Saturday, March 24, 2012

807.വിദ്യാഭ്യാസ വകുപ്പിന്റെ ബ്രസീല്‍ ദൌത്യം വിജയം - ഉഭയകക്ഷി ഉടമ്പടിക്ക് സാധ്യത




കേരളത്തിലെ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്ക് ബ്രസീലില്‍ അധ്യാപകരാകാന്‍ സാധ്യത തെളിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.ശിവശങ്കറും ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്തും നാലുദിവസത്തെ ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച കേരളത്തിലെത്തും. മാര്‍ച്ച് 29ന് ഡല്‍ഹിയില്‍ നടക്കുന്ന നാലാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീല്‍ പ്രസിഡണ്ട് ഡില്‍മ റൊസേഫിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കാന്‍ ശ്രമിക്കുമെന്ന് പെര്‍നാബുകോ സംസ്ഥാനത്തിന്റെ അധികൃതര്‍ സംഘത്തോട് പറഞ്ഞു. ബ്രസീല്‍-ഇന്ത്യാ തലത്തിലുള്ള ഏറ്റവും വലിയ പങ്കാളിത്തത്തിന്റെ മുന്നോടിയായി പെര്‍ണാബുകോ സംസ്ഥാനത്തിലെ ടിമ്പാവുവ നഗരത്തിലെ 40 സ്കൂളുകളിലാണ് കേരളത്തിലെ അധ്യാപകരെ ഉപയോഗിച്ച് ഗണിതവും ഇംഗ്ളീഷും ഐ.ടി.യിലൂടെ പഠിപ്പിക്കാന്‍ പദ്ധതിയിടുന്നത്. (ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളുടെ പൊതുവേദിയാണ് ബ്രിക്സ്) മാര്‍ച്ച് 30ന് ബ്രസീല്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.അലോസിയോ മെര്‍കാന്‍ഡെയും കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി കപില്‍ സിബലുമായി ഇതിനുള്ള ഉടമ്പടി ഒപ്പുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് പെര്‍ണാബുകോ സംസ്ഥാനത്തിന്റെ സെക്രട്ടറിയും ബ്രസീല്‍ പാര്‍ലമെന്റംഗവുമായ മൌരീഷോ റാന്‍ഡ്സ് കേരള സംഘാംഗങ്ങളോട് പറഞ്ഞു. കരട് ഉടമ്പടിക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരം നേടാനുള്ള നടപടികള്‍ നയതന്ത്രതലത്തില്‍ ആരംഭിച്ചു. ചടങ്ങില്‍ കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിദ്ധ്യം ഉറപ്പാക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. നാലുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രസീല്‍ വിദ്യാഭ്യാസ മന്ത്രി, യുനെസ്കോ ബ്രസീല്‍ ഡയറക്ടര്‍ ലൂസിയന്‍ മൂനോസ്, ബ്രസീലിലെ ഇന്ത്യന്‍ അംബാസിഡര്‍ ബി.എസ്.പ്രകാശ്, ടിമ്പാവുവ മേയര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ശിവശങ്കറും അന്‍വര്‍ സാദത്തും ചര്‍ച്ചകള്‍ നടത്തി. ടിമ്പാവുവ നഗരസഭയിലെ സ്കൂളുകളും സന്ദര്‍ശിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തോടെ 100ഉം തുടര്‍ന്ന് 400 ഉം ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ബ്രസീലില്‍ പഠിപ്പിക്കാന്‍ അവസരം ലഭിക്കുക. ഇതോടൊപ്പം ഇവര്‍ക്ക് ഉന്നതബിരുദം നേടാനുള്ള സാധ്യതകള്‍ പരിശോധിക്കാനായി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുള്‍പ്പെടെയുള്ള ഉന്നതതല യോഗത്തിലും ശിവശങ്കറും അന്‍വര്‍ സാദത്തും പങ്കെടുത്തു. ടിമ്പാവുവ നഗരത്തിലെ നിര്‍വഹണം ബ്രസീല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ അങ്ങേയറ്റം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് ബ്രസീല്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.അലോസിയോ പറഞ്ഞു.

No comments:

Get Blogger Falling Objects