Monday, February 13, 2012

761.സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളില്‍ ഇനി പച്ചക്കറി കൃഷി




സര്‍ക്കാര്‍ ഓഫീസുകളോടനുബന്ധിച്ച് ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ കൃഷി ഇറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കുവാന്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റ് തയ്യാറായത് ശ്ളാഘനീയമാണെന്ന് കൃഷിമന്ത്രി കെ. പി. മോഹനന്‍ പറഞ്ഞു. ഇത് മാതൃകയാക്കി മറ്റ് ഓഫീസുകള്‍ മുന്നോട്ടു വരുന്നത് അഭികാമ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി ആത്മയും കളക്ടറേറ്റിലെ കാര്‍ഷികാ ഭിരുചിയുള്ള ജീവനക്കാരുടെ സംഘടനയായ കോസ്റ് അഗ്രി , ചേരുംകുഴി ഫാര്‍മേഴ്സ് ഇന്ററസ്റ് ഗ്രൂപ്പും സംയുക്തമായി സംഘടിച്ച് നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടത്തോടനു ബന്ധിച്ച് നടന്ന വിത്തിടല്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് ലക്ഷം രൂപ ഫണ്ടില്‍ ആരംഭിച്ച സേവന ഹരിതം പദ്ധതിയിലൂടെ ഒന്നര കിലോ തൂക്കം വരുന്ന 400 ഓളം ക്വാളിഫ്ളവറുകള്‍ 100 ഓളം ക്യാബേജ്, 40 കിലോ പയര്‍ , 40 കിലോ വഴുതനങ്ങ , 8 കിലോ കോവയ്ക്ക, 12 കിലോ പാവയ്ക്ക് എന്നിവ കളക്ടറേറ് പരിസരത്ത് ആദ്യഘട്ടത്തില്‍ വിളയിച്ചെടുത്തിട്ടുണ്ട്. കളക്ടറേറ്റ് കാന്റീനിലെ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ളാന്റിലൂടെ ജൈവവളമാക്കിയാണ് കൃഷിക്കുപയോഗിച്ചു പോരുന്നത്. കള്‍ച്ചറല്‍, അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഒരു കമ്പോസ്റ് യൂണിറ്റും നിലവിലുണ്ട്. പിന്നിലുള്ള പുറമ്പോക്ക് ഭൂമിയിലെ കിണറ്റില്‍ നിന്നാണ് വെള്ളം കണ്ടെത്തുന്നത്. രാസവളത്തിന്റെ പാര്‍ശ്വഫലങ്ങളില്ലാതെ ജൈവവളത്തില്‍ വിളയിച്ചെടുക്കുന്ന ഈ പച്ച ക്കറി ഇനങ്ങള്‍ തുടക്കത്തില്‍ ജീവനക്കാര്‍ക്കിടയിലാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോള്‍ കളക്ടറേറ്റ് പരിസരത്തുവെച്ച് സമീപവാസികള്‍ക്കായി വില്‍പ്പന നടത്തി പോകുന്നു. കുറ്റിപ്പയറും വെള്ളരിയുമാണ് അടുത്തതായി ലക്ഷ്യമിടുന്നത്. പി. സി, ചാക്കോ എം.പി., എം.എല്‍.എ. മാരായ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിത്തിടല്‍ കര്‍മ്മം നടന്നത്. കൃഷി അഡീഷ ണല്‍ ഡയറക്ടര്‍ കെ. കെ. ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെസ്സി. പി. ജേക്കബ്, എ.ഡി. എം. പി.കെ. ജയശ്രി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ മേഴ്സി തോമസ് , മില്‍മ ഡയറക്ടര്‍ പി.എ. ബാലന്‍ മാസ്റര്‍, പ്രൊഫ. എ. ആര്‍.എസ്. മണ്ണുത്തി, ഡോ. സി. നാരായണന്‍കുട്ടി, കോസ്റ് അഗ്രി വൈസ് പ്രസിഡന്റ് ഷേയ്ഖ് അസ്ഗര്‍ ഹുസൈന്‍ , കൃഷി ഓഫീസര്‍ കെ. കെ. ജയന്‍ , കോസ് റ്റ് അഗ്രി ഗ്രൂപ്പ് ലീഡര്‍ കെ.എം. സലിം, ഫാര്‍മേഴ്സ് ക്ളബ്ബ് സെക്രട്ടറി ജോയ് പി.എം. , ആത്മ ജി. ബി. മെമ്പര്‍. ടി. ഭാസ്ക്കരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് സേവന ഹരിതം പദ്ധതി സംബന്ധിച്ച ലഘുലേഖയുടെ പ്രകാശനം ജില്ലാ കളക്ടര്‍ പി. എം. ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് മേഴ്സി തോമസ് പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി.

No comments:

Get Blogger Falling Objects