങലകൊണ്ടോ മുള്‍ക്കമ്പികൊണ്ടോ ആനയെ ബന്ധിക്കുവാന്‍ പാടില്ല. ആനയെ ടാര്‍ റോഡിലൂടെ ഉച്ചസമയത്ത് അധികനേരം വിശ്രമമില്ലാതെ നടത്താന്‍ പാടില്ല. എഴുന്നള്ളിപ്പിന് വെയിലത്ത് ആനയെ അധികസമയം നിര്‍ത്താനോ ആനയുടെ സമീപത്തുവച്ച് വന്‍ ശബ്ദമുള്ള പടക്കം പൊട്ടിക്കാനോ പാടില്ല. ആഹാരവും വെള്ളവും ലഭിക്കാത്ത സ്ഥലങ്ങളില്‍ ആനയെ കെട്ടാന്‍ പാടില്ല. ആനയ്ക്ക് മതിയായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആന ഉടമയും ആനയെ പരിചരിക്കുന്ന ആളും ആനത്തൊഴിലാളിയും ഉറപ്പുവരുത്തണം. തീവെട്ടി, ആനകള്‍ക്ക് ചൂട് ഏല്‍ക്കാത്തവിധം മാറ്റി പിടിക്കാന്‍ കര്‍ശന നടപടി എടുക്കണം. ഉത്സവ സമയത്ത് ആനകള്‍ക്ക് ആവശ്യാനുസരണം ആഹാരവും വെള്ളവും നല്‍കുകയും കാലില്‍ ചൂട് ഏല്‍ക്കാതിരിക്കാന്‍ നനച്ച തറയില്‍ (ചാക്കില്‍) നിറുത്തുകയും ആവശ്യമെങ്കില്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പന്തല്‍ പോലുളള സംവിധാനം ഒരുക്കുകയും ചെയ്യണം. എഴുന്നള്ളിപ്പിന് ആനകള്‍ക്ക് ചുറ്റും പോലീസിന്റേയും ഉത്സവ വോളന്റിയര്‍മാരുടേയും സഹായത്തോടെ ഒരു സുരക്ഷാവലയം ഉണ്ടാക്കണം. ആനകള്‍ക്ക് ഉത്സവ സമയത്ത് മതിയായ വിശ്രമം ഉറപ്പ് വരുത്തണം. കുളിക്കാനും തീറ്റയ്ക്കുമുള്ള സമയവും ഇതില്‍ ഉള്‍പ്പെടുന്നു. ആനകളെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കാന്‍ പാടില്ല. ഉത്സവ കമ്മിറ്റി പാപ്പാന്മാര്‍ക്ക് മദ്യസല്‍ക്കാരമോ മറ്റു ലഹരി പദാര്‍ത്ഥങ്ങളോ യാതൊരു കാരണവശാലും നല്‍കുവാന്‍ പാടില്ല. കുട്ടിയാനകളെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. ആനയ്ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ആന ഉടമസ്ഥര്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ വിവരം അറിയിക്കണം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് മാതൃകയില്‍ ആനയെ ഇന്‍ഷൂര്‍ ചെയ്യണം. കഴുത്തിലണിയിച്ചിരിക്കുന്ന ചങ്ങലയില്‍ ആനയുടെ പേര് പ്രദര്‍ശിപ്പിക്കണം. പാപ്പാന്‍മാര്‍ മദ്യപിച്ചുകൊണ്ട് ആനകളെ കൊണ്ടുപോകുക, അവയെ ഉപദ്രവിക്കുക എന്നിവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. ആന ഇടഞ്ഞ് ജീവഹാനി (മരണം) ഉണ്ടാവുകയാണെങ്കില്‍ പ്രസ്തുത ആനയെ തുടര്‍ന്നുള്ള 15 ദിവത്തേക്ക് ഉത്സവാഘോഷവേളകളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. മെഡിക്കല്‍ സംഘം ആനയെ പരിശോധിച്ച് മാനസിക-ശാരീരികനില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ വീണ്ടും എഴുന്നള്ളിക്കുവാന്‍ പാടുള്ളൂ. ആനയെ പാപ്പാന്‍മാര്‍ നട്ടുള്ള വടി ഉപയോഗിച്ച് തല്ലാനോ ആണി, സൂചി പോലുളളവ ഘടിപ്പിച്ച വടികള്‍, കോലുകള്‍ എന്നിവ ഉപയോഗിച്ച് പീഡിപ്പിക്കാനോ കുത്തിപ്പൊക്കി തല ഉയര്‍ത്തി നിര്‍ത്താനോ പാടില്ല. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ച കൂടുമ്പോള്‍ പുതുക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍ നാട്ടാന പരിപാലന നിയമം 2003 ല്‍ പറയുന്ന രജിസ്ററുകള്‍ കൃത്യമായി ഒത്തുനോക്കി രേഖകള്‍ ശരിയാണെന്നുറപ്പുവരുത്തണം. ആനയെ ലോറിയില്‍ കയറ്റി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനു മുമ്പായി വെറ്ററിനറി ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ആനയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആനകളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിന് കുറഞ്ഞത് 420 സെ.മി നീളവും ടയറിന് 900-20 ടയര്‍ സൈസ് ഉണ്ടായിരിക്കണം. ശക്തിയായ കുലുക്കം, പെട്ടെന്നുളള ബ്രേക്കിടല്‍ എന്നിവ ഒഴിവാക്കത്തക്കവണ്ണം ലോറിയുടെ സഞ്ചാരവേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. അകലെനിന്നുതന്നെ ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കത്തക്കവണ്ണം ആനയുടെ ശരീരത്തില്‍ മുന്നിലും പിന്നിലും ചുവന്ന റിഫ്ളക്ടറുകള്‍ ഘടിപ്പിച്ചിരിക്കണം. തുടര്‍ച്ചയായി ആറ് മണിക്കൂറില്‍ കൂടുതല്‍ ലോറികളില്‍ ആനകളെ കൊണ്ടുപോകാന്‍ പാടില്ല. ആനയെ ഒരു ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ തുടര്‍ച്ചയായി നടത്താന്‍ പാടില്ല. ഒരു വെറ്ററിനറി ഡോക്ടറുടെ കുറിപ്പ് പ്രകാരം മാത്രമേ ആനകളെ നിയന്ത്രിക്കുവാന്‍ മയക്കുമരുന്നുകള്‍ കൊടുക്കാവു. ആഘോഷവേളയില്‍ ആനയെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി പോലീസ്/വനംവകുപ്പ് അധികൃതര്‍ എടുക്കേണ്ടതാണ്. ഇതിനുപുറമേ ചരിയുന്ന നാട്ടാനകളെ സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും ഉത്തരവിലുണ്ട്.

No comments:

Get Blogger Falling Objects